കാസബ്ലാങ്ക; അറ്റ്‌ലാന്റിക്കിന്റെ വൈറ്റ് ഹൗസ്
വടക്കേ ആഫ്രിക്കന്‍ ഭൂഖണ്ഡമായ മൊറോക്കോയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് മുസ്‌ലിം ചരിത്ര നഗരിയായിരുന്ന കാസബ്ലാങ്ക. തിരക്കേറിയ തെരുവുകള്‍ക്കും വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിനും സമ്പന്നമായ ചരിത്രത്തിനും പേരുകേട്ട നഗരം. നൂറ്റാണ്ടുകളായി വിവിധ സംസ്‌കാരങ്ങള്‍ പിന്തുടരുന്നവര്‍ കാസബ്ലാങ്കയില്‍ വസിച്ച് പോരുന്നു. അവയോരോന്നും അതിന്റെ സംസ്‌കാരത്തിലും വാസ്തുവിദ്യയിലും പൈതൃകത്തിലും വ്യക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കാസബ്ലാങ്കയുടെ പൈതൃകത്തില്‍ ഏറ്റവും സുപ്രധാനമായ സ്വാധീനങ്ങളിലൊന്നാണ് നഗരവികസനത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയ ഇസ്‌ലാമിക സംസ്‌കാരം.
കാസബ്ലാങ്കയുടെ മുസ്‍ലിം പൈതൃകം ആരംഭിക്കുന്നത് ഏഴാം നൂറ്റാണ്ടില്‍ അമവീ ഖലീഫമാരുടെ കാലത്ത് ഉഖ്ബത്ത് ഇബ്‌നു നാഫിഅ്(റ)ന്റെ കീഴില്‍ അറബ് സൈന്യങ്ങള്‍ ഈ പ്രദേശം കീഴടക്കി ഇസ്‍ലാം ഇവിടെ പ്രചരിപ്പിക്കുന്നതോടെയാണ്. റിച്ചാര്‍ഡ് ഹിച്ച്കോക്കിന്റെ മുസ്‍ലിംസ് ഇന്‍ സ്‌പെയിന്‍ ആന്‍ഡ് പോര്‍ച്ചുഗല്‍: എ ഹിസ്റ്റോറിക്കല്‍ റിവ്യൂ (Muslims in Spain and Portugal; A Historicla Review) എന്ന പുസ്തകം അനുസരിച്ച്, വടക്കേ ആഫ്രിക്കയിലെയും ഐബീരിയന്‍ പെനിന്‍സുലയിലെയും അറബ് അധിനിവേശം ഈ പ്രദേശങ്ങളില്‍ കാര്യമായ സാംസ്‌കാരിക മാറ്റങ്ങളുണ്ടാക്കി. അറബികള്‍ അവരുടെ ഭാഷയും മതവും ജീവിതരീതിയും കീഴടക്കപ്പെട്ട നാടുകളില്‍ കൈമാറ്റം ചെയ്തത് ഈ പ്രദേശത്തുടനീളം ഇസ്‍ലാമിന്റെ വ്യാപനത്തിലേക്ക് നയിച്ചു.
പത്താം നൂറ്റാണ്ടില്‍, ഷിയ മുസ്‍ലിം രാജവംശമായ ഫാത്തിമികള്‍ കാസബ്ലാങ്ക ഭരിക്കുകയും അവരുടെ തനതായ വാസ്തുവിദ്യാ ശൈലി അവിടെയും പരിചയപ്പെടുത്തുകയും ചെയ്തു. ഇന്നും അവയുടെ വ്യക്തമായ സ്വാധീനം കസബ്ലാങ്കയിലുടനീളം ദൃശ്യമാണ്. മരിയന്‍ ബറുകണ്ടിന്റെയും അക്കിം ബെഡ്നോഴ്സിന്റെയും 'ഇസ്‍ലാമിക് ആര്‍ക്കിടെക്ചര്‍ ഇന്‍ നോര്‍ത്ത് ആഫ്രിക്ക (Islamic Architecture in North Africa)' എന്ന പുസ്തകം ഫാതിമീ ശൈലിയെ അതിന്റെ പകിട്ടേറിയ നിറങ്ങളും സങ്കീര്‍ണ്ണമായ ജ്യാമിതീയ പാറ്റേണുകളും ഉപയോഗിച്ച് വിവരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്‍ലിം പള്ളികളില്‍ ഒന്നായ ഹസ്സന്‍ മസ്ജിദ് പോലെയുള്ള കാസബ്ലാങ്കയിലെ നിരവധി പള്ളികളിലും മറ്റ് കെട്ടിടങ്ങളിലും ഫാത്തിമീ വാസ്തുരീതി പ്രകടമാണ്.
കാസബ്ലാങ്കയുടെ പൈതൃകത്തിന് മുസ്‍ലിം സംസ്‌കാരത്തിന്റെ മറ്റൊരു പ്രധാന സംഭാവന അതിന്റെ സമ്പന്നമായ പാചക പാരമ്പര്യമാണ്. മൊറോക്കന്‍ പാചകരീതി അതിന്റെ വൈവിധ്യമാര്‍ന്ന രുചികള്‍ക്ക് പേരുകേട്ടതാണ്. നൂറ്റാണ്ടുകളായി ഈ പ്രദേശത്തെ സ്വാധീനിച്ച സംസ്‌കാരങ്ങളുടെ മിശ്രിതത്തിന്റെ ഫലമായുണ്ടായതാണിത്. പോള വുള്‍ഫെര്‍ട്ടിന്റെ 'മൊറോക്കന്‍ ഫുഡ്' എന്ന പുസ്തകം മൊറോക്കന്‍ പാചകരീതിയുടെ ചരിത്രവും മുസ്‍ലിം സംസ്‌കാരം ഉള്‍പ്പെടെയുള്ള അതിന്റെ വിവിധ സ്വാധീനങ്ങളും ചര്‍ച്ച ചെയ്യുന്ന മികച്ചൊരു കൃതിയാണ്. മുസ്‍ലിം പാചക രീതികളാല്‍ സ്വാധീനിക്കപ്പെട്ട ടാഗിന്‍, കസ്‌കസ്, ഹരിര തുടങ്ങിയ, മൊറോക്കന്‍ പാചകരീതിയിലുള്ള സവിശേഷമായ നിരവധി വിഭവങ്ങള്‍ പുസ്തകം എടുത്തുകാണിക്കുന്നുണ്ട്.
കാസബ്ലാങ്കയുടെ കലയിലും വാസ്തുശില്‍പങ്ങളിലും മുസ്‍ലിം സംസ്‌കാരം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ ജ്യാമിതീയ രൂപങ്ങള്‍, കാലിഗ്രാഫി, കണ്ണഞ്ചിപ്പിക്കുന്ന നിറക്കൂട്ടുകള്‍ എന്നിവയാണ് ഇസ്‍ലാമിക കലയുടെ സവിശേഷത. റോബര്‍ട്ട് ഹില്ലെന്‍ബ്രാന്‍ഡിന്റെ 'ഇസ്‍ലാമിക് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍' എന്ന പുസ്തകം ഇസ്‍ലാമിക കലയെ മുസ്‍ലിം വിശ്വാസങ്ങളുടെ പ്രതിഫലനമായി വിവരിക്കുന്നു. ഐക്യത്തിന്റെയും സൗന്ദര്യത്തിന്റെയും സമചിന്തയുടെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണീ കലാരൂപങ്ങള്‍. കാസാബ്ലാങ്കയിലെ നിരവധി മ്യൂസിയങ്ങളില്‍ മൊറോക്കന്‍ പുരാവസ്തു ശേഖരങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിം കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുന്നു. 1882 ല്‍ സുല്‍ത്താന്‍ മൗലായ് ഹസന്‍ നിര്‍മിച്ച ഡാര്‍ എല്‍ ബച്ച മ്യൂസിയം (Dar El Bacha - Musee des Confluences)പോലെയുള്ളവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
കാസബ്ലാങ്കയുടെ മുസ്‍ലിം പാരമ്പര്യം വാസ്തുവിദ്യയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇസ്‍ലാമിക കലയും സംസ്‌കാരവും ആഘോഷിക്കുന്ന നിരവധി മ്യൂസിയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും നഗരത്തിലുണ്ട്. ഉദാഹരണത്തിന്, മൊറോക്കോയിലെ ജ്യൂ മ്യൂസിയം, നൂറ്റാണ്ടുകളായി മുസ്‍ലിംകളുമായി സഹവസിച്ചു ജീവിച്ചിരുന്ന രാജ്യത്തെ പ്രമുഖരായ ജൂത സമൂഹത്തിന്റെ ചരിത്രവും പാരമ്പര്യങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു.
മൊറോക്കന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് (AMCD) കാസബ്ലാങ്കയിലെ ഇസ്‍ലാമിക സംസ്‌കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്. ഇസ്‍ലാമിക ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പുസ്തകങ്ങളും സാഹിത്യങ്ങളും ലഭ്യമാക്കുന്ന കാസബ്ലാങ്ക ബുക്ക് ഫെയര്‍ ഉള്‍പ്പെടെ വര്‍ഷം മുഴുവനും സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും ഈ സംഘടനക്ക് കീഴില്‍ സംഘടിപ്പിക്കപ്പെട്ട് വരുന്നു.
Leave A Comment