ഓണ്‍ലൈന്‍ ആക്ടിവിസത്തിന്റെ സാമുദായിക മാനങ്ങള്‍
ഓണ്‍ലൈന്‍ പരിസരം പൊതുജീവിതം കണക്കേ സജീവമായതാണ് പുതിയ കാലത്തിന്റെ സവിശേഷതകളിലൊന്ന്. തരം കിട്ടിയ ഒഴിവുകളില്‍ ഈ അപരലോകത്ത് ചുറ്റിപ്പറ്റി കൂടാനാണ് പലര്‍ക്കും താല്പര്യം. നിലവിലെ റീചാര്‍ജിംഗ് സമ്പ്രദായം മാസാധിഷ്ഠിതമായതിനാല്‍ ദിവസവും തീര്‍ന്നുപോകുന്ന ഡാറ്റകള്‍ തീര്‍ക്കല്‍ ബാധ്യതയാണെന്നാണ് പലരുടെയും വെപ്പ്. തോണ്ടിയും മാന്തിയും അത് തീര്‍ക്കാന്‍ ഒരു പരിധിവരെ നാം ജാഗ്രത പുലര്‍ത്താറുണ്ട്.
അനാവശ്യമായി ഒഴിഞ്ഞുകിടക്കുന്ന ഡാറ്റകള്‍ ദീനിനും ദുനിയാവും ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതൊന്നുമല്ല. നെല്ലുംപതിരും വേര്‍തിരിക്കാന്‍ പലരും പക്വത നേടാത്തത് മൂലവും സന്നദ്ധത പ്രകടിപ്പിക്കാത്തത് മൂലവും ഇവ വിനിയോഗിക്കപ്പെടുന്നത് പലപ്പോഴും അസ്ഥാനങ്ങളില്‍ മാത്രമാണ്. സമയം നഷ്ടങ്ങള്‍ പണ്ടേ പലര്‍ക്കും ഒരുപ്രശ്‌നം തന്നെ അല്ലാത്തതിനാല്‍ അതിനെക്കുറിച്ച് ആരും അധികമൊന്നും ആശങ്കപ്പെടാറില്ല.സൗകര്യങ്ങളും സാധ്യതകളും നമ്മെ വല്ലാതെ പിന്നോട്ട് നയിക്കുന്നുണ്ടോ എന്ന ചോദ്യം നിലവിലെ സാഹചര്യത്തില്‍ പ്രസക്തമാണ്.
പുതിയകാലത്ത് സാമുദായിക മിടിപ്പും തുടിപ്പും പൂര്‍വ്വോപരി സജീവമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കവലകളിലെ ചായമക്കാനികളിയില്‍ ആവിപറക്കുന്ന ചായക്കൊപ്പം പങ്കുവെക്കപ്പെട്ട നാട്ടിന്‍പുറത്തെ വിശേഷണങ്ങളും രാഷ്ട്രീയ കാര്യങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയിലാണ് പങ്കുവെക്കപ്പെടുന്നത്. ഇതുമൂലം ചര്‍ച്ചകള്‍ വിശാലത കൈവരിക്കുകയും സാര്‍വത്രികമാവുകയും ചെയ്യുന്നുണ്ട്.
ഇതുമൂലം ജനാധിപത്യവും അനുബന്ധങ്ങളും സംവാദാത്മകമാവുകയും കൂടുതല്‍ ജനകീയമാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രതിപക്ഷങ്ങളോട് നിരന്തരം പ്രതിപക്ഷമായി നിലകൊള്ളുകയും അവരുടെ പിടിപ്പുകേടുകള്‍ അന്വേഷിക്കുകയും ചെയ്യുവാന്‍ പലരും ബദ്ധശ്രദ്ധരാണ്. വായ തുറന്നാല്‍ അബദ്ധം പറയുന്ന രാഷ്ട്രീയക്കാരും നേതാക്കന്മാരും, ഇപ്പോള്‍ ഘട്ടംഘട്ടമായി അവധാനതയോടെ പറയാന്‍ ശീലിച്ചു വരുന്നു എന്നത് ആശാവഹമാണ്.
സോഷ്യല്‍ മീഡിയ തേച്ച് വാരി ഓടിച്ചതിന്റെ ക്ഷീണം അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല. നാളിതുവരെ നമ്മുടെ സാംസ്‌കാരിക ആഖ്യാനങ്ങളെയും മുഖ്യധാര സങ്കല്പങ്ങളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത് സവര്‍ണ്ണ സങ്കല്പങ്ങളാണ്. അന്യായമായി ഇത് പലപ്പോഴും സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. സമുദായത്തെ അന്യായമായി പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവരോട് കലഹിക്കാനും എതിരിടാനും നേടിയ ആര്‍ജ്ജവവും സജീവതയും പരാമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്.
മുത്തശ്ശി പത്രങ്ങള്‍ വാര്‍ത്തകളുടെ അകമ്പടിയോടെ പ്രചരിപ്പിച്ച സവര്‍ണ്ണ താല്‍പര്യങ്ങളും അനര്‍ഹമായ ഇവരുടെ അധീശത്വ മനോഭാവത്തെ പൊളിച്ചെഴുതാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. ഇവര്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ അജണ്ടകളെ വിശകലനം ചെയ്യാനും വിയോജിപ്പ് പുലര്‍ത്താനും നമ്മളിന്ന് ബദ്ധശ്രദ്ധരാണ്.
അന്യായമായി ഭരണപക്ഷമോ സാംസ്‌കാരിക വാദികളോ സമുദായത്തിനെതിരെ ഉന്നയിക്കുന്ന അപവാദങ്ങള്‍ക്ക് മറുവാദങ്ങളും ഉന്നയിക്കാനും അവരുടെ സ്ഥാപിത താല്‍പര്യങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും നമുക്ക് സാധിക്കുന്നുണ്ട്. പൊതുവേ തമാശയാണെങ്കിലും കാര്യത്തെ കാര്യമായി എടുക്കാനുള്ള നമ്മുടെ കാര്യബോധം പ്രശംസനീയമാണ്. എങ്കിലും ഔചിത്യ ബോധത്തിന് അഭാവം പലയിടത്തും മുഴച്ച് നില്‍ക്കാറുണ്ട്.
സ്ഥാനങ്ങളും ആസ്ഥാനങ്ങളും തിരിച്ചറിയാത്തത് മൂലം പല ഇടപെടലുകളും പ്രതിലോമകരമായി സമുദായ സങ്കല്പങ്ങളെ ബാധിക്കാറുണ്ട്. പലരും ഇടപെടുന്ന മതേതര പൊതു പരിസരങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കീഴ്വഴക്കങ്ങള്‍ പലരും പാലിക്കാത്തതിനാല്‍ അതും സമുദായത്തെ ഒന്നടങ്കം ബാധിക്കുന്ന തരത്തില്‍ ആവാറുണ്ട്. ചില അതി മത ഇടപെടലുകള്‍ തെറ്റിദ്ധാരണകള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട് ഇത്തരം പ്രകടനങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളുടെ തോത് വലുതായിരുന്നു.
ഫ്‌ളാഷ് മോബ് പോലെയുള്ള വിഷയങ്ങളില്‍ സ്ഥലകാല ബോധമില്ലാത്ത ഒച്ചപ്പാടുകള്‍ പൊതുബോധം വൈമനസ്യത്തോടെയാണ് നോക്കിക്കണ്ടത്. മതം പറയുമ്പോള്‍ ഹിക്മത്തിനെ കൂട്ടു പിടിക്കണമെന്നാണ് മതത്തിന്റെ മതം. നേരവും കാലവും പരിഗണിക്കലും ശ്രോതാക്കളെ അറിയലും ഇതിന്റെ ഭാഗമാണ്. പരിഹസിക്കാനും അവമതിക്കാനും കാത്തിരിക്കുന്നവരുടെ മുമ്പില്‍ അതി മതത്വം കാണിക്കുന്നത് ഉചിതമല്ല. പുറത്തു ചാടാന്‍ കാത്തിരിക്കുന്നവരോട് സംവദിക്കേണ്ടത് അനുനയത്തിന്റെ രീതിയിലാണ്.
ദിനേനെ സോഷ്യല്‍ ഇടങ്ങളില്‍ പുതിയ പുതിയ സംഭാവനകളര്‍പ്പിക്കാന്‍ പലരും ബദ്ധശ്രദ്ധരാണ്. ഇതിനായി നാലുപാടും കണ്ണെറിഞ്ഞും കാതോര്‍ത്തും നിരീക്ഷണത്തിലാണ് പലരും. ശ്രദ്ധേയമായ നിരീക്ഷണങ്ങളും പ്രതികരണങ്ങളും പലരും പങ്കുവെച്ചു കാണാറുണ്ട് എന്നാല്‍ ചില പ്രതികരണങ്ങള്‍ അസ്ഥാനത്തായി തീരാറുണ്ട്. ഗുണത്തേക്കാളുപരി ഇവ ദോഷങ്ങളാണ് സമ്മാനിക്കുക, ചിലപ്പോഴൊക്കെ ദൂരവ്യാപകമായ തരത്തില്‍. നമ്മള്‍ ചിലതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നിലപാട് എടുത്തിരുന്നെങ്കില്‍ പല പ്രശ്‌നങ്ങള്‍ക്കും മുഖം കൊടുക്കേണ്ടി വരുമായിരുന്നില്ല. ഇന്ന് ആര്‍ക്കും കയറി മേയാവുന്ന പൊതു വളപ്പായി നമ്മുടെ മതകീയ പരിസരങ്ങള്‍ രൂപാന്തരപ്പെട്ടത് നമ്മള്‍ മൂലമാണ്.
രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന അതേ ലാഘവത്തോടെയാണ് ഇന്ന് മതവും ചര്‍ച്ചയാകുന്നത്. അനാവശ്യമായി മതവിശ്വാസങ്ങളെ പരിഹസിക്കാന്‍ മാത്രമായി നിലകൊള്ളുന്നവരെ അവഗണിക്കാനുള്ള സാമാന്യബോധം കൈകൊള്ളാന്‍ ചിലപ്പോഴൊക്കെ നാം മറന്നുപോകുന്നു. എതിര്‍ത്തു പ്രതികരിക്കലായാലും അത് പരിഗണനയാണെന്ന ലളിതയാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
സമുദായത്തെ അനാവശ്യമായി നിരന്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവരെ മൗനം കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. മൗനത്തിന്റെ തത്വശാസ്ത്രത്തിന് മിണ്ടി പറയുന്നതിനേക്കാള്‍ മതത്തില്‍ പ്രസക്തിയുണ്ട്. സ്ഥാനത്ത് മിണ്ടാന്‍ എന്നതുപോലെതന്നെ ആസ്ഥാനങ്ങളില്‍ മിണ്ടാതിരിക്കാന്‍ കൂടിയാണത്രേ നാവ്. കൂട്ടത്തില്‍, ലൈക്കുകള്‍ ഒരര്‍ത്ഥത്തില്‍ നമ്മുടെ നിലപാടുകള്‍ കൂടിയാണ് അതിനാല്‍ അനുചിതമായ ഇടങ്ങളില്‍ ആവണം ഇവയും.
ആത്മരതി ആവിഷ്‌കാരങ്ങള്‍കുള്ള മാധ്യമമാണ് പലര്‍ക്കും സോഷ്യല്‍ മീഡിയകള്‍. യുവതലമുറയുടെ സഹകരണ ബോധത്തിന്റെ മനോഹരമായ ആവിഷ്‌കരണങ്ങളുടെ വേദിയാണിത്. ഒരു അലിഖിത ധാരണയുടെ അടിസ്ഥാനത്തിലാണ് ലൈക്കുകളും കമന്റുകളും കൈകാര്യം ചെയ്യപെടുന്നത്. ഒരു പരിതി വരെ എല്ലാം ഒരു രസമാണ്. പരിതികള്‍ ലംഘിക്കുമ്പോള്‍ ഇവ പ്രശ്‌നമായി തീരുന്നു. നിലവില്‍ പലര്‍ക്കും ഇതൊരു ആസക്തിയായി പരിണമിച്ചിരിക്കുന്നു. കിട്ടിയ ലൈക്കുകളുടെ എണ്ണം പറഞ്ഞു പുളകം കൊള്ളാനും അത് കുറഞ്ഞു പോയതിന്റെ പേരില്‍ അപകര്‍ഷതാ ബോധം പേറുന്ന മാനസികാവസ്ഥ നമുക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നു.
നിസ്സാരമായ കാര്യങ്ങളില്‍ പുളകം കൊള്ളുകയും അതിനായി സുപ്രധാന സമയങ്ങള്‍ വിനിയോഗിക്കുകയും ചെയ്യുന്നതുമൂലം നമ്മള്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പോലും മറന്നുപോക്കുന്നു. എത്രപെട്ടൊന്നാണ് നമ്മുടെ സങ്കല്പങ്ങള്‍ക്ക് ദിശ തെറ്റിയത്. സിനിമയേയും ഇതര സമാന പ്രവണതകളെയും ഭീതിയോടെ മാറ്റിവെച്ച വെല്ലിപ്പമാരുടെ പേരക്കുട്ടികള്‍ ഇന്ന് നടനമാടുന്ന തിരക്കിലാണ്. ഉമ്മച്ചിക്കുട്ടിയുടെ ഡബ്‌സ്മാഷും പൊളിച്ചടുക്കുന്ന മൊഞ്ചന്‍മാരും മൊഞ്ചത്തികളും ഇന്ന് അരങ്ങ് തകര്‍ക്കുകയാണ്.
സിനിമയും അഭിനയവും ഹറാമാണെന്ന ബോധം ഉള്‍ക്കൊള്ളുന്നവരാണ് 'ലാഘവത്തോടെ ഇവയെ ഏറ്റുപിടിച്ച് നടക്കുന്നത് എന്നതാണ് ഭീകരം. ഇവയുടെ മതകീയമായ മാനങ്ങളെ അന്വേഷിക്കാന്‍ പോലും ആരും മുതിരുന്നില്ല ,എന്നിട്ടല്ലേ മാറ്റിനിര്‍ത്തലിനെ കുറിച്ച് ചിന്തിക്കല്‍.! അറിയില്ല എന്നതിനേക്കാള്‍ ഗുരുതരമാണ് അറിയാന്‍ താല്പര്യം ഇല്ല എന്നത്. എല്ലാവരും ചെയ്യുന്നത് തങ്ങളും, അതിലപ്പുറം ഒന്നും ആലോചിക്കാന്‍ നമ്മുടെ സമൂഹം പക്വത പ്രകടിപ്പിക്കുന്നില്ല.
സാര്‍വത്രിക പ്രവണതകള്‍ അനുവദനീയവും സ്വീകാര്യവുമാണെന്ന് മട്ടിലാണ് നാം കൈകാര്യം ചെയ്യുന്നത്. ഇടംവലം നോക്കാേെതാടെയാണ് നാം ഇവയെല്ലാം നോക്കിക്കാണുന്നതും ഇവയില്‍ പങ്കു ചേരുന്നതും. ..ടിക് ടോക്ക് പോലെയുള്ള പുതിയ സാങ്കേതികവിദ്യകളോട് പുറംതിരിഞ്ഞു നില്‍ക്കണമെന്നല്ല പറഞ്ഞുവരുന്നത്. ഇതില്‍ ഇടപെടുന്നവരെ അടച്ചാക്ഷേപിക്കലോ ഇവ കൊട്ടിയടക്കണമെന്ന ശാഠ്യം പങ്ക് വെക്കല്ലോ അല്ല ഉദ്ദേശം. മറിച്ച് നാം കാര്യങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്നതിനെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത്. ഫലപ്രദവും പ്രയോജനകരവുമായ ഒട്ടനവധി സാധ്യതകളാണ് ഇവ നമുക്ക് മുമ്പില്‍ തുറന്നുവെച്ചത്. അവ സാധൂകരിച്ച് എടുക്കുന്നതില്‍ നാം പരാജയപ്പെട്ടു.
എത്രമാത്രം ദുര്‍ബലമാണ് നമ്മുടെ സമീപനങ്ങള്‍. നന്മ പ്രചരിപ്പിക്കാനും അക്കാദമിക്, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നമുക്കിത് വിശാലവും ഉപയോഗകരമായ രീതിയിലും കൈകാര്യം ചെയ്യാമായിരുന്നു. പക്ഷേ ഇത്തരം സാധ്യതകളൊന്നും നമ്മുടെ കണ്ണില്‍ തെളിഞ്ഞില്ല. സിനിമകളിലെ ബളിപ്പന്‍ തമാശകളും മദാലസകളുടെ നൃത്തങ്ങളും മാത്രമേ നമ്മുടെ കണ്ണില്‍ പെട്ടുള്ളു.
ദിശാബോധവും ലക്ഷ്യബോധവും ഇല്ലാത്തതിനാലാണ് എല്ലായിടത്തും ചെന്ന് മുഖം കാണിക്കേണ്ടി വരുന്നത്. എല്ലായിടത്തും തങ്ങളെ കൂടി അടയാളപ്പെടുത്തണം എന്ന ദുര്‍വാശി ഒരു ദൗര്‍ബല്യമാണ്. ദൗര്‍ബല്യങ്ങള്‍ക്ക് പിന്നാലെ പായുന്നത് മൂലമുള്ള പിടിപ്പുകേടാണ് ഇവയെല്ലാം. ഒഴുക്കുകളില്‍ ഒഴുകാതെ നമ്മുടെ സാധ്യതകളെ അനുചിതമായ തരത്തില്‍ ഉപയോഗപ്പെടുത്തുമ്പോയാണ് നമുക്ക് വിജയിക്കാനാകുന്നത്.
ഒഴുക്കിനെ ത്തുള്ള ഒഴുക്ക് സമൂഹത്തിന്റെ ധൈഷണികമായ വളര്‍ച്ചയെ മുരടിപ്പിക്കുകയും, ശണ്ഡീകരിക്കുകയും ചെയ്യുംനിരര്‍ത്ഥകമായ കാര്യങ്ങള്‍ വഴി യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തുനിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗൗരവകരമായ നിലപാടാണ് വിശുദ്ധഖുര്‍ആന്‍ കൈകൊള്ളുന്നത്. സൂറത്തു ലുഖ്മാനിലെ പരാമര്‍ശം ശ്രദ്ധേയമാണ്. 'ജനങ്ങളില്‍നിന്ന് ചിലയാളുകള്‍ അല്ലാഹുവിന്റെ വഴിയില്‍ നിന്നും ജനങ്ങളെ അകറ്റാന്‍, ഒരുവിധ ആവശ്യമോ ധാരണയോ കൂടാതെ, അനാവശ്യങ്ങള്‍ വിലക്കെടുക്കുന്നു. ഖുര്‍ആനിലെ വചനങ്ങള്‍ ഓതപെട്ടാല്‍ അവര്‍ ഇതില്‍നിന്ന് അഹംഭാവത്തോടെ മുഖം തിരിക്കുകയും ബധിരത നടിക്കുകയും ചെയ്യും.
ഇവര്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക '. പൊതുവേ ഒരിട വിശ്വാസിയെ പറയുമ്പോള്‍ അവിശ്വാസിയെ പറയലും അവിശ്വാസിയെ പറയുമ്പോള്‍ വിശ്വാസികളെയും പറയലാണ് ഖുര്‍ആനിലെ ശൈലി. എന്നാല്‍ ഇവിടെ രണ്ടുതവണ വിശ്വാസിയെ പ്രതിപാദിക്കുകയും രണ്ടിനും ഇടക്കായി ഇവരെ പരാമര്‍ശിക്കുകയുമാണ് ചെയ്തത്. അതുപോലെ തിന്മ ചെയ്യന്നവരോട് ശിക്ഷകൊണ്ട് താക്കീതോതാന്‍ പറയലാണ് പതിവുരീതി.
എന്നാല്‍ ഇവിടെ വേദനാജനകമായ ശിക്ഷകൊണ്ട് സുവിശേഷം പറയാനാണ് ഖുര്‍ആന്‍ കല്‍പ്പിച്ചത് വിഷയത്തിന് ഗൗരവം ഒത്തിരി കൂടുതലായതിനാല്‍ ആയിരിക്കണം ഇത്. ഗൗരവം കൂടുമ്പോള്‍ ആണല്ലോ വിരോധാഭാസാടിസ്ഥാനത്തില്‍ സംസാരിക്കാറുള്ളത്. മുസ്ലിമിന്റെ സ്പന്ദനങ്ങള്‍ എല്ലാകാലത്തും സജീവമായിരുന്നു. ഉചിതമായവയെ ചേര്‍ത്തുവച്ചും അനാവശ്യങ്ങളെ അകറ്റി നിര്‍ത്തിയുമാണ് ഇ സജീവത നിലനിര്‍ത്തിയത്.
കണ്കണ്ട ഇടങ്ങില്‍ എല്ലാം സജീവമാവുക എന്നത് മുസ്ലിമിനെ പണിയല്ല പലതും ചെയ്യാന്‍ നിര്‍ബന്ധപൂര്‍വ്വം കല്‍കുന്നതോടൊപ്പം പലതില്‍ നിന്നും അകന്നുനില്‍ക്കാനും നിര്‍ബന്ധബുദ്ധിയാല്‍ ശാസിക്കുന്ന മതമാണിസ്ലാം. പ്രതിലോമ പ്രവണതകളുടെ കാറ്റിലും കോളിലും പിടിച്ചുനിന്നും ഒഴുക്കിനെതിരെ നീന്തിയുമാണ് കാലമിത്രയും നമ്മുടെ അസ്തിത്വം സംരക്ഷിക്കപെട്ടത്.മറ്റുള്ളവരുടെ ചെയ്തികള്‍ക്കൊത്ത് നൃത്തമാടിയാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യം പ്രാവര്‍ത്തികമാക്കുമെന്ന് എങ്ങനെയാണ് നമുക്ക് തോന്നി തുടങ്ങിയത്. നാളിതുവരെ നമ്മുടെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെ നിര്‍ണയിച്ചത് മതപരമായ വീക്ഷണങ്ങള്‍ ആയിരുന്നു.
എന്നാലിന്ന് നമ്മുടെ സങ്കല്പങ്ങളെ പോലും മറ്റാരൊക്കെയോ ആണ് നിര്‍ണയിച്ചിരുന്നത്.ഉപരിപ്ലവമായ പ്രകടനങ്ങളും കോലാഹലങ്ങളും പ്രതിലോമ ഫലങ്ങളെ സമ്മാനിച്ചിട്ടുള്ളു. ചിലപ്പോഴൊക്കെ നൈമിഷിക മുന്നേറ്റങ്ങളായി ഇവ വിലയിരുത്തപ്പെടാറുണ്ട് എങ്കിലും ഇവയുടെ വിപരീത പരിണിതികള്‍ നമ്മെ വിശാലാടിസ്ഥാനത്തില്‍ ബാധിക്കാറുണ്ട്. വിശ്വാസിയുടെ സമീപനങ്ങള്‍ രൂപംകൊള്ളേണ്ടത് ദൈവിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. നൈമിഷിക വൈകാരിക വിക്ഷോഭങ്ങളോ, പ്രലോഭനങ്ങളോ ഇതില്‍ സ്വാധീനം ചെലുത്താറില്ല.
കാലമിത്രയും നമ്മള്‍ ആര്‍ജിച്ച സകല പുരോഗതികളുടെയും ആധാര ഹേതു കണിശമായ കണിശതയും വിട്ടുവീഴ്ചയില്ലാത്ത കാര്യബോധവുമായിരുന്നു. ഇനിയും അടിസ്ഥാനഘടകങ്ങളായി വര്‍ത്തിക്കേണ്ടത് ഇവ തന്നെയാണ്.പ്രഹസനങ്ങള്‍ അനര്‍ത്തങ്ങള്‍ക്കേ വഴിവെക്കുവെന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയ കാലത്ത് സംസ്‌കാരത്തിന് അടിത്തറകള്‍ ഭദ്രമാക്കാന്‍ ഈടുറ്റ ചലനങ്ങളും ഇടപെടലുകളും കാഴ്ചവക്കാന്‍ നമുക്ക് അവസരങ്ങള്‍ ഒത്തിരിയാണ്. തിരിച്ചറിയാതെ വരുമ്പോഴാണ് ഇവ നഷ്ടമായി തീരുന്നത്.
Leave A Comment