ദുഖം കടിച്ചമര്‍ത്തുന്ന തെരുവുകള്‍ മാത്രമല്ല, സ്വപ്നം കണ്ടു ഉറങ്ങാന്‍ പോകുന്നവ കൂടി ചേരുമ്പോഴാണ് റാമല്ല പൂര്‍ണമാകുന്നത്
റാമല്ലയേക്കാള്‍ ഫലസ്തീനെ വിശദീകരിക്കാന്‍ പോന്ന ഒരു സിറ്റിയില്ല തന്നെ. അവിടെ കലന്ദിയ ചെക്ക്പോയിന്‍റില്‍ ഏത്തുമ്പോള്‍ ഭീമാകാരമായ ഒരു ഇസ്റായേല്‍ ബോഡ് കാണാം. നിങ്ങള്‍ ഫലസ്തീനിലേക്ക് പ്രവേശിക്കാനിരിക്കുകയാണെന്നും ഇനി നിങ്ങളുടെ ജീവിതം ഭീഷണിയിലുമാണെന്നാണ് അത് ടൂറിസ്റ്റുകളെ ഓര്‍മിപ്പിക്കുന്നത്. ഒറ്റപ്പെടലിന്‍റെയും നിരാശയുടെയും കാര്‍മേഘം മൂടിയ ആകാശമാണ് പിന്നെ നിങ്ങള്‍ക്ക് മുന്നില്‍ പരന്നു കിടക്കുന്നത്. പ്രദേശത്ത് ഇസ്റായേല്‍ അതിരായി കെട്ടിയ വലിയ മതില്‍ വീദൂരതയില്‍ നിന്ന് തന്നെ കാണാം. വെസ്റ്റുബാങ്കുകാരെ ഈ മതില്‍ തങ്ങളുടെ ബിസിനസ്സില്‍ നിന്നും സ്കൂളില്‍ നിന്നും എന്തിന് ജീവിതത്തില്‍ നിന്ന് തന്നെയും തടയിടുന്നു. അതിനപ്പുറത്തെ ജീവിതം എന്തുമാത്രം കഷ്ടത നിറഞ്ഞതായിരിക്കുമെന്ന് ആ കാഴ്ച തന്നെ ഉറപ്പു പറയുന്നു.
ചെക്ക് പോയിന്‍റ് മുറിച്ചു കടക്കുന്നതോടെ പിന്നെ കാഴ്ച മാറുന്നു. ചുമരുകളില്‍ കാണുന്ന എഴുത്തുകുത്തുകളില്ലാം നാം കാണുന്നത് അതു വരെ കേട്ടുകൊണ്ടിരുന്ന കഥകളുടെ ഫലസ്തീനി പതിപ്പാണ്. ഫലസ്തീന്‍ നേതാവായിരുന്ന യാസര്‍ അറഫാത്തിന്‍റെ ജീവനോടെ എന്ന് തോന്നിക്കുന്ന ഒരു ചിത്രമാണ് ചെക്കുപോയിന്‍റ് കടന്നാല്‍ ആദ്യം കാണുന്നത് തന്നെ.
മെക്കാനിക് ഷോപ്പുകളും സാധാരണ റെസ്റ്റോറന്‍റുകളുമെല്ലാമുള്ള വെസ്റ്റുബാങ്ക് നഗരവീഥിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ പിന്നെ വലിയ വലിയ പരസ്യബോഡുകള്‍ കാണാം. റോഡിനേക്കാളും വലുതായ ഈ പരസ്യ ബോഡുകള്‍ ഒരര്‍ഥത്തില്‍ കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നിരവധി ഉപരോധങ്ങള് തീര്‍ത്ത നെരിപ്പോടില്‍ കിടക്കുമ്പോഴും റാമല്ലക്ക് നഗരത്തിന്‍റെ ഒരു താളമുണ്ട്. എന്നാല്‍ ശ്രുതി ഈ പരസ്യബോഡുകളുടെ ആധിക്യത്തില്‍ വ്യക്തമായി കേള്‍ക്കാനാകാത്ത പോലെ.
റാമല്ലയുടെ ഉള്‍ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നതനുസരച്ച് പ്രദേശം കൂടതല്‍ മനോഹരമായി നിങ്ങള്‍ക്ക് മുന്നില്‍ വിടര്‍ന്നുവരും. പ്രതീക്ഷകളുടെ ചിറകിലേറി ജീവിതം കരുപ്പിടിപ്പിക്കാന്‍ വെമ്പുന്ന ഒരു ജനതക്ക് മുന്നില്‍ ഒരു നിമിഷത്തേക്ക് നിങ്ങള്‍ നിസ്സംഗനായി പോകുന്നു. കെട്ടിടങ്ങള്‍ പലതും നന്നായി പണികഴിപ്പിച്ചവയാണ്. സിറ്റിക്ക് നല്ല വൃത്തിയുമുണ്ട്. നിശബദ്തയില്‍ അത് തിളങ്ങി നില്‍ക്കുന്ന പോലെ.
ഫലസ്തീന് അതോറിറ്റി കേന്ദ്രം, പരിസരങ്ങളിലെ കടകള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, ഹോട്ടലുകള്‍, എന്തിന് അവിടത്തെ വീടുകള്‍ വരെ പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്‍റെയും പുതിയ നാമ്പുകള്‍ പോലെ നിങ്ങള്‍ക്ക് മുന്നില്‍ തളിരിടുന്ന അനുഭവം.
മഹ്മൂദ് ദര്‍വീശിന്‍റെ മ്യൂസിയം. ജീവിച്ചിരുന്ന കാലത്തേക്കാളും ഊര്‍ജസ്വലനായി അദ്ദേഹം മരിച്ചുകഴിഞ്ഞാണ് ഫലസ്തീന് വേണ്ടി പാടുന്നതെന്ന് തോന്നിപ്പോകും, കവിതയെഴുതുന്നതും. ജറുസലേമിന് അഭിമുഖമായി നില്‍ക്കുന്ന ചെറയൊരു മലക്ക് മുകളിലാണ് ദര്‍വീശിന്‍റെ മ്യൂസിയം. അവിടെ അദ്ദേഹത്തിന്‍റെ വ്യക്തിസ്വത്തുക്കളെ നേരിട്ട് കാണുമ്പോള്, അതിലൊന്ന് തൊടുമ്പോള്‍, അദ്ദേഹത്തിന്‍റെ മരിക്കാത്ത വാക്കുകള്‍ നിങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു, അറിയാതെ തന്നെ. പശ്ചാത്തലത്തിലുയരുന്ന അദ്ദേഹത്തിന്‍റെ കവിതാ ശകലങ്ങള്‍ നിങ്ങളെയും മറ്റൊരു ദര്‍വീശാക്കുന്നു. ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിന് ഉള്ളാലെ നിങ്ങളും ആഗ്രഹിച്ചു പോകുന്നു, പ്രാര്‍ഥിച്ചും.
റാമല്ലയിലെ ഗലികള്‍ അവക്ക് മാത്രം പറയാനുള്ള ചില അനുഭവങ്ങള്‍ എന്നോട് പങ്കുവെച്ചു. ദുഖങ്ങളെ കടിച്ചമര്‍ത്തിപ്പിടിച്ച് ഉണരുന്ന തെരുവിനെ മാത്രമല്ല നാം റാമല്ലയെന്ന് വിളിക്കേണ്ടത്. മറിച്ച് സുമോഹനമായ ഒരു ഭാവിയെ സ്വപ്നം കണ്ടു ഉറങ്ങാന്‍ പോകുന്ന തെരുവുകള്‍ കൂടി ചേരുമ്പോഴാണ് റാമല്ല പൂര്‍ണമാകുന്നത്.
റാമല്ലയിലെ പ്രധാനികളായ പല സ്ത്രീകളുമായും ഞാന്‍ അഭിമുഖം നടത്തി. പ്രസിദ്ധയായ ഹനാന്‍ അശറാവി, സംഗീതജ്ഞയായ റീമ നസീല്‍ തറാസി, അഭിഭാഷകയായ ഈമാന്‍ നസീറുദ്ദീന്‍ തുടങ്ങിയവരുമായി. ഫലസ്തീന്‍റെ സമര ചരിത്രമാണ് അവരെ സൃഷ്ടിച്ചത്. തുടര്‍ന്ന് അത് രചിക്കാനാണ് അവര്‍ ശ്രമം തുടരുന്നതും.
റാമല്ലയിലെ തെരുവില്‍ എതിരില്‍ വരുന്നുവരും പെട്ടിക്കടക്കാര്‍ പോലും നിങ്ങള്‍ക്ക് ആഥിത്യമരുളുന്നു. പ്രാദേശിക രാഷ്ട്രീയത്തിന്‍റെ കൊളുത്തുകള്‍ അവരെ നിത്യദുരിതത്തിന്‍റെ കെണിയിലകപ്പെടുത്തുന്നു എന്നത് ശരി തന്നെ. അപ്പോഴും ലോകസമൂഹത്തിന് മുന്നില്‍ എന്നും നിലനില്‍ക്കണമെന്ന് അവര്‍ക്ക് താത്പര്യമുണ്ട്, അതിന് പക്ഷേ ലോകം അവരെ സമ്മതിക്കണമെന്ന് മാത്രം.



Leave A Comment