ശരീഅത്ത് നിയമങ്ങളെ ചോദ്യം ചെയ്യലാണ് ഹിന്ദുത്വ അധികാരികളുടെ അജണ്ട
എട്ടു ദശകങ്ങളായി വനിതാപ്രസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ഏകീകൃത സിവില്‍ കോഡ് എന്നത്. അതിന്റെ സാധ്യതയെയും സാധുതയെയും അവര്‍ പലവുരു പഠനവിധേയമാക്കിയിട്ടുണ്ട്. ഒടുവില്‍ ഈ ചര്‍ച്ച എത്തിനില്‍ക്കുന്നത്, എന്താണ് ഈ ഏകമാനത (uniformtiy) കൊണ്ടുള്ള യഥാര്‍ത്ഥ വിവക്ഷ എന്ന അതിലളിതമായ ഒരു ചോദ്യത്തിലാണ്. ചില ജുഡീഷ്യല്‍ പ്രഖ്യാനങ്ങള്‍ നിര്‍ദേശിച്ച പോലെ ഇവിടെ നിയമങ്ങളുടെ ഐക്യരൂപം ആവശ്യമാണെന്നു പറഞ്ഞത് 'രാജ്യത്തിന്റെ ഉല്‍ഗ്രന്ഥനം' മുന്നില്‍ കണ്ടുകൊണ്ടാണോ? അങ്ങനെയെങ്കില്‍ ആരാണ് കൃത്യമായി ഇതിന്റെ ഗുണഭോക്താക്കള്‍? ഏതു തരം ആളുകളാണ് അതില്‍നിന്നും ഉപകാരമെടുക്കുന്നത്?
അല്ലെങ്കില്‍, ഈ ഏകീകൃത നിയമം (uniform laws) കൊണ്ട് ഉദ്ദേശിക്കുന്നത് വിവാഹത്തിലും അനന്തരാവകാശത്തിലും സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുക എന്നതാണോ? വസ്തുത അങ്ങനെയെങ്കില്‍ എല്ലാതരം വ്യക്തിനിയങ്ങളില്‍നിന്നും മികച്ച ലിംഗപരമായ നീതി ഉറപ്പുവരുത്തുന്ന ഘടകങ്ങള്‍ ഇതുവഴി എളുപ്പത്തില്‍ ഒരുമിച്ചുകൂട്ടാന്‍ കഴിയണം. അപ്പോള്‍ എതിര്‍ക്കപ്പെടുന്ന ബഹുഭാര്യത്വവും ഏകപക്ഷീയമായ വിവാഹമോചനവും മാറ്റിനിര്‍ത്താം.
അതേസമയം, പ്രമുഖ ഫെമിനിസ്റ്റ് നിയമപ്രവര്‍ത്തക ഫ്‌ളാവിയ ആഗ്നസ് പലപ്പോഴും ചൂണ്ടിക്കാട്ടിയ പോലെ, ഏകീകൃത സിവില്‍ നിയമം എന്ന ആശയം വരുകയാണെങ്കില്‍ ഹിന്ദു അവിഭക്ത കുടുംബം എന്ന ആശയവും തകര്‍ക്കേണ്ടതായി വരും. ഹിന്ദുക്കള്‍ക്ക് മാത്രം നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു നിയമപരമായ സംരംഭമാണിത്. അങ്ങനെ ഇന്ത്യയിലെ ഓരോ പൗരനും ലിംഗനീതി ആവശ്യപ്പെടുന്ന 1925 ലെ ഇന്ത്യന്‍ സക്‌സഷന്‍ ആക്റ്റ് പ്രകാരം നിയന്ത്രിക്കപ്പെടുന്ന അവസ്ഥ വരും. ഇന്നിത് ക്രിസ്ത്യാനികള്‍ക്കും പാഴ്‌സികള്‍ക്കും ഇടയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
മുസ്‌ലിംകളെ അടിക്കാനുള്ള വടി
ഈയൊരു അര്‍ത്ഥത്തില്‍, മുസ്‌ലിം വ്യക്തി നിയമം നേരത്തെത്തന്നെ ആധുനികവും ഏറെ പരിഷ്‌കൃതവുമാണ് എന്നു വേണം മനസ്സിലാക്കാന്‍. 1930 കളില്‍ അത് നിലവില്‍ വന്നതുമുതല്‍ തന്നെ സ്വത്തിലുള്ള വ്യക്തിഗത അവകാശത്തെ അത് അംഗീകരിക്കുന്നുണ്ട്. ഇവിടെ കുടുംബത്തിന്റെ അവസ്ഥ ഒരു സംയുക്ത രീതിയിലാണ് കാണപ്പെടുന്നത്. എന്നാല്‍, ഇത്തരമൊരു നിയമം ഹിന്ദു നിയമത്തില്‍ കാണാന്‍ കഴിയില്ല.
അതുകൊണ്ടുതന്നെ, 1930-40 കാലഘട്ടത്തില്‍, ഇന്ന് മുസ്‌ലിം നിയമങ്ങളെ പിന്നാക്കമായി അവതരിപ്പിക്കുന്ന പോലെ, ഹിന്ദു നിയമത്തെയാണ് പിന്തിരിപ്പനായി അവതരിപ്പിച്ചിരുന്നത്. വ്യക്തിഗത സ്വത്തവകാശത്തിന്റെ ആധുനിക ലോകത്തേക്ക് അത് വളരണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു.
മാത്രവുമല്ല, മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹം ഒരു കരാര്‍ (contratc) ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇത് സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നുണ്ട്. വിവാഹ മോചനത്തിന്റെ കാര്യത്തിലും ഇത് പ്രകടമാണ്. എന്നാല്‍, ഹിന്ദുക്കള്‍ക്കിടയില്‍ അങ്ങനെയല്ല. അവരുടെ അടുത്ത് വിവാഹം മതപരമായ ഒരു കുദാശ മാത്രമാണ്. മുസ്‌ലിം വിവാഹത്തിന്റെ അത്ര സുരക്ഷിതത്വം ഇതില്‍ കാണാന്‍ കഴിയില്ല. മുസ്‌ലിം വിവാഹത്തിലെ ഈയൊരു വശം ഇന്ത്യയിലെ പൊതു നിയമമായി വരേണ്ടതാണ്. ഭര്‍ത്താവ് വിവാഹ സമയം ഭാര്യക്കു നല്‍കുന്ന മഹ്‌റാണ് മുസ്‌ലിം വിവാഹത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇത് അവള്‍ക്കുള്ള അവകാശമാണ്. വിവാഹമോചന സമയത്തും ഇത് അവള്‍ക്കുതന്നെ കൈയില്‍ വെക്കാം. വിവാഹത്തിലൂടെ ഹിന്ദു സ്ത്രീക്ക് ലഭിക്കാത്ത ഒരു സുരക്ഷിതത്വമാണ് ഇതുവഴിയും മുസ്‌ലിം സ്ത്രീക്ക് ലഭിക്കുന്നത്. ഏക സിവില്‍ കോഡ് വരുന്നതിലൂടെ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുകയും ഈ മഹ്‌റ് സമ്പ്രദായം ഇന്ത്യയുടെ പൊതു നിയമമായി പാസാക്കുകയും ചെയ്യേണ്ടതുണ്ട്.
കേവലം യുക്തിരാഹിത്യത്തിന്റെ സൃഷ്ട്രിയല്ല ഇത്തരം നിര്‍ദേശങ്ങള്‍. എല്ലാവര്‍ക്കും വളരെ വ്യക്തമായി അറിയാവുന്നപോലെ ഏകീകൃത സിവില്‍ നിയമം എന്ന ആശയത്തിന് ലിംഗനീതി നടപ്പാക്കുന്നതുമായി യാതൊരു ബന്ധവുമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്. കാരണം, ഇത് പൂര്‍ണമായും ബന്ധപ്പെട്ടിരിക്കുന്നത് ഒരു ഹിന്ദു ദേശീയ അജണ്ടയുമായിട്ടാണ്. ബീഫ് നിരോധനവും അയോധ്യയിലെ ക്ഷേത്രനിര്‍മാണവുമെല്ലാം ഈ അജണ്ടയുടെ ഭാഗമാണ്. ഇവിടെ ഏക സിവില്‍ കോഡ് എന്നതുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത് മുസ്‌ലിംകളെ അച്ചടക്കം പഠിപ്പിക്കുക, അവര്‍ രണ്ടാംകിട പൗരന്മാരാണെന്ന് അവരെ ബോധ്യപ്പെടുത്തുക, ഗോള്‍വാള്‍ക്കര്‍ സൂചിപ്പിച്ച പോലെ 'ദേശീയ വര്‍ഗ'ത്തിന്റെ (ഹിന്ദുക്കളുടെ) കാരുണ്യത്തിനു കീഴിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് അവരെ ഓര്‍മപ്പെടുത്തുക തുടങ്ങിയവയാണ്.
ലിംഗനീതിയിലെ യഥാര്‍ത്ഥ പ്രശ്‌നം
ഇവിടെ നമുക്ക് ഒരു ചോദ്യം ഉന്നയിക്കാം. ഏക സിവില്‍ കോഡ് ഇല്ലാത്തതുകൊണ്ട് ഇവിടെ ആരാണ് യഥാര്‍ത്ഥില്‍ പ്രയാസം അനുഭവിക്കുന്നത്? ഹിന്ദുത്വവാദികള്‍ ഭാവിക്കുന്നപോലെ ഭഹുബാര്യത്വത്തിന്റെയും മുത്വലാഖിന്റെയും ഇരകളായ മുസ്‌ലിം സ്ത്രീകളാണോ? ഇവിടെ ഒരു കാര്യമുണ്ട്. പതിറ്റാണ്ടുകളായി ബഹുഭാര്യത്വവും മുത്വലാഖുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ നിയമങ്ങള്‍ ഉണ്ടായിരുന്നു. ഫെമിനിസ്റ്റ് നിയമ വിഭാഗം ഇതിനായി ഉപയോഗിച്ചുവരുന്നത് 2005 ലെ Protection of Women from Domestic Violence Act ഉം 1986 ലെ Muslim Women (Protection of Rights on Divorce) Act ഉം ആണ്. സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റു പല പ്രശ്‌നങ്ങള്‍ക്കും ഈ നിയമങ്ങള്‍ തന്നെയാണ് അവര്‍ അവലംബിക്കുന്നത്. കൂടാതെ 2002 ലെ യു.പിയിലെ Shamim Ara V. നിയമവും ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണ്. ബഹുഭാര്യത്വമെന്നത് മുസ്‌ലിംകളുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. ഹിന്ദുക്കള്‍ക്കിടയിലും ബഹുഭാര്യത്വം വെച്ചുപുലര്‍ത്തുന്നവര്‍ ധാരാളമാളുകളുണ്ട്; ഹിന്ദു നിയമം അടിസ്ഥാനപരമായി ഇതിനെ വിലക്കുന്നുണ്ടെങ്കിലും. അതുകൊണ്ടുതന്നെ, രണ്ടാമതായി വരുന്ന ഭാര്യക്ക് അവര്‍ക്കിടയില്‍ നിയമപരമായി യാതൊരു പരിരക്ഷയും ലഭിക്കുന്നില്ല. എന്നാല്‍, ശരീഅ നിയമത്തിനു കീഴില്‍ കാര്യം അങ്ങനെയല്ല. രണ്ടാം ഭാര്യക്കും അതില്‍ ഒന്നാം ഭാര്യക്ക് തുല്യമായ അവകാശവും സംരക്ഷണവുമുണ്ട്. ഭര്‍ത്താവ് അത് നിര്‍വഹിച്ചുകൊടുക്കാന്‍ ബാധ്യസ്ഥനുമാണ്.
ഏകഭാര്യത്വം എന്നതിലപ്പുറം ലിംഗസമത്വത്തിനാണ് നാം പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ വിവാഹത്തിന്റെ പുരുഷ മേധാവിത്വ സംവിധാനത്തിനു കീഴില്‍ ഭാര്യമാര്‍ക്ക് എങ്ങനെ സുരക്ഷിതത്വം ഉറപ്പുവരുത്താം എന്നതിനെക്കുറിച്ചാണ് ചിന്തകളുണ്ടാകേണ്ടത്. അല്ലാതെ, ബഹുഭാര്യത്വത്തെ നിരോധിക്കലല്ല. ഭിന്നവര്‍ഗങ്ങള്‍ തമ്മിലുള്ള വിവാഹത്തിലൂടെയാണല്ലോ 'ഭാര്യമാര്‍' ഉണ്ടാകുന്നത്. ലൈംഗികതയുടെ അടിസ്ഥാനത്തിലുള്ള ജോലി വിഭജനമാണ് ഇതിന്റെ അടിസ്ഥാനം. സ്ത്രീകളുടെ ഉല്‍പാദന പ്രത്യുല്‍പാദന പ്രക്രിയയിലൂടെയും സ്വയം ഭാര്യയായി നില്‍ക്കാനുള്ള അവരുടെ താല്‍പര്യത്തിലൂടെയുമാണ് ഈയൊരു സ്ഥാപനം നിലനിന്നുപോകുന്നത്.
ഈയൊരു സഹനത്തിനുള്ള പ്രതിഫലമെന്നോണം പുരുഷന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന സംരക്ഷണം എന്ന വാഗ്ദാനം പൂര്‍ത്തീകരിച്ചു നല്‍കാന്‍ വിവാഹത്തിനു കഴിയാതെ വരുമ്പോള്‍ സ്ത്രീകള്‍ ഒന്നുകില്‍ അതിനെ ഉപേക്ഷിക്കുന്നു. അല്ലെങ്കില്‍ വിവാഹത്തിന്റെ കെണിയില്‍ അകപ്പെട്ട് കുട്ടികളോടൊപ്പം ജീവിക്കേണ്ടി വരുന്നു. അതേസമയം പുരുഷന് പുതിയ വിവാഹം കഴിച്ച് ജീവിക്കാം. സ്ത്രീയാണെങ്കില്‍ കൂടുതല്‍ ആശ്രിതയും ചൂഷിതയുമായി മാറുന്നു. പുരുഷന് അതിലൊന്നും യാതൊരു ഉത്തരവാദിത്തവും ഉണ്ടാകുന്നില്ല. തുല്യനീതി നടപ്പാക്കുക എന്നതാണ് നമ്മുടെ നിയമ പരിഷ്‌കരണത്തിന്റെ അടിസ്ഥാന ലക്ഷ്യമെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീക്ക് വന്നു ഭവിച്ചേക്കാവുന്ന ഭവിഷത്തുകളെയുംവേദനകളെയും ലഘൂകരിക്കുന്ന വഴികളാണ് നിര്‍ദേശിക്കപ്പെടേണ്ടത്. ബഹുഭാര്യത്വം എന്ന പേരില്‍ വിവിധ സമൂഹങ്ങളില്‍ നടന്നുവരുന്ന സമ്പ്രദായത്തെ അംഗീകരിക്കുന്നതോടൊപ്പം ആ ബന്ധത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തലും അവകാശങ്ങള്‍ വകവെച്ചുനല്‍കലുമാണ് ഇതിനുള്ള പരിഹാരം.
ഈയൊരു തലത്തില്‍, ഹിന്ദു വിവാഹത്തില്‍ ബഹുഭാര്യത്വത്തിനുള്ള അവകാശം വകവെച്ചുനല്‍കിക്കൊണ്ട് ഈയിടെയുണ്ടായ സുപ്രീം കോര്‍ട്ട് വിധികള്‍ ഏകഭാര്യത്വം എന്ന ആശയത്തെ ലളിതമായി അവതരിപ്പിക്കുന്നതോടൊപ്പം സ്ത്രീത്വത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഗോവ നല്‍കുന്ന പാഠങ്ങള്‍
ഇന്ത്യയില്‍ ഏക സിവില്‍ കോഡിനുള്ള ഒരേയൊരു ഉദാഹരണം ഗോവയിലെ Portuguese Civil Procedure Code (1939) ആണ്. ഇതാവട്ടെ, പൂര്‍ണമായും ഏകീകൃതമെന്നോ തുല്യനീതി നല്‍കുന്നതെന്നോ പറയാന്‍ പറ്റുകയുമില്ല. വിവാഹ നിയമം കാത്തോലിക് ക്രിസ്ത്യന്‍സിനും മറ്റു വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്കും ഇതില്‍ വ്യത്യസ്തമാണ്. ചര്‍ച്ചാണ് വിവാഹത്തിന് നേതൃത്വം നല്‍കുന്നതെങ്കില്‍ ചര്‍ച്ചിന്റെ നിയമങ്ങളാണ് അവിടെ ആശ്രയിക്കപ്പെടുന്നത്. ഗോവയിലെ ഹിന്ദു വിവാഹ നിയമമനുസരിച്ച് പരിമിതമായ നിലയിലാണെങ്കിലും ബഹുഭാര്യത്വത്തെ പോലും അനുവദിക്കുന്നുണ്ട്.
എന്നിരുന്നാലും, ഗോവ സിവില്‍ നിയമത്തിന്റെ പോസിറ്റീവായ ഒരു വശമായി പറയപ്പെടുന്നത് വിവാഹത്തിലൂടെ രണ്ടുപേര്‍ക്കും സ്വത്തില്‍ തുല്യ അവകാശം കൈവരുന്നു എന്നതാണ്. ഇതനുസരിച്ച് 50 ശതമാനം വീതം അവകാശമാണ് രണ്ടു പേര്‍ക്കും ഉണ്ടാകുന്നത്. പക്ഷെ, ഇത് എത്രമാത്രം പ്രായോഗികമായി നടക്കുന്നുവെന്നത് മറ്റൊരു കാര്യമാണ്. പഠനങ്ങള്‍ പറയുന്നത് ഇത്തരം നിയമങ്ങളുണ്ടെങ്കിലും അവക്കൊന്നും അവിടത്തെ ഗാര്‍ഹിക പീഡനങ്ങളില്‍ യാതൊരു കുറവും വരുത്താന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ്.
ഷയറാ ബാനു എന്ന സ്ത്രീക്ക് പോസ്റ്റല്‍ വഴി ത്വലാഖ് സ്വീകരിക്കേണ്ടിവന്ന ഒരു സംഭവമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഏക സിവില്‍ കോഡ് ചര്‍ച്ചകളുടെയെല്ലാം തുടകത്തിന് നിമത്തമായ വസ്തുത. മൂമ്പു പറഞ്ഞ മൂന്നു ആക്ടുകള്‍ക്കനുസരിച്ച് ഈ വിഷയത്തിന് വിധി കണ്ടെത്തുന്നതിനു പകരം അവളുടെ വക്കീല്‍ മനുഷ്യാവകാശത്തെ നിഷേധിക്കുന്നു എന്ന ആരോപണത്തില്‍ മുത്വലാഖിനെ വെല്ലുവിളിച്ചുകൊണ്ട് സുപ്രീം കോര്‍ട്ടിലേക്ക് നേരിട്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഇന്നത്തെ ചര്‍ച്ചകളെല്ലാം ഉയര്‍ന്നുവരുന്നത്. ഇന്ന് മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ഷയറാബാനു. മുസ്‌ലിംകള്‍ക്കിടയിലെ പുരുഷ മേധാവിത്വത്തെ തുറന്നെതിര്‍ത്തുകൊണ്ടിരിക്കുകയാണ് അവളിന്ന്.
ഈയിടെ അവളുമായി ഒരു ദേശീയ പത്രത്തില്‍ ഒരു ഇന്റര്‍വ്യൂ വന്നിരുന്നു. അതില്‍ അവതാരകന്‍ അവളോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്; ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്ന വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണെന്ന്. അതിന് അവള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: എന്റെ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ തീര്‍ച്ചയായും ഈ മുദ്രാവാക്യം മുഴക്കുകതന്നെ വേണം.
നീതിക്കുവേണ്ടി പോരാടുന്ന ബാനുവിനോട് ഇങ്ങനെയൊരു ചോദ്യം അപ്രസക്തമാണെന്നു തോന്നിയേക്കാം. ഭാരത് മാതാ വിളിക്ക് ഇവിടെ എന്തു പ്രസക്തി എന്നും ചിന്തിച്ചുപോകാം.
പക്ഷെ, ആ ചോദ്യം ഇവിടെ ഒരിക്കലും അസ്ഥാനത്തായിരുന്നില്ല എന്നതാണ് സത്യം. മറിച്ച് അതായിരുന്നു ആ അഭിമുഖത്തിന്റെ മര്‍മം. കാരണം, ഏക സിവില്‍ കോഡ് എന്ന ആവശ്യം ഏതൊരു ലക്ഷ്യമാണ് ഉന്നംവെക്കുന്നതെന്ന് ഈ മുറുപടി നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.
(പ്രമുഖ ഫെമിനിസ്റ്റും ജെ.എന്‍.യു പ്രൊഫസറുമാണ് ലേഖിക.)
വിവ. ഖുര്‍റതുല്‍ ഐന്‍
Leave A Comment