പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയത് അധികാരദുർവിനിയോഗമെന്ന്  അഭിജിത് ബാനര്‍ജി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ആശങ്ക പങ്കുവെച്ച്‌ ഇന്ത്യൻ വംശജനായ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി രംഗത്തെത്തി. ജനങ്ങളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനു മുമ്പ് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയുമായി നടത്തിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി പൗരത്വഭേദഗതി വിഷയത്തിൽ പ്രതികരണം നടത്തിയത്. 'അധികാരം കൈയിലുള്ള ചില ആളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയാണ്. പാര്‍ലമെന്റ് ധ്രുതഗതിയില്‍ തീരുമാനമെടുക്കരുത്. ഇത്തരം തീരുമാനങ്ങളെടുക്കുന്ന സ്ഥാപനങ്ങള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്'- അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ ആശങ്കാകുലനാണ്. പൊതുവെ അധികാര ദുര്‍വിനിയോഗമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ ഇന്ത്യന്‍ പൗരനല്ല, മറ്റു രാജ്യങ്ങള്‍ക്ക് നിങ്ങളെ ആവശ്യവുമില്ല എന്ന സ്ഥിതിയില്‍ രാജ്യത്തിന്റെ ഘടന സൃഷ്ടിക്കുന്നതിനെക്കുറിച്ച്‌ ശരിക്കും ചിന്തിക്കേണ്ടതുണ്ട്. നിങ്ങളെ പലവിധത്തില്‍ കൊള്ളയടിക്കാം. ഒരു ഭരണ പ്രശ്‌നമായി ഇത് വളരെ ഭയപ്പെടുത്തുന്ന ഒന്നാണ് അദ്ദേഹം വ്യക്തമാക്കി. 2019ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തർ ദുഫ്ളോയും ചേർന്ന് പങ്കിട്ടിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയുടെ വക്കിലാണെന്നും ഉടനൊന്നും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നുമുള്ള പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തുവന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter