ഇമ്രാൻ ഖാൻ രാജിവെച്ചിട്ടില്ലെങ്കിൽ രാജ്യത്തെ നിശ്ചലമാക്കുന്ന പ്രതിഷേധമെന്ന് ഫസലുറഹ്മാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രക്ഷോഭം ശക്തിയാർജിക്കുന്നതിനിടെ ഭീഷണിയുമായി ജംഇയ്യത്തുൽ ഉലമായെ ഇസ്‌ലാം പ്രസിഡണ്ട് മൗലാനാ ഫസലുറഹ്മാൻ. ഞായറാഴ്ചയോടെ ഇമ്രാൻ ഖാൻ രാജിവെക്കണമെന്ന് അന്ത്യശാസനം നൽകിയിരുന്ന ഫസലുറഹ്മാൻ, രാജി വെക്കാത്ത പക്ഷം രാജ്യത്തെ നിശ്ചലമാക്കുന്ന ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇമ്രാൻ ഖാൻ പുറത്തുപോയതിന് ശേഷം സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നും മറ്റു പോംവഴികളൊന്നുമില്ലെന്നും വ്യക്തമാക്കിയ ഫസലുറഹ്മാൻ തങ്ങൾക്കു മുമ്പിൽ പ്ലാൻ എയും അത് കഴിഞ്ഞാൽ പ്ലാൻ ബിയും പ്ലാൻ പ്ലാൻ സിയും ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദ് നഗരം ആസാദി മാർച്ച് നടത്തി സ്തംഭിപ്പിച്ച ഫസലുറഹ്മാൻ, രാജ്യം മുഴുവനായും സ്തംഭിപ്പിക്കാൻ തനിക്ക് സാധിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പാകിസ്ഥാൻ മുസ്ലിംലീഗ് (നവാസ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി, നാഷണൽ പാർട്ടി തുടങ്ങിയ മറ്റു പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജി ആവശ്യം തള്ളിക്കളഞ്ഞ പ്രധാനമന്ത്രി, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം അഴിമതി കേസിൽ ജയിലിലുള്ള മുസ്ലിം ലീഗ്, പി.പി.പി നേതാക്കളെ ജയിൽമോചിതരാക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter