അതിക്രമങ്ങള്‍: റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ നാട് വിടുന്നു

കോക്‌സ് ബസാര്‍: മ്യാന്മാറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ സൈനികര്‍ നടത്തുന്ന അതിക്രമത്തെത്തുടര്‍ന്ന് 20,000 പേര്‍ നാടുവിട്ടു. ഇവര്‍ ബംഗ്ലാദേശിലേക്ക് കടന്നതായി അന്തരാഷ്ട്ര കുടിയേറ്റ സംഘടന വ്യക്തമാക്കി. ആയിരക്കണക്കിനു പേര്‍ അതിര്‍ത്തിയില്‍ തങ്ങുന്നതായും സംഘടന അറിയിച്ചു.

റോഹിങ്ക്യന്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തിന്റെ പേരില്‍ സാധാരണക്കാരെയും വെടിവച്ചു കൊല്ലുകയാണെന്ന് സംഘടന വിശദീകരിച്ചു. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയും വ്യാപക വെടിവയ്പ്പ് നടത്തിയുമാണ് സൈനികര്‍ സാധാരണക്കാര്‍ക്കു നേരെ അതിക്രമം നടത്തുന്നത്.

വെടിവയ്പ്പിനെത്തുടര്‍ന്ന് നൂറിലധികം സാധാരണക്കാര്‍ മരിച്ചുവെന്നാണ് കണക്ക്. ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മാറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്ന റാഖേനിലാണ് വീണ്ടും കലാപാന്തരീക്ഷം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ സൈനിക ആക്രമണം ശക്തമായതോടെയാണ് ജനങ്ങള്‍ നാടുവിടാന്‍ തുടങ്ങിയത്.

റോഹിങ്ക്യന്‍ പ്രശ്‌നം മ്യാന്മാറും ബംഗ്ലാദേശും തമ്മിലുള്ളതല്ലെന്നും അന്താരാഷ്ട്ര പ്രശ്‌നമാണെന്നും കുടിയേറ്റ സംഘടനയുടെ വക്താവ് സഞ്ജുക്ത സഹാനി പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലുണ്ടായ സൈനിക അതിക്രമത്തെ തുടര്‍ന്ന് 87,000 റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് കടന്നതായാണ് കണക്ക്. വീണ്ടും ആക്രമണം നടന്ന ഈയാഴ്ച മാത്രം 20,000 പേരും ബംഗ്ലാദേശിലെത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter