എസ്.കെ.എസ്.എസ്.എഫ് ഉത്ഭവവും വളര്‍ച്ചയും

സമസ്തക്ക് ഒരു വിദ്യാര്‍ത്ഥി സംഘടന എന്നത് 1950 മുതല്‍സുന്നീ സമൂഹത്തില്‍ നിറഞ്ഞു നിന്ന ഒരു ആശയമാണ്. 1957-ല്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ വെച്ച് 'സമസ്ത കേരള ജംഇയ്യത്തു ത്വലബ' എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ജന്മമെടുത്ത വാര്‍ത്തയും 'സമസ്ത കേരള ജംഇയ്യത്തു ത്വലബ എന്തിന്?'എന്ന തലക്കെട്ടില്‍ അതിന്റെ ജോ.സെക്രട്ടറി എ.പി അബ്ദുല്ല എഴുതിയ ലേഖനവും അല്‍ബയാന്‍ പുസ്തകം 8 ലക്കം 1 ല്‍ കാണാം. സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇബ്‌നു ഖുത്വുബി ആയിരുന്നു അതിന്റെ പ്രസിഡണ്ട്. 1958ല്‍ വടകരയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളനത്തോടനുന്ധിച്ചും 1961 ല്‍ കക്കാട് നടന്ന സമസ്ത സമ്മേളനത്തോടനുബന്ധിച്ചും പ്രസ്തുത സംഘടനയുടെ കണ്‍വെന്‍ഷന്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

1971-ല്‍ സുന്നി ടൈംസ് വാരികയില്‍ അതുസംബന്ധമായി 'മതവിദ്യാര്‍ത്ഥികള്‍ക്കൊരു സംഘടന' എന്ന പേരില്‍ ഒരുലേഖനം വന്നു. അതു ചര്‍ച്ചയായി. മര്‍ഹൂം ഇ.കെ ഹസന്‍ മുസ്‌ലിയാരെ പോലുള്ളവര്‍ അങ്ങനെയൊരു സംഘടനവന്നാലുള്ള പ്രശ്‌നങ്ങളെ കുറിച്ച് ആശങ്കപ്പെട്ടു. ഉച്ചക്ക് കഞ്ഞി കിട്ടുന്ന ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കു പകരം ചോറുകിട്ടാനും, ഉസ്താദുമാരെ ഘെരാവോ ചെയ്തു ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാനുമാണോ സംഘടന എന്ന് അവര്‍ ആശങ്കപ്പെട്ടു. 1972 ല്‍ വിദ്യാര്‍ത്ഥികളില്‍ മതനവീകരണവാദം കുത്തിവെക്കാന്‍ലക്ഷ്യം വെച്ച് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ്.എം) രൂപീകരിക്കപ്പെട്ടു. അതോടെ കാമ്പസുകളിലും മറ്റും ഒരുപ്രതിരോധ നിര ആവശ്യമായി. ജാമിഅ:നൂരിയ്യ വിദ്യാര്‍ത്ഥി സംഘടനയായ 'നൂറുല്‍ ഉലമാ'യുടെ അജണ്ടകളിലും ഇങ്ങനയൊരു പൊതു സംഘടനയുടെ രൂപീകരണം സജീവ ചര്‍ച്ചയായി. അവസാനം മത-ഭൗതിക വിദ്യാര്‍ത്ഥികള്‍ക്കായി സമസ്തയുടെബാനറില്‍ സംഘടന ആകാമെന്ന് ഉലമാക്കള്‍ സമ്മതിച്ചു. അങ്ങനെ 1973 ഏപ്രില്‍ 29ന് ജാമിഅ: നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ച് 'സുന്നി സ്റ്റുഡന്‍സ് ഫെഡറഷന്‍' എന്ന പേരില്‍ സംഘടന പിറന്നു.കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ കണ്‍വെന്‍ഷനില്‍ വെച്ച് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും ഡോ.ബഹാഉദ്ദീന്‍ കൂരിയാട് ജന.സെക്രട്ടറിയുമായ പ്രഥമ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കണ്‍വീനറായ സമിതിയാണ് ഭരണഘടന തയാറാക്കിയത്. സമസ്തയുടെ കീഴ്ഘടകമായി അംഗീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും സമസ്തയുടെ തണലിലാണ് എസ്.എസ്.എഫ് വളര്‍ന്നത്. എന്നാല്‍ ഒരു നിശ്ചിതഘട്ടം കഴിഞ്ഞപ്പോള്‍, നേരത്തെ ഉസ്താദുമാര്‍ ആശങ്കപ്പെട്ടതുതന്നെ സംഭവിച്ചു. അതിലെ ഒരു വിഭാഗം ഗുരുവര്യന്മാരെ അധിക്ഷേപിക്കാനും നാടിന്റെ നാനാഭാഗത്തും പ്രശ്‌നങ്ങളുടെവിത്ത്പാകാനും ശ്രമിച്ചു. ഔദ്യോഗിക ഭാരവാഹികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്നു നിയമം കൊണ്ടുവന്നു സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ളവരെ പുകച്ചു ചാടിച്ചു. 1989 ലെ എറണാകുളം സമ്മേളനത്തോടനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നു എസ്.എസ്.എഫ് കാന്തപുരത്തോടൊപ്പം നില്‍ക്കുന്ന വിഘടിത വിദ്യാര്‍ത്ഥി വിഭാഗമായി മാറി.ഈ ഘട്ടത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിവന്ദ്യ ഗുരുവര്യരുടെ ആശിര്‍വാദവും അനുഗ്രഹവും നേടി,നന്മയുടെ നാവും കര്‍മചേതനയുടെ കരവുമുയര്‍ത്തി സ്ഥാപിതമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് സമസ്ത കേരള സുന്നി സ്റ്റുഡന്റ ്‌സ് ഫെഡറേഷന്‍(എസ്.കെ.എസ്.എസ്.എഫ്). 1989 ഫെബ്രുവരി 19-ന് കോഴിക്കോട് സാമൂതിരി ഹൈസ്‌കൂള്‍(കോട്ടുമല ഉസ്താദ് നഗര്‍) എസ്.കെ.എസ്.എസ്.എഫ് എന്ന ധാര്‍മ്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായി.ആയിരക്കണക്കിന് വിദ്യര്‍ത്ഥികളില്‍നിന്നുയര്‍ന്ന തക്ബീര്‍ധ്വനികള്‍ക്കിടയില്‍ സമസ്ത പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ സംഘടനയുടെ പേരു പ്രഖ്യാപിച്ചു. കെ.വി. മുഹമ്മദ്മുസ്‌ലിയാര്‍ കൂറ്റനാട് ഉദ്ഘാടനവും കെ.കെ. അബൂബക്കര്‍ ഹസ്രത്ത് അധ്യക്ഷനുമായ ഈ സമ്മേളനമാണ് മഹത്തായ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് പിറവി കൊടുത്തത്. നാട്ടിക വി.മൂസ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍,അബ്ദുസമദ് സമദാനി, സെയ്തു മുഹമ്മദ് നിസാമി എന്നീ പണ്ഡിതരുടെ സാന്നിധ്യത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന് ഒരു മനോഹരമായ അധ്യായം അന്ന്‌രചിക്കപ്പെട്ടു.അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്(പ്രസിഡണ്ട്) സി.എച്ച് ത്വയ്യിബ് ഫൈസി, ഹാഫിള് കെ.വി അബ്ദുറഹീം, സിദ്ദീഖ് ചേരൂര്‍(വൈ. പ്രസിഡണ്ടുമാര്‍), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്(ജന. സെക്രട്ടറി), എ.എം ഫരീദ് എറണാകുളം,അബ്ദുസ്സലാം കരുവാരക്കുണ്ട്, സി.എ റശീദ് നാട്ടിക, കെ.എബഷീര്‍ അലനല്ലൂര്‍(ജോ.സെക്രട്ടറി) കെ.എം കുട്ടി ഫൈസി അച്ചൂര്‍(ട്രഷറര്‍) എന്നിവരായിരുന്നു പ്രഥമ കമ്മിറ്റി. മര്‍ഹൂം ജലീല്‍ ഫൈസി പുല്ലങ്കോട് ആയിരുന്നു പ്രഥമ ഭാരവാഹികളുടെ പട്ടിക വായിച്ചത്.സംഘടനക്ക് ഭരണഘടന നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കുകയുണ്ടായി. ഭരണഘടനാപരമായി വരുത്തിയ വീഴ്ചയാണ് പുതിയ സംഘടനയുടെ പിറവിക്കു തന്നെ നിമിത്തമായി തീര്‍ന്നത്. അതിനാല്‍ പിഴവുകളില്ലാത്തതും അജയ്യമായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു അടിത്തറ പാകുന്നതുമായിരിക്കണം ഭരണ ഘടന എന്ന ചിന്ത സംഘടനയില്‍ ശക്തമായിരുന്നു. ഉമര്‍ ഫൈസി മുക്കം, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, സലാം ഫൈസി ഒളവട്ടൂര്‍, സലാം ദാരിമി കരുവാരക്കുണ്ട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സിദ്ദീഖ്‌ചേരൂര്‍ ഫൈസി എന്നിവര്‍ ചേര്‍ന്ന് ഒരു പുതിയ ഭരണഘടനക്കു രൂപം നല്‍കുന്നതില്‍ വ്യാപൃതരായി. ഭരണഘടനയുടെ ഒരു കരട് തയാറാക്കി. കോപ്പിയെടുത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം അയച്ചുകൊടുത്തു. അവര്‍ ആവശ്യമായ ഭേദഗതികള്‍ രേഖപ്പെടുത്തി കൗണ്‍സിലില്‍ അവതരിപ്പിക്കുകയുംഎസ്.കെ.എസ്.എസ്.എഫ് ഭരണഘടന അന്തിമമായി അംഗീകരിക്കുകയും ചെയ്തു.

 

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

1. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസുന്നത്തി    വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കുക.

2. വിദ്യാര്‍ത്ഥികളില്‍ തഖ്‌വയും അദബും സാഹോദര്യവും ഈമാനികാവേശവും വളര്‍ത്തുക.

3. ഗുരുശിഷ്യ ബന്ധം ഊട്ടിയുറപ്പിക്കുകയും ഐഹികവും പാരത്രികവുമായ അത്യുന്നതിക്കു വേണ്ടി പ്രവര്‍ത്തി ക്കുകയും ചെയ്യുക.

4. സുന്നത്തു ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ സുന്നി ചട്ടക്കൂട്ടില്‍ വളര്‍ത്തുകയും ചെയ്യുക.

5. വിദ്യാഭ്യാസ രംഗത്തും സമൂഹത്തിലും നടമാടുന്ന ദുരാചാരങ്ങളെ ഇല്ലാതാക്കുകയും ഇസ്‌ലാമികാചാരങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുക.

6. വിദ്യാര്‍ത്ഥികളില്‍ ഇസ്‌ലാമിക സ്വഭാവവും വേഷവും ചിട്ടയും ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുക.

7. ഭൗതിക കലാലയങ്ങളോടനുബന്ധിച്ചു ദീനീ പഠനത്തിനും,ദീനീ കലാലയങ്ങളോടനുന്ധിച്ചു ഭൗതിക പഠനത്തിനും സൗകര്യമുണ്ടാക്കി മതഭൗതിക വിദ്യാഭ്യാസ രംഗങ്ങളില്‍ ഫലപ്രദമായ പുരോഗതിയുണ്ടാക്കുവാനും ഭൗതിക വിദ്യാര്‍ത്ഥികളില്‍ മതാഭിമുഖ്യം വളര്‍ത്താനും പരിശ്രമിക്കുക.

8. മത-ഭൗതിക വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായവര്‍ക്കു സാമ്പത്തികമായും മറ്റും സഹായങ്ങള്‍ നല്‍കുക.

9. വിദ്യാഭ്യാസ പരിപോഷണത്തിനായി വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളെയുംബോധവാന്മാരാക്കുന്നതിനു വേണ്ടുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക.

10. സമുദായത്തിന്റെയും സമൂഹത്തിന്റയും രാഷ്ട്രത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയും ചെയ്യുക.

11. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷകസംഘടനയായി പ്രവര്‍ത്തിക്കുക.

 

പതാക

സംഘടന നിലകൊള്ളുന്ന ആദര്‍ശപരമായ അടിത്തറക്ക് ആധികാരിക പ്രതീകമായി നിലകൊള്ളുന്ന ഒരു പതാക25.02.1989 നു ചേര്‍ന്ന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയുണ്ടായി. നീളത്തില്‍ 2/3 ഭാഗവും വീതിയില്‍ 1/3 ഭാഗവും വരുന്ന രീതിയില്‍ താഴ്ഭാഗം പച്ചയും നീളത്തില്‍ 1/3 ഭാഗവും വീതിയില്‍ 2/3 ഭാഗവും വരുന്ന രീതിയില്‍ ഇടതുഭാഗം നീലയുംബാക്കിയുള്ള ഭാഗം വെള്ളയും നിറത്തിലുള്ളതായിരിക്കും പതാക. നീല നിറമുള്ള ഭാഗത്ത് വെള്ള നിറത്തില്‍ ചന്ദ്രക്കലയും        നക്ഷത്രവും താഴെ പച്ചയില്‍ വെള്ള നിറത്തില്‍ എസ്.കെ.എസ്.എസ്.എഫ് എന്നും അതിനു മുകളില്‍ വെള്ള നിറത്തില്‍ കറുപ്പുകൊണ്ട് ഖുബ്ബയും ആലേഖനം ചെയ്യപ്പെട്ടിരിക്കും.വയനാട് ജില്ലയില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് പതാകക്കു പ്രഥമ രൂപം നല്‍കിയത്. പിന്നീട് ചേര്‍ന്ന സെക്രട്ടറിയേറ്റ് അതില്‍ പച്ച നിറവും നീല നിറവും പരസ്പരം മാറ്റി അന്തിമരൂപം നല്‍കുകയാണുണ്ടായത്.'വിജ്ഞാനം, വിനയം,സേവനം' എന്നതാണ് സംഘടനയുടെ മുദ്രാവാക്യം.22.02.1989 നു കോഴിക്കോട് മുഗള്‍ ടൂറിസ്റ്റ് ഹോമില്‍വെച്ചാണ് സംഘടനയുടെ പ്രഥമ കൗണ്‍സില്‍ ചേരുന്നത്. 21.01.1990-നു ശാഖകള്‍ക്കു അംഗീകാരം നല്‍കിത്തുടങ്ങി. ആദ്യം അംഗീകാരം വാങ്ങിയ ശാഖകള്‍: 

(മലപ്പുറം ജില്ല) 1. പൂവത്തിക്കല്‍ 2. മൈത്ര 3. മാളിയേക്കല്‍ 4. ചന്തക്കുന്ന്. 

(കോഴിക്കോട് ജില്ല)1.കാഞ്ഞിരാട്ടുതര 2. വടകര ടൗണ്‍. 3. മാങ്ങോട്. 4. മയ്യന്നൂര്‍. 5. തണ്ണീര്‍പന്തല്‍. 

(വയനാട്) 1. റിപ്പണ്‍ 2. അഞ്ചുകുന്ന്. 

(തിരുവനന്തപുരം) 1. വിഴിഞ്ഞം. 

(കണ്ണൂര്‍) 1. തരിയേരി 2. നെല്ലിക്കപ്പാലം 3. വിളക്കോട് 4. കീഴൂര്‍ 5. പലത്തുങ്കര. 

(തൃശ്ശൂര്‍) 1.അണ്ടത്തോട്. 2. പൈങ്കണ്ണിയൂര്‍ 3. തിരുവത്ര 4. പുത്തന്‍ചിറ 5.വെന്‍മേനാട്. 

(കാസര്‍ഗോഡ്) 1. ആറങ്ങാടി 2. തുരുത്തി.

 

തീയില്‍ മുളച്ച പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്എന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ പറയാം. ചേരിതിരിവിന്റെയുംവിവാദങ്ങളുടെയും കനല്‍കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നാണല്ലോ അതിന്റെ ഉദയം. അതുകൊണ്ടുതന്നെയാണ് സമസ്തയുടെ കീഴ്ഘടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവേശവും ആര്‍ജവവുംഉള്ള വിഭാഗമായി സംഘടന നിലകൊള്ളുന്നത്. സംഘടനയുടെ ശൈശവ ദശയിലാണ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 1989-90 അധ്യയന വര്‍ഷത്തില്‍ അഫ്‌സലുല്‍ ഉലമാ എന്‍ട്രന്‍സ് കോഴ്‌സിനു 'മുഖ്തസ്വറു അഹ്കാമില്‍ ഫിഖ്ഹിയ്യ' എന്ന പുസ്തകംകൊണ്ടുവന്നത്. മദ്ഹുകളെ നിരാകരിക്കുന്ന പ്രസ്തുത പുസ്തകം മൂന്നുത്വലാഖും ഒന്നിച്ചു ചൊല്ലിയ പെണ്ണിനെ തിരിച്ചെടുക്കാം. വെള്ളിയാഴ്ച പെരുന്നാള്‍ ദിനമായി വന്നാല്‍ ജുമുഅ നിസ്‌കരിക്കേണ്ടതില്ല... തുടങ്ങിയ മുജാഹിദ് വീക്ഷണം അപ്പടി അവതരിപ്പിക്കുന്നതായിരുന്നു. ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥമായ മത്‌നുല്‍ ഗായ നീക്കം ചെയ്ത സ്ഥാനത്താണ് ഈ ക്ഷുദ്രകൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അപകടം മനസ്സിലാക്കിയ സുന്നി വിദ്യാര്‍ത്ഥി സംഘടന അതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങി. 07.09.1989-നുചേര്‍ന്ന സെക്രട്ടറിയേറ്റ് പ്രസ്തുത പുസ്തകം പിന്‍വലിച്ച് പഴയതുപുന:സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഫലം കണ്ടില്ല. അവസാനം ഒപ്പ് ശേഖരണം, നിവേദനം തുടങ്ങിയ സമരപരിപാടികളിലൂടെ ശക്തമായി തന്നെ സംഘടന രംഗത്തുവന്നു. ഗത്യന്തരമില്ലാതെ അധികൃതര്‍ക്ക് അതംഗീകരിക്കേണ്ടി വന്നു. ഒരു വയസ്സു പോലും തികയാത്ത സംഘടനനേടിയെടുത്ത ആദ്യ വിജയമായിരുന്നു അത്. സുന്നി വിഘടിതവിഭാഗത്തിലെ ചിലര്‍ പോലും ഈ വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫിനെ അഭിനന്ദിക്കുന്ന സാഹചര്യമുണ്ടായി. ഭാഷാമാനവിക വിഷയങ്ങള്‍ക്ക് മുഴുവന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൈവറ്റ് റജിസ്‌ട്രേഷന്‍ അനുവദിച്ചപ്പോള്‍ പോസ്റ്റ് അഫ്‌സലുല്‍ ഉലമക്ക് മാത്രം അതുതടഞ്ഞുവെച്ചു. 1995 ല്‍അശാസ്ത്രീയമായ ഈ നിലപാടിനെതിരെ സംഘടന രംഗത്തു വന്നു. ആദ്യം നിവേദനം നല്‍കി. ഫലമില്ലെന്നു കണ്ടപ്പോള്‍ പ്രക്ഷോഭപരിപാടികള്‍ പ്രഖ്യാപിച്ചു. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനു നിയമപരമായ തടസ്സങ്ങളില്ലെന്നു വ്യക്തമാക്കപ്പെട്ടു. പ്രശ്‌നം പരിഹരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കി. അങ്ങനെ നമ്പര്‍: 29/07/95/80 പ്രകാരം പോസ്റ്റ് അഫ്‌സലുല്‍ ഉലമാ കോഴ്‌സിനു പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. 15.01.1996 നു സംഘടന നടത്തിയ യൂണിവേഴ്‌സിറ്റി മാര്‍ച്ചിന്റെ ഫലമായി മുജാഹിദ് വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നു ഇംഗ്ലീഷിനു പ്രാധാന്യം നല്‍കുന്ന ബി.എ അറിക് സ്‌പെഷ്യല്‍ ആരംഭിച്ചു... ഇങ്ങനെ വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായി ഇടപെടാന്‍ തുടക്കം മുതല്‍ തന്നെ സംഘടന ഔത്സുക്യം കാണിച്ചു. തീവ്രവാദത്തിനെതിരെ അതിശക്തമായ നിലപാടാണ് തുടക്കം മുതലേ സംഘടന സ്വീകരിച്ചിട്ടുള്ളത്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഐ.എസ്.എസ് തീ തുപ്പുന്ന ശൈലിയുമായി വന്നപ്പോള്‍ സംഘടന അതിനെതിരെ ജാഗ്രത പാലിക്കാന്‍ സമുദായത്തോട് ആവശ്യപ്പെട്ട. 29.11.1992ലെ സംഘടനാ പ്രമേയങ്ങളില്‍ ഇതുകാണാം. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലും മുമ്പ് എന്‍.ഡി.എഫ് എന്ന പേരിലും അറിയപ്പെട്ട സംഘടന അതിനും മുമ്പ് പേരു വെളിപ്പെടുത്താതെ അതീവ രഹസ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ തന്നെ അതിന്റെ അപകടം സംഘടന തിരിച്ചറിഞ്ഞു സമുദായത്തിനു മുന്നറിയിപ്പു നല്‍കി. 07.10.1994 നു ചേര്‍ന്ന സെക്രട്ടറിയേറ്റ് താഴെപറയുന്ന പ്രമേയം അംഗീകരിക്കുകയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തു. അതിങ്ങനെ:

'കേരളത്തിലെ മുസ്‌ലിം മഹല്ലുകളെ കേന്ദ്രീകരിച്ചു തീവ്രവാദ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളിലേക്ക് മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഒരു പ്രത്യേക വിംഗ് പ്രവര്‍ത്തിക്കുന്നതിനെതിരെ സാമുദായിക പ്രവര്‍ത്തകരും മഹല്ല് നേതൃത്വവും പ്രത്യേകം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു'.

പിന്നീട് പ്രസ്തുത വിഭാഗവുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്ന ചരിത്രമാണ് സംഘടനയുടേത്. മുസ്‌ലിം പൊതു വേദികളില്‍ നിന്നും രാഷ്ട്രീയ പ്ലാറ്റ്‌ഫോമില്‍ നിന്നും തീവ്രവാദ ഗ്രൂപ്പുകള്‍ മാറ്റിനിര്‍ത്തപ്പെട്ടതില്‍ സംഘടനയുടെ നിലപാടുകള്‍ മുഖ്യപങ്ക്‌വഹിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്ക് അന്യപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്തുകളില്‍ പൊതുപള്ളികളില്‍ പങ്കെടുക്കാവതല്ലഎന്നാണ് ഇസ്‌ലാമിക നിയമം. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി യാത്രചെയ്യുന്ന സഹോദരിമാര്‍ക്ക് നിസ്‌കാരം ഖള്വാഅ്ആകാതിരിക്കാന്‍ പ്രത്യേക നിസ്‌കാര സ്ഥലം ഒരുക്കേണ്ടതിന്റെആവശ്യകത മനസ്സിലാക്കി, അത് സമൂഹത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു.പൊതു സമൂഹത്തെ ആകര്‍ഷിച്ച ആ തീരുമാനം ഇങ്ങനെ: 'വിമാനത്താവളം, മഹാന്മാരുടെ മഖ്ബറകള്‍,ആശുപത്രികള്‍, പ്രധാന പട്ടണങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താന്‍ മുസ്‌ലിം സമുദായം മുന്നോട്ടു വരണമെന്ന് എസ്.കെ.എസ്.എസ്.എ ഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി യാത്രചെയ്യുന്ന മുസ്‌ലിം സഹോദരിമാര്‍ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ നമസ്‌കാരം ഖള്വാ ആക്കുന്ന ദുഷ്പ്രവണതക്ക് അറുതി വരുത്താന്‍ ഇതേ മാര്‍ഗമുള്ളൂ. അതേ സമയം മുസ്‌ലിം ലോകം അംഗീകരിക്കുന്ന നാലു മദ്ഹുകളും നിരാകരിച്ച പള്ളികളിലെ സ്ത്രീ ജുമുഅ-ജമാഅത്ത് തീര്‍ത്തുംനിരുത്സാഹപ്പെടുത്തേണ്ടതാണ്'.ഈ നടപടി മുഖേന യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ പ്രധാന പള്ളികളുടെ പരിസരത്തെല്ലാം പ്രത്യേക ഇടം അനുവദിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇസ്‌ലാമിക ആദര്‍ശത്തില്‍ നിന്നു കടുകിട വ്യതിചലിക്കാതെ സംഘടന നടത്തിയ ക്രിയാത്മക നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഇപ്രകാരം തന്നെയാണ് 1993-ല്‍ സംഘടന നടത്തിയ 'ജീര്‍ണതക്കെതിരെ ജിഹാദ്' എന്ന കാമ്പയിനും. മഹാത്മാക്കളുടെ മഖ്‌റകളോടനുബന്ധിച്ച് നടക്കുന്ന നേര്‍ച്ചകളിലും മറ്റുമുള്ള അനാചാരങ്ങള്‍,വ്യാജബീവിമാരും കള്ളശൈഖുമാരും കാണിക്കുന്ന തട്ടിപ്പുകള്‍,വിവാഹത്തോടനുന്ധിച്ചു നടക്കുന്ന ധൂര്‍ത്തുകള്‍... ഇവയെല്ലാം ഈ കാമ്പയിന്‍ ചര്‍ച്ചചെയ്തു. അതിന്റ ഫലം സമു809ദായത്തില്‍ ഉണ്ടായി. പല മഹല്ല് ജമാഅത്തുകളും ഇത്തരം കാര്യങ്ങള്‍ക്കെതിരെ രംഗത്തുവരികയും ഒരുപരിധി വരെ അവയെതടയിടാന്‍ സാധിക്കുകയും ചെയ്തു. ഇത്തരം നിരവധിചുവടുവെപ്പുകള്‍ സംഘടനയുടെ മൂന്നു ദശാ്ദത്തോളമുള്ള ചരിത്രത്തില്‍ കണ്ടെത്താനാവുന്നതാണ്.സംഘടന നടത്തിയ ഓരോ കാലത്തെയും സമരങ്ങള്‍ ശ്രദ്ധേയമാണ്. ആദര്‍ശ പ്രചാരണത്തിനുള്ള പോരാട്ട വഴിയില്‍ പലവിഗ്രഹങ്ങളും തകര്‍ന്നു പോയത് സമകാലിക കേരളം കണ്ടതില്‍ സുപ്രധാന ഉദാഹരണമാണ്. 'വ്യാജ കേശ'ത്തിനെതിരെയുള്ള സംഘടനയുടെ സന്ധിയില്ലാസമരം പുണ്യ റസൂലി(സ)ന്റെ പേരില്‍ കളവ് പറഞ്ഞ് കൊണ്ടുവന്ന കേശമുപയോഗിച്ചു സാമ്പത്തിക ചൂഷണത്തിനിറങ്ങിയവരുടെ ശ്രമങ്ങളെ കേരളത്തിലെപൊതു സമൂഹത്തിന് ബോധ്യപ്പെടുത്തി, വ്യാജ മുടി തട്ടിപ്പിന്റെ ഉള്ളറകള്‍ പുറത്ത് കൊണ്ടു വരാന്‍ സംഘടനക്ക് സാധിച്ചു. ചെമ്പരിക്ക ഖാസിയായിരുന്ന ഉസ്താദ് സി.എം.അബ്ദുല്ല മുസ്‌ല്യാരുടെ കൊലപാതകത്തെ ആത്മഹത്യയാക്കാന്‍ ശ്രമിക്കുന്ന സി.ബി.ഐ ശ്രമത്തിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച്, അറബി സര്‍വകലാശാല ഉടന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചുകള്‍ എന്നിവ സമീപകാലത്ത് നടന്ന ശ്രദ്ധേയമുന്നേറ്റങ്ങളായിരുന്നു. സംഘടനാ ചരിത്രത്തിലെ ഉള്‍പ്പുളകങ്ങളുയര്‍ന്ന മഹാസമ്മേളനങ്ങള്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും കാണാത്ത ജനസാന്നിധ്യത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. 'വാദിനൂര്‍' ഒരു ദശകത്തിന്റെ മഹാസംഗമമായപ്പോള്‍ കുറ്റിപ്പുറത്ത് നിളാതീരം ശാസ്ത്രീയമായ സംഘാടക മികവും ചിന്തോദ്ദീപങ്ങളായ ചര്‍ച്ചകളും കണ്ട് പുളകമണിഞ്ഞു. അന്ന് ഓടിയെത്തിയ ജനലക്ഷങ്ങള്‍ നിളയുടെതീരത്തെ മറ്റേതു ചരിത്രത്തേക്കാളുംവലിയ മഹാ സംഗമമായി. രണ്ടാം ദശകത്തിലെ മജ്‌ലിസ് ഇന്‍തിസാബ് നാമധേയം പോലെ വ്യത്യസ്തതകള്‍ നിറഞ്ഞ സമ്മേളനമായി. നവോത്ഥാനത്തിന്റെ പുതുജാലകങ്ങള്‍ തുറക്കാന്‍ അനിവാര്യമായ ചുവടുകളാണ് ഈ വിദ്യാര്‍ത്ഥി സംഘശക്തിക്ക് ഈ സമ്മേളനങ്ങള്‍ നല്‍കിയ കരുത്ത്. 'വാദീനൂര്‍' സമ്മേളനത്തിന്റെ ഉപോല്‍പന്നമായി വന്ന പ്രബോധന വിംഗാണ് ഇസ്‌ലാമിക് ബ്രദേഴ്‌സ് ആക്റ്റീവ് ഡിവിഷന്‍(ഇബാദ്). ഇസ്‌ലാമിക പ്രബോധന രംഗത്ത് ഇബാദ് വിജയക്കൊടി നാട്ടിക്കഴിഞ്ഞു. സമുദായത്തിനകത്ത് ജീര്‍ണ്ണതകള്‍ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളില്‍ വ്യാപൃതമാവുന്നതോടൊപ്പം വ്യവസ്ഥാപിതവും മനഃശാസ്ത്രപരവുമായ സമീപനത്തിലൂടെ ഇതരമതാനുയായികളില്‍ ഇസ്‌ലാമിനെ                      പരിചയപ്പെടുത്താന്‍ ഇബാദിന് കഴിഞ്ഞു. അനേകം ഹൃദയങ്ങള്‍ക്ക് വെളിച്ചംനല്‍കാന്‍ കഴിഞ്ഞു. മഹല്ല് തലങ്ങളില്‍ പ്രവര്‍ത്തനനിരതമാവാനും സത്യസരണിയെക്കുറിച്ച് പഠിപ്പിക്കാനുമായി സമഗ്രമഹല്ല് പദ്ധതി ഇബാദ് രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടാകെനിരന്തരം പ്രവര്‍ത്തിക്കുന്നവിധം നാനൂറ് ദാഇമാര്‍ ഇന്ന് ഇബാദിന്റെ പ്രവര്‍ത്തനത്തിന് സജ്ജമാണ്.വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് ശക്തമായ മുന്നേറ്റമാണ് സംഘടനയുടെ ഉപവിഭാഗമായ ടൈം റ്റു റിവൈവ് എജുക്കേഷന്‍ നോഡിലെ(ട്രെന്റ്)നടത്തുന്നത്. ഹയര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മസ്‌ക്കറ്റ് സുന്നി സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പദ്ധതി വഴി രണ്ട് ഐ.എ.എസുകാരെ സമൂഹത്തിന് നല്‍കി. ഡല്‍ഹിയില്‍ സര്‍വ്വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം തേടുന്നവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂപീകരിച്ച എസ്.കെ.എസ്.എസ്.എഫിന്റെ ഡല്‍ഹി ചാപ്റ്റര്‍ ഉള്‍പ്പെടെ, ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ എന്നീ വന്‍ നഗരങ്ങളില്‍, വിവിധ സംസ്ഥാനങ്ങളില്‍ സംഘടനസാന്നിധ്യം തെളിയിച്ചതാണ്. 2004 മെയ് മാസത്തില്‍ ആദ്യത്തെ ദേശീയ സമ്മേളനം മുംബൈയില്‍ നടത്താനും സംഘടനക്കായി. 2012 ഫെബ്രുവരി 2-ന് എസ്.കെ.എസ്.എസ്.എഫ് പശ്ചിമ ബംഗാള്‍ ആസ്ഥാനത്തിന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശിലയിട്ടു.ഇസ്‌ലാമിക സാഹിത്യ രംഗത്ത് പ്രസാധന വിഭാഗമായ ഇസ പുസ്തകങ്ങള്‍, പ്രഭാഷണ സിഡികള്‍ എന്നിവ കാലിക പ്രസക്തമായ വിധം പ്രസിദ്ധീകരിക്കുന്നു. കേരളത്തിലങ്ങോളം ശാഖകളുംപതിനായിരക്കണക്കിന് പഠിതാക്കളുമുള്ള ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍, സമസ്തയുടെ ആശയ പ്രചാരണത്തിന് എസ്.കെ.എസ്.എസ്.എഫിന്റെ താങ്ങായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി വിംഗുകള്‍, ഇസ്‌ലാമിക് സെന്ററുകള്‍, സുന്നിസെന്ററുകള്‍ എന്നിവ സംഘടനാ പ്രവര്‍ത്തനത്തിന്റെ ജീവനാഡികളാണ്.സമകാലിക പ്രശ്‌നങ്ങളെ അപഗ്രഥിച്ച് സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ക്കനുസരിച്ച് നേരിന്റെ ശബ്ദം ഉറച്ചു പറയുന്ന സത്യധാര ദ്വൈവാരികയാണ് സംഘടനയുടെ മുഖപത്രം.കേരളത്തിലെ പൊതു സമൂഹത്തിന്റെ ശ്രദ്ധനേടാനും സമസ്തയുടെ നിലപാടുകള്‍ ബൗദ്ധിക സമൂഹത്തിനു മുന്നില്‍ സമര്‍ത്ഥിക്കാനും സത്യധാരക്കു സാധിക്കുന്നു. ആശയ പ്രചാരണ രംഗത്തെ നൂതന സംവിധാനമായി വിവരസാങ്കേതിക വിദ്യയുടെസഹായമായി മാറിയ 'കേരള ഇസ്‌ലാമിക് ക്ലാസ് റൂമും' സംഘടനയുടെ ആശയ പ്രചാരണ സംവിധാനങ്ങളുടെ പുഷ്‌കല ഉപാധികളാണ്.കാമ്പസ് ജീവിതത്തിന്റെ ധാര്‍മ്മികതയെ ശരിപ്പെടുത്താന്‍ വിപുല സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന കാമ്പസ് വിംഗ്,അറബി കോളേജ്, ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്വലബാ വിംഗ്,സംഘടനയുടെ കര്‍മ കുലശതയുടെ പ്രതീകമായ വിഖായഎന്നിവ സമൂഹത്തില്‍ സജീവ ശ്രദ്ധ നേടി വരുന്നു. സര്‍ഗവാസനയെ പ്രോത്സാഹിപ്പിച്ച് യൂണിറ്റ് മുതല്‍ സംസ്ഥാന തലംവരെ സര്‍ഗപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന് ഉപകരിക്കും വിധം നടത്തുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് 'സര്‍ഗലയം.'ഓരോ രണ്ടു വര്‍ഷവും കൂടി നടക്കുന്ന 'സര്‍ഗലയം' പ്രതിഭകളുടെ സംഗമമായി മാറുന്നു.മതതീവ്രവാദം കേരള മുസ്‌ലിം യൗവനത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയ ഘട്ടത്തില്‍ മതതീവ്രവാദത്തിനും വര്‍ക്ഷീയതക്കുമെതിരെ സംഘടന നടത്തിയ പോരാട്ടങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയും അംഗീകാരവും നേടിയതാണ്. അതിന്റെ സാക്ഷ്യപത്രമാണ് ഓരോ റിപ്പബ്ലിക് ഡേയിലും നടക്കുന്ന 'മനുഷ്യജാലിക' സംഗമങ്ങള്‍. നാടിന്റെ സൗഹൃദം കാക്കാന്‍ വികാരത്തിനെതിരെ വിചിന്തനത്തിന്റെയും കാര്യബോധത്തിന്റെയും കൂട്ടായ്മയായി മനുഷ്യജാലിക അടയാളപ്പെട്ടു കഴിഞ്ഞു. ചുരുക്കത്തില്‍ സമസ്തയുടെ കീഴ്ഘടകങ്ങളില്‍ ഏറ്റവും സജീവമായ വിംഗും കര്‍മരംഗത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഘടകവുമാണ് എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് റെയില്‍വെ ലിങ്ക് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക് സെന്റര്‍ ആണ് സംഘടനയുടെ ആസ്ഥാനം. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും സത്താര്‍ പന്തല്ലൂര്‍ ജന.സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്.

 

എസ്.കെ എസ്.എസ്.എഫ് ഭാരവാഹികള്‍

പ്രസിഡണ്ട്:

അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്(1989-1990)

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്(1990-2005)

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് (2005-2015)

സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട് (2015-)

സെക്രട്ടറിമാര്‍

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (1989-1992)

മുസ്തഫ മുണ്ടുപാറ (1992-2001)

ഷാഹുല്‍ ഹമീദ് മേല്‍മുറി (2001-2004)

എസ്.വി മുഹമ്മദലി(2004-2006)

നാസര്‍ ഫൈസി കൂടത്തായ് (2006-2011)

ഓണമ്പിള്ളി മുഹമ്മദ് ഫൈസി (2011-2015)

സത്താര്‍ പന്തല്ലൂര്‍ (2015-)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter