ദുബൈ മുഹമ്മദ് ബിന്‍റാശിദ് ലൈബ്രറി, ഇസ്‍ലാമിക ഗ്രന്ഥ ചരിത്രത്തിലേക്ക് പുതിയൊരു ഏട്
ബാഗ്ദാദിനും ദമസ്കസിനും കൈറോക്കും ഇസ്താംബൂളിനും ശേഷം ദുബൈ മുസ്‍ലിം ലോകത്തിനു മുമ്പിൽ വാസ്തുവിദ്യാ വിസ്മയം തീർക്കുകയാണ്. ഇത്തവണ അത് ഒരു പുസ്തകശാലയുടെ ആകൃതിയിലാണെന്ന് മാത്രം. ലൈബ്രറിയുടെ രൂപം തന്നെ പുസ്തകം തുറന്നവെച്ച പോലെയാണ്.
ജൂൺ 16 വ്യാഴാഴ്ചയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏഴ് നിലകളും ഒമ്പത് തീമാറ്റിക് ലൈബ്രറികളുമായി 54,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇതിന്റെ നിര്‍മ്മാണം, ആറ് വർഷമെടുത്ത് ഒരു ബില്യൺ ദിർഹം ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദാണ് ഔദ്യോഗികമായി ഇത് ഉദ്ഘാടനം ചെയ്തത്. ഷാർജ ഹൗസ് ഓഫ് വിസ്ഡവുമായി ചേർന്ന് ഭാവിയുടെ ഒരു സാംസ്കാരിക കേന്ദ്രമാണ് ഇതിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. ദുബൈ കനാലിന് സമീപത്ത്, മനോഹര കാഴ്ച്ചയായി നിലകൊള്ളുകയാണ് ലൈബ്രറി.
ഒമ്പത് നിലകളിലായി ഒമ്പത് തീമുകളിലാണ് ലൈബ്രറി നിലനിൽക്കുന്നത്. ഒരു ജനറൽ ലൈബ്രറി, ഒരു എമിറേറ്റ്‌സ് ലൈബ്രറി, ബിസിനസ്സ്, ആനുകാലികങ്ങൾ, മാപ്പുകൾ, അറ്റ്‌ലസുകൾ എന്നിങ്ങനെ വിവിധ തീമുകളെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളിലും കലകളിലും കേന്ദ്രീകരിച്ചിരിക്കുന്ന വിഭാഗത്തില്‍ അറബി പത്രങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വലിയ പ്രചാരമുണ്ടായിരുന്ന മാഗസിനുകളും ഇവിടെയുണ്ട്. ഒരു സ്വകാര്യ ആർകൈവ് ലൈബ്രറിയും ഇതിനിടയിൽ കാണാവുന്നതാണ്. ഔട്ട്ഡോർ ആംഫി തിയേറ്റർ, സാഹിത്യ മ്യൂസിയം, കോൺഫറൻസ് സെന്റർ, രണ്ട് നിലകളുള്ള ഒരു കഫേ, ഗിഫ്റ്റ് ഷോപ്പ് എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.
ലൈബ്രറിയുടെ സത്ത കിടക്കുന്നത് ഏഴാം നിലയിലാണ്. നൂറുകണക്കിന് സൃഷ്ടികളുള്ള ഒരു മ്യൂസിയമാണിത്. 13-ാം നൂറ്റാണ്ടിലെ അപൂർവ പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും രേഖകളും ഈ ശേഖരത്തിലുണ്ട്. ഖുർആനിന്റെ പഴയ പകർപ്പുകളും മിഗ്വൽ ഡി സെർവാന്റസിന്റെ പതിനേഴാം നൂറ്റാണ്ടിലെ നോവലായ ഡോൺ ക്വിക്സോട്ടിന്റെ ആദ്യ പതിപ്പും ഇതിൽ ഉൾപ്പെടുന്നു. 1798ൽ നെപ്പോളിയൻ ബോണപാർട്ടിന്റെ പല രാജ്യങ്ങളിലേക്കുള്ള പര്യവേഷണത്തിൽ അനുഗമിച്ച പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരും എഴുതിയ പുരാതനവും ആധുനികവുമായ ഈജിപ്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി 1809-ൽ ആദ്യമായി പ്രത്യക്ഷപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പരയായ ഡിസ്‌ക്രിപ്ഷൻ ഡി എൽ ഈജിപ്‌റ്റിന്റെ ആദ്യ പതിപ്പും ഇവിടെ കാണാം.
30 ഭാഷകളിലായി ഒരു ദശലക്ഷത്തിലധികം ഡിജിറ്റലും പ്രിന്റ് ചെയ്യപ്പെട്ടതുമായ പ്രസിദ്ധീകരണങ്ങൾ ലൈബ്രറിയിലുണ്ട്. പൊതു ലൈബ്രറിയിൽ പത്തുലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ ജനപ്രിയ നോവലുകളും നൺ-ഫിക്ഷൻ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. കുട്ടികളുടെ ലൈബ്രറിയിൽ ഏകദേശം 17,000 കൃതികളുണ്ട്. ആറാം നിലയിൽ സ്ഥിതി ചെയ്യുന്ന എമിറേറ്റ്‌സ് ലൈബ്രറിയിൽ യുഎഇയെക്കുറിച്ച് നിരവധി ഭാഷകളിലായി എഴുതിയ 37,000-ലധികം പുസ്തകങ്ങൾ കാണാം. എല്ലാ പുസ്‌തകങ്ങളും അക്ഷരമാലാക്രമത്തിലോ സംഖ്യാടിസ്ഥാനത്തിലോ ആണ് ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം ആവശ്യമുള്ള പുസ്‌തകത്തിന്റെ ലഭ്യത എവിടെയാണെന്ന് കൃത്യമായി അറിയാൻ ലൈബ്രറിയുടെ അപ്ലിക്കേഷനിലും സൌകര്യമൊരുക്കിയിട്ടുണ്ട്.
ഡസൻ കണക്കിന് കട്ടിലുകളും റീഡിംഗ് ഡെസ്കുകളും വർക്ക്സ്റ്റേഷനുകളും ലൈബ്രറിയിലുണ്ട്. കുറച്ചുകൂടി സമാധാനവും സ്വസ്ഥതയും ആവശ്യമുള്ളവർക്ക് രണ്ടാം നിലയിൽ വിശാലമായ പഠനമുറികൾ ധാരാളമുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ഇവ സൗജന്യമാണ്. ഒരു സ്മാർട്ട് സ്കാനർ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളുടെയോ ഉറവിടങ്ങളുടെയോ ഭാഗങ്ങൾ സ്കാൻ ചെയ്യാനും അത് അവർക്ക് ഇമെയിൽ ചെയ്യാനും ലൈബ്രറി അനുവദിക്കുന്നുണ്ട്.
ലൈബ്രറിയുടെ പുറത്താണ് ഗാർഡൻ ഓഫ് കോർട്ട് നിലനിൽക്കുന്നത്. അറബിയിലും ഇംഗ്ലീഷ്, ബോസ്നിയൻ, കൊറിയൻ, ഉറുദു തുടങ്ങി വിവിധ ഭാഷകളിൽ, ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അറുപതിലധികം ഉദ്ധരണികള്‍ ഇവിടെയുള്ള തൂണുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ജൂലൈ മാസം മുതൽ, ലൈബ്രറി ടോക്കുകൾ, വിവിധ മേഖലകളിലായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളെയും അതിന്റെ രചയിതാക്കളെയും ചർച്ച ചെയ്യുന്ന പ്രതിമാസ ഇവന്റുകള്‍ എന്നിവയും നടന്നുവരുന്നു.
മുസ്‍ലിം ലോകത്തിന്റെ ആധുനിക ഗ്രന്ഥചരിത്രത്തിലേക്ക് പുതിയൊരു ഏട് തുന്നിച്ചേര്‍ത്തിരിക്കുകയാണ്, മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലൂടെ ദുബൈ എന്ന് പറയാതെവയ്യ.
Leave A Comment