സമസ്തയുടെ പ്രസിദ്ധീകരണങ്ങള്‍

ചെറുപ്പത്തില്‍ ‘ഇര്‍ശാദുല്‍ ഇബാദ്’ ഓതുന്ന കാലം. പാഠത്തിലെ ഒരു കഥ സ്വന്തം ഭാഷയില്‍ എഴുതി അല്‍-ബയാന്‍ മലയാള മാസികയിലേക്ക് അയച്ചുകൊടുത്തു. പത്രാധിപര്‍ മാറ്റിയെഴുതി അച്ചടിച്ചു വന്നപ്പോള്‍ എന്റെ പേര് അല്ലാത്തതെല്ലാം മാറിപ്പോയിരുന്നു. എന്നെപ്പോലെ അനവധി വിദ്യാര്‍ത്ഥികളെ എഴുതാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അല്‍-ബയാന്‍ മലയാള മാസിക പത്രാധിപരും സമസ്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ടി.കെ. അബ്ദുല്ല മൗലവിയെ എന്നും സ്മരിക്കാറുണ്ട്.

ചെറുപ്പം മുതല്‍ ജാമിഅഃയിലെ ഫൈനല്‍ ക്ലാസ് വരെ പഠനത്തില്‍ കൂട്ടുകാരനായിരുന്ന പരപ്പനങ്ങാടി പനയത്തില്‍ പി.പി. ഇമ്പിച്ചിക്കോയ തങ്ങള്‍ (ഫൈസി) മുഖേനെയാണ് ടി.കെയെ ആദ്യമായി ബന്ധപ്പെടുന്നത്. സംഘടനാ രംഗത്ത് തന്റെ കൂട്ടുകാരനായ സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാരുടെ ദര്‍സിലെ വിദ്യാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹം വളരെയധികം പരിഗണന നല്‍കി. ഞാന്‍ അയക്കുന്ന കൊച്ചു ലേഖനങ്ങളും വിദ്യാര്‍ത്ഥി സമാജ വാര്‍ത്തകളും മാസികയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഞങ്ങള്‍ ഊരകത്ത് ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ ചെലവ് വീടുകളിലേക്ക് റോഡിലൂടെ നടക്കുമ്പോള്‍ മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടി.കെ. കാര്‍ നിര്‍ത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ഉസ്താദിന് സലാം പറയാന്‍ ഏല്‍പ്പിക്കുകയും ചെയ്ത ശേഷം ‘കാല്‍നടക്കാര്‍ റോഡിന്റെ വലത് ഭാഗത്ത് കൂടെയാണ് നടക്കേണ്ടത്’ എന്ന് ഉപദേശിച്ചത് ഇന്നും ഓര്‍മ്മയില്‍ വരുന്നു. ദര്‍സ് പഠനകാലത്ത് ടി.കെയുമായി തുടങ്ങിവെച്ച ബന്ധം അദ്ദേഹം മരിക്കുന്നതു വരെ തുടരുകയും അദ്ദേഹത്തിന്റെ പേരമക്കളുമായി നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്.

1971-ല്‍ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകൃതമായത് മുതല്‍ അദ്ദേഹമായിരുന്നു ട്രഷറര്‍. 1976-ല്‍ ഉസ്താദ് എം.എം. ബശീര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയായതോടെ ഈ വിനീതനായിരുന്നു ജില്ലാ കമ്മിറ്റിയുടെ റിക്കാര്‍ഡുകള്‍ കൈകാര്യം ചെയ്തിരുന്നത്. 1977-ല്‍ ഏപ്രില്‍ 16,17 തിയ്യതികളില്‍ നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളന ഫണ്ടില്‍ ബാക്കിവന്ന സംഖ്യ സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാപനത്തിന് ആയിരം രൂപയും എസ്.വൈ.എസ്-എസ്.എസ്.എഫ് ജില്ലാ കമ്മിറ്റികള്‍ക്ക് അഞ്ഞൂറ് രൂപ വീതവും പ്രസ്തുത സമ്മേളനത്തില്‍ തുടക്കം കുറിച്ച സമസ്ത ജില്ലാ സ്‌കോളര്‍ഷിപ്പ് ഫണ്ടിന്റെ റസീപ്റ്റ് കൂപ്പണ്‍ മുതലായവ പ്രിന്റ് ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായുള്ള രണ്ടായിരത്തില്‍പരം രൂപയും കഴിച്ച് ബാക്കിവന്ന അയ്യായിരം രൂപ ട്രഷറെ ഏല്‍പ്പിക്കാന്‍ ഈ വിനീതന്‍ പരപ്പനങ്ങാടി ബയാനിയയിലെത്തി ടി.കെയെ കണ്ടു. സമസ്ത ജില്ലാ കമ്മിറ്റി ട്രഷററുടെ വശം ഏല്‍പ്പിക്കുന്ന ആദ്യത്തെ സംഖ്യയായിരുന്നു അത്. അദ്ദേഹം രണ്ട് നോട്ട് ബുക്ക് വരുത്തി. സ്വന്തം തന്നെ വരച്ചു. സെക്രട്ടറി, ട്രഷറര്‍ സംഖ്യകള്‍ കൈമാറുമ്പോള്‍ ചെയ്യേണ്ടത് എഴുതിക്കാണിച്ചു തന്നു. സെക്രട്ടറി ഒപ്പുവെക്കേണ്ട കള്ളിയില്‍ ജനറല്‍ സെക്രട്ടറിക്കു വേണ്ടി ഓഫീസ് സെക്രട്ടറി എന്നെഴുതി എന്നെക്കൊണ്ട് രണ്ടു ബുക്കിലും ഒപ്പുവെപ്പിക്കുകയും അദ്ദേഹം ഒപ്പുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൈവശത്തിലുള്ള ബുക്കിന്റെ ഉള്ളില്‍ തന്നെ അയ്യായിരം രൂപ വെക്കുകയും ചെയ്തു.  ഒരു ബുക്കുമായി ഞാന്‍ മടങ്ങി. ഉസ്താദ് ബശീര്‍ മുസ്‌ലിയാരെ ഏല്‍പ്പിച്ചു. അദ്ദേഹം നിര്യാതനാകുന്നതിന് മുമ്പ് പ്രസ്തുത സംഖ്യയുടെ കാര്യം മരുമകന്‍ ടി.കെ. അഹമ്മദ് ഹാജിയോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. അന്ന് ഏല്‍പ്പിച്ച അതേ സംഖ്യ നോട്ടുബുക്കിന്റെ ഉള്ളിലായി സൂക്ഷിച്ചത് പിന്നീട് അഹമ്മദ് ഹാജിയില്‍ നിന്നും ഏറ്റുവാങ്ങിയതും ഈ വിനീതന്‍ തന്നെ.

സമസ്ത ജില്ലാ കമ്മിറ്റി മര്‍ഹൂം കുന്നപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍ എഴുതിയ ഇര്‍ശാദുല്‍ യാഫിഈയുടെ ശറഹ് അച്ചടിക്കുന്നതിന് പ്രസ്തുത സംഖ്യ ഉസ്താദ് എം.എം. ബശീര്‍ മുസ്‌ലിയാര്‍ പ്രസിദ്ധീകരണ സമിതി ചെയര്‍മാനായിരുന്ന ഉസ്താദ് ഹൈദ്രോസ് മൂസ്‌ലിയാരെ ഏല്‍പ്പിക്കുകയും ചെയ്തു.

1964 ജൂലൈ 20-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ചാണ് സുന്നി യുവജനസംഘം മുഖപത്രമായ സുന്നി ടൈംസ് പ്രകാശിതമായത്. പ്രകാശനം ചെയ്തുകൊണ്ട് വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പലായിരുന്ന മുഹമ്മദ് അബൂബക്കര്‍ ഹസ്‌റത്ത് ചെയ്ത പ്രസംഗം ഞാന്‍ ഉര്‍ദു ഭാഷയില്‍ കേള്‍ക്കുന്ന ആദ്യത്തെതായിരുന്നു. കെ.കെ. അബൂബക്കര്‍ ഹസ്‌റത്തായിരുന്നു പരിഭാഷപ്പെടുത്തിയത്. സുന്നീ ടൈംസ് എന്നതിലെ ആദ്യത്തെ പദം അറബിയും രണ്ടാമത്തെത് ഇംഗ്ലീഷുമാണ്. ഇതുസംബന്ധമായി മുഹമ്മദ് അബൂബക്കര്‍ ഹസ്‌റത്ത് പറഞ്ഞത് സുന്നീ ടൈംസിന്റെ ഇസ്മായിലിന്റെ ഭാഷയായ അറബിയും രണ്ടാമത്തെ പദം ലോകഭാഷയായ ഇംഗ്ലീഷുമാണ്. മതപരമായും ഭൗതികമായും ഒരു മുസ്‌ലിം ഉയരണമെന്ന് പ്രസ്തുത നാമം തന്നെ സൂചിപ്പിക്കുന്നു. പ്രസ്തുത നാമകരണം ചെയ്തവര്‍ ഉയര്‍ന്ന ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. (ശൈഖുനാ ശംസുല്‍ ഉലമയായിരുന്നു സുന്നീ ടൈംസ് എന്ന് നാമകരണം ചെയ്തിരുന്നത്.)
സുന്നി ടൈംസിന്റെ പ്രചരണാര്‍ത്ഥം ചീഫ് എഡിറ്റര്‍ കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്‌ലിയാരും മാനേജിംഗ് എഡിറ്റര്‍ ബി. കുട്ടിഹസന്‍ ഹാജിയും ഊരകത്ത് വന്ന് രണ്ടു ദിവസം ക്യാമ്പ് ചെയ്തു. ഉസ്താദ് ഹൈദ്രോസ് മൂസ്‌ലിയാരെയും കൂട്ടി ഊരകം, വേങ്ങര, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ നടന്നു വീടുകളില്‍ കയറിയിറങ്ങിയതും അവരുടെ സഹായിയാവാന്‍ അവസരം ലഭിച്ചതും ദര്‍സീജീവിതത്തിലെ നല്ല ഓര്‍മ്മകളാണ്.

ഉസ്താദിന്റെ നിര്‍ദേശപ്രകാരം രിദ്ദത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ‘വിശ്വാസത്തിന്റെ അടിത്തറ’ എന്ന പേരില്‍ 1966-ല്‍ പ്രസിദ്ധീകരിച്ചതാണ് സുന്നി ടൈംസിലെ ഈ വിനീതന്റെ ആദ്യത്തെ ലേഖനം. പിന്നീട് കുറെ എഴുതാന്‍ അവസരം ലഭിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ സുന്നി ടൈംസ് സുന്നി വോയ്‌സ് എന്ന പേരിലായി. ടി.എം. കുഞ്ഞി മൂസ സാഹിബ് (വടകര) ആയിരുന്നു മാനേജര്‍. ഈ വിനീതന് നേരിയ തോതില്‍ ഉര്‍ദു അറിയുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഓഫീസില്‍ വരുന്ന ഊര്‍ദു മാസികകള്‍ എനിക്ക് അയച്ചുതന്ന് വായിക്കാനും വിവര്‍ത്തനം ചെയ്യാനും പ്രേരിപ്പിച്ചു.

കിട്ടാത്ത പദങ്ങളുടെ അര്‍ത്ഥവും ആശയവും കത്തിലൂടെ അറിയിച്ചാല്‍ മടക്കത്തപാലില്‍ തന്നെ വിശദമായ മറുപടി അയക്കും. അങ്ങനെ കുഞ്ഞിമൂസ സാഹിബ് തപാലിലൂടെ ഗുരുവായി. ഡല്‍ഹിയില്‍ നിന്ന് ദീന്‍ദുനിയ, പാറ്റ്‌നയില്‍ നിന്നുള്ള അല്‍മീസാന്‍ തുടങ്ങിയ ഉര്‍ദു മാസികകള്‍ മുടങ്ങാതെ വായിച്ചു. (ജാമിഅയില്‍ നിന്ന് വിട്ട രണ്ടു വര്‍ഷം താഴെക്കോട് പഞ്ചായത്തിലെ അരക്കുപറമ്പില്‍ മുദരിസായത് ഒഴിഞ്ഞിരുന്ന് വായിക്കാനുള്ള അവസരമായിരുന്നു.) ദീന്‍ദുനിയായിലെ ഒരു മുഖപ്രസംഗം മുതലക്കണ്ണീര്‍ എന്ന തലക്കെട്ടില്‍ വിവര്‍ത്തനം ചെയ്തതും. സലാഹുദ്ദീന്‍ അയ്യൂബിയുടെ ചരിത്രം വിവര്‍ത്തനം ചെയ്തതും പ്രസിദ്ധീകരിച്ചപ്പോള്‍ ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാര്‍ഡിന് തുല്യമാണ്. ഒരിക്കല്‍ ശൈഖുനായുടെ വരാന്തയിലെത്തി സലാം പറഞ്ഞപ്പോള്‍ ശൈഖുനാ സലാം മടക്കി ആദ്യം പറഞ്ഞത്: ”കുട്ടിയുടെ വിവര്‍ത്തനവും ദീന്‍ദുനിയായിലെ ഉര്‍ദു ലേഖനങ്ങളും ഞാന്‍ വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഉര്‍ദു നന്നായി വായിക്കണം. കുട്ടികള്‍ക്ക് പഠിപ്പിക്കണം.”
സുന്നി വോയ്‌സ് അടക്കമുള്ള സുന്നി പ്രസിദ്ധീകരണങ്ങളെല്ലാം ഇടത്തോട്ട് തിരിയുകയും ഉസ്താദുമാരെയും സാദാത്തുക്കളെയും ശല്യം ചെയ്യുകയും ചെയ്തപ്പോള്‍ 1984 ഒക്‌ടോബര്‍  31-ന് ചേര്‍ന്ന സുന്നി യുവജനസംഘം ജില്ലാ കൗണ്‍സില്‍ യോഗം സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഈ വിനീതന്‍ കണ്‍വീനറുമായി തസ്‌നീം പബ്ലിക്കേഷന്‍സ് രൂപീകരിച്ചു. ബഹാഉദ്ദീന്‍ കൂരിയാട് ചീഫ് എഡിറ്ററും കോട്ടക്കലെ പെരുമ്പള്ളി മുഹമ്മദ് ഹാജി പബ്ലിഷറുമായി ഒരു വാരിക തുടങ്ങാന്‍ തീരുമാനിച്ചു. എതിരാളികളെ നേരിടേണ്ടതിനാല്‍ വാരിക എത്രയുംവേഗം തുടങ്ങേണ്ടത് സാഹചര്യത്തിന്റെ ആവശ്യമായിരുന്നു. പുതിയ ഒരു പത്രത്തിന് ഡിക്ലറേഷന്‍ ലഭിക്കാന്‍ സമയം വേണമെന്നതിനാല്‍ ഡിക്ലറേഷന്‍ നിലവിലുള്ളതും പ്രസിദ്ധീകരണം മുടങ്ങിയതുമായ വാരികകളെ സംബന്ധിച്ച് ആലോചന നടത്തി. എം.കെ. സാലിം മൗലവി ചീഫ് എഡിറ്ററും മലപ്പുറം ഇമ്പീരിയല്‍ പ്രസ് ഉടമ കുഞ്ഞാലന്‍ പബ്ലിഷറുമായിരുന്ന ‘ജിഹാദ്’ എന്ന പേരിലുണ്ടായിരുന്ന മാസിക അവരില്‍ നിന്നും വാങ്ങി തസ്‌നീം പബ്ലിക്കേഷന്റേതാക്കി തുടങ്ങാനാണ് തീരുമാനിച്ചത്. അതിനുവേണ്ടി രേഖകള്‍ ശരിയാക്കി, ലേഖനങ്ങള്‍ തയ്യാറാക്കി, ഉദ്ഘാടനം 1984 ഡിസംബര്‍ ഒമ്പതിന് നടത്താന്‍ തീരുമാനിച്ചു. പ്രകാശന ചടങ്ങിന് മലപ്പുറം കോട്ടപ്പടി ഹൈസ്‌കൂള്‍ ഹാള്‍ ബുക്ക് ചെയ്തു. പ്രകാശനം ചെയ്യുന്നതിന് ശൈഖുനാ കോട്ടുമല ഉസ്ദാതിനെ ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ഉസ്താദ് പറഞ്ഞു: ”ജിഹാദ്’ എന്ന പേര് നമുക്ക് പറ്റുകയില്ല, പേര് മാറ്റണം.”
ഡിക്ലറേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും കാലതാമസവും എല്ലാം ഉസ്താദിന്റെ മുമ്പില്‍ നിരത്തിയപ്പോള്‍ ഉസ്താദ് തറപ്പിച്ചു പറഞ്ഞു: ”ജിഹാദ്’ നമുക്ക് പറ്റിയ പേരല്ല.” ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കോട്ടുമല ഉസ്താദ് പറഞ്ഞത് എത്ര പ്രസക്തം! ‘വാക്കിലും പ്രവൃത്തിയിലും അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ച വ്യക്തിയാണ് കോട്ടുമല’ എന്ന് ശൈഖുനാ ശംസുല്‍ ഉലമ എപ്പോഴും പറയാറുണ്ടായിരുന്നു.

ഞങ്ങള്‍ കാളമ്പാടിയില്‍ നിന്നും മടങ്ങി. ‘ജിഹാദ്’ അല്ലാത്ത പേരില്‍ ഡിസംബര്‍ ഒമ്പതിന് വാരിക ഇറങ്ങുന്നത് സംബന്ധിച്ച് ചിന്തിച്ചു. തൃശൂരില്‍നിന്ന് നാട്ടിക മൂസ മുസ്‌ലിയാര്‍ പ്രസിദ്ധീകരിക്കുന്ന മാസിക വാരികയാക്കി കോട്ടക്കലില്‍ നിന്ന് തുടങ്ങാമെന്നതിനെ കുറിച്ച് ആലോചിച്ചു. കൊന്നോല മൊയ്തീന്‍ കുട്ടി ഹാജി സ്‌കൂട്ടറില്‍ എടയാറ്റൂരില്‍ പോയി മൂസ മുസ്‌ലിയാരെയും കൂട്ടി വന്നു. സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി. ഹിക്മത്ത് വാരികയാക്കി കോട്ടക്കലില്‍ നിന്നു തുടങ്ങാനുള്ള രേഖകളെല്ലാം മലപ്പുറം, തൃശൂര്‍ കലക്ടറേറ്റുകളില്‍ വെച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ശരിയാക്കി. നേരത്തെ നിശ്ചയിച്ച തിയ്യതിക്ക് തന്നെ ഹിക്മത്ത് വാരിക പ്രകാശനം ചെയ്തു. ഹിക്മത്ത് മാസികയായി മൂസ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ തൃശൂരില്‍ നിന്നും വാരികയായി ബഹാഉദ്ദീന്‍ കൂരിയാട് പ്രധാധിപരായി കോട്ടക്കലില്‍ നിന്നും ഒരേ സമയം ഹിക്മത്ത് പുറത്തിറങ്ങി. ശത്രുക്കളെ ആഞ്ഞടിച്ചു. ഹിക്മത്ത് നിന്നെങ്കിലും ഹിക്മത്തിന്റെ ആശയം വിജയിച്ചു. സമസ്തയെ ഇടത്തോട്ട് ചെരിയാതെ നിലനിര്‍ത്തിയതില്‍ ഹിക്മത്ത് വഹിച്ച പങ്ക് പഴയകാല പ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം.

സുന്നി യുവജനസംഘം സ്റ്റേറ്റ് കമ്മിറ്റി സമസ്തയെ ധിക്കരിച്ചപ്പോള്‍ 1989 സമസ്ത മുശാവറ ചേര്‍ന്നു. സുന്നി യുവജനസംഘം പുനഃസഘടിപ്പിച്ചു. പുതിയ വാരിക തുടങ്ങാന്‍  തീരുമാനിച്ചു. നാമകരണം ചെയ്യാന്‍ ശൈഖുനാ ശംസുല്‍ ഉലമയെ അധികാരപ്പെടുത്തി. പ്രസ്തുത വിവരം സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ഉടനെ ജനറല്‍ സെക്രട്ടറി സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ ശൈഖുനാ ശംസുല്‍ ഉലമയെ വിവരം അറിയിച്ചു. അതിനായി, പി.പിയെ ശൈഖുനായുടെ വീട്ടിലേക്കയക്കുന്നു എന്ന് പറഞ്ഞു. ഞാനും എം.പി.എം. ശരീഫ് കുരിക്കളും കൂടി ശൈഖുനാ ശംസുല്‍ ഉലമായുടെ വീട്ടിലെത്തി. ശൈഖുനാ തന്റെ കൈപ്പടയില്‍ അറബി ലിപിയില്‍ മൂന്നു പേരുകള്‍ സുന്നി അഫ്കാര്‍, സുന്നി ആവാസ്, സുന്നി നഅ്‌റ  ക്രമത്തില്‍ എഴുതി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ശൈഖുനാ പറഞ്ഞു: ”നിങ്ങള്‍ മടങ്ങുമ്പോള്‍ തന്നെ സിവില്‍ സ്റ്റേഷനില്‍ കയറി പേരുകള്‍ ഈ ക്രമത്തില്‍ തന്നെ എഴുതി ഡിക്ലറേഷനു വേണ്ടി അപേക്ഷ പൂരിപ്പിച്ചു കൊടുക്കുക.”

ശരീഫ് കുരിക്കള്‍ പബ്ലിഷര്‍ ആയും സൈഖുനാ കെ.ടി. മാനു മുസ്‌ലിയാര്‍ എഡിറ്റര്‍ ആയും ഫോറം പൂരിപ്പിച്ചു. വളരെ വൈകാതെ തന്നെ ശൈഖുനാ ശംസുല്‍ ഉലമാ ഒന്നാമതായി എഴുതിയ പേര് സുന്നി അഫ്കാര്‍ തന്നെ അംഗീകരിച്ചു ഡല്‍ഹിയില്‍നിന്ന് അനുമതിപ്പത്രം ലഭിച്ചു. സുന്നി അഫ്കാര്‍ പ്രകാശിതമായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter