ഫലസ്തീന്‍ തിരിച്ചുവരുന്നു

മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രയേല്‍ പുതുതായി സ്ഥാപിച്ച ഇലക്ട്രോണിക് ഗെയ്റ്റുകള്‍ പിന്‍വലിക്കേണ്ടിവന്നത് ഫലസ്തീനികളുടെ സംഘടിതമായ പോരാട്ട വിജയമാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ടു ആഴ്ചകളായി ഇസ്രയേലിന്റെ പുതിയ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ നാടുനീളെ ശക്തമായ പ്രതിഷേധങ്ങളും ശബ്ദങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഫലസ്തീനിനു അകത്തുനിന്നും പുറത്തുനിന്നും എതിര്‍പ്പുകള്‍ ശക്തമായതോടെ ഇസ്രയേല്‍ അധികാരികള്‍ തങ്ങളുടെ പദ്ധതിയില്‍നിന്നും പിന്നോട്ടു പോവുകയാണുണ്ടായത്. ഇനിയും അതിലും വലിയ ഗൂഢപദ്ധതികളുമായി സയണിസം മുന്നോട്ടു വരുമെന്നതില്‍ സംശയമില്ല. എങ്കിലും, ഇവിടെ ഫലസ്തീനികള്‍ നേടിയെടുത്തത് പോരാട്ടങ്ങളുടെ മഹത്തായൊരു വിജയം തന്നെയാണ്. 

ജൂലൈ 14 നാണ് മസ്ജിദുല്‍ അഖ്‌സക്കു നേരെ കൂടുതല്‍ നിയന്ത്രണവുമായി ഇസ്രയേല്‍ പട്ടാളം കടന്നുവന്നത്. കാലങ്ങളായി തുറന്നു പ്രവര്‍ത്തിച്ചിരുന്ന അതിന്റെ ചില വാതിലുകള്‍ അടച്ചിടുകയും മറ്റു ചില വാതിലുകള്‍ക്കു മുമ്പില്‍ ഇലക്ട്രോണിക് വാതിലുകള്‍ സ്ഥാപിച്ച് നിസ്‌കരിക്കാന്‍ വരുന്നവര്‍ക്കു മുമ്പില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരികയുമായിരുന്നു. 

ഇസ്രയേലിന്റെ ഈ പുതിയ അധിനിവേശ ശ്രമത്തിനെതിരെ ഏറെ യുക്തിയോടും ചിന്തയോടുമാണ് ഫലസ്തീന്‍ പ്രതികരിച്ചത്. ഒരുപാട് പേര്‍ രക്തസാക്ഷിയാകുമാര്‍ തുറന്ന പോരാട്ടം നടത്തുന്നതിനു പകരം സംഘടിതമായി ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഇസ്രയേല്‍ പട്ടാളത്തിനു മുമ്പില്‍ കുറേ ജീവനുകള്‍ ബലി നല്‍കുകയെന്നതിലപ്പുറം തങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും അധികാരികളുടെ കര്‍ണപുടങ്ങളില്‍ എത്തിക്കുകയെന്നതായിരുന്നു ഈയൊരു പുതിയ ഉദ്ദ്യമത്തിലൂടെ അവര്‍ കണ്ടിരുന്നത്. 

ഇലക്ട്രോണിക് ഗെയ്റ്റ് സ്ഥാപിച്ചതു മുതല്‍ രണ്ടാഴ്ചയോളം ശക്തമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളുമായാണ് അഖ്‌സയിലെ ചെറുപ്പക്കാര്‍ മുന്നോട്ടു പോയത്. മസ്ജിദുല്‍ അഖ്‌സയുടെ മുമ്പില്‍ അവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി സംഘടിക്കുക മാത്രമല്ല, രണ്ടു വെള്ളിയാഴ്ചകളിലും ആയിരങ്ങളെ സംഘടിപ്പിച്ച് പുറത്ത് നിസ്‌കാരം സംഘടിപ്പിക്കുകയും ചെയ്തു. മസ്ജിദ് തങ്ങളുടെ ജനമാവകാശമാണെന്ന് സ്ഥാപിക്കുകയായിരുന്നു ഫലസ്തീനികള്‍ ഇത്തരം സംഘടിത മുന്നേറ്റങ്ങളിലൂടെ.

നെതന്യാഹുവിന്റെ പുതിയ അധിനിവേശ ശ്രമങ്ങള്‍ പാളിപ്പോവുകയായിരുന്നു  ഈ പ്രതിഷേധ നിരയിലൂടെ എന്നു വേണം മനസ്സിലാക്കാന്‍. രണ്ടാഴ്ചയിലധികം പട്ടാളത്തിനു പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഘട്ടം ഘട്ടമായി അവര്‍ പള്ളിക്കു പുതുതായി വെച്ച എല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍, ഇലക്ട്രോണിക് ഗെയ്റ്റുകളും ഉപേക്ഷിച്ചിരിക്കയാണ്. ഇസ്രയേലിനെതിരെയുള്ള ഫലസ്തീനികളുടെ പുതിയ പോരാട്ട രീതിയുടെ വിജയമാണ് ഇത് വ്യക്തമാക്കുന്നത്. 

അവലംബം: www.middleeastmonitor.com 
വിവ. ഖുര്‍റതുല്‍ ഐന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter