റമളാൻ ഡ്രൈവ് (ഭാഗം 30) അസ്സലാമു അലൈക യാ ശഹ്റ റമദാന്‍...
അസ്സലാമു അലൈക യാ ശഹ്റ റമദാന്‍...
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുതുബകളില്‍ നാം കേട്ട വാക്യങ്ങളായിരുന്നു ഇത്. വിശുദ്ധ മാസം ഇതാ യാത്ര ചോദിക്കുകയാണ്. റമദാന്‍ കടന്നുവരുന്നത് എത്രമാത്രം സന്തോഷകരമാണോ, അതിലുപരി സങ്കടകരമാണ് വിശ്വാസികള്‍ക്ക് അതിന്റെ വേര്‍പാട്. 
ജീവിതത്തില്‍ എത്ര റമദാനുകള്‍ ലഭിച്ചു എന്നത് ഗുണകരമാവുന്നത് പോലെ, വേണ്ടവിധം ഉപയോഗപ്പെടുത്താനാവാതെ പോയാല്‍, അത് ദോഷകരവുമാണ് എന്നത് തന്നെ കാരണം. 
റമദാനിലെ അവസാന രാത്രിയില്‍ അലി (റ) ഇങ്ങനെ പറയാറുണ്ടായിരുന്നുവത്രെ, ഈ മാസത്തില്‍ കര്‍മ്മങ്ങള്‍ ചെയ്തവരില്‍ ആരുടേതൊക്കെയാണ് സ്വീകരിക്കപ്പെട്ടത് അറിയാനായിരുന്നെങ്കില്‍, നമുക്ക് അവരെ കണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കാമായിരുന്നു. ആരുടേതൊക്കെയാണ് സ്വീകരിക്കപ്പെടാതെ പോയത് എന്ന് അറിഞ്ഞിരുന്നെങ്കില്‍, നമുക്ക് അവരെ കണ്ട് അസാഅ് (മരണദുഖത്തിലെ ആശ്വാസ വാക്ക്) അറിയിക്കാമായിരുന്നു.
റമദാനിലെ അവസാന നിമിഷങ്ങള്‍ വളരെ പ്രധാനമാണ്. വല്ലതും സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ ശേഷിച്ച ഏതാനും മണിക്കൂറുകളാണ് ഇനി ബാക്കിയുള്ളത്. 
ഏതൊരു പ്രവര്‍ത്തനത്തിന്റെയും ഫലം തീരുമാനിക്കപ്പെടുന്നത് അന്ത്യനിമിഷങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നതാണ് പ്രമാണം. മനുഷ്യജീവിതത്തിന്റെ ജയപരാജയങ്ങളും അങ്ങനെത്തന്നെയാണല്ലോ.
പണ്ഡിതര്‍ ഇങ്ങനെ പറയുന്നത് കാണാം, റമദാനിലെ നോമ്പിനിടയില്‍ ഏഷണി, പരദൂഷണം തുടങ്ങിയ എന്തെങ്കിലും സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ അതോടെ ആ നോമ്പ് ദ്വാരം വീണ വസ്ത്രം പോലെയാണ്. പൊറുക്കലിനെ തേടുകയാണ് അതിനുള്ള പരിഹാരം. അതോടെ, കഷ്ണം വെച്ച് ദ്വാരമടച്ച വസ്ത്രം പോലെ ആയി മാറും അത്. ആയതിനാല്‍, ദ്വാരമില്ലാത്ത വസ്ത്രവുമായി അല്ലാഹുവിനെ സമീപിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, കഷ്ണം വെച്ച് ദ്വാരമടച്ച വസ്ത്രവുമായെങ്കിലും അവനെ സമീപിക്കാന്‍ നീ ശ്രമിക്കുക.
ശേഷിച്ച മണിക്കൂറുകള്‍ ഇനി അതിനുള്ളതാണ്. അത് റമദാനിലേക്ക് മാത്രമാക്കി ചുരുക്കാതെ, ശിഷ്ട ജീവിതത്തിലും അത് നമുക്ക് കാത്ത് സൂക്ഷിക്കാം, അഥവാ, ഇനിയുള്ള ജീവിതം തന്നെ നമുക്ക് റമദാനും നോമ്പുമാക്കി മാറ്റാന്‍ ശ്രമിക്കാം. റമദാനില്‍ പാലിച്ചതെല്ലാം തുടര്‍ന്നും നമുക്ക് ജീവിതത്തിന്റെ ഭാഗമാക്കാം. അപ്പോള്‍ മാത്രമാണ്, റമദാന്‍ എന്നത് നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്ന യഥാര്‍ത്ഥ റമദാനും നോമ്പും ആവുന്നത്.
ഈ റമദാനിലെ അവസാന രാത്രിയിലെ നമ്മുടെ നവൈതു അതായിരിക്കട്ടെ, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter