25. ഇഫ്താര്‍ അഥവാ ഭക്ഷണം കൊടുക്കല്‍.. അതെന്നും ആയിക്കൂടേ..

പ്രവാചകര്‍(സ്വ)യെ പരമാവധി അനുധാവനം ചെയ്ത ഒരു സ്വഹാബി പ്രമുഖനാണ് അബ്ദുല്ലാഹിബ്നുഉമര്‍(റ).
പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക എന്നത് ഏറെ പുണ്യകരമായ കാര്യമാണ്. ഖുര്‍ആനിലും ഹദീസുകളിലും പല സ്ഥലങ്ങളിലായി ഇതിന് പ്രോല്‍സാഹിപ്പിച്ചത് കാണാം. പാവങ്ങള്‍ക്ക് ഭക്ഷണം നല്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാത്തവനെ, പ്രതിഫലനാള്‍കൊണ്ട് കളയാക്കിയവനെന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന ഹദീസും ഇതേ സന്ദേശമാണ് കൈമാറുന്നത്. 

റമദാനില്‍ ഇഫ്താറിലൂടെ നാം ചെയ്യുന്നത് ഈ അന്നദാനമാണ്. അല്ലാഹുവിന് വേണ്ടി മണിക്കൂറുകളോളം ഭക്ഷണവും പാനീയങ്ങളും വേണ്ടെന്ന് വെച്ച വിശ്വാസികളെയാണ് നാം ഇഫ്താറിലൂടെ അന്നം നല്‍കി സ്വീകരിക്കുന്നത്. എന്നാല്‍, അതോടൊപ്പം ഇത് ഏറ്റവും ശ്രേഷ്ഠമായ അന്നദാനത്തിനുള്ള പരിശീലനവും പ്രേരണയും കൂടിയാണ് എന്നും വായിക്കാവുന്നതാണ്. 

Also Read:26. ഖദ്റ്.. എല്ലാം വിധി...

ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തുകാത്തിരിക്കുന്നവര്‍ എത്രയോ ഉണ്ട്. നാം വയറ് നിറയും വരെയും അതിനപ്പുറവും തിന്ന്, എന്നിട്ടും ബാക്കിവരുന്നത് എന്ത് ചെയ്യണമെന്ന് ആലോചിക്കുന്നതിന് പകരം, നമ്മുടെ ചുറ്റുവട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കുക. എന്റെ അയല്‍പക്കങ്ങളില്‍, എന്റെ നാട്ടില്‍ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. 
അത്തരക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍, അവരെ കണ്ടെത്തി, തനിക്ക് ലഭിച്ചതിന്റെ ഒരു വിഹിതം അവര്‍ക്ക് പങ്ക് വെക്കാന്‍ സുമനസ്സ് കാണിക്കുക. 

ഒരാളുടെ ഭക്ഷണം രണ്ട് പേര്‍ക്ക് കഴിക്കാവുന്നതാണ്, രണ്ട് പേര്‍ക്കുള്ളത് മൂന്ന് പേര്‍ക്ക് കഴിക്കാവുന്നതാണ് എന്ന പ്രവാചകവചനം പറയുന്നത് ഇതാണ്. ഒരാളുടെ മുഴുവയറ് നിറയുന്നതിനേക്കാള്‍, രണ്ട് പേരുടെ അരവയറ് നിറയുന്നതാണ് ശ്രേഷ്ഠം എന്നതാണ് ഇത് നല്കുന്ന സന്ദേശം.

ഈ സന്ദേശം ഉള്‍ക്കൊള്ളാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും മനുഷ്യര്‍ തയ്യാറാകുന്ന പക്ഷം, പട്ടിണിയില്ലാത്ത ഒരു ലോകത്തിന്റെ പുനസൃഷ്ടി ക്ഷിപ്രസാധ്യമാണ്. അത്തരം ഒരു ലോകത്തെ കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ, വിശപ്പ്കൊണ്ടും ആരും ബുദ്ധിമുട്ടാത്ത... എല്ലാവര്‍ക്കും ജീവിക്കാനാവശ്യമായ ഭക്ഷണം ലഭിക്കുന്ന സുന്ദരമായ ഒരു ലോകം.. അതിന്റെ സൃഷ്ടിക്കായി നമുക്ക് പ്രവര്‍ത്തിക്കാം, അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter