കാശ്മീര്‍ ബില്‍ എന്ത് കൊണ്ട് എതിര്‍ക്കപ്പെടണം?

 സംഘ് അനുകൂലികളും  മോദിഭക്തരും ആഹ്ലാദത്തിമിര്‍പ്പിലാണ്. നോട്ട് നിരോധനത്തിലൂടെ ചരിത്രപരമായ മണ്ടത്തരം നടത്തി കപട ദേശീയത ഉത്തേജിപ്പിച്ചു  ജനങ്ങളെ വിഡ്ഢികളാക്കിയ മോദി-ഷാ സഖ്യം പുതിയ ഇന്ത്യയുടെ  പണിപ്പുരയിലാണ്.  മണ്ണിനെ പൂജിക്കുകയും മനുഷ്യനെ ആട്ടിയോടിക്കുകയും ചെയ്യുന്ന സംസ്കാരം വിഭാവനം ചെയ്യുന്ന സംഘ് പണിപ്പുരയിൽ നിന്ന് നല്ലത് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ.  

കാശ്മീരില്‍ ത്രിവര്‍ണ്ണം ഉയര്‍ന്നുവെന്നും അതോടെ കാശ്മീര്‍ പ്രശ്നം എന്നെന്നേക്കുമായി പരിഹരിച്ചുവെന്നും ഇനി ആര്‍ക്കുവേണമെങ്കിലും അവിടെപ്പോയി സ്ഥലം വാങ്ങി ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ സുഖവാസം നടത്താമെന്നും വിളിച്ചുകൂവുന്ന  ഈ വിഭാഗത്തിന്  ചരിത്രബോധമോ നീതിബോധമോ ലവലേശമില്ല. 

മുത്വലാഖ്, യുഎപിഎ, എന്‍ഐഎ, ആര്ടിഐ തുടങ്ങിയ ബില്ലുകള്‍ക്ക് ശേഷമാണ് തിടുക്കപ്പെട്ട് എല്ലാവരെയും ഇരുട്ടില്‍ നിറുത്തി കുറുക്കുവഴിയിലൂടെ കാശ്മീരിനെ വെട്ടിമുറിക്കുകയും അതിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത്. രാജ്യസഭയിലെ പ്രതിപക്ഷത്തെ സുഖമായി മെരുക്കാമെന്നു മനസ്സിലാക്കിയ മോദി-ഷാ ദ്വയം വിചാരിച്ചതിലും നേരത്തെ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നു. 
അമിത് ഷാ അമിതാഹ്ലാദത്തോടെ അവതരിപ്പിച്ച് പാസാക്കിയെടുത്ത കാശ്മീര്‍ ബില്‍ എന്ത് കൊണ്ട് എതിര്‍ക്കപ്പെടണം.

പത്ത് കാരണങ്ങള്‍ ചുവടെ.

 1.ഇന്ത്യന്‍ ദേശീയത ഒരുപാട് ഉപദേശീയതകള്‍ അടങ്ങിയതാണ്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയെന്ന ആശയത്തിന്റെയും കാശ്മീരിയ്യത്ത് സ്വത്വത്തിന്റെയും കടക്കല്‍ കത്തിവെക്കുന്ന തീരുമാനമാണിത്. 
2.1947-ൽ കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുമ്പോള്‍ മഹാരാജ ഹരിസിംഗും പണ്ഡിറ്റ് നെഹ്റുവും തമ്മിലുണ്ടാക്കിയ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടന്നത്. 
3.കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുക വഴി പ്രത്യേക അധികാരം മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള സാധാരണ അധികാരങ്ങള്‍ പോലും കാശ്മീരിന് കേവലം മിനിറ്റുകള്‍ക്കുള്ളില്‍ ‍ ഇല്ലാതായി. 
4. യഥാർത്ഥത്തിൽ കാശ്മീർ നിയമസഭയുടെ അനുമതിയോടെ മാത്രമേ ഇത്തരമൊരു നിയമനിർമാണത്തിനു സാധുതയുള്ളൂ. അത് മറികടക്കാൻ രാഷ്രപതി ഭരണത്തിൽ കഴിയുന്ന കാശ്മീരിൽ നിയമസഭയുടെ സ്ഥാനത്ത് ഇന്ത്യൻ പാർലിമെൻറ് അധികാരം പ്രയോഗച്ചാണ് ഈ തീക്കളി. 
5.കാശ്മീരില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും വിശ്വാസത്തിലെടുക്കാതെ അവരെ അറസ്റ്റ് ചെയ്തും കാശ്മീരില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ഇത് നടപ്പാക്കാമെന്ന് കരുതുന്നത് ദുരന്തമായി മാറാനാണ് സാധ്യത.
6.ഇന്ത്യന്‍ ഫെഡറലിസത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഈ തീരുമാനം. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിനു നേരെയും ഇത്തരം നീക്കങ്ങള്‍ സംഭവിക്കാം.
7.വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കം പല സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ ഭരണഘടനാപരമായ സവിശേഷ അധികാരങ്ങള്‍ ഉണ്ടായിരിക്കെ കാശ്മീരിനോട്‌ മാത്രം എന്താണിത്ര കലിപ്പ് എന്നു ചോദിച്ചാല്‍ ഉത്തരം മുത്വലാഖ് ബില്ലില്‍ ചെന്ന് നില്‍ക്കും. അതായത് മുസ്‌ലിം വിരോധം. നാഗലാൻറിനു പ്രത്യേക അധികാരങ്ങൾ നൽകുന്ന കരാറിൽ ഒപ്പിട്ടത് ഇതേ മോദി സർക്കാറാണെന്ന് ഓർക്കണം.
8.ഗൌരവമായ ചര്‍ച്ചകളോ അഭിപ്രായ സമന്വയമോ ഇല്ലാതെ ഇത്രയേറെ തിടുക്കത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ചുട്ടെടുക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും പാര്‍ലിമെന്റ് സംവിധാനത്തിനും അത് നല്‍കുന്ന സന്ദേശം ഭീതിജനകമാണ്.
9.കൈകൂപ്പുന്ന അടിമകളുടെ എണ്ണം കൂടിവരികയും, പലരും മിണ്ടാട്ടമില്ലാതെ മാളത്തിലൊളിക്കുകയും അസ്ഥിര പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ മാറിമറിയുകയും ചെയ്യുമ്പോള്‍ രാമക്ഷേത്രം നിര്‍മാണ ബില്‍, ഏക സിവില്‍ കോഡ് തുടങ്ങിയ പല ബില്ലുകളും വൈകാതെ എത്തുമെന്നോര്‍ക്കുക. 
10.ഇന്ത്യയുടെ ത്രിവര്‍ണ്ണത്തെക്കാള്‍ സംഘിന്റെ കാവിപ്പതാകയെ പൂജിക്കുന്ന ബിജെപിക്ക് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റു പ്രശ്നങ്ങളും മറച്ചുപിടിച്ച് കപടദേശീയതയുടെ ഉന്മത്തത സൃഷ്ട്ടിച്ചു അധികാരം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങളുടെ മറ്റൊരു വശം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter