നബിതങ്ങളുടെ തമാശകള്‍

<img class="alignnone size-medium wp-image-16657" data-cke-saved-src="http://www.islamonweb.net/wp-content/uploads/2013/01/1-300x182.png" src="http://www.islamonweb.net/wp-content/uploads/2013/01/1-300x182.png" alt=" width=" 300"="" height="182">

നബി(സ)തങ്ങള് തമാശയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. യുദ്ധവേളകളില് വരെ അവിടന്ന് തമാശ പറഞ്ഞതായി പ്രാമാണിക രേഖകളില് കാണാം. ഒരാളെയും ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ളതായിരുന്നു അവിടത്തെ തമാശകളെന്ന് പ്രത്യേകം മനസ്സിലാക്കണം. നബിതങ്ങളുടെ  തമാശകളെ കുറിച്ചാണ് ഈ കുറിപ്പ്. നബി തമാശ പറയാറുണ്ടായിരുന്നു

 • ഇബ്‌നുഉമര്‍(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഞാന്‍ തമാശക്കാരനാണ്. പക്ഷേ,  സത്യമേ പറയുകയുള്ളൂ (ഥബ്‌റാനി)
 • സിയാദുബ്‌നു സിബ്‌റ(റ) പറയുന്നു: ഒരു ദിവസം ഞാനും നബി(സ)യും അശ്ജഅ, ജുഹൈന എന്നീ ഗോത്രക്കാരുടെ അടുത്തുപോയി. ചിലയാളുകളോട് നബി(സ)തമാശ പറഞ്ഞു. (സുബുല്‍ 7: 176-190)
 • അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) പറയുന്നു: നബി(സ)യെക്കാള്‍ വലിയ തമാശക്കാരനെ ഞാന്‍ കണ്ടിട്ടില്ല.
 • ആഇശ(റ) പറയുന്നു: നബി(സ) തമാശ പറയാറുണ്ടായിരുന്നു. അവിടന്ന് പറഞ്ഞു: തമാശയില്‍ സത്യം മാത്രം പറയുന്ന വ്യക്തിയെ അല്ലാഹു ശിക്ഷിക്കുകയില്ല.
 • നബിതങ്ങള്‍ പറഞ്ഞു: തമാശയില്‍ ആനന്ദവും സന്തോഷവുമുണ്ട്. പക്ഷേ, അധികമായാല്‍ ചിരി നിയന്ത്രണാതീതമാവുകയും തല്‍ഫലമായി ഹൃദയം കടുത്തുപോകുകയും ചെയ്യുന്നു.

നബിയുടെ ചില തമാശകള്  

 • ചെങ്കണ്ണ് ബാധിച്ച സുഹൈബ്(റ) കാരക്ക തിന്നുന്നത് കണ്ട് നബി(സ)  ചോദിച്ചു: ചെങ്കണ്ണുണ്ടായിട്ടും നീ ഈത്തപ്പഴം തിന്നുകയാണോ? സുഹൈബ്(റ) പറഞ്ഞു: ഞാന്‍ രോഗമില്ലാത്ത ഭാഗം കൊണ്ടാണ് തിന്നുന്നത്. ഇതുകേട്ട് അവിടന്ന് ചിരിച്ചു (ഇബ്‌നുമാജ).
 • ഹസന്‍(റ)വില്‍ നിന്ന് നിവേദനം. നബി(സ) ഒരു വൃദ്ധയോട് പറഞ്ഞു: വൃദ്ധകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഇതുകേട്ട് കരയാന്‍ തുടങ്ങിയ അവരോട് തിരുനബി(സ) പറഞ്ഞു: ആ ദിവസം നിങ്ങള്‍ വൃദ്ധയായിരിക്കുകയില്ല. (തുര്‍മുദി).
 • സൈദുബ്‌നു അസ്‌ലം(റ)വില്‍ നിന്ന് നിവേദനം. ഉമ്മുഐമന്‍ എന്ന സ്ത്രീ റസൂല്‍(സ)യോട് പറഞ്ഞു: താങ്കളെ എന്റെ ഭര്‍ത്താവ് വിളിക്കുന്നു. അവിടന്ന് ചോദിച്ചു: ആരാണ് നിങ്ങളുടെ ഭര്‍ത്താവ്? കണ്ണില്‍ വെള്ളയുള്ള ആളാണോ? അല്ല-അവര്‍ മറുപടി നല്‍കി. റസൂല്‍(സ)  പറഞ്ഞു: അയാളുടെ കണ്ണില്‍ വെള്ളയുണ്ട്. അവര്‍ വീണ്ടുമത് നിഷേധിച്ചപ്പോള്‍ തിരുമേനി(സ) കാര്യം വ്യക്തമാക്കി. കണ്ണില്‍ വെള്ളയില്ലാത്ത ഒരാളുമില്ല. (കൃഷ്ണമണിയല്ലാത്ത ഭാഗമായിരുന്നു നബി(സ) ഉദ്ദേശിച്ചത്.)
 • ഒരാള്‍ റസൂല്‍(സ)യുടെ അടുത്തുവന്ന് സഞ്ചരിക്കാന്‍ വേഗത കൂടിയൊരു ഒട്ടകത്തെ ആവശ്യപ്പെട്ടു. അവിടന്ന് പറഞ്ഞു: ഞങ്ങള്‍ നിനക്ക് ഒരൊട്ടകക്കുട്ടിയെ നല്‍കാം. ആഗതന്‍ ചോദിച്ചു: റസൂലേ, ഒട്ടകക്കിടാവുമായി ഞാനെന്താണ് ചെയ്യുക? അവിടന്ന് പറഞ്ഞു: എല്ലാ ഒട്ടകവും മറ്റൊന്നിന്റെ കിടാവാണല്ലോ (ബുഖാരി, അഹ്മദ്).
 • ഖുവാതുബ്‌നു ജുബൈര്‍ ചില സ്ത്രീകളോട് കൂടെയിരിക്കുകയായിരുന്നു. ഇതുകണ്ട നബി(സ) ചോദിച്ചു: നിനക്കെന്താ ഇവരുടെ കൂടെ? ഖുവാത്: ഇവരെന്റെ ഓടിപ്പോയ ഒട്ടകത്തെ പിടിച്ചുകെട്ടും. നബി(സ)തിരിച്ചുനടന്നു. അല്‍പം കഴിഞ്ഞ് ചോദിച്ചു: നീ ആ ഒട്ടകത്തെ ഉപേക്ഷിച്ചുവോ? അയാള്‍ ലജ്ജിച്ച് തലതാഴ്ത്തി. നബി(സ)യെ കാണുമ്പോഴൊക്കെ അയാള്‍ ലജ്ജിച്ച് തല താഴത്തുമായിരുന്നു. ഇരുവരും പില്ക്കാലത്ത് മദീനയിലെത്തി. നബി(സ)ചോദിച്ചു: ആ ഒട്ടകത്തെ എന്ത് ചെയ്തു? ഖുവാത് ലജ്ജിച്ച് മൌനം പാലിച്ചു. പിന്നീട് നബി(സ)ഒരു കഴുതപ്പുറത്ത് പോകുമ്പോള്‍ വീണ്ടും ചോദിച്ചു: ആ ഒട്ടകത്തെ എന്തു ചെയ്തു? ഖുവാത് പ്രതിവചിച്ചു: വിശ്വാസിയായ ശേഷം എന്റെ ഒരൊട്ടകവും ഓടിപ്പോയിട്ടില്ല (മുഅജമുല്‍കബീര്‍, ഥബ്‌റാനി).
 • നബി(സ)ക്ക് ബിലാല്‍(റ)വിനോട് വലിയ സ്‌നേഹമായിരുന്നു. ഒരിക്കല്‍ വയറുന്തിയതായിക്കണ്ട ബിലാലി(റ)നോട് നബി(സ)തമാശരൂപത്തില് ചോദിച്ചു: നീ ഗര്‍ഭമുള്ള സ്ത്രീയെപ്പോലെയുണ്ടല്ലോ.
 • ഒരാള്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിച്ചു: നബി(സ) തമാശ പറയാറുണ്ടായിരുന്നോ? അതെ- ഇബ്‌നുഅബ്ബാസ്(റ) മറുപടി നല്‍കി. അയാള്‍: തമാശ എന്തായിരുന്നു? ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഒരുദിവസം നബി(സ) അവിടത്തെ ഭാര്യമാരിലൊരാളെ വസ്ത്രം ധരിപ്പിച്ചിട്ട് പറഞ്ഞു: നീ ഇത് ധരിക്കുക. കുതിരവാല്‍ പോലെയുള്ള തുണിക്കോന്തല്‍ മുറിച്ചുമാറ്റുക.
 • ആഇശ(റ) പറയുന്നു: നബി(സ)യും സൌദ ബിന്‍ത് സംഅയുമുള്ളപ്പോള്‍ ഞാന്‍ ഭക്ഷണം തയ്യാറാക്കി. ഭക്ഷിക്കാന്‍ പറഞ്ഞപ്പോള്‍ സൌദ തനിക്കിഷ്ടമല്ലെന്ന് പ്രതികരിച്ചു. വീണ്ടും വിസമ്മതിച്ചപ്പോള്‍ ഞാന്‍ അല്‍പം സൌദയുടെ മുഖത്ത് പുരട്ടി. ഇതുകണ്ട് നബി(സ)ക്ക് അവരോട് അനുകമ്പ തോന്നി. തദവസരം ഞാനും എന്റെ മുഖത്ത് അല്‍പം പുരട്ടി. അതുകണ്ട് നബി(സ) ചിരിച്ചു. (അബൂയഅലാ)

നബിയും അനുചരരും കൂട്ടമായിരുന്ന ഈത്തപ്പഴം കഴിക്കുന്ന സമയത്ത് ഈത്തപ്പഴത്തിന്‍റെ കുരു മൊത്തം ഒരു അനുചരന്‍റെ  മുന്നിലേക്ക് നീക്കി നബി തങ്ങള്‍ തമാശ പ്രവര്‍ത്തിച്ചത് വരെ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്.  

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter