തബര്‍റുകു ബി ന്നബി: തിരുനബിയുടെ മഹത്വം കാംക്ഷിക്കല്‍ പുണ്യമാണ്

BEE

മഹാന്‍മാരുടെ ബറകത്ത് തേടുന്നത് പുണ്യകരമാണ്. അല്ലാഹു പറയുന്നു: ''തങ്ങളുടെ നബി അവരോട് പറഞ്ഞു: നിശ്ചയമായും അദ്ദേഹത്തിന്റെ രാജാധികാരത്തിന് ലക്ഷ്യം ആ പെട്ടി നിങ്ങള്‍ക്ക് വന്നുകിട്ടുമെന്നുള്ളതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സമാധാനവും മൂസായും ഹാറൂനും വിട്ടുപോയ അവശിഷ്ടങ്ങളുമുണ്ട്. അതിനെ മലക്കുകള്‍ ചുമന്നുകൊണ്ടുവരുന്നതാണ്. വിശ്വാസികളാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്കതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.'' (ബഖറ 248). ഇസ്രാഈല്യരുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ളതാണ് ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട പെട്ടി. ഏറ്റവും ആദരവോടും ബഹുമാനത്തോടും കൂടിയായിരുന്നു മൂസ(അ)യുടെയും ഹാറൂന്‍ (അ)ന്റെയും തിരുശേഷിപ്പുകള്‍ അടക്കംചെയ്യപ്പെട്ട പെട്ടി അവര്‍ സൂക്ഷിച്ചുവന്നിരുന്നത്.

യുദ്ധവിജയത്തിനും രോഗശമനത്തിനും മറ്റുമായി ഇസ്രാഈല്യര്‍ അതിന്റെ ബറകത്ത് തേടുമായിരുന്നു. ''ചുറ്റുഭാഗത്തും നാം അനുഗ്രഹം ചെയ്ത അല്‍മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് പരിശുദ്ധ പള്ളിയില്‍ നിന്ന് തന്റെ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് കാണിച്ചുകൊടുക്കുവാനായി രാത്രിയുടെ ചുരുക്കം സമയത്തു സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധര്‍'' (ഇസ്രാഈല്‍-1). ഇവിടുത്തെ അനുഗ്രഹത്തിനു കാരണം പ്രവാചകന്‍മാരുടെ നിറസാന്നിധ്യമാണെന്ന് പറയാത്ത ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്ല. അതുകൊണ്ട് അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും ബറകത്തുണ്ടെന്നത് തീര്‍ച്ചയാണ്. തവസ്സുല്‍ തന്നെയാണ് ബറകത്ത് തേടല്‍. ആരില്‍നിന്നാണോ ബറകത്ത് എടുക്കുന്നത് അവരുടെ അനുഗ്രഹം കൊണ്ട് അല്ലാഹുവിനോട് അടുക്കണമെന്നാണ് ബറകത്തെടുക്കുന്ന ഓരോരുത്തരും കരുതുന്നത്. ഇതു മനസ്സിലാക്കിയിരുന്ന തിരു സഹാബത്ത് പരിശുദ്ധ പ്രവാചകരില്‍ നിന്ന് പല രൂപത്തിലും ബറകത്തെടുക്കാറുണ്ടായിരുന്നു. പ്രധാനപ്പെട്ട ചിലതു മാത്രം ഇവിടെ രേഖപ്പെടുത്തുന്നു.

ഖാലിദ്(റ)വിന്റെ പടത്തൊപ്പി യര്‍മൂഖ് യുദ്ധത്തില്‍ നഷടപ്പെട്ടു. തിരിച്ചു ലഭിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ പരിശുദ്ധ പ്രവാചകര്‍ ഉംറ നിര്‍വഹിച്ചു അവിടന്ന് തന്റെ തല മുണ്ഡനം ചെയ്തു. ആളുകള്‍ തങ്ങളുടെ മുടിക്ക് വേണ്ടി തിക്കുംതിരക്കും കൂട്ടി. എനിക്കും ലഭിച്ചു ഒന്ന്. അത് ഞാനീ തൊപ്പിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഇത് കൂടെയുണ്ടായ ഒരു യുദ്ധത്തിലും ഞാന്‍ പരാജയപ്പെട്ടിട്ടില്ല (ത്വബ്‌റാനി). അബൂ ഉസൈദി(റ)ന്റെ ഉടമസ്ഥതയില്‍ മദീനയിലുണ്ടായിരുന്ന ഒരു കിണറ്റിലേക്ക് പ്രവാചകര്‍ തുപ്പി. അദ്ദേഹം അതില്‍ നിന്ന് കുടിക്കുകയും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു (ത്വബ്‌റാനി). വിദേശിയായിരുന്ന ഉര്‍വ സ്വഹാബികളെ നേരിട്ടു കണ്ട് അനുഭവം വിശദീകരിക്കുന്നു: മുഹമ്മദ്(സ) മൂക്ക് ചീറ്റിയാല്‍ തിരു അവശിഷ്ടം അനുയായികളുടെ കൈകളില്ലല്ലാതെ പതിക്കുമായിരുന്നില്ല. അതവര്‍ തങ്ങളുടെ മുഖത്തും ദേഹത്തും പുരട്ടി നിര്‍വൃതരായിരുന്നു. അവിടന്ന് വുളൂഅ് ചെയ്താല്‍ അംഗങ്ങളില്‍ നിന്ന് തെറിച്ചുവീഴുന്ന വെള്ളത്തിനു വേണ്ടി സ്വഹാബത്ത് തര്‍ക്കം കൂട്ടും. (ബുഖാരി, ഫത്ഹുല്‍ ബാരി 5/330). മഹാന്‍മാരുടെ തിരുശേഷിപ്പുകളില്‍ നിന്ന് ബറകത്ത് നേടുന്നത് പുണ്യകരമാണെന്ന് മേല്‍ സംഭവത്തിന് ഹാഫിള് ഇബ്‌നു ഹജ്ര്‍(റ) അടിക്കുറിപ്പു നല്‍കുന്നു.

ഥല്‍ഖുബിന്‍ അലി(റ) പറയുന്നു: ''ഞങ്ങള്‍ ഒരു സംഘമാളുകള്‍ പ്രവാചകരെ കണ്ട് ഇസ്‌ലാമാവാനുള്ള സന്നദ്ധത കാണിച്ചു. ഒരു പാത്രത്തില്‍ നിന്ന് വുളൂഅ് ചെയ്ത് ബാക്കിയുള്ള വെള്ളം തന്ന് അവിടന്ന് നിര്‍ദ്ദേശിച്ചു: നിങ്ങള്‍ പോവുക. നിങ്ങളുടെ ദേവാലയങ്ങള്‍ പൊളിച്ച് അവിടെ ഈ വെള്ളം തെളിച്ച് പള്ളികള്‍ ഉണ്ടാക്കുക (മിശ്കാത്ത് 716). ഉസ്മാന്‍ ബിന്‍ അബ്ദില്ല(റ) പറയുന്നു: ഒരു വെള്ളപ്പാത്രവുമായി കുടുംബം എന്നെ ഉമ്മുസലമ(റ)യുടെ സമീപം പറഞ്ഞയച്ചു. അവര്‍ പ്രവാചകരുടെ മുടികളുള്ള ഒരു ലോഹപ്പാത്രം കൊണ്ടുവന്ന് എനിക്ക് വെള്ളമൊഴിച്ചു തന്നു (ബുഖാരി 10/353). ബദ്‌റുദ്ദീന്‍ ഐനി(റ) പറയുന്നു: അസുഖമുണ്ടാവുമ്പോള്‍ ജനങ്ങള്‍ അതില്‍ നിന്ന് കുടിച്ച് ബറകത്ത് നേടുമായിരുന്നു. ഉസ്മാന്‍(റ) കൊണ്ടുപോയ വെള്ളം ഒരു വെള്ളിപാത്രത്തില്‍ സൂക്ഷിച്ചു. രോഗം ഭേദമായപ്പോള്‍ ഉമ്മുസലമ(റ)ക്ക് തന്നെ തിരിച്ചു നല്‍കി (ഉംദത്തുല്‍ ഖാരി 18/79). അനസില്‍ നിന്ന് നിവേദനം: ഹജ്ജുവേളയില്‍ തന്റെ മുടി ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ പ്രവാചകന്‍ കല്‍പിച്ചു (മുസ്‌ലിം). അബൂബക്ര്‍(റ) പറയുന്നത് ഇപ്രകാരമാണ്: വലതു വശത്തേക്ക് കൈകാണിച്ച് അവിടന്ന് ക്ഷുരകനോട് പറഞ്ഞു: ഇത് ഇവര്‍ക്ക് വിതരണം ചെയ്യുക. അതു കഴിഞ്ഞപ്പോള്‍ ഇടതു ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞു: ഇവര്‍ക്കും വിതരണം ചെയ്യുക. ഇതേ സംഭവം തുര്‍മുദിയിലും കാണാം. ഇബ്‌നു സീരീന്‍ (റ) പറയുന്നു: പ്രസ്തുത ഹദീസ് ഉദ്ധരിച്ചു കൊണ്ട് ഉബൈദത്തു സല്‍മാനി (റ) പറഞ്ഞു: ലോകത്തെ സര്‍വ്വവസ്തുക്കളെക്കാളും എനിക്ക് പ്രിയം പ്രവാചകരുടെ ഒരു മുടിയാണ് (അഹ്മദ്, ഉംറത്തുല്‍ ഖാരി 8/230).

അനസ്(റ) പറയുന്നു: പ്രവാചകര്‍ ഉമ്മുസുലൈമി (റ)ന്റെ വീട്ടില്‍ വന്നുറങ്ങുമായിരുന്നു. അങ്ങനെ അവിടന്ന് വിയര്‍ത്തപ്പോള്‍ മഹതി പ്രവാചകരുടെ വിയര്‍പ്പു കണങ്ങള്‍ ഒരു കുപ്പിയില്‍ ശേഖരിച്ചുവെച്ചു (ബുഖാരി). ഇസ്ഹാഖ്(റ) പറയുന്നു: ഞെട്ടിയുണര്‍ന്ന പ്രവാചകര്‍ ചോദിച്ചു: എന്താണ് നീ ചെയ്യുന്നത്? ഉമ്മുസുലൈം(റ): ഞാനിതു കൊണ്ട് കുട്ടികള്‍ക്ക് ബറകത്ത് ആഗ്രഹിക്കുന്നു. നീ ചെയ്തത് വളരെ ശരിയാണെന്ന് പറഞ്ഞ് അവിടന്ന് ഉമ്മുസുലൈമി(റ)നെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. (ഫത്ഹുല്‍ബാരി 11/72). അനുയായികളുടെ കൂട്ടത്തിലെ സാഹിറിനെ പ്രവാചകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ അങ്ങാടിയിലേക്ക് പോവുമ്പോള്‍ അവിടന്ന് പതുങ്ങി ചെന്ന് സാഹിറിന്റെ കണ്ണുപൊത്തി. അവര്‍ പറയുന്നു: പ്രവാചകരാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ബറകത്ത് ആഗ്രഹിച്ച് അവിടത്തെ നെഞ്ചോട് ഉരുമ്മി നിന്നു (അല്‍മവാഹിബുല്ലദുന്നിയ്യ 1/297). മറ്റൊരിക്കല്‍ പ്രവാചകര്‍ ഒരാളെ അടിച്ചു. അദ്ദേഹം അവിടത്തോട് പ്രതികാരം തേടി. അവസാനം പരാതിക്കാരന്‍ പ്രവാചകരുടെ വയറ്റത്ത് ഉമ്മവെച്ചു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇതുകാരണം അന്ത്യനാളില്‍ എനിക്ക് ശമനം ലഭിക്കാന്‍ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സമാനാര്‍ത്ഥത്തിലുള്ള ഹദീസ് ഇമാം ബഗ്‌വി(റ) ഉദ്ധരിച്ചിട്ടുണ്ട്.

അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പ്രവാചകരുടെ കൊമ്പുവെച്ച് വലിച്ചെടുത്ത രക്തം കുടിച്ച സംഭവം പ്രസിദ്ധമാണ്. മരിക്കുന്നതുവരെ ഇബ്‌നു സുബൈറി (റ)നുണ്ടായിരുന്ന ആരോഗ്യത്തിനു പിന്നില്‍ പ്രവാചകരുടെ പ്രസ്തുത രക്തമായിരുന്നു. അന്ത്യംവരെ അതിന്റെ സുഖം മഹാനവര്‍കളുടെ വായയില്‍ അവശേഷിച്ചിരുന്നതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാം (മവാഹിബ്, ഖസ്ത്തല്ലാനി). ഥബ്‌റാനി ഉദ്ദരിക്കുന്നു: സ്വഫീന(റ) പറയുന്നു: തിരുമേനി(റ) കൊമ്പുവെച്ച രക്തം തന്ന് എന്നോട് പറഞ്ഞു: ഇത് മനുഷ്യനോ പക്ഷികള്‍ക്കോ മൃഗങ്ങള്‍ക്കോ പ്രാപിക്കാത്ത വിധം കഴിച്ചുമൂടുക. സ്വഫീന പ്രവാചകരുടെ കണ്ണില്‍ നിന്നു മാഞ്ഞ് അവിടത്തെ തിരുരക്തം അകത്താക്കി. വിവരം പറഞ്ഞപ്പോള്‍ അവിടന്ന് ചിരിക്കുകയും ചെയ്തു. ഉഹ്ദില്‍ മുഖത്ത് മുറിവേറ്റപ്പോള്‍, മാലിക്ബ്‌നു സിനാന്‍(റ) അവിടത്തെ രക്തം കുടിക്കുകയുണ്ടായി. പ്രവാചകര്‍ പറയുമായിരുന്നു. സ്വര്‍ഗ്ഗസ്തനായ ഒരാളെ കാണണമെന്ന് കൊതിക്കുന്നവര്‍ ഇദ്ദേഹത്തെ കണ്ടുകൊള്ളട്ടെ. അദ്ദേഹം ഉഹ്ദ് യുദ്ധത്തില്‍ തന്നെ രക്തസാക്ഷ്യം വഹിക്കുകയുണ്ടായി (തബ്‌റാനി).

പ്രവാചകര്‍ മൂത്രമൊഴിച്ചിരുന്ന പാത്രം ഉമ്മുഹബീബ (റ) തന്റെ കട്ടിലിനു താഴെ സൂക്ഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ പാത്രം ശൂന്യമായിരിക്കുന്നു. ഭൃത്യയായ ബറകയോട് കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞാനത് കുടിച്ചിരിക്കുന്നു. അതിനു ശേഷം മഹതിക്കു മരണം വരെ യാതൊരു അസുഖവും ഉണ്ടായിട്ടില്ല. ഹദീസിന്റെ ചുരുക്കരൂപം അബൂദാവൂദ്, നസാഈ, ഇമാം സുയൂഥിയും (ശര്‍ഹുസുയൂഥി അലന്നസാഈ) ഉദ്ധരിച്ചിട്ടുണ്ട്. ഉമ്മഐമനി (റ)ല്‍ നിന്ന് നിവേദനം: ഒരു രാത്രി തിരുമേനി(റ) വീട്ടിനു പുറത്തുപോയി ഒരു പാത്രത്തില്‍ മൂത്രമൊഴിച്ചു. കുറച്ച് കഴിഞ്ഞ് ഞാന്‍ ഉറക്കമുണര്‍ന്നു. എനിക്ക് കടുത്ത ദാഹമുണ്ട്. പ്രവാചകരുടെ മൂത്രമാണെന്നറിയാതെ ഞാനതെടുത്ത് കുടിച്ചു. പിറ്റേന്ന് വിവരമറിഞ്ഞപ്പോള്‍ അണപ്പല്ല് കാണുവോളം വെളുക്കെ ചിരിച്ച് പ്രവാചകര്‍ പ്രതികരിച്ചു: അല്ലാഹുവാണ്, നിനക്ക് ഒരിക്കലും വയറു വേദനിക്കുകയില്ല. (ത്വബ്‌റാനി, അബൂനുഐം, ദാറുഖുത്വ്‌നി, ഹാകിം). ഇത്തരം നിരവധി ഹദീസുകളുടെ അടിസ്ഥാനത്തില്‍ പ്രവാചകരുടെ മൂത്രം, കാഷ്ടം മറ്റു അവശിഷ്ടങ്ങളൊന്നും നജസല്ലെന്നാണ് പണ്ഡിതമതം.

(റാഇത്തുത്വാലിബീന്‍, ബാബുഖസാഇസ്സ്വിന്നബി, ശറഹുല്‍ മുഹദ്ദബ്), അനസില്‍ നിന്നു നിവേദനം: പ്രവാചകര്‍ ഉമ്മുസുലൈമി (റ)ന്റെ വീട്ടിലേക്ക് കടന്നുവന്നു. അവിടെ തൂക്കിയിട്ട ഒരു വെള്ളപ്പാത്രമുണ്ട്. തിരുമേനി അതില്‍ നിന്നും വെള്ളം കുടിച്ചു. ഉമ്മുസുലൈം(റ) പ്രസ്തുതഭാഗം മുറിച്ചെടുത്തു. അനസ്(റ) പറയുന്നു: ഇന്നും അത് ഞങ്ങളുടെ കൈവശമുണ്ട് (അഹ്മദ്). ബറകത്തിനു വേണ്ടി സൂക്ഷിച്ചുവെച്ചുവെന്ന് സാരം. അബ്ദുല്ലാഹിബ് ഉമര്‍(റ) പള്ളിയിലെ പ്രവാചകര്‍ നമസ്‌കരിച്ച അതേ സ്ഥലത്തു തന്നെ നിസ്‌കരിക്കുമായിരുന്നു (ബുഖാരി). പ്രവാചകരുടെ കൈ ചുംബിച്ച് അനുഗ്രഹം വാങ്ങിയതിന് കൈയും കണക്കുമില്ല. യഹ്‌യബിന്‍ ഹാരിസ് പറയുന്നു: വാഇല ബിന്‍ അസ്ഖനെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു: നിങ്ങളീ കൈകൊണ്ട് പ്രവാചകരോട് ബൈഅത്ത് ചെയ്തിട്ടുണ്ടോ? വാഇല: അതെ. യഹ്‌യ: എന്നാല്‍ ആ കൈകളിങ്ങു തരൂ. അദ്ദേഹം വാഇല(റ)യുടെ കൈ ചുംബിക്കുകയുണ്ടായി. പ്രവാചകരോട് അടുത്തവരും അകന്നവരുമായി നിരവധി സ്വഹാബികള്‍ ബറകത്തിനു വേണ്ടി അവിടത്തെ കരം ഗ്രഹിക്കുകയും ചുംബിക്കുകയും ചെയ്തതായി നിരവധി ചരിത്ര ഹദീസ് ഗ്രന്ഥങ്ങളില്‍ വായിക്കാനാവും.

അസ്മാഅ് ബിന്‍തു അബീബക്‌റ് (റ) ഒരു ജുബ്ബയുമായി കടന്നുപോവുകയാണ്. അവര്‍ പറഞ്ഞു: ഇത് ആഇശ(റ)യുടെ പക്കലുണ്ടായിരുന്ന പ്രവാചകരുടെ ജുബ്ബയാണ്. ഞങ്ങളിത് നനച്ച് അതുകൊണ്ട് രോഗികള്‍ക്ക് ശമനം തേടും. (മുസ്‌ലിം -കിതാബുല്ലിബാസ്). സ്വഫിയ്യ ബിന്‍തു മുജ്‌സഅയില്‍ നിന്ന്: അബൂമഹ്ദൂറ(റ) തന്റെ തലയുടെ മുന്‍ഭാഗത്തു മാത്രം അല്‍പം മുടി വെട്ടാതെ വെച്ചിട്ടുണ്ട്. നിങ്ങളിത് മുറിക്കുന്നില്ലേ, ആളുകള്‍ ചോദിച്ചു. അബൂമഹ്ദൂറ: പ്രവാചകര്‍ തങ്ങളുടെ കൈകൊണ്ട് ഇതിനു മേലെ തടവിയിട്ടുണ്ട്. മരണം വരെ ഞാനിതു മുറിക്കാന്‍ ഉദ്ദേശിക്കുന്നില്ല. (ഥബ്‌റാനി, മജ്മഉസ്സവാഇദ് 5/165) സമാനമായ ഹദീസുകള്‍ ദാറഖുത്‌നി, അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍, നസാഈ തുടങ്ങിയവരും ഉദ്ധരിച്ചിട്ടുണ്ട്. അബൂബുര്‍ദ(റ) പറയുന്നു: മദീനയില്‍ പോയി ഞാന്‍ അബ്ദുല്ലാഹിബ്‌നു സലമിനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വീട്ടില്‍ പോരുക. പ്രവാചകര്‍ കുടിച്ച പാത്രത്തില്‍ നിങ്ങളെ ഞാന്‍ കുടിപ്പിക്കാം. അവിടന്ന് നിസ്‌കരിച്ചിടത്ത് നിസ്‌ക്കരിക്കുകയും ചെയ്യാം. ഞാനതു പോലെ ചെയ്തു (ബുഖാരി, അല്‍ഇഅ്തി സ്വാമുബില്‍കിതാബി വസ്സുന്ന). അബൂമൂസാ(അ) രാത്രി ആദ്യം രണ്ടു റക്അത്തും പിന്നെ ഒന്നും നിസ്‌കരിച്ചു. അതില്‍ നിസാത്ത് സൂറത്തിലെ ആറു ആയത്തുകള്‍ പാരായണം ചെയ്തു. അദ്ദേഹം പറയുന്നു: പ്രവാചകര്‍ കാലു വെച്ചിടത്ത് ഞാന്‍ അത് വെക്കാതെയും അവിടന്ന് ഓതിയ ആയത്തുകള്‍ മുഴുവന്‍ പാരായണം ചെയ്യാതെയും ഞാനെന്റെ കര്‍മ്മം ചുരുക്കിയില്ല (നസാഈ 3/243). ഖാളി ഇയാള് എഴുതുന്നു: അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രവാചകരുടെ മിമ്പറില്‍ കൈ വെച്ച് മുഖം തടവുമായിരുന്നു. സ്വഹാബികള്‍ ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നു (ശിഫാ). ഇബ്‌നു ഉമര്‍, സഈദ് ബിന്‍ മുസയ്യബ്, യഹ്‌യ ബിന്‍ സഊദ് തുടങ്ങിയവര്‍ ഇപ്രകാരം ചെയ്തിരുന്നതായി ഇബ്‌നു തൈമിയ്യ കുറിക്കുന്നു (ഇഖ്തിളാഅസ്വിറാതില്‍മുസ്തഖീം 367).

മഹാനായ ഉമര്‍(റ) വഫാത്തിനു ശേഷം പ്രവാചകരുടെ ചാരത്തു കിടക്കാന്‍ ആഗ്രഹിക്കുകയും പ്രസ്തുത ആവശ്യം ആഇശ(റ) യോട് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ പ്രവാചകരുടെ ബറകത്തും അനുഗ്രഹവും കരസ്ഥമാക്കുന്നതില്‍ കവിഞ്ഞ് മറ്റൊരു ഉദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വഹാബിവര്യനായിരുന്ന മുആവിയ(റ) തന്നെ മറമാടുമ്പോള്‍ തുറന്ന ദ്വാരങ്ങളിലെല്ലാം പ്രവാചകരുടെ മുടിയും നഖവും വെക്കാന്‍ അനുയായികളോടും കുടുംബാംഗങ്ങളോടും വസ്വിയ്യത്ത് ചെയ്തിരുന്നു. ഇക്കാര്യം മഹാനായ സുയൂഥി താരീഖുല്‍ ഖുലഫാഇല്‍ ഉദ്ധരിച്ചതു കാണാം. അതുപോലെ അനസ്(റ)വും സഹചാരിയായ സാബിഉല്‍ ബുന്നാനിനോട് തന്റെ കൈവശം ഒരു കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വിയര്‍പ്പു കണങ്ങള്‍ കഫന്‍പുടവയില്‍ തെളിക്കാന്‍ വസ്വിയ്യത്തു ചെയ്തിരുന്നു. മാത്രമല്ല, ഫാത്വിമ ബിന്‍ത് അസ്വദ്, മകള്‍ സൈനബ് ബീവി അടക്കമുള്ള പലര്‍ക്കും ബറകത്തിനായി പ്രവാചകര്‍ തന്നെ കഫന്‍ പുടവ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ബിലാല്‍ (റ) ഹുസൈന്‍(റ)ന്റെ വയറ്റത്തു മുത്തി മൊഴിയുകയുണ്ടായി: പ്രവാചകര്‍ ഇവിടെ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ പിറന്നാല്‍ വായിലൂടെ ചവച്ച കാരക്ക് അവര്‍ക്കു പകര്‍ന്നു നല്‍കാറുണ്ടായിരുന്നു പ്രവാചകര്‍. മുഹമ്മദ് ബിന്‍ അബീ ബക്ര്‍(റ) ഇത്തരത്തിലൊരാളാണ്. ചുരുക്കത്തില്‍, അനുഗ്രഹവര്‍ഷമായിരുന്ന പ്രവാചകരുടെ ബറകത്തിനു വേണ്ടി അനുയായികള്‍ ബദ്ധശ്രദ്ധരായിരുന്നു. അത് തങ്ങളുടെ ആത്മിക വിജയത്തിന് എത്രത്തോളം ഉപകാരപ്പെടും എന്ന് മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ് അവരതിന് മുതിര്‍ന്നത്. അല്ലാഹു നമ്മെ ഇഹലോക വിജയികളില്‍ ഉള്‍പ്പെടുത്തുമാറാവട്ടെ.

വിവ: വി. മുഹമ്മദ് മുനീര്‍ അവ.: മഫാഹിമു യജിബു അന്‍ തുസ്വഹ്ഹഹ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter