നബിതങ്ങള്‍ പ്രോത്സാഹിപ്പിച്ച അഭ്യാസങ്ങള്‍

ഏത് മതത്തിനും രാഷ്ട്രത്തിനുമൊക്കെ ആത്മസംരക്ഷണത്തിനും പ്രതിരോധത്തിനുമായി യുദ്ധം ചെയ്യേണ്ടിവരും. പരിശുദ്ധ ഇസ്‌ലാമും അതുപോലെ യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനുവേണ്ടിയുള്ള പരിശീലനമെന്ന നിലക്ക് ചില അഭ്യാസമുറകള്‍ക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. കുതിരപ്പന്തയം, അമ്പെയ്ത്തുമത്സരം മുതലായവ അതില്‍ പെട്ടതാണ്. ന്യായമായ പോരാട്ടങ്ങള്‍ക്കുള്ളവേണ്ടിയുള്ള തയ്യാറെടുപ്പ് എന്ന നിയ്യത്തോടെയാണെങ്കില്‍ അത് സുന്നത്തുമാണ് (മഹല്ലി 4/265) അമ്പെയ്ത്ത്:

 • നബി(സ) പറയുന്നു: നിങ്ങള്‍ അമ്പെയ്ത്ത് പരിശീലിക്കുക. കാരണം അത് വിനോദങ്ങളില്‍ ഏറ്റവും ഉന്നതമാണ്. (മജ്മഉസ്സവാഇദ് 5/628).
 • നബി(സ) പറയുന്നു: ആരെങ്കിലും അമ്പെയ്ത്ത് പഠിക്കുകയും ശേഷം അതുപേക്ഷിക്കുകയും ചെയ്താല്‍ അവന്‍ എന്നോട് തെറ്റ് ചെയ്തിരിക്കുന്നു (മുസ്‌ലിം).
 • നബി(സ) അമ്പെയ്ത്തിനെ പ്രോത്സാഹിപ്പിക്കുകയും അമ്പെയ്ത്തുകാര്‍ക്കായി പ്രാര്‍ഥിക്കുയും ചെയ്തതായി ഹദീസില്‍ കാണാം.
 • നബി(സ) അമ്പെയ്ത്തുമത്സരം നടത്തുന്ന ഒരു വലിയ സംഘത്തിനടുത്തുകൂടെ നടന്നുപോയി. അവിടന്ന് പറഞ്ഞു: ഇസ്മാഈല്‍ ഗോത്രമേ, നിങ്ങള്‍ അമ്പെയ്തുകൊള്ളുക. നിങ്ങളുടെ പിതാവ് നല്ലൊരു അമ്പെയ്ത്തുകാരനായിരുന്നു. തുടര്ന്ന് നബിതങ്ങള് അവരില് ഒരുവിഭാഗത്തോടൊപ്പെ ചേര്ന്നു.  തദവസരം മറുവിഭാഗം അമ്പെയ്ത്തുമത്സരത്തില്‍ നിന്ന് പിന്‍വലിഞ്ഞു. നബി ചോദിച്ചു: നിങ്ങളെന്താണ് നിറുത്തിയത്? അവര്‍ പറഞ്ഞു: റസൂലേ, നിങ്ങള്‍ മറുവിഭാഗത്തിന്റെ കൂടെയായിരിക്കെ ഞങ്ങളെങ്ങനെ അമ്പെയ്ത്ത് നടത്തും? നബി(സ) പറഞ്ഞു: നിങ്ങള്‍ അമ്പ് എയ്യുക. ഞാന്‍ നിങ്ങളോടെല്ലാവരോടും കൂടെയാണ് (ബുഖാരി).
 • നബി(സ) അനുചരന്മാര്‍ക്ക് യുദ്ധതന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനുപുറമെ അവരുടെ സ്ഥലം നിര്‍ണയിച്ചുകൊടുത്തതായും അമ്പെയ്യേണ്ട സമയവും സന്ദര്‍വും വിവരിച്ചുകൊടുത്തതും ഹദീസുകളില്‍ വന്നിട്ടുണ്ട്.
 • ബദ്ര്‍ യുദ്ധത്തില്‍ ശത്രുക്കളോട് ഏറ്റുമുട്ടാനായി അണിനിരന്ന സമയത്ത് നബി(സ) പറഞ്ഞു: നിങ്ങള്‍ ശത്രുക്കളോടടുത്താല്‍ അമ്പെയ്തുകൊള്ളുക (ബുഖാരി).
 • നബി(സ)  പറയുന്നു: സഅ്‌ദേ, നീ അമ്പെയ്യുക. ഫിദാക അബീ വ ഉമ്മീ. (ശക്തമായ ബഹുമാനത്തിനും സമര്‍പ്പണത്തിനും ഉപയോഗിക്കുന്ന അറബിഭാഷപ്രയോഗമാണിത്) (ബുഖാരി). അലി(റ) പറയുന്നു: സഅദ്(റ)വിന് ശേഷം ഇത്തരമൊരു വാക്ക് ആരോടും പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല.

കുതിരപ്പന്തയം:

 • കുതിരപ്പന്തയം നബി(സ) യുടെ കാലത്ത് ഒരു പ്രധാനമത്സര ഇനമായിരുന്നു. പരിശീലനവും ലക്ഷ്യനിര്‍ണയവും കുതിരകളുടെ വേഗത കൂട്ടുന്നതിനുള്ള പ്രത്യേകമുറകളും നബി(സ) നത്തിയതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു.
 • നബി(സ)യുടെ സ്വന്തം ഒട്ടകം തന്നെ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
 • ഇബ്‌നുഉമര്‍(റ)വില്‍ നിന്ന് നിവേദനം: മെലിഞ്ഞ കുതിരയെ ഓടിച്ചപ്പോള്‍ ഹൈഫാഇല്‍ നിന്ന് സനിയ്യത്തുല്‍വിദാഅ വരെ ഓടുകയും തടിച്ച കുതിരയെ ഓടിച്ചപ്പോള്‍ സനിയ്യത്തുല്‍വിദാഅ് മുതല്‍ മസ്ജിദ് സുറൈഖ് വരെ ഓടുകയും ചെയ്തു (ബുഖാരി). (ഹൈഫാഇനും സനിയ്യത്തുല്‍വിദാഇനുമിടയില്‍ ആറോ ഏഴോ മൈലും സനിയ്യത്തുല്‍വിദാഅ് മുതല്‍ മസ്ജിദ് സുറൈഖ് വരെ ഏകദേശം ഒരു മൈലും ദൂരമാണുള്ളത്.)

ആയുധാഭ്യാസം:

 • ആഇശ(റ) പറയുന്നു: ഒരു പെരുന്നാള്‍ ദിവസം സുഡാന്‍ നിവാസികളായ ചിലര്‍ പരിച, കുത്തുവാള്‍ എന്നിവയുടെ ഉപയോഗം അഭ്യസിക്കുകയായിരുന്നു. നബി(സ) ചോദിച്ചു: അത് കാണാന്‍ നിനക്ക് താല്‍പര്യമുണ്ടോ? അതെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു. നബി(സ)  അവര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. അവിടന്ന് പറഞ്ഞു: ബനൂഅര്‍ഫദ ഗോത്രമേ, പിടിക്കൂ... എനിക്ക് മടുപ്പനുഭവപ്പെട്ടപ്പോള്‍ ഞാന്‍ പോകാന്‍ സമ്മതം ചോദിച്ചു. അനുമതി നല്‍കുകയും ചെയ്തു (തുര്‍മുദി, നസാഈ).
 • അബ്‌സീനിയക്കാര്‍ ആയുധപരിശീലനം നടത്തുന്നതുകണ്ട് നബി(സ)  പറഞ്ഞു: നമ്മുടെ മതത്തില്‍ വിശാലതയുണ്ടെന്ന് ജൂതന്മാര്‍ അറിയട്ടെ. (അതുകൊണ്ട് നിങ്ങള്‍ ആയുധമഭ്യസിക്കൂ). ഞാന്‍ വളരെ പവിത്രമായ ഒരു സത്യമതവുമായാണ് അയക്കപ്പെട്ടിരിക്കുന്നത് (ഫത്ഹുല്‍ബാരി).

ഗുസ്തി:

 • റുകാനതുബ്‌നു അബീയസീദ് എന്നവരോട് നബി(സ) പറഞ്ഞു: മുസ്‌ലിമാവുക. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു (റുകാന ജനങ്ങളില്‍ ശക്തനായിരുന്നു.) നബി(സ) പറഞ്ഞു: ഞാന്‍ നിന്നോട് ഗുസ്തിപിടിച്ച് വിജയിക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നത് അംഗീകരിക്കുമോ? അദ്ദേഹം സമ്മതിച്ചു. ഉടന്‍ നബി(സ) അദ്ദേഹത്തെ മറിച്ചിട്ടു. വീണ്ടും ആവശ്യമുന്നയിച്ചപ്പോള്‍ അദ്ദേഹത്തെ വീണ്ടും മറിച്ചിട്ടു. അദ്ദേഹം പറഞ്ഞു: ഇത് അത്ഭുതം തന്നെ. ഇങ്ങനെയൊരാളെ ഞാനെവിടെയും കണ്ടിട്ടില്ല. തുടര്‍ന്ന് അദ്ദേഹം മുസ്‌ലിമായി (അല്‍ഇന്‍സാനുല്‍കാമില്‍).
 • നബി(സ) മറ്റുപലരോടും ഗുസ്തിമത്സരം നടത്തിയതായും ഹദീസുകളില്‍ വന്നിട്ടുണ്ട്. യസീദുബ്‌നുറുകാന, അബുല്‍അസ്‌വദുല്‍ജുമഹീ എന്നിവര്‍ അതില്‍പെടുന്നു (അബുല്‍അസ്‌വദ് ഏറെ ശക്തനാണെന്ന് ഹല ഹദീസുകളിലും കാണുന്നുണ്ട്.) ഒരുദിവസം അദ്ദേഹം നബി(സ)യെ ഗുസ്തി നടത്താനായി ക്ഷണിച്ച് പറഞ്ഞു: നിങ്ങളെന്നെ കീഴ്‌പെടുത്തുകയാണെങ്കില്‍ ഞാന്‍ താങ്കളില്‍ വിശ്വസിക്കാം. നബി(സ) അദ്ദേഹത്തെ കീഴ്‌പെടുത്തുകയും ചെയ്തു.
 • നബി(സ) യുടെ സന്നിധിയില്‍ വെച്ച് ഹസന്‍-ഹുസൈന്‍(റ) എന്നിവര്‍ പരസ്പരം ഗുസ്തി നടത്തിയിരുന്നു.

ഒട്ടമത്സരം:

 • ഭാര്യയുമായി സന്തോഷം പങ്കുവെക്കാനായി നബി(സ) ഓട്ടമത്സരം നടത്തിയിരുന്നു.
 • ആഇശ(റ)വില്‍ നിന്ന് നിവേദനം: മഹതി നബിയോടൊത്ത് ഒരു യാത്രയിലായിരുന്നു. ആഇശബീവി(റ) പറഞ്ഞു: ഞാന്‍ നബി(സ)യുമായി ഓട്ടമത്സരം നടത്തി. അതില്‍ ഞാന്‍ വിജയിച്ചു. ഞാന്‍ തടിച്ചതിന് ശേഷം വീണ്ടും ഓട്ടമത്സരം നടത്തിയപ്പോള്‍ നബി(സ)യാണ് വിജയിച്ചത്. പിന്നീട് ചിരിച്ചുകൊണ്ടവിടന്ന് പറഞ്ഞു: ഇത് മുമ്പ് നടന്ന ആ മത്സരത്തിന് പകരമാണ്.

നീന്തല്‍:

 • ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: നബി(സ) ക്ക് ആറ് വയസ്സായപ്പോള്‍ ഉമ്മ നബി(സ)യെയും കൂട്ടി മദീനയിലുള്ള അദിയ്യുബ്‌നു നജ്ജാര്‍ കുടുംബത്തിലെ തങ്ങളുടെ അമ്മാവന്മാരെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. (അമ്മായിയായ) ഉമ്മുഐമനും കൂടെയുണ്ടായിരുന്നു. വഴിയില്‍ ദാറുന്നാബിഗയില്‍ അവര്‍ ഇറങ്ങി ഒരു മാസം താമസിച്ചിരുന്നു. പിന്നീട് നബി(സ) അവിടെ നില്‍ക്കുമ്പോള്‍ പറയാറുണ്ടായിരുന്നു: ഇവിടെയായിരുന്നു എന്റെ ഉമ്മ എന്നെയും കൂട്ടി താമസിച്ചിരുന്നത്. അദിയ്യുബ്‌നുനജ്ജാര്‍ കുടുംബത്തിന്റെ കുളത്തില്‍ നിന്നാണ് ഞാന്‍ നീന്തല്‍ പഠിച്ചത് (ഥബഖാതുബ്‌നിസഅ്ദ് 1/116).

  പക്ഷേ, ഈ ഹദീസുകള്‍ ഇന്ന് നടക്കുന്ന വെറും സ്‌പോര്‍ട്‌സിന് തെളിവാണെന്ന് തെറ്റുധരിക്കരുത്. കാര്യമില്ലാത്ത വെറും കളികളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ചതുരംഗക്കളി (ചെസ്സ്) കറാഹത്താണെന്ന് ഫത്ഹുല്‍മുഈനില്‍ വന്നതിനെ വിശദീകരിച്ച് പ്രസിദ്ധ കര്‍മശാസ്ത്രപണ്ഡിതന്‍ സയ്യിദ് അലവിയ്യുബ്‌നുഅഹ്മദ് അസ്സഖാഫ് പറയുന്നു: കാരണം, അത് നമസ്‌കാരത്തില്‍ നിന്നും ദൈവസ്മരണയില്‍ നിന്നും അശ്രദ്ധമാക്കും. എന്നുമാത്രമല്ല, പലപ്പോഴും കളിക്കുന്നവന്‍ അതില്‍ മുഴുകുന്നത് കാരണം യഥാസമയത്ത് നമസ്‌കരിക്കാന്‍ പോലും സാധിക്കാതെ വരാറുമുണ്ട്... ഈ നിയമം പരലോകഗുണത്തില്‍ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കുന്ന, ശരീരത്തിന് മേല്‍ ആധിപത്യം ചെലുത്താന്‍ മാത്രം സ്വാധീനശക്തിയുള്ള എല്ലാ കളി-വിനോദങ്ങള്‍ക്കും ബാധകമാണ് (തര്‍ശീഹ് 416). നബിതിരുമേനി ഓട്ടമത്സരം നടത്തിയിരുന്നത് സ്വന്തം ഭാര്യയായ ആഇശബീവിയെ സന്തോഷിപ്പിക്കാനും ഗുസ്തി നടത്തിയിരുന്നത് തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുവാനുമായിരുന്നു. കുതിരപ്പന്തയവും ആയുധാഭ്യാസവുമൊക്കെ ഇതുപോലെ ദീനിന്റെ സംരക്ഷണത്തിനുപയോഗപ്പെടുത്താന്‍ വേണ്ടി നടന്നതാണ്. പ്രവാചകര്‍ക്ക് മുമ്പ് വംശീയകലാപങ്ങള്‍ക്കും വര്‍ഗീയസംഘട്ടനങ്ങള്‍ക്കും മാത്രമായി ഉപയോഗിച്ചിരുന്ന അഭ്യാസമുറകളും കായികമത്സരങ്ങളും അവിടന്ന് സംസ്‌കരിച്ചെടുക്കുകയും അത് ഇസ്‌ലാമികപ്രചാരണമെന്ന പവിത്രലക്ഷ്യപ്രാപ്തിക്കുവേണ്ടി ഉപയോഗിക്കുകയുമാണ് ചെയ്തത്.

കടപ്പാട്: പ്രവാചകജീവിതം/ അസാസ് ബുക് സെല്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter