ഇസ്‌റാഉം മിഅ്‌റാജും
അല്ലാഹുവിന്റെ മാസമായി നബി(സ്വ) പ്രഖ്യാപിക്കുകയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്ത പുണ്യമാസമാണ് റജബ്. ഒരൊറ്റ രാത്രി കൊണ്ട് വാനലോകത്തെത്തി ഒട്ടനവധി സംഭവങ്ങള്‍ ദര്‍ശിച്ച് അല്ലാഹുവിന്റെ സമ്മാനം എറ്റുവാങ്ങി പരിശുദ്ധ റസൂല്‍(സ്വ) ഇസ്‌റാഅ്-മിഅ്‌റാജ് പ്രയാണം നടത്തിയതും നബിയെ ലക്ഷക്കണക്കിനു പ്രവാചകന്‍മാരുടെ ദൗത്യം ഏല്‍പിച്ചതും ഈ മാസത്തിലാണ്. ഖുര്‍ആനിലും ഹദീസിലും മറ്റു ഗ്രന്ഥങ്ങളിലുമെല്ലാം ഈ മാസത്തിന്റെ നിരവധി മഹത്ത്വങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരുപാട് പേരുകളില്‍ അറിയപ്പെടുന്ന ഈ മാസത്തെ അല്ലാഹുവിന്റെ മാസമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ശഅ്ബാനിലേക്കും റമളാനിലേക്കുമുള്ള ഒരു ചവിട്ടുപടിയാണ് റജബ് മാസം. പണ്ഡിതന്‍മാരും സൂഫിവര്യന്മാരും റജബിനെ എങ്ങനെ വിനിയോഗിച്ചു എന്നും അതിനെ എങ്ങനെ നോക്കിക്കണ്ടു എന്നും നാം പഠനവിധേയമാക്കേണ്ടതുണ്ട്.
റജബിന്റെ പേരുകളും കാരണങ്ങളും
റജബ് മാസത്തിനു വ്യത്യസ്ത പേരുകളുണ്ട്. ഓരോ നാമത്തിനും അതിന്റേതായ കാരണങ്ങളുമുണ്ട്. അറബികള്‍ കാരക്ക വീഴാതിരിക്കാന്‍ വേണ്ടി കാരക്കക്കുല പട്ടയിലേക്ക് ചേര്‍ത്തിവച്ച് ഈര്‍ക്കിളി കൊണ്ട് കെട്ടിവയ്ക്കുന്ന മാസമാണ് റജബ്. ഈ പ്രക്രിയയെ അറബികള്‍ റജബ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശഅ്ബാന്‍ മാസത്തിനു വേണ്ടി പ്രത്യേകം ഒരുങ്ങുന്ന മാസവുമാണ് റജബ്. അതുകൊണ്ട് തയ്യാറെടുപ്പ് എന്നര്‍ത്ഥത്തിലും റജബ് എന്ന പദം ഉപയോഗിക്കുന്നു. അല്ലാഹുവിന് ഇബാദത്തിനു മാത്രം ഉഴിഞ്ഞു വക്കുന്ന മലക്കുകള്‍ തസ്ബീഹും തഹ്മീദും പുകഴ്ത്തലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വളരെ ഉച്ചത്തില്‍ ചൊല്ലുന്നതുകൊണ്ടാണ് ഈ മാസത്തിനു റജബ് എന്ന് വിളിക്കുന്നത് എന്നാണ് ചില പണ്ഡിതന്‍മാര്‍ പറയുന്നത്. ആട്ടിയോടിക്കപ്പെട്ട ഇബ്‌ലീസിന് ആരെയും ശല്യപ്പെടുത്താന്‍ സാധിക്കാതെ ആട്ടിയോടിക്കപ്പെടുന്നതു കൊണ്ടാണ് റജബ് എന്ന പേര് നല്‍കപ്പെട്ടതെന്നും മറ്റുചില പണ്ഡിതന്മാര്‍ പറയുന്നു. മൂന്ന് അക്ഷരങ്ങളുള്ള ഈ മാസത്തിന്റെ ആദ്യാക്ഷരമായ ‘റ’ അല്ലാഹുവിന്റെ റഹ്മത്തിലേക്കും(കാരുണ്യം), ‘ജ’ അല്ലാഹുവിന്റെ ജൂദിലേക്കും (ഔദാര്യം), ‘ബ്’ അല്ലാഹുവിന്റെ ബിററിലേക്കും(ഗുണം ചെയ്യല്‍) വിരല്‍ചൂണ്ടുന്നു. റജബ് മാസത്തില്‍ അല്ലാഹു തന്റെ അടിമകള്‍ ശിക്ഷയില്ലാതെ അനുഗ്രഹങ്ങളും പിശുക്കില്ലാത്ത ഔദാര്യങ്ങളും കോരിക്കൊടുക്കുന്നതും ഈ പുണ്യമാസത്തിലാണ്.
അറേബ്യയിലെ പ്രമുഖ ഗോത്രമായ മുളരികള്‍ അങ്ങേയറ്റം ബഹുമാനിക്കുകയും അതിനോട് പ്രത്യേകം ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഈ മാസത്തിന് മുളര്‍ എന്നും പേരുണ്ട്. വാളുകള്‍ ഉറയിലിടുന്നതും കുന്തങ്ങള്‍ ഊരപ്പെടുന്നതുംവഴി സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് മന്‍സിലുല്‍ അസിന്നത്ത് എന്നും പേരുണ്ട്. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളോളം നീണ്ട യുദ്ധം ചെയ്ത അറബികള്‍ ആയുധങ്ങളും കുന്തങ്ങളുമൊക്കെ എടുത്തു വയ്ക്കുന്നതും ഈ മാസത്തിലാണ്. പിതാവിന്റെ ഘാതകനെ പിടികൂടാന്‍ പുറത്തിറങ്ങിയവര്‍ റജബ് മാസമായാല്‍ ഘാതകനെ കാണാത്തത് പോലെയും അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാത്തതുപോലെയും നടിക്കുന്നതുകൊണ്ടും അല്ലാഹുവിന്റെ ദേഷ്യം ഈ മാസത്തില്‍ പാടെ നിലക്കുന്നതുകൊണ്ടും ഈ മാസത്തിന് ‘ശഹറുല്ലാഹില്‍ അസമ്മ്’ എന്ന് പണ്ഡിതന്‍മാര്‍ വിളിച്ചുപോരുന്നു. മുന്‍കാല സമുദായങ്ങളെ വ്യത്യസ്ത മാസങ്ങളില്‍ അല്ലാഹു ശിക്ഷിച്ചുവെങ്കിലം റജബ് മാസത്തില്‍ ആരെയും ശിക്ഷിച്ചിട്ടില്ല എന്നാണു ചരിത്രം. നൂഹ് നബി(അ)നെയും സമുദായത്തെയും പ്രളയത്തില്‍നിന്ന് രക്ഷിച്ചതും റജബ് മാസത്തിലാണ്. മനുഷ്യരുടെ തിന്മകള്‍ക്കെതിരേ ഈ മാസം സാക്ഷി നില്‍ക്കുകയില്ല. അല്ലാഹുവിന്റെ റഹ്മത്ത് അടിമകളുടെമേല്‍ ചൊരിക്കപ്പെടുകയും അവര്‍ ഇതുവരെ കാണാത്തതും ഇന്നേവരെ ശ്രവിക്കുകപോലും ചെയ്യാത്ത ധാരാളം പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്. അക്കാരണത്താല്‍, ശഹ്‌റുള്ളാഹില്‍ അസ്വബ്ബ് എന്ന പേരിലും ഈ മാസത്തെ വിളിക്കുന്നു. റജബ് മാസത്തില്‍ മനുഷ്യര്‍ തെറ്റുകളില്‍നിന്ന് പൊതുവെ മാറിനില്‍ക്കുന്നതുകൊണ്ട് ശഹ്‌റുസ്സാബിഖ് എന്ന പേരിലും ഈ മാസം അറിയപ്പെടുന്നു. ഹജ്ജത്തുല്‍ വദാഇല്‍ നബി(സ്വ) പ്രസംഗിച്ചു: കാലം അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും 12 മാസങ്ങളുണ്ട്. അതില്‍ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ മൂന്നു മാസങ്ങളും ഒറ്റപ്പെട്ട മാസവുമാണത്. റജബ് ഇതുമൂലം ഒറ്റപ്പെട്ട മാസമെന്നര്‍ത്ഥത്തില്‍ ശഹ്‌റുല്‍ ഫര്‍ദ് എന്നും വിളിക്കപ്പെടുന്നു.”
റജബിന്റെ ശ്രേഷ്ടതകള്‍
റജബ് മാസത്തിന് ഒരുപാട് സവിശേഷതകളുണ്ട്. നബി(സ്വ) പറയുന്നു: ”റജബ് മാസം അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്. സ്വര്‍ഗത്തില്‍ റജബ് എന്ന പേരുള്ള തേനിനെക്കാള്‍ മധുരമുള്ള വെളുത്ത ഒരു പാനീയത്തിന്റെ അരുവിയുണ്ട്. റജബ് മാസത്തില്‍ ഒരു ദിവസം നോമ്പനുഷ്ഠിച്ചവന് അതില്‍നിന്നുള്ള പാനീയം നല്‍കപ്പെടും. അതു പോലെ സ്വര്‍ഗത്തില്‍ ഒരു കൊട്ടാരമുണ്ട്. അത് റജബ് മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമാണെന്നും നബി(സ്വ) അരുളിയിരിക്കുന്നു. നബി(സ്വ) റമളാന്‍ മാസത്തിലെ നോമ്പിന് ശേഷം പ്രാധാന്യം കൊടുത്തത് റജബ് മാസത്തെ നോമ്പിനായിരുന്നു.
റജബ് മാസത്തെക്കുറിച്ച് തിരുനബി(സ്വ) ഇങ്ങനെ പറയുന്നു: ”റജബ് വിത്തിടുന്നതിന്റെയും ശഅ്ബാന്‍ നനയ്ക്കുന്നതിന്റെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.” റജബ് മാസത്തില്‍ പ്രത്യേകം ഒരുങ്ങി റമളാനോടുകൂടി മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെട്ടവരായി മാറേണ്ടതുകൊണ്ടാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്. ശരീരത്തെ ശുചീകരിക്കുന്ന മാസവും റജബാണ്. റജബ് ഹൃദയത്തെ ശുദ്ധീകരിക്കാനും ആത്മാവിന്റെ ശുദ്ധിക്ക് റമളാന്‍ മാസവുമാണ് നമ്മുടെ സമുദായത്തിനു നല്‍കപ്പെട്ടത്. തനിക്കുവന്ന പാപങ്ങള്‍ക്ക് മോചനം നടത്താന്‍ റജബ് മാസവും തന്റെ ന്യൂനതകള്‍ മറച്ചുവയ്ക്കാന്‍ ശഅ്ബാന്‍ മാസവും ഹൃദയത്തെ പ്രകാശിപ്പിക്കാന്‍ റമളാന്‍ മാസവുമാണ് നമുക്ക് തയ്യാറാക്കപ്പെട്ടത്.
ഗൗസുല്‍ അഅ്‌ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറയുന്നു: ”വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമളാന്‍ വിളവെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമളാന്‍ മാസം. തൗബ ചെയ്യാനും പാപംമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ് മാസം. ശഅ്ബാന്‍ സ്‌നേഹാദരവുകള്‍ക്കും റമളാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കാനുമാണ്.” അബൂബക്കറുല്‍ വര്‍റാക്ക്(റ) ഈ മാസങ്ങളെ ഉപമിക്കുന്നത് ഇങ്ങനെയാണ.് ”റജബ് കാറ്റിനെപ്പോലെയും ശഅ്ബാന്‍ മേഘത്തെപ്പോലെയും റമളാന്‍ മഴയെപ്പോലെയുമാണ്.” അല്ലാഹു തആല തന്റെ അടിമകള്‍ക്ക് അവര്‍ ചെയ്യുന്ന നന്‍മകള്‍ക്ക് എല്ലാ മാസവും പത്തിരട്ടി പ്രതിഫലമാണ് നല്‍കപ്പെടുക. അത് റജബ് മാസത്തില്‍ 70 ഇരട്ടിയായും ശഅ്ബാനില്‍ 700 ഇരട്ടിയായും റമളാനില്‍ 7000 ഇരട്ടിയായും കൂലി വര്‍ധനയുണ്ടാകും. പ്രതിഫലത്തിന്റെ മഹാ പേമാരി തന്നെയാണ് റജബ് മാസത്തില്‍. റജബിന്റെ മഹിമ മനസ്സിലാക്കാന്‍ നമുക്ക് ഒരൊറ്റ ഹദീസ് മതി. നബി (സ) പറയുന്നു: ആരെങ്കിലും റജബില്‍ നിന്ന് ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ച കൂലിയാണ് അവനെത്തേടിയെത്തുന്നത്. ആരെങ്കിലും റജബില്‍ നിന്ന് ഏഴു ദിവസം നോമ്പനുഷ്ഠിച്ചാല്‍ നരകത്തില്‍ ഏഴു കവാടങ്ങള്‍ അവനിക്ക് അടക്കപ്പെടും. ആരെങ്കിലും റജബില്‍ നിന്ന് ഏഴു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ നിന്നും എട്ടു കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും.
പരിശുദ്ധ പ്രവാചകന്‍ നൂഹ് നബി(അ) തന്റെ സമുദായത്തോടൊപ്പം കപ്പലില്‍ കയറിയപ്പോള്‍ നോമ്പനുഷ്ഠിച്ചായിരുന്നു യാത്ര ചെയ്തത്. നോമ്പനുഷ്ഠിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക കൊട്ടാരമുണ്ടെന്ന കാര്യം ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്. ഇങ്ങനെ നിരവധിയനവധി മഹത്വങ്ങള്‍ കൊണ്ട് അനുഗൃഹീതമായ മാസമാണ് റജബ്.
പ്രാര്‍ത്ഥനയും വ്രതവും
മഹാനായ ശൈഖ് ജീലാനി(റ) തന്റെ പ്രശസ്തമായ ഗുന്‍യത്ത് എന്ന കിതാബില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”റജബിന്റെ ആദ്യരാത്രിയില്‍ നിസ്‌കാരശേഷം പ്രത്യേക പ്രാര്‍ത്ഥനയും മറ്റും സുന്നത്താണ്.” അല്ലാഹുവിന്റെ മാസമായ റജബിന്റെ ആദ്യത്തിലുള്ള പ്രാര്‍ത്ഥന പ്രത്യേക സ്വീകാര്യവുമായിരിക്കും. ഇസ്‌ലാമിക ഖിലാഫത്തിന്റെ നാലാമത്തെ ഖലീഫ അലി(റ) റജബ് ആദ്യരാത്രിയെയും രണ്ടു പെരുന്നാള്‍ രാത്രികളെയും ശഅ്ബാന്‍ പകുതിയിലെ രാത്രിയും പ്രത്യേകം ഇബാദത്തിനായും പ്രാര്‍ത്ഥനകള്‍ക്കായും ഉഴിഞ്ഞുവച്ചിരുന്നു എന്ന് ചരിത്രത്താളുകളില്‍ കാണാം. റജബിലെ ആദ്യരാത്രി ചൊല്ലാനായി പ്രത്യേകം ദുആകളും ദിക്‌റുകളും ഹദീസില്‍ വന്നിട്ടുണ്ട്.
റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് 27ലെ നോമ്പ്. ഈ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് 60 മാസം നോമ്പനുഷ്ഠിച്ചു കൂലിയുണ്ട് എന്ന് ഹദീസുകളില്‍ കാണാം. ഹസനുല്‍ ബസ്വരി(റ) പറയുന്നു: ”അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) റജബ് 27 ആയാല്‍ രാവിലെ ഇഅ്തികാഫിരിക്കുകയും ശേഷം ളുഹ്ര്‍ നിസ്‌കരിക്കുകയും അതിനു ശേഷം നാലു റക്അത്ത് നിസ്‌കാരവുമായിരുന്നു പതിവ്. അതില്‍ ഓരോ റക്അത്തിലും അല്‍ഹംദുലില്ലാഹ് ഒരു പ്രാവിശ്യവും മുഅവ്വിദത്തൈനിയും സൂറത്തുല്‍ ഖദ്ര്‍ മൂന്നു തവണയും സൂറത്തുല്‍ ഇഖ്‌ലാസ് 50 തവണയും ഓതിയിരുന്നു. ശേഷം അസ്വര്‍ വരെ ദുആയില്‍ മുഴുകുമായിരുന്നു. ഇപ്രകാരം നബി(സ്വ) ചെയ്യുമായിരുന്നു എന്നും ഇബ്‌നു അബ്ബാസ്(റ) കൂട്ടിച്ചേര്‍ത്തു. നബി(സ്വ) പറയുന്നു: റജബില്‍ ഒരു രാത്രിയും പകലുമുണ്ട്. ആരെങ്കിലും നോമ്പുനോറ്റ് എണീറ്റ് നിസ്‌കരിച്ചാല്‍ 100 വര്‍ഷം നോമ്പു നോറ്റ് നിസ്‌കരിച്ച കൂലി അവനുണ്ടാകും.” നബി(സ്വ) അയക്കപ്പെട്ടത് റജബ് മാസത്തിലാണ് എന്നും ഒരു കൂട്ടം പണ്ഡിതര്‍ പ്രതിപാദിക്കുന്നു.
റജബിലെ വിധികള്‍
റജബ് മാസത്തില്‍ അറബികള്‍ക്കിടയില്‍ പ്രത്യേകം നടന്നു വന്നിരുന്ന ഒരാചാരമാണ് അതീറ. മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ശൈലിയണ് അതീറ. ‘ലാ ഫര്‍അ വലാ അതീറ’ എന്ന പ്രഖ്യാപനത്തിലൂടെ നബി(സ്വ) അതിനെ എതിര്‍ത്തിരുന്നുവെങ്കിലും ‘ഇഷ്ടമുള്ളവര്‍ അതീറ നടത്തട്ടെ’ എന്ന വചത്തിലൂടെ കുറെ പണ്ഡിതന്മാര്‍ അത് സുന്നത്താക്കിയിരിക്കുന്നു നബി(സ്വ) എന്ന് പറയുന്നു. റജബ് മാസത്തെ ഒരാഘോഷമാക്കി മാറ്റാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. രണ്ടു പെരുന്നാളുകളിലും മറ്റുമായി ദീന് ആഘോഷമാക്കിയ ദിവസങ്ങളിലല്ലാതെ ആഘോഷത്തെ നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. റജബ് മുഴുവനായി നോമ്പനുഷ്ഠിക്കാന്‍ നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. റജബ് മാസത്തില്‍ ഒരു പ്രത്യേക നിസ്‌കാരവും സുന്നത്തില്ല. റജബിലെ ആദ്യ വെള്ളിയാഴ്ചയില്‍ രാവിലെ നിസ്‌കരിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഹിജ്‌റ 400ന് ശേഷമാണ് ഇതു വന്നതുതന്നെ. മുന്‍കാല പണ്ഡിതന്‍മാര്‍ ആരും തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റജബ് മാസത്തിനു പ്രത്യേകം നോമ്പ് സുന്നത്തായി വന്നിട്ടില്ലെങ്കിലും റജബ് മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ കൊട്ടാരമുണ്ട് എന്ന ഹദീസ് വന്നിരിക്കുന്നു.
മുന്‍കാല ജനങ്ങളില്‍ റജബ് മാസത്തില്‍ സകാത്തിനെ കൊടുത്തുവീട്ടുന്ന പ്രത്യേക ശീലമുണ്ടായിരുന്നെങ്കിലും ഇതിനൊരടിസ്ഥാനവുമില്ല എന്നാണ് പ്രബലം. എന്നാലും ഉസ്മാന്‍(റ) തന്റെ ഖുത്ബയില്‍ ഈ മാസത്തില്‍ സകാത്തിനെ നല്‍കുകയും കടങ്ങള്‍ വീട്ടുകയും ചെയ്യണമെന്ന പ്രസ്താവനയും ചരിത്രത്താളുകളില്‍ നമുക്ക് കാണാം. ഇബ്‌നു ഉമര്‍ (റ) നബി(സ്വ) റജബ് മാസത്തില്‍ ഉംറ ചെയ്യാറുണ്ടായിരുന്നു എന്ന പറഞ്ഞു. ആഇശ(റ) ഇതിനെ എതിര്‍ക്കുകയുണ്ടായി. ആഇശ(റ) ഇതിനെ നിഷേധിച്ചപ്പോള്‍ നബി (സ്വ) അടുത്തുണ്ടായിരുന്നുവെങ്കിലും നബി(സ്വ) ഒന്നും മിണ്ടിയില്ല. ഉമര്‍(റ), ഇബ്‌നു ഉമര്‍(റ), ആഇശ(റ) എന്നിവരെല്ലാം റജബ് മാസത്തില്‍ ഉംറ ചെയ്തിരുന്നു. റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇസ്‌റാഅും മിഅ്‌റാജും. നബി(സ്വ) റജബില്‍ ബറക്കത്തുണ്ടാക്കാനും ശഅ്ബാനിലേക്ക് എത്തിച്ചേരാനും റമളാന്‍ സ്വാഗതമോതാന്‍ തുണയുണ്ടാകാനും പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു.
ഇസ്‌റാഉം മിഅ്‌റാജും
റജബ് മാസത്തില്‍ നടന്ന ഏറ്റവും സുപ്രധാനമായ സംഭവമാണ് ഇസ്‌റാഉം മിഅ്‌റാജും. ഹിജ്‌റയ്ക്കു മുമ്പ് അല്ലാഹുതആലാ നബി (സ്വ)യെ അനുഗ്രഹിച്ചത് ഇസറാഉം മിഅ്‌റാജും കൊണ്ടുമാണ്. നബി (സ്വ) തന്റെ ഭൗതിക ശരീരം കൊണ്ടുതന്നെയാണ് നബി(സ്വ) ഈ യാത്ര നടത്തിയതെന്നാണ് അധിക പണ്ഡിതമ്മാരും പറഞ്ഞെങ്കിലും ആഇശ(റ) ഇത് നിഷേധിക്കുന്നുണ്ട്. സൂറത്തുല്‍ ഇസ്‌റാഇന്റെ ആദ്യ ആയതുകളില്‍ വിവരിക്കുന്നത് പോലെ നബി(സ്വ) ബൈതുല്‍ മഖ്ദിസ് വരെയും അവിടുന്ന് ആകാശ ലോകത്തേക്കും യാത്രയായ് തിരിച്ച് വീണ്ടും ഈ ലോകത്തേക്കു തന്നെ തിരിച്ചുവന്നു. നബി(സ്വ) വിവരിക്കുന്നു: ”ജിബ്‌രീല്‍ (അ) ബുറാഖുമായി വന്നു. ബുറാഖ് കുതിരയെക്കാള്‍ വലുതും കഴുതയെക്കാള്‍ ചെറുതുമായ ഒരു വാഹനമാണ്. അവിടുന്ന് ബൈതുല്‍ മുഖദ്ദസില്‍ എത്തി അമ്പിയാക്കള്‍ ബന്ധിപ്പിക്കുന്ന വട്ടക്കണ്ണിയില്‍ ബുറാഖിനെ ബന്ധിച്ചു. പള്ളിയില്‍ കയറി രണ്ടു റക്അത്ത് നിസ്‌കരിച്ചു. പിന്നെ അവിടുന്ന് ജിബ്‌രീല്‍(അ) രണ്ടു പാത്രവുമായി വന്നു. ഒരു കൈയ്യില്‍ പാലും മറ്റെ കൈയില്‍ കള്ളും. നബി(സ്വ) പാലിനെ തിരഞ്ഞെടുത്തു. അവിടുന്ന് ആകാശത്തിലേക്ക് യാത്രയായി..
ഒന്നാനാകാശത്തിനടുത്തെത്തിയപ്പോള്‍ ആരാണെന്നു ചോദിക്കപ്പെട്ടു. ജിബ്‌രീല്‍(അ) പറഞ്ഞു: ”ജിബ്‌രീല്‍.” ”ആരാണ് കൂടെ” എന്ന ചോദ്യത്തിന് ”മുഹമ്മദ് നബി(സ്വ)” എന്നായിരുന്നു മറുപടി. തുടര്‍ന്ന് ആകാശം തുറക്കപ്പെടുകയും ആദം നബി(അ) നബി(സ്വ)യെ സ്വാഗതം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമത്തേതില്‍നിന്ന് യഹ്‌യാ നബി(അ)നെയും ഈസാ നബി(അ)നെയും മൂന്നാമത്തേതില്‍ യൂസുഫ് നബി(അ)നെയും നാലാമത്തേതില്‍ ഇദ്‌രീസ് നബി(അ)നെയും അഞ്ചാമത്തേതില്‍ ഹാറൂണ്‍ നബി(അ)നെയും ആറാമത്തേതില്‍ മൂസാ നബി(അ)നെയും ഏഴാമത്തേതില്‍ ഇബ്രാഹിം നബി(അ)നെയും നബി(സ്വ) കാണുകയുണ്ടായി. അവിടുന്ന് ബൈതുല്‍ മഅ്മൂര്‍ ദൃഷ്ടിയില്‍ പെടുകയും ചെയ്തു. 70000 മലക്കുകള്‍ എല്ലാ ദിവസവും അതില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രവേശിച്ചവരാരും തിരിച്ചുവരുന്നുമില്ല. തുടര്‍ന്ന് നബി(സ്വ) സിദ്‌റത്തുല്‍ മുന്‍തഹാ കാണുകയുണ്ടായി. അതിന്റെ ഇലകള്‍ ആനച്ചെവിയോളം വലിപ്പവും പഴങ്ങള്‍ ഭരണി പോലെയും തോന്നിക്കും. അവര്‍ണനീയവും അത്ഭുതകരവുമാണ് സിദ്‌റത്തുല്‍ മുന്‍തഹാ. അതിനു ശേഷം നബി(സ)ക്കും സമുദായത്തിനും അല്ലാഹുവിന്റെ സമ്മാനമായി 50 വഖ്ത് നിസ്‌കാരം നല്‍കപ്പെടുകയുണ്ടായി. സമ്മാനവുമായി മടങ്ങുന്നതിനിടെ മൂസാ നബി(അ)നെ കാണുകയും മൂസാ നബി(അ)ന്റെ നിര്‍ദേശപ്രകാരം അത് ലഘൂകരിക്കാന്‍ അല്ലാഹുവിനോട് തിരുനബി(സ്വ) കേഴുകയും ചെയ്തു. അല്ലാഹു അഞ്ചായി ചുരുക്കിക്കൊടുക്കുകയും ഓരോന്നിനും പത്തിരട്ടി കൂലി നല്‍കുകയും ചെയ്തു. നബി(സ്വ) രാവിലെ മടങ്ങിയെത്തി. അബൂജഹ്‌ലിനെ വിവരമറിയിച്ചപ്പോള്‍ അബൂജഹ്ല്‍ സംഘം കൂടി നബി(സ്വ)യെ പരിഹസിച്ചു. സിദ്ദീഖ്(റ) വിനെ ഇതിനെക്കുറിച്ചറിയിച്ചപ്പോള്‍ അദ്ദേഹം കേട്ടപാടെ വിശ്വസിക്കുകയുണ്ടായി. അതികൊണ്ടാണ് സിദ്ദീഖ് എന്ന പേരുതന്നെ വന്നത്. ഇസ്‌റഅ് മിഅ്‌റാജിന്റെ പിറ്റേ ദിവസം നബി(സ്വ) യുടെ അടുത്തേക്ക് ജിബ്‌രീല്‍ കടന്നുവരികയും നിസ്‌കാരത്തിന്റെ രൂപം നബി(സ്വ) ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. നബി (സ്വ) യുടെ ഈ അനുഗ്രഹീത രാത്രിക്ക് മുമ്പ് നബി(സ്വ) രണ്ട് റക്അത്ത് രാവിലെയും വൈകുന്നേരവും നിസ്‌കരിക്കാറായിരുന്നു പതിവ്. ഇബ്രാഹീം നബി(അ)ന്റെ ശൈലിയായിരുന്നു ഇത്. നബി(സ്വ)ക്കും സമുദായത്തിനും വളരെയധികം അനുഗ്രഹീതമായ മാസമാണ് റജബ്. ഒരുപാട് സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ് റജബ്. നബി(സ്വ) യെ മറ്റു പ്രവാചകരെപ്പോലെ രിസാലത്ത് കൊണ്ട് അനുഗ്രഹിച്ചത് റജബ് മാസത്തിലാണ്. നബി(സ്വ)ക്കും നബി(സ്വ)യുടെ സമുദായത്തിനും അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ അഞ്ചു നേരമുള്ള നിസ്‌കാരം നല്‍കപ്പെട്ടതും ഈ മാസത്തിലാണ്. മക്കയിലെ അവിശ്വാസികളുടെ കൊടിയ ശത്രുത സഹിക്കവെയ്യാതെ ഹബ്ശയിലേക്ക് ഹിജ്‌റ പോയതും റജബിലാണ്. റജബ് 27ലെ പ്രത്യേകം സുന്നത്താക്കപ്പെട്ട നോമ്പിന് നിരവധി ശ്രേഷ്ടതകളുണ്ട്. പറഞ്ഞുതീരാത്ത മഹത്വമുള്ള മഹാസാഗരമാണ് റജബ് മാസം. റജബ് മാസത്തിനായി പ്രത്യേകം ഒരുക്കപ്പെട്ട സ്വര്‍ഗ കൊട്ടാരങ്ങളും അരുവികളും മറ്റും കരസ്ഥമാക്കാനായി റജബ് മാസത്തെ വളരെയധികം ആദരിച്ചവരായിരുന്നു മുന്‍ഗാമികള്‍. റജബ് മാസത്തില്‍ തുടങ്ങിയ പ്രയത്‌നങ്ങള്‍ ശഅ്ബാന്‍ മാസത്തില്‍ വികസിപ്പിച്ച് റമളാനോടുകൂടി പൂര്‍ണ പാപമോചിതരായും സ്ഥാനമുയര്‍ന്നവരായും മാറിയവരായിരുന്നു അവര്‍. അവരുടെ മാര്‍ഗത്തില്‍ സഞ്ചരിച്ച് റജബിന്റെ മഹത്വങ്ങള്‍ നാം കൈപ്പറ്റേണ്ടതുണ്ട്.
Leave A Comment