ഹിജ്‌റ

ഇസ്‌ലാം യസ്‌രിബിലേക്ക്

ഹജ്ജ് വേളയില്‍ വിവിധ ഗോത്രക്കാരെ കണ്ട് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന സന്ദര്‍ഭം. യസ്‌രിബിലെ ഔസ്-ഖസ്‌റജ് ഗോത്രത്തില്‍നിന്നു വന്നവരെയും പ്രവാചകന്‍ കാണാനിടയായി. ഇസ്‌ലാമിന്റെ മഹത്വവും ഏകദൈവാരാധനയുടെ അനിവാര്യതയും പ്രവാചകന്‍ അവര്‍ക്ക് വിവരിച്ചുകൊടുത്തു.

മദീനയില്‍ ജൂത വിഭാഗങ്ങള്‍ക്കിടയില്‍ താമസിക്കുന്നവരായിരുന്നു അവര്‍. മക്കയുടെ ഭാഗത്തുനിന്നും ഒരു പ്രവാചകന്‍ വരാന്‍ കാലമടുത്തിരിക്കുന്നുവെന്ന് ജൂതപണ്ഡിതന്മാര്‍ പറയുന്നത് അവര്‍ കേള്‍ക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രവാചകരുടെ സത്യസന്ദേശം ഉള്‍കൊള്ളാന്‍ അവര്‍ക്കൊട്ടും വൈമനസ്യമുണ്ടായിരുന്നില്ല. ഛിന്നഭിന്നമായി കിടക്കുന്ന തങ്ങളെ ഏകീകരിക്കാന്‍ ഈ വിശ്വാസം സഹായിക്കുമെന്ന് അവര്‍ മനസ്സിലാക്കി.

അനുഷ്ഠാനങ്ങള്‍ കഴിഞ്ഞ് നാട്ടിലേക്കു തിരിച്ച സംഘം മക്കയില്‍ പുതിയൊരു പ്രവാചകന്‍ വന്നിട്ടുണ്ടെന്ന വിവരം മദീന നിവാസികളെ അറിയിച്ചു. അവര്‍ക്ക് പ്രവാചകരെ പരിചയപ്പെടുത്തിക്കൊടുക്കുകയും അവരെയെല്ലാം വിശുദ്ധ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. മദീനയില്‍ ഇസ്‌ലാമിന് വേര് ലഭിച്ചു തുടങ്ങി. പലരും ഈ ക്ഷണം സ്വീകരിച്ചു; പുതിയ മതത്തില്‍ അംഗമായി. താമസിയാതെ മദീനയിലെ ഓരോ വീട്ടിലും ഇസ്‌ലാം ചര്‍ച്ചാവിഷയമായി മാറി.

ഒന്നാം അഖബ ഉടമ്പടി
അടുത്ത വര്‍ഷം യസ്‌രിബില്‍നിന്നും പന്ത്രണ്ടുപേര്‍ ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലെത്തി. ഖസ്‌റജ് ഗോത്രത്തില്‍നിന്ന് പത്തു പേരും ഔസില്‍നിന്ന് രണ്ടു പേരും. അവര്‍ പ്രവാചകനെ സന്ദര്‍ശിക്കുകയും തങ്ങളുടെ ഇസ്‌ലാം തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇനിയൊരിക്കലും അല്ലാഹുവിന് പങ്കുകാരെ ചേര്‍ക്കുകയോ കുത്തഴിഞ്ഞ ജീവിതം നയിക്കുകയോ മോഷണം നടത്തുകയോ വ്യഭിചരിക്കുകയോ കൊല നടത്തുകയോ വ്യാജപ്രചരണങ്ങളുമായി മുന്നോട്ടുപോവുകയോ ചെയ്യുകയില്ലെന്ന് അവര്‍ പ്രവാചകനു മുമ്പില്‍ ഉടമ്പടി ചെയ്തു. പറഞ്ഞതുപോലെ ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ടെന്നും അല്ലാത്തപക്ഷം നിങ്ങളുടെ കാര്യം അല്ലാഹു തീരുമാനിക്കുമെന്നും പ്രവാചകന്‍ പ്രതികരിച്ചു. ഈ സംഭവം ചരിത്രത്തില്‍ ഒന്നാം അഖബ ഉടമ്പടിയെന്ന് വിളിക്കപ്പെടുന്നു.
യസ്‌രിബിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ ശക്തമാക്കുവാന്‍വേണ്ടി മുസ്അബ് ബിന്‍ ഉമൈര്‍ (റ) വിനെ പ്രവാചകന്‍ അവരോടൊപ്പം അയച്ചുകൊടുത്തു. അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. യസ്‌രിബില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം ഫലം കണ്ടു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ഓരോ വീട്ടിലും ആണോ പെണ്ണോ ആയി ഒരു മുസ്‌ലിമെങ്കിലുമുള്ള അവസ്ഥ വന്നു. ചില ഗോത്രങ്ങള്‍ പരിപൂര്‍ണമായും ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. സഅദ് ബിന്‍ മുആദ്, ഉസൈദ് ബിന്‍ ഹുളൈര്‍ തുടങ്ങിയവര്‍ അന്ന് ഇസ്‌ലാമാശ്ലേഷിച്ച പ്രധാനികളില്‍ ചിലരാണ്.

രണ്ടാം അഖബ ഉടമ്പടി
അടുത്ത വര്‍ഷം യസ്‌രിബില്‍നിന്നും വലിയൊരു സംഘംതന്നെ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തി. 73 പുരുഷന്മാരും രണ്ടു സ്ത്രീകളും. കൂട്ടത്തില്‍ മുസ്അബ് ബിന്‍ ഉമൈര്‍ (റ) വും ഉണ്ടായിരുന്നു. യസ്‌രിബില്‍ ഇസ്‌ലാമിന്റെ പെട്ടെന്നുള്ള പ്രചാരം പ്രവാചകരെ വളരെ സന്തോഷിപ്പിച്ചു.
ഹജ്ജ് കര്‍മം കഴിഞ്ഞപ്പോള്‍ സംഘം പ്രവാചകര്‍ക്കു മുമ്പില്‍ വന്നു. ഈ പുതിയ ചലനങ്ങള്‍ മക്കയിലെ ശത്രുക്കള്‍ മണത്തറിയാതിരിക്കാന്‍ രാത്രിയില്‍ മലഞ്ചരുവില്‍ സംഘമിക്കാമെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. അതനുസരിച്ച് രാത്രിയുടെ യാമങ്ങളില്‍ പ്രവാചകരും യസ്‌രിബ് പ്രതിനിധികളും മലഞ്ചരുവില്‍ ഒരുമിച്ചുകൂടി. പല കാര്യങ്ങളും സംസാരിച്ചു. അതിനിടെ ആഗതര്‍ യസ്‌രിബില്‍ ഇസ്‌ലാമിനെ ശക്തിപ്പെടുത്താനുള്ള വഴികള്‍ ആരായുകയും ഞങ്ങള്‍ ഇസ്‌ലാമില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച് പ്രവാചകരുമായി രണ്ടാമതൊരു ഉടമ്പടി നടത്തുകയും ചെയ്തു. ഇത് ചരിത്രത്തില്‍ രണ്ടാം അഖബ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു. പ്രവാചകന് സന്തോഷമായി. അവരുടെ എല്ലാ ആവശ്യങ്ങളും പ്രവാചകന്‍ അംഗീകരിച്ചു. ശേഷം, ഔസില്‍നിന്നും ഖസ്‌റജില്‍നിന്നുമായി പന്ത്രണ്ട് നേതാക്കന്മാരെ തെരഞ്ഞെടുക്കുകയും കാര്യങ്ങളെല്ലാം വേണ്ടപോലെ മുന്നോട്ടുകൊണ്ടുപോവാനായി അവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

പലായനത്തിനുള്ള അനുമതി
യസ്‌രിബില്‍നിന്നും പ്രതിനിധികള്‍ വന്ന് പ്രവാചകരുമായി ചര്‍ച്ച നടത്തിയതും അനന്തരം അവിടെ ഇസ്‌ലാം തഴച്ചുവളരാന്‍ തുടങ്ങിയതും ഖുറൈശികള്‍ മണത്തറിഞ്ഞു. മുസ്‌ലിംകളുടെ ഈ മുന്നേറ്റം അവര്‍ക്ക് സഹിക്കാനായില്ല. വീണ്ടും മര്‍ദ്ധനത്തിന്റെ വഴി പിന്തുടരാന്‍ ഇതവരെ പ്രേരിപ്പിച്ചു. നാടിന്റെ നാനാഭാഗത്തും വിശ്വാസികള്‍ ശക്തമായി മര്‍ദ്ധിക്കപ്പെടാന്‍ തുടങ്ങി. പീഢനം സഹിക്കവയ്യാതായപ്പോള്‍ പ്രതീക്ഷകളുടെ നാടായ മദീനയിലേക്ക് ഹിജ്‌റ പോകാന്‍ പ്രവാചകന്‍ അനുയായികള്‍ക്ക് സമ്മതം കൊടുത്തു. അതോടെ വിശ്വാസികള്‍ മദീനയിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി. ഖുറൈശികളുടെ കണ്ണില്‍നിന്നും രക്ഷപ്പെടാന്‍ ഒളിഞ്ഞും രാത്രിയുടെ മറവിലുമാണ് പലരും മക്കയോടെ വിട പറഞ്ഞത്.  ഉമര്‍ (റ) സധീരം പരസ്യമായിത്തന്നെ മദീനയിലേക്കു പുറപ്പെട്ടു. സത്യത്തിനുവേണ്ടി സ്വന്തം കൂട്ടും കുടുംബവും ഉപേക്ഷിച്ചായിരുന്നു പലരുടെയും യാത്ര. പലര്‍ക്കും വീടും സമ്പത്തുംവരെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരിത്യജിക്കേണ്ടി വന്നു. ദിവസങ്ങള്‍കൊണ്ട് എല്ലാവരും മക്കയോട് വിടപറഞ്ഞു. പ്രവാചകരും സിദ്ധീഖും അലി (റ) യും അവരുടെ കുടുംബവും മാത്രം ബാക്കിയായി. തനിക്ക് പലായനത്തിനുള്ള ദൈവാനുമതി കാത്തിരിക്കുകയായിരുന്നു പ്രവാചകന്‍. തന്റെ അടുത്ത് മക്കക്കാര്‍ നല്‍കിയ സൂക്ഷിപ്പു സ്വത്തുക്കള്‍ ഉടമസ്ഥന്മാര്‍ക്ക് തിരിച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടതായിരുന്നു അലി (റ).

ശത്രുക്കളുടെ ഗൂഢാലോചന
മുസ്‌ലിംകള്‍ മദീനയിലേക്ക് പലായനം ആരംഭിച്ച വിവരം ഖുറൈശികള്‍ അറിഞ്ഞു. ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി. പലനിലക്കും ഇത് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആ പ്രവാഹം അവസാനിപ്പിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഇതിനെതിരെ ശക്തമായൊരു നിലപാടെടുക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ദാറുന്നദ്‌വയില്‍ യോഗം ചേര്‍ന്നു. മുസ്‌ലിംകളെല്ലാവരും പുറപ്പെട്ടുപോയ സ്ഥിതിക്ക് പ്രവാചകരെ സംഘമായിച്ചെന്ന് വകവരുത്തുകയെന്നതായിരുന്നു തീരുമാനം. കൊലയാളി പിടിക്കപ്പെടാതിരിക്കാന്‍ ഓരോ ഖബീലയില്‍നിന്നും ഓരോ ധീരന്മാരെ തെരഞ്ഞെടുത്ത് പ്രവാചകരുടെ വീട് വളയാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. രാത്രിയില്‍ പ്രവാചകന്‍ പുറത്തുവരുമ്പോള്‍ വെട്ടാനായിരുന്നു പദ്ധതി. പക്ഷെ, അല്ലാഹുവിന്റെ തീരുമാനം അവരുടെ തീരുമാനത്തെ മറികടക്കുകയായിരുന്നു. നൂറോളം ആയുധ സജ്ജരായ പടയാളികള്‍ രാത്രിയുടെ യാമങ്ങളില്‍ പ്രവാചകരുടെ വീട് വളഞ്ഞു. അതിനിലെ ജിബ്‌രീല്‍ (അ) ഈ സന്ദേശം പ്രവാചകനു കൈറി. പ്രവാചകന്‍ തന്റെ വിരിപ്പില്‍ അലി (റ) വിനെ കിടത്തുകയും സൂറത്ത് യാസീനില്‍നിന്നും അല്‍പം ഉരുവിട്ടുകൊണ്ട് ഒരു പിടി മണ്ണ് വാരി ശത്രുക്കളുടെ മുഖത്തേക്കെറിയുകയും വാതില്‍ തുറന്ന് അവര്‍ക്കിടയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

പ്രവാചകരുടെ പലായനം
നേരത്തെത്തന്നെ മദീനാപലായനത്തിനുള്ള അനുമതി പ്രവാചകനു ലഭിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, സിദ്ദീഖ് (റ) വുമായി ബന്ധപ്പെട്ട് അതിനുള്ള വാഹനവും ഭക്ഷണവുമെല്ലാം സജ്ജീകരിക്കപ്പെട്ടിരുന്നു. പ്രവാചകന്‍ നേരെ പോയത് സിദ്ദീഖ് (റ) ന്റെ അടുക്കലേക്കാണ്. അവരിരുവരും വാഹനം കയറി സൗര്‍ ഗുഹയിലേക്ക് പുറപ്പെട്ടു. ശത്രുക്കളുടെ കണ്ണില്‍നിന്നും രക്ഷപ്പെടാന്‍ മൂന്നു ദിവസം അവിടെ തങ്ങി. ഇക്കാലത്ത് സിദ്ദീഖ് (റ) വിന്റെ മക്കളായ അബ്ദുല്ലായും അസ്മാഉമായിരുന്നു ഭക്ഷണവും രഹസ്യവിവരങ്ങളുമെല്ലാം അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്.
പ്രവാചകന്‍ രക്ഷപ്പെട്ടുപോയ വിവവം ശത്രുക്കള്‍ പ്രഭാതത്തിലാണ് അറിഞ്ഞത്. കലികയറിയ അവര്‍ പ്രവാചകരെ പിടികൂടാന്‍ നാടുനീളെ ഓടി. സൗര്‍ ഗുഹക്കു മുമ്പിലെത്തിയ അവര്‍ ചിലന്തി വല നെയ്തത് കണ്ട് അതിലത്ര ശ്രദ്ധിച്ചില്ല. നൂറൊട്ടകം മോഹിച്ചുകൊണ്ട് ശിരസ്സറുക്കാന്‍ സുറാഖയും പ്രവാചകരെ മദീനയിലേക്കുള്ള വഴിയില്‍ പിന്തുടര്‍ന്നു.
മൂന്നു ദിവസത്തിനു ശേഷം പ്രവാചകരും സിദ്ദീഖ് (റ) വും അബ്ദുല്ലാഹ് ബിന്‍ ഉറൈഖിഥ് എന്ന വഴികാട്ടിയുടെ സഹായത്തോടെ, ശത്രുക്കള്‍ കടന്നുവരാന്‍ തീരെ സാധ്യതയില്ലാത്ത വഴികളിലൂടെ മദീനയിലേക്ക് രക്ഷപ്പെട്ടു. ഇരുളും വെളിച്ചവും വകവെക്കാതെ 510 മൈലുകള്‍ താണ്ടി ഒടുവില്‍ അവര്‍ ഒരു റബീഉല്‍ അവ്വല്‍ പന്ത്രണ്ട് തിങ്കളാഴ്ച മദീനയിലെത്തി.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter