ഒരു റമദാന്‍ കൂടി സമാഗതമാവുമ്പോള്‍...
അസ്സലാമുഅലൈകും വറഹ്മതുല്ലാഹ്..
എല്ലാവര്‍ക്കും ആദ്യമായി ആത്മീയസമൃദ്ധമായ ഒരു റമദാന്‍ ആശംസിക്കട്ടെ.
ജീവിതത്തില്‍ ഒട്ടേറെ റമദാനുകള്‍ ലഭിച്ചവരാകും നമ്മളെല്ലാവരും. ഇനിയും ഒരു പാട് റമദാനുകള്‍ ലഭിക്കാനും അവയൊക്കെ പരമാവധി ഉപയോഗപ്പെടുത്താനും തൌഫീഖ് ഉണ്ടാവട്ടെ.ഈ വേളയില്‍ ഒരു ഹദീസ് ഓര്‍ത്തുപോവുകയാണ്, ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, യമന്‍ നിവാസികളായ രണ്ട് പേര്‍ ത്വല്‍ഹ(റ)വിന്റെ അടുത്ത് താമസമാക്കി. അതിലൊരാള്‍ പ്രാവചകര്‍(സ്വ)യുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായി. രണ്ടാമത്തെ സ്വഹാബി ഒരു വര്‍ഷം കഴിഞ്ഞ് സാധാരണപോലെ വിരിപ്പില്‍കിടന്ന് മരണം വരിക്കുകയും ചെയ്തു.രണ്ടാമത് മരണപ്പെട്ട വ്യക്തി ആദ്യം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതായി, ശേഷം ത്വല്‍ഹ(റ)വിന് സ്വപ്നദര്‍ശനമുണ്ടായി. അല്‍ഭുതം തോന്നിയ അദ്ദേഹം അക്കാര്യം പ്രവാചകരോട് പറഞ്ഞു. പ്രവാചകര്‍ ചോദിച്ചു, രണ്ടാമന്‍ ശേഷം എത്ര കാലം ജീവിച്ചു? ഒരു വര്‍ഷം എന്ന് ത്വല്‍ഹ മറുപടി പറഞ്ഞു. പ്രവാചകര്‍ പറഞ്ഞു, അദ്ദേഹം ആ കാലയളവില്‍ 1800 നിസ്കാരം നിര്‍വ്വഹിച്ചില്ലേ, ഒരു റമദാന്‍ നോമ്പെടുക്കുകയും ചെയ്തില്ലേ.
വിശുദ്ധ റമദാനിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ഇത് തന്നെ ധാരാളമാണ്. നമുക്ക് ലഭ്യമായ ഈ സൌഭാഗ്യത്തെ പരമാവധി മുതലെടുക്കുക. അല്ലാത്തപക്ഷം, എത്ര റമദാന്‍ ലഭിച്ചു എന്നത് ഗുണത്തിലേറെ ദോഷകരമായി ബാധിച്ചേക്കാം, മആദല്ലാഹ്.
റമദാന്‍ ഒരു പാഠശാലയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഒരു വിശ്വാസിയുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് പ്രായോഗികമായി പഠിപ്പിക്കുകയാണ് ഇതിലൂടെ. ഒരു മാസം നീണ്ട് നില്‍ക്കുന്ന ഒരു പരിശീലനക്കളരി എന്ന് തന്നെ പറയാം. അഥവാ, റമദാന്‍ ഒരു ലക്ഷ്യം മാത്രമല്ല, അതിലുപരി ഒരു മാര്‍ഗ്ഗം കൂടിയാണ് എന്നര്‍ത്ഥം. ശിഷ്ടജീവിതം എങ്ങനെയായിരിക്കണമെന്നാണ് റമദാന്‍ നമ്മോട് പറയുന്നത്. ഒരു മാസം നാം നേടിയെടുത്ത ഈ പരിശീലനം ശേഷമുള്ള ജീവിതത്തില്‍ പ്രകടമാവുമ്പോള്‍ മാത്രമാണ്, റമദാന്‍ ധന്യമാവുന്നത്. അല്ലാത്ത പക്ഷം, നമ്മുടെ ആരാധനാകര്‍മ്മങ്ങളിലെ കണിശതയും ജീവിതക്രമത്തില്‍ നാം ആചരിക്കുന്ന ഈ നിയന്ത്രണങ്ങളുമെല്ലാം കേവലം ഒരു റമദാന്‍ ആചാരം മാത്രമായിപ്പോവും. അഥവാ, നമ്മുടെ ഈ കര്‍മ്മങ്ങളെല്ലാം റബ്ബിന് വേണ്ടിയല്ല, മറിച്ച് റമദാനിന് വേണ്ടി മാത്രമുള്ളതാണ് എന്ന് വരും.
റമദാനിയ്യുകളാവാതെ, റബ്ബാനിയ്യുകളാവാന്‍ ശ്രമിക്കുക, അതാവട്ടെ ഈ റമദാനില്‍ നമ്മുടെ ലക്ഷ്യം.
Leave A Comment