റമദാന്‍ 29. ശിഷ്ട ജീവിതം മുഴുവന്‍ റമദാന്‍ ആക്കിയാലോ...

റമദാന്‍ ഒരു പാഠശാലയാണെന്ന് നാം നേരത്തെ പറഞ്ഞിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പരിശീലനകോഴ്സ്. ഇതിലൂടെ നാം പലതും ആര്‍ജ്ജിച്ചെടുത്തു. ജീവിതത്തില്‍ പലപ്പോഴും അനുവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്ന പലതും നാം പ്രാവര്‍ത്തികമാക്കി. നിസ്കാരങ്ങള്‍ കൃത്യസമയത്ത് തന്നെ നിര്‍വ്വഹിക്കാനായി, സുന്നത് നിസ്കാരങ്ങള്‍ നാം പതിവാക്കി, തഹജ്ജുദിന്റെ സമയത്ത് ഉണരുന്നത് പോലും നമുക്ക് ദിനചര്യയായി മാറി... ഇങ്ങനെ ഒട്ടേറെ നല്ല നല്ല മാറ്റങ്ങള്‍.. മുമ്പ് പലപ്പോഴും എത്ര ശ്രമിച്ചിട്ടും നടക്കാതെ പോയ ഒരു പിടി നല്ല പതിവുകള്‍..

മാറ്റിവെക്കാനാവില്ലെന്ന് നാം കരുതിയ പലതും നാം വേണ്ടെന്ന് വെച്ചു. നിശ്ചിത സമയം അന്നപാനീയങ്ങളില്ലാതെ നാം സ്വയം നിയന്ത്രിച്ചു.. ഒരിക്കലും താഴെ വെക്കാനാവാതിരുന്ന സിഗരറ്റ് പോലും നീണ്ട മണിക്കൂറുകള്‍ നാം സ്പര്‍ശിക്കാതെ പിടിച്ചുനിന്നു. ഓര്‍ക്കുമ്പോള്‍ നമുക്ക് തന്നെ അല്‍ഭുതം തോന്നിയേക്കാം. ഇതൊക്കെ ഞാന്‍ തന്നെയാണോ ചെയ്തത് എന്ന് സ്വയം നാം ചിന്തിച്ചേക്കാം. 
നമ്മെക്കൊണ്ട് ഇതെല്ലാം ശീലിപ്പിച്ച റമദാന്‍ ഇതാ നമ്മോട് വിട പറയുകയാണ്. കോഴ്സിന്റെ കാലാവധി കഴിഞ്ഞ് അത് യാത്ര പറയുകയാണ്. എല്ലാം നമുക്ക് ചെയ്യാനാവുമെന്ന് നമ്മെ സ്വയം ബോധ്യപ്പെടുത്തിയിട്ട്... അതിലുപരി അവയെല്ലാം നമ്മെകൊണ്ട് ചെയ്യിച്ച് ശീലിപ്പിച്ചിട്ട്... പോകുമ്പോള്‍ അത് നമ്മോട് പറയാതെ പറയുന്ന ചിലതുണ്ട്.. അത് ഇങ്ങനെയല്ലേ.. 

Also Read:റമദാന്‍ 30. എങ്കില്‍ പെരുന്നാളാണ്.. നാളെ മാത്രമല്ല.. മരണം തന്നെയും...പിന്നെ ശേഷവും...

സുഹൃത്തേ, നിനക്ക് എല്ലാം സാധിക്കുമെന്ന് മനസ്സിലായില്ലേ. ഏത് നിയന്ത്രണവും വരുത്താന്‍ നിനക്കാവുമെന്ന്... നിനക്ക് മാത്രമേ അതിന് സാധിക്കൂ എന്ന്... ഞാന്‍ എന്റെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു. ഒരു ട്രെയ്നര്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം ഞാനിതാ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി ഇവയെല്ലാം കൈവിടാതെ സൂക്ഷിക്കേണ്ടത് നീയാണ്. ഞാന്‍ കൂടെയില്ലെന്ന് കരുതി നീ ഈ നല്ല ശീലങ്ങളൊന്നും ഉപേക്ഷിക്കരുത്.. റമദാന്‍ കഴിഞ്ഞല്ലോ എന്ന് വിചാരിച്ച് ആ പഴയ ദുശ്ശീലങ്ങളെയൊന്നും നീ തിരികെ വിളിക്കരുത്.. അങ്ങനെ സംഭവിക്കുന്ന പക്ഷം, നീ കഴിഞ്ഞ 30 ദിവസം വെറുതെ കഷ്ടപ്പെട്ടു എന്ന് പറയേണ്ടിവരും. അഥവാ, നീ ചെയ്തത് നിന്റെ റബ്ബിന് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് എന്ന് മനസ്സിലാക്കപ്പെടും. അതൊരിക്കലും സംഭവിച്ചുകൂടാ.. കാരണം എനിക്ക് വേണ്ടി ചെയ്തതിന് പ്രതിഫലമായി തിരിച്ചൊന്നും തരാന്‍ എന്നെക്കൊണ്ടാവില്ല. മറിച്ച് റബ്ബിന് വേണ്ടി ചെയ്തതേ സ്വീകരിക്കപ്പെടൂ, അതിന് മാത്രമേ പ്രതിഫലമുണ്ടാവൂ. നിനക്ക് ഈ ശീലങ്ങളെല്ലാം തുരടാന്‍ സാധിക്കും, തീര്‍ച്ച. കാരണം, അവയെല്ലാം ശീലിച്ചെടുത്തത് നീ തന്നെയായിരുന്നല്ലോ. ഞാന്‍ പോയാലും ആ ശക്തനായ നീ നിന്റെ കൂടെത്തന്നെയുണ്ടല്ലോ.. അതെവിടെയും പോകുന്നില്ല. 

ആയതിനാല്‍, വരും ദിനങ്ങള്‍ നിന്റേതാകട്ടെ. മറ്റൊന്നിനും നിന്റെ ഇഛാശക്തിയെ അതിജയിക്കാനാവില്ലെന്ന് സ്വയം തീരുമാനിക്കുക. നിന്റെ ദിനങ്ങള്‍ നീ തന്നെ ജീവിക്കുക, നിന്റെ രീതികളും ചിട്ടകളും പതിവുകളും നീ തന്നെ തീരുമാനിക്കുക, വിശ്വാസിയുടെ ജീവിതം എന്നത് തന്നെ, നാഥന്‍ വരച്ച് വെച്ച ഇത്തരം ചിട്ടകളിലൂടെയും നിയന്ത്രണങ്ങളിലൂടെയും സഞ്ചരിക്കേണ്ടതാണ്.. അല്ലാതെ നാല്‍ക്കാലികളെപ്പോലെ യഥേഷ്ടം എന്തും ചെയ്യേണ്ടവനല്ല അവന്‍... ആയതിനാല്‍ നാളെ മുതല്‍ നിന്റെ ജീവിതവും അത്തരത്തിലേക്ക് ഉയരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.. അതിനായി പ്രാര്‍ത്ഥിക്കുന്നു.. നിന്റെ ശിഷ്ട ജീവിതം മുഴുവന്‍ റമദാന്‍ ആയിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.. എങ്കില്‍.......

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter