നബിയുടെ ഇഷ്ട കര്‍മ്മങ്ങള്‍

 

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ലോകാനുഗ്രഹമാണ്. നബി (സ്വ) തങ്ങളുടെ വാക്കും പ്രവര്‍ത്തിയും എന്നല്ല, മൗനം പോലും തിരുചര്യയാണ്. ഉല്‍കൃഷ്ടമായ നിലപാടുകളും ഇടപാടുകളുമാണ് ആ സ്വഭാവ മാഹാത്മ്യത്തില്‍ നിന്നുല്‍ഭവിച്ചത്. ആ പ്രവാചകരെ (സ്വ) അനുധാവനം ചെയ്താല്‍ മാത്രമേ ദൈവ സ്‌നേഹവും കൃപയും ലഭ്യമാവുകയുള്ളൂ. 

അല്ലാഹു തന്നെ പറയുന്നുണ്ട് : നബിയേ, താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ (ഖുര്‍ആന്‍, സൂറത്തു ആലു ഇംറാന്‍ 31). 

അല്ലാഹുവിനോടും തിരുദൂതരോടു (സ്വ)മുള്ള സ്‌നേഹം കുടികൊള്ളുന്നത് പ്രവാചക ചര്യ പിന്‍പറ്റുന്നതിലാണ്. പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണല്ലൊ. സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും, സകല ജനങ്ങളെക്കാളും എന്നെ നിങ്ങള്‍ സ്‌നേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പൂര്‍ണ വിശ്വാസിയാകില്ലെന്ന് പ്രവാചകര്‍ (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). 

പ്രവാചക സ്‌നേഹം പൂര്‍ത്തിയാവണമെങ്കില്‍ തിരുദൂതര്‍ (സ്വ) ഇഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളും വാക്കുകളും സ്വഭാവ ഗുണങ്ങളും നാമും ഇഷ്ടപ്പെടുകയും പൂര്‍ണാര്‍ത്ഥത്തില്‍ അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് നബി (സ്വ)യുടെ ജീവിതത്തില്‍ ഉത്തമ മാതൃകയുണ്ടെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട് (സൂറത്തുല്‍ അഹ്‌സാബ് 21). 

നബി (സ്വ) ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സത്ക്കര്‍മ്മങ്ങള്‍ നമസ്‌ക്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ശ്രവണം, സഹവര്‍തിത്വം, സഹാനുഭൂതി, സഹിഷ്ണുത, സത്യസന്ധത, കരാല്‍ പാലനം മുതലായവയൊക്കെയാണ്. 

നമസ്‌ക്കാരമാണ് നബി (സ്വ)ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ആരാധനാ കര്‍മ്മം. നമസ്‌ക്കാരങ്ങളില്‍ കണ്‍കുളിര്‍മ ലഭിക്കുന്നുവെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് നസാഈ 3940). 

അതു കൊണ്ടു തന്നെ നബി (സ്വ) ഫര്‍ള് നമസ്‌ക്കാരങ്ങള്‍ സമയാസമയം മുറപോലെ നിര്‍വ്വഹിക്കുകയും സുന്നത്തു നമസ്‌ക്കാരങ്ങള്‍ നിത്യമായി പാലിക്കുകയും ചെയ്തിരുന്നു. പ്രിയ പത്‌നി ആയിശ (റ) പറയുന്നു: നിത്യമാക്കുന്ന നമസ്‌ക്കാരങ്ങളാണ് നബിക്കിഷ്ടം (ഹദീസ് ബുഖാരി 1970, അഹ്മദ് 26303). 

ഫര്‍ള് നമസ്‌ക്കാരങ്ങള്‍ക്ക് മുമ്പും ശേഷവുമായി സുന്നത്തായുള്ള റവാത്തിബ് നമസ്‌ക്കാരങ്ങള്‍ നബി (സ്വ) ഇഷ്ടപ്പെട്ടിരുന്ന സുന്നത്ത് നമസ്‌ക്കാരങ്ങളാണ്. അവ ശീലമാക്കിയിരുന്നു. അതില്‍ പ്രധാനമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് നമസ്‌ക്കാരം. ആ നമസ്‌ക്കാരം കൊണ്ടാണ് നബി (സ്വ) യുടെ ഒരു ദിവസം തുടങ്ങുന്നത്. അല്ലാഹുവിലേക്ക് അടുക്കാനുള്ള ശ്രേഷ്ഠ നമസ്‌ക്കാരം കൂടിയാണത്. ഈ ഐഹിക ലോകത്തിലെ മുഴുവതിനേക്കാളും ഫജ്‌റിലെ സുന്നത്ത് നമസ്‌ക്കാരം ഇഷ്ടപ്പെട്ടതാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് മുസ്ലിം 725). 

ളുഹ് ര്‍ നമസ്‌ക്കാരത്തിന് മുമ്പുള്ള നാല് റക്അത്ത് സുന്നത്ത് നമസ്‌ക്കാരവും നബി (സ്വ) പതിവാക്കിയിരുന്നു. ആ റവാത്തിബ് സുന്നത്ത് നമസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിച്ചതായി അബ്ദുല്ലാ ബ്‌നുല്‍ സാഇബ് (റ) സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ആ സമയത്ത് ആകാശ വാതായനങ്ങള്‍ തുറക്കപ്പെടുന്ന സന്ദര്‍ഭമാണെന്നും അതിനാല്‍ സത്ക്കര്‍മ്മങ്ങള്‍ ആകാശത്തേക്ക് കയറിപ്പോവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടുമുണ്ട് (ഹദീസ് തുര്‍മുദി 478). 

പകലിനെ ധന്യമാക്കുന്ന ആരാധനയാണല്ലൊ നോമ്പ്. നോമ്പാണ് നബി (സ്വ) ഇഷ്ടപ്പെടുന്ന മറ്റൊരു ആരാധന. തിങ്കളാഴ്ച, വ്യാഴാഴ്ച ദിവസങ്ങളില്‍ നബി (സ്വ) സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിരുന്നു. കാരണം ആ ദിവസങ്ങളില്‍ സല്‍പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുമത്രെ. മാത്രമല്ല നബി (സ്വ) പറഞ്ഞിട്ടുണ്ട് : നോമ്പുകാരനായിരിക്കെ എന്റെ ആരാധനകള്‍ അല്ലാഹുവിലേക്ക് വെളിവാക്കപ്പെടാനാണ് എനിക്കിഷ്ടം (ഹദീസ് തുര്‍മുദി 747, നസാഈ 2358).

നബി (സ്വ) ഖുര്‍ആന്‍ പാരായണം അതിയായി ഇഷ്ടപ്പെട്ടിരുന്നു. അര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയും ചിന്തിച്ചുമായിരുന്നു നബി (സ്വ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്. പ്രത്യേകമായി ഇഷ്ടപ്പെട്ടിരുന്ന ഒരു സൂറത്താണ് സൂറത്തുല്‍ ഫത്ഹ്. ഒരിക്കല്‍ നബി (സ്വ) പറയുകയുണ്ടായി: ഇന്ന് രാത്രി എനിക്ക് ഒരു ഖുര്‍ആനിക അധ്യായം അവതരിച്ചിട്ടുണ്ട്. നിശ്ചയമായും ആ സൂറത്ത് എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. ശേഷം നബി (സ്വ) സൂറത്തുല്‍ ഫത്ഹിലെ ആദ്യ ഭാഗം ഓതുകയുണ്ടായി (ഹദീസ് ബുഖാരി 4177). 

കാരണം ഈ സൂറത്തില്‍ സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗം, ദൈവകൃപ, സൗഭാഗ്യം, പ്രായശ്ചിത്തം മുതലായവയുണ്ടെന്ന് സുവിശേഷം അറിയിച്ചിട്ടുണ്ട്. നബി (സ്വ) ഖുര്‍ആന്‍ പാരായണം ശ്രവിക്കാനും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ നബി (സ്വ) അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നോട് പറയുകയുണ്ടായി: താങ്കളെനിക്ക് ഖുര്‍ആന്‍ ഓതിത്തരിക. ഇബ്‌നു മസ്ഊദ് (റ) ചോദിച്ചു: അങ്ങയ്ക്കാണല്ലൊ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്, ഞാന്‍ തിരുദൂതര്‍ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണമെന്നോ? അപ്പോള്‍ നബി (സ്വ) പറഞ്ഞു: വേറൊരാളില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അങ്ങനെ ഇബ്‌നു മസ്ഊദ് (റ) സൂറത്തുന്നിസാഇലെ 41ാം സൂക്തം നബി (സ്വ)ക്ക് ഓതിക്കേള്‍പ്പിക്കുകയുണ്ടായി. 'നബിയേ എല്ലാ സമുദായക്കാരില്‍ നിന്നും ഓരോ സാക്ഷിയെയും അവര്‍ക്ക് സാക്ഷിയായി താങ്കളെയും നാം ഹാജറാക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി' എന്ന് അര്‍ത്ഥമാക്കുന്നതാണ് ആയത്ത്. ഇതു കേട്ട് നബി (സ്വ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). 

ഖുര്‍ആന്‍ ശ്രവിക്കുന്നത് ഒരു ആരാധനയാണ്. കേള്‍ക്കുമ്പോള്‍ ഖുര്‍ആനികാശയങ്ങളിലേക്ക് ഇറങ്ങിച്ചൊല്ലാനും പൊരുളറയാനുമാവും. മാത്രമല്ല, ഖുര്‍ആന്‍ ശ്രവിച്ചാല്‍ അല്ലാഹുവില്‍ നിന്നുള്ള സൗഭാഗ്യങ്ങള്‍ക്കും കാരണമാവും. അല്ലാഹു പറയുന്നു: ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് സശ്രദ്ധം ശ്രദ്ധിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യവര്‍ഷമുണ്ടായേക്കാം (സൂറത്തുല്‍ അഅ്‌റാഫ് 204). 

ഖുര്‍ആന്‍ ശ്രവിക്കുന്നവന് പെട്ടെന്ന് ദൈവാനുഗ്രഹങ്ങളുണ്ടാവുമെന്ന് ലൈശ് ബ്‌നു സഅ്ദ് (റ) പറഞ്ഞിരിക്കുന്നു (തഫ്‌സീറുല്‍ ഖുര്‍ത്വുബി 9/1 ). കാരണം ഖുര്‍ആനാണ് ഏറ്റവും വലിയ ദൈവസ്മരണ. 

ഏതു സമയത്തും ഏതു അവസ്ഥയിലും ഏതു ഘട്ടത്തിലും എവിടെയും നബി (സ്വ) ദൈവസ്മരണ (ദിക്ര്‍). സുബ്ഹ്, അസ്ര്‍ നമസ്‌ക്കാരങ്ങള്‍ക്ക് ശേഷമുള്ള ദിക്‌റുകള്‍ നബി (സ്വ) കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു (ഹദീസ് അബൂദാവൂദ് 3667). സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവയാണ് നബി (സ്വ) കൂടുതലായി ഇഷ്ടപ്പെട്ടിരുന്ന ദിക്‌റുകള്‍ (ഹദീസ് മുസ്ലിം 2695).

സല്‍സ്വഭാവങ്ങളുടെ ഉത്തുംഗ മാതൃകയായിരുന്ന നബി (സ്വ) സല്‍സ്വഭാവികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിങ്ങളില്‍ എനിക്കിഷ്ടപ്പെട്ടവര്‍ സല്‍ഗുണ സമ്പന്നരായവരെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് ബുഖാരി 3759). മറ്റുവരുടെ ആവശ്യങ്ങള്‍ സാധിപ്പിച്ചു കൊടുക്കല്‍ നല്ലൊരു സ്വഭാവമാണ്. അത് നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു. മദീനത്തെ മസ്ജിദില്‍ ഒരു മാസക്കാലം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ ഇഷ്ടം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനായി നടക്കലാണ് എന്നാണ് തിരുദൂതര്‍ (സ്വ) പ്രഖ്യാപിച്ചത്( ഹദീസ് ത്വബ്‌റാനി 13/453)

സത്യസന്ധത ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കുന്ന സ്വഭാവഗുണമാണ്. സത്യസന്ധമായ സംസാരങ്ങല്‍ മാത്രമാണ് നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നത് (ഹദീസ് ബുഖാരി 3131). ക്ഷമ സഹിഷ്ണുത, കാര്യപ്രാപ്തി, കാര്യസ്ഥിരത എന്നിവയൊക്കെ നബി (സ്വ) ഇഷ്ടപ്പെടുന്ന സ്വഭാവങ്ങളാണ്. കാരണം മനുഷ്യനെ തെറ്റില്‍ നിന്ന് തടയുന്ന വിശേഷഗുണങ്ങളാണ് ഇവ. ഒരിക്കല്‍ നബി (സ്വ) ഒരു സ്വഹാബിയോട് പറയുകയുണ്ടായി: നിന്നില്‍ ഞാന്‍ രണ്ടു സ്വഭാവവിശേഷങ്ങള്‍ കാണുന്നുണ്ട്. അവ അല്ലാഹുവും അവന്റെ പ്രവാചകരും ഇഷ്ടപ്പെടുന്ന സ്വഭാവഗുണങ്ങളാണ്. ക്ഷമയും സഹിഷ്ണുതയുമാണവ (ഹദീസ് മുസ്ലിം 17). 

സുഗന്ധവും നല്ല കാഴ്ചയും ഭംഗിയും അലങ്കാരങ്ങളുമൊക്കെ നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു ( ഹദീസ് അബൂദാവൂദ് 4074, ഹദീസ് ബുഖാരി, മുസ്ലിം). സഹിഷ്ണുതയും മാപ്പു നല്‍കലും നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു. തങ്ങളെ ബുദ്ധിമുട്ടിച്ചവരെ ശിക്ഷിക്കണോ, അല്ലെങ്കില്‍ വെറുതെ വിടണോ എന്ന് ചോദിച്ച് ജിബ് രീല്‍ (അ) ചെന്നപ്പോള്‍ നബി (സ്വ) പറഞ്ഞത്: പശ്ചാത്താപത്തിന്റെയും കരുണയുടെയും കവാടമാണ് എനിക്കിഷ്ടം. അങ്ങനെ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ഹദീസ് അഹ്മദ് 2203).

 അവകാശങ്ങള്‍ വകവെച്ചുനല്‍കുന്ന, ബാധ്യതകള്‍ വീട്ടുന്ന ഏതൊരു ഇടപാടിനെയും കരാറിനെയും നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നതായി കാണാം. ജാഹിലിയ്യത്തില്‍ പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് 20ാം വയസ്സില്‍ നബി (സ്വ) കണ്ട ഉടമ്പടിയാണ് 'ഹില്ഫുല്‍ ഫുളൂല്‍'. അക്രമിക്കപ്പെട്ടയാളെ സഹായക്കണമെന്നും സമൂഹങ്ങളും ഗോത്രങ്ങളും തമ്മില്‍ ശാന്തിയിലും സമാധാനത്തിലും സഹകരണത്തിലും കഴിയണമെന്നുമാണ് പ്രസ്തുത ഉടമ്പടി. അതേപ്പറ്റി നബി (സ്വ) പറഞ്ഞിട്ടുണ്ട് : അബ്ദുല്ലാ ബ്‌നു ജുദ്ആനിന്റെ വീട്ടില്‍ നടന്ന ഒരു ഉടമ്പടിക്ക് ഞാന്‍ സാക്ഷിയായിരുന്നു. മുന്തിയ ഒട്ടകത്തിനേക്കാളും എനിക്കിഷ്ടമായിരുന്നു അത്. ഇസ്ലം വന്നതിന് ശേഷം ഞാനതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നുവെങ്കില്‍ ക്ഷണം സ്വീകരിക്കുമായിരുന്നു (ബൈഹഖി 6/367). 

യഥാര്‍ത്ഥത്തില്‍ ഋജുപാതയായ ഇസ്ലാം നീതിയുടെ മതമാണല്ലൊ. അതിന്റെ പൂര്‍ത്തീകരണമാണ് നബി (സ്വ)യിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. നബി (സ്വ)യുടെ ഇഷ്ടക്കര്‍മ്മങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തി ആ സ്‌നേഹലോകത്തിന്റെ ഭാഗമാവാം. മനുഷ്യന്‍ അവന്‍ ഇഷ്ടപ്പെട്ടവരുടെ കൂടെയാണെന്നാണല്ലൊ നബി വചനം (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹു നാമേവരെയും മുത്ത് നബി (സ്വ)യുടെ കൂടെ സ്വര്‍ഗീയ ലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ. ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter