ഇഖ്റഇന്റെ ഉമ്മതാണ് നാം...  വിദ്യയിലൂടെ പുരോഗതി നേടുക

 

അസ്സലാമുഅലൈകും വറഹ്മതുല്ലാഹ്

 

അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും അവിടത്തെ കുടുംബത്തിന്റെയും അനുയായികളുടെയും മേല്‍ അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങള്‍ സദാ വര്‍ഷിക്കട്ടെ.

പ്രിയരേ,

അസ്ഹർ ശരീഫിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-ത്വയ്യിബ് അവർകളെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചതില്‍ ആദ്യമായി നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിനിധിയായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്.

 

എന്ന ഈ സംഘടനയും അസ്ഹർ ശരീഫിനെ പോലെ മധ്യമ നിലപാട് സ്വീകരിക്കുന്ന അതേ പാത പിന്തുടരുന്നവരാണ് എന്നതിനാലാണ് ഞങ്ങള്‍ ഈ ക്ഷണം സ്വീകരിച്ചത്. വിദ്യാഭ്യാസരംഗത്തും ഈ രണ്ട് പ്രസ്ഥാനങ്ങളും സാമ്യതകള്‍ കാണാനാവും. പതിനൊന്നായിരത്തിലധികം മദ്രസകളും ഒട്ടനവധി കോളേജുകളും സർവ്വകലാശാലകളും ഈ സംഘടനയ്ക്ക് കീഴിലുണ്ട്. ഒരു ലക്ഷത്തിലധികം അധ്യാപകർ കേരളത്തിലെയും മുസ്‍ലിം ലോകത്തെയും മക്കൾക്കായി സേവനം ചെയ്യുന്നുണ്ട് എന്നും അറിയാനായി.

 

അസ്ഹര്‍ സര്‍വ്വകലാശാലയില്‍, ലോകത്തെ 120 രാജ്യങ്ങളിൽ നിന്നായി 75,000-ത്തിലധികം വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 120-ലധികം കോളേജുകളും സ്ഥാപനങ്ങളുമുണ്ട്. ഏതാണ്ട് അഞ്ച് ലക്ഷത്തോളം ഈജിപ്ഷ്യൻ വിദ്യാർത്ഥികളും ഇന്ത്യയിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികളും, പ്രത്യേകിച്ച് സമസ്തയുടെ കീഴിലുള്ള കുട്ടികളും അവിടെ പഠിക്കുന്നുണ്ട്. മുസ്‍ലിം ഉമ്മത്തിനെയും ലോകത്തെയും സേവിക്കുന്ന ഈ അനുഗ്രഹീത സംഘടനയുടെ നൂറാം വാർഷിക ആഘോഷവേളയിൽ, സമസ്തയിൽ നിന്നും അസ്ഹറിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയാക്കാൻ അസ്ഹർ ശരീഫ് തയ്യാറാണ് എന്ന സന്തോഷവാര്‍ത്ത കൂടി, ഗ്രാൻഡ് ഇമാമിന് വേണ്ടി ഞാൻ ഇവിടെ പ്രഖ്യാപിക്കുകയാണ്.

 

ഈ ആഘോഷം അർത്ഥമാക്കുന്നത്, അല്‍അസ്ഹറും ഈ മഹത്തായ സംഘടനയും ഉയർത്തിപ്പിടിക്കുന്ന മധ്യമ നിലപാടിന്റെയും (വസതിയ്യത്ത്) ഇസ്‌ലാമിക മിതവാദ ചിന്താഗതിയുടെയും പ്രചരണവും സ്വീകാര്യതയുമാണ്. ഉമ്മത്തിനെ ഭിന്നിപ്പിക്കാതെ ഒരുമിച്ച് ചേർക്കുന്ന രീതിയാണിത്. അല്ലാഹു പരിശുദ്ധ ഖുർആനിൽ ഇപ്രകാരം അരുളുന്നു:

"നിശ്ചയമായും ഇതാണ് നിങ്ങളുടെ സമുദായം; ഏകസമുദായം. ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍ എന്നോട് ഭക്തിയുള്ളവരാവുക." (സൂറ അൽ-മുഅ്മിനൂൻ: 52)

എല്ലാ മുസ്ലിംകളെയും ഒന്നിപ്പിക്കുന്ന ഒന്നാണ് ഈ മധ്യമ നിലപാട്. ഇത് ആരെയും മാറ്റിനിർത്തുന്നതോ മതത്തില്‍നിന്ന് പുറത്താക്കുന്നതോ അല്ല. ഇമാം അബുൽ ഹസൻ അൽഅശ്അരി(റ) പറഞ്ഞതുപോലെ, ഇസ്‌ലാം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. ഈ മധ്യമ മാർഗ്ഗത്തിലാണ് അസ്ഹർ ശരീഫ് നിലകൊള്ളുന്നത്. ഇതിലൂടെയാണ് മുസ്ലിം ലോകത്തെ ലക്ഷക്കണക്കിന് മക്കൾ വിദ്യ അഭ്യസിച്ചത്. ഈ അനുഗൃഹീത സംഘടനയും ഇതേ പാതയിൽ വളരുകയും ആയിരക്കണക്കിന് വിദ്യാർത്ഥികളെയും പണ്ഡിതന്മാരെയും വാർത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

വിജ്ഞാനത്തിന്റെ പ്രാധാന്യം

ഒരു ഹദീസ് ഇങ്ങനെ വായിക്കാം, "ദൈവമാർഗത്തിൽ ധർമ്മസമരത്തിന് (ജിഹാദ്) പോകുന്നവനെ സജ്ജമാക്കുന്നവൻ തീർച്ചയായും സമരം ചെയ്തവനാണ്.

അതായത്, ഒരു വിദ്യാർത്ഥിയെ മുസ്‍ലിം ഉമ്മത്തിന്റെ കരുത്തായി മാറാൻ സജ്ജമാക്കുന്നവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടിയതിന് തുല്യനാണ്.  യഥാർത്ഥത്തിൽ ഇസ്‌ലാമും അസ്ഹർ ശരീഫും ഈ അനുഗൃഹീത സംഘടനയും ഇസ്‌ലാമിലെ വിവിധ മദ്ഹബുകളെ (കർമ്മശാസ്ത്ര സരണികൾ) ബഹുമാനിക്കുന്നതിലാണ് അധിഷ്ഠിതമായിരിക്കുന്നത്. അസ്ഹർ ശരീഫിൽ ഞങ്ങൾ നാല് മദ്ഹബുകളും പഠിപ്പിക്കുന്നുണ്ട്. അതുപോലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലും ശാഫി, മാലികി, ഹനഫി, ഹൻബലി മദ്ഹബുകൾ പക്ഷപാതമോ വിദ്വേഷമോ ഇല്ലാതെ പഠിപ്പിക്കുന്നു. പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചത് പരസ്പര ബഹുമാനമാണ്. ഇമാം ശാഫിഈയുടെ ശിഷ്യനായിരുന്ന ഇമാം അഹ്‌മദ് ബിൻ ഹൻബൽ (റ) തന്റെ ഗുരുവിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: "ഇമാം ശാഫിഈ ലോകത്തിന് സൂര്യനെപ്പോലെയും മനുഷ്യർക്ക് ആരോഗ്യത്തെപ്പോലെയും ആയിരുന്നു." പണ്ഡിതന്മാരും മദ്ഹബുകളുടെ ഇമാമുകളും പരസ്പരം എങ്ങനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്നതിന് ഉദാഹരണമാണിത്.

 

നമ്മൾ വായനയാൽ പടുത്തുയർത്തപ്പെട്ട ഒരു ഉമ്മത്താണ്. ഇഖ്റഅ് ആണ് നമ്മുടെ മുഖമുദ്ര തന്നെ. അല്ലാഹു അവന്റെ പ്രവാചകന്‍(സ്വ)ക്ക് ആദ്യമായി അവതരിപ്പിച്ചു നൽകിയ വചനങ്ങളും അതായിരുന്നുവല്ലോ. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്; അല്ലാഹു ആദ്യം 'വായിക്കുക' (ഇഖ്‌റഅ്) എന്ന് കൽപ്പിക്കുന്നു, അതിനുശേഷം മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറയുന്നു. തുടർന്ന് വീണ്ടും 'വായിക്കുക' എന്ന് ആവർത്തിക്കുന്നു. അതായത് മനുഷ്യന്റെ സൃഷ്ടിപ്പിനെ രണ്ട് വായനകൾക്കിടയിലാണ് അല്ലാഹു ഉൾപ്പെടുത്തിയിരിക്കുന്നത്. തൊട്ടിൽ മുതൽ ചുടല വരെയും, തുടക്കം മുതൽ ഒടുക്കം വരെയും ഈ ഉമ്മത്ത് വായനയോടും അറിവിനോടും ചേർന്ന് ജീവിക്കണം എന്ന സന്ദേശമാണിത് നൽകുന്നത്.

 

പരിശുദ്ധ ഖുർആനിൽ അല്ലാഹുവിനെ 'അൽകരീം' (ഔദാര്യവാൻ) എന്ന് പലയിടങ്ങളിലും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ 'അൽഅക്റം' (അത്യുദാരൻ) എന്ന പദം ഉപയോഗിച്ചിരിക്കുന്നത് അറിവിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദർഭത്തിൽ മാത്രമാണ്. അറിവുള്ളവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലമാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. കാരണം അത് ഒരിക്കലും നശിക്കാത്ത പ്രതിഫലമാണ്. അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? വിശുദ്ധ ഖുര്‍ആനിലൂടെ ചോദിക്കുന്നത് കാണാം. ഏത് അറിവും ഇതിന്റെ പരിധിയില്‍ വരുന്ന വിധം പൊതുവായാണ് ഈ ചോദ്യം. വൈദ്യശാസ്ത്രം, വൈമാനിക ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങി എല്ലാ വിധ അറിവുകളും ഇതില്‍ ഉള്‍പ്പെടുന്നു. മനുഷ്യസമൂഹത്തിന്റെ ഉയർച്ചയ്ക്കും പുരോഗതിക്കും അല്ലാഹുവോടുള്ള ഭക്തിക്കും വഴിതുറക്കുന്ന എല്ലാ വിദ്യകളും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

 

അല്ലാഹുവിനെ വായിച്ചെടുക്കുന്ന ശാസ്ത്രജ്ഞര്‍

 

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട വിവിധ പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, സസ്യശാസ്ത്രജ്ഞര്‍ (Botanists), ഭൂമിയുടെ ഘടനയെയും പർവ്വതശിലകളെയും കുറിച്ച് പഠിക്കുന്ന ഭൂഗർഭശാസ്ത്രജ്ഞര്‍ (Geologists), മനുഷ്യവംശത്തെയും ജീവജാലങ്ങളെയും കുറിച്ച് പഠിക്കുന്ന നരവംശശാസ്ത്രജ്ഞര്‍ (Anthropologists), ജീവശാസ്ത്രജ്ഞര്‍ (Zoologists) തുടങ്ങി എല്ലാ വിധ ശാസ്ത്രശാഖകളിലെ നിപുണരെയും ഉദ്ദേശിച്ച പരാമര്‍ശങ്ങള്‍ കാണാം. ശേഷം ഖുര്‍ആന്‍ പറയുന്നു, അല്ലാഹുവിനെ യഥാവിധി ഭയപ്പെടുന്നത് പണ്ഡിതര്‍ മാത്രമാണ് എന്ന്. അഥവാ, സസ്യശാസ്ത്രമായാലും, ഭൂഗർഭശാസ്ത്രമായാലും, നരവംശശാസ്ത്രമായാലും; ജീവശാസ്ത്രമായാലും, ഒരാളുടെ വിജ്ഞാനം അയാളെ അല്ലാഹുവിനോടുള്ള ഭക്തിയിലേക്ക് നയിക്കുന്നുണ്ടെങ്കിൽ, ആ വിജ്ഞാനം അല്ലാഹുവിന്റെ അടുക്കൽ അങ്ങേയറ്റം മൂല്യമുള്ളതും അംഗീകരിക്കപ്പെട്ടതുമായ വിജ്ഞാനമാണ് എന്നര്‍ത്ഥം.

 

ശൈഖ് മുഹമ്മദ് അൽഗസാലി(റ) പറയുമായിരുന്നു: "കെമിസ്ട്രിയിലെ ഒരു പാഠം പഠിക്കുന്നത് അല്ലാഹുവിനുള്ള ഭക്തിനിർഭരമായ ആരാധനയാണ് (ഇബാദത്ത്)". "സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? എന്ന് പറയുന്ന സൂറതുത്തൗബയിലെ സൂക്തങ്ങളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. സാധാരണയായി യുദ്ധത്തിന് പുറപ്പെടുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'നഫറ'  എന്ന പദമാണ് അറിവ് തേടി പുറപ്പെടുന്ന പണ്ഡിതന്മാരുടെ കാര്യത്തിലും അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അതായത്, വിശുദ്ധ ഖുർആനും ശരീഅത്തും പഠിക്കുന്നതിനായി ജീവിതം മാറ്റിവെക്കുന്നത് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരത്തിന് തുല്യമാണ് എന്നര്‍ത്ഥം. അന്ത്യനാളിൽ പണ്ഡിതന്മാരുടെ മഷി ശുഹദാക്കളുടെ രക്തവുമായി തൂക്കിനോക്കപ്പെടും എന്ന പ്രവാചകവചനവും ഇതോട് ചേര്‍ത്ത് വായിക്കാം. രണ്ടു കൂട്ടരും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നിലകൊണ്ടത് എന്നതാണ് അവ രണ്ടും ഒരുമിച്ച് തൂക്കാനുള്ള കാരണം.

വായനയുടെ കല

നാം വായനയുടെ സമുദായമാണ്. എങ്ങനെയാണ് വായിക്കേണ്ടത് എന്ന് നാം പഠിക്കേണ്ടതുണ്ട്. വായന രണ്ടുതരത്തിലുണ്ട്:

  1. അറിവ് സമ്പാദിക്കാനുള്ള വായന: നമുക്ക് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാനും പുസ്തകത്തിലുള്ള വിവരങ്ങൾ ശേഖരിക്കാനുമുള്ള വായനയാണിത്. ഇത് നല്ലതാണ്.
  2. അറിവ് ഉത്പാദിപ്പിക്കാനുള്ള വായന: ഇതാണ് ഏറ്റവും ഉന്നതമായ വായന. ഒരു അറിവിൽ നിന്ന് പുതിയ അറിവുകൾ കണ്ടെത്തുകയും പഴയതിൽ നിന്ന് പുതിയവ നിർമ്മിക്കുകയും ചെയ്യുന്ന രീതിയാണിത്.

ഇത്തരത്തിലുള്ള വായനയ്ക്ക് വേണ്ടിയാണ് നാം ഒരു ഗ്രന്ഥം തന്നെ പലതവണ വായിക്കുന്നത്. ഒറ്റ വായനയിൽ അവസാനിപ്പിക്കാവുന്ന വായന അല്ല അത്.

പ്രശസ്ത ഈജിപ്ഷ്യൻ ചിന്തകനും സാഹിത്യകാരനുമായ അബ്ബാസ് മഹ്മൂദ് അൽഅഖാദ് പറയുമായിരുന്നു: "ഇരുപത് പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ എനിക്കിഷ്ടം, ഒരു നല്ല പുസ്തകം തന്നെ ഇരുപത് വട്ടം വായിക്കുന്നതാണ്." വായന എന്നത് പുസ്തകങ്ങളുടെ എണ്ണത്തിലല്ല കാര്യം. മറിച്ച്, ആ പുസ്തകം നിങ്ങളുടെ മനസ്സിലും ചിന്തയിലും ബോധത്തിലും എത്രത്തോളം ആഴ്ന്നിറങ്ങുന്നു എന്നതിലാണ്. അത് നിങ്ങൾക്ക് എത്രത്തോളം പുതിയ കാഴ്ചപ്പാടുകൾ നൽകുന്നു എന്നതിലാണ്.

 

നിങ്ങൾക്ക് അത്ഭുതം തോന്നുന്നുവെങ്കിൽ ഇമാം ശാഫിഈയുടെ ശിഷ്യനായ ഇമാം മുസ്‍നി(റ)ന്റെ കാര്യം അത്യത്ഭുതകരമാണ്. കർമ്മശാസ്ത്ര നിദാന ശാസ്ത്രത്തിന് (ഉസൂലുൽ ഫിഖ്‌ഹ്) അടിത്തറയിട്ട ഇമാം ശാഫിഈയുടെ 'അൽ-രിസാല' എന്ന പുസ്തകം അദ്ദേഹം എത്ര തവണ, അഞ്ഞൂറ് തവണയാണ് ഇമാം മുസ്‍നി പാരായണം ചെയ്തത്. ഓരോ തവണ വായിക്കുമ്പോഴും അദ്ദേഹത്തിന് അതിൽ നിന്ന് പുതിയ അറിവുകൾ ലഭിച്ചിരുന്നു. ഇതാണ് വിജ്ഞാനം ഉത്പാദിപ്പിക്കുന്ന യഥാർത്ഥ വായന.

 

അറിവിന്റെ രണ്ട് തലങ്ങൾ: രിവായത്തും ദിറായത്തും

പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചത് അറിവ് രണ്ട് തരത്തിലുണ്ടെന്നാണ്: ഇൽമുർരിവായത്തും (علم رواية), ഇൽമുദ്ദിറായത്തും (علم دراية). ഇതിൽ 'രിവായത്ത്' എന്നത് വിവരങ്ങൾ മനപാഠമാക്കുന്നതിലും ഉദ്ധരിക്കുന്നതിലുമധിഷ്ഠിതമായ അറിവാണ്. എന്നാൽ 'ദിറായത്ത്' എന്നത് അറിവുൽപാദനം, ഗവേഷണം, ചിന്ത, സർഗ്ഗാത്മകത എന്നിവയിലധിഷ്ഠിതമായ വിജ്ഞാനമാണ്. അറിവിന്റെയും വിജ്ഞാനത്തിന്റെയും ഏറ്റവും പ്രകാശമാനവും വിസ്മയിപ്പിക്കുന്നതുമായ വശം ഇതാണ്. കാരണം, അറിവും ഫിഖ്‌ഹും വഹിക്കുന്ന ഒരാൾക്ക് അതിൽ നിന്ന് പുതിയ അറിവുകൾ കണ്ടെത്താൻ (ഇസ്തിൻബാത്ത്) കഴിയില്ലെങ്കിൽ അയാൾ ‘അറിവ് ചുമക്കുന്നവൻ’ മാത്രമാണ്, ഒരു 'ഫഖീഹ്' (ജ്ഞാനി) എന്ന് അവനെ പറയാനാവില്ല.

 

അറിവ് സമ്പാദിക്കുകയും എന്നാൽ അത് വിശകലനം ചെയ്യുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തവനെ കവി മർവാൻ ബിൻ അബീ ഹഫ്‌സ ഉപമിച്ചത്, തന്റെ പുറത്ത് വലിയ ഭാരം ചുമക്കുന്ന, എന്നാൽ അതുകൊണ്ട് ഉപകാരമില്ലാത്ത ഒട്ടകത്തോടാണ്. "തൗറാത്ത് ചുമലിലേറ്റിക്കപ്പെടുകയും എന്നിട്ട് അത് വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം വലിയ പുസ്തകക്കെട്ടുകൾ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു." എന്ന് ഖുര്‍ആനിലും കാണാം.

 

"അല്ലാഹുവേ, നീ ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങൾക്ക് ഉപകാരപ്രദമാക്കേണമേ, ഞങ്ങൾക്ക് ഉപകാരപ്പെടുന്നവ ഞങ്ങളെ പഠിപ്പിക്കേണമേ, ഞങ്ങൾക്ക് വിജ്ഞാനം വർദ്ധിപ്പിച്ചു തരേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട്, ഈ മഹത്തായ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ അല്‍അസ്ഹർ സര്‍വ്വകലാശാലക്ക് വേണ്ടി നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിച്ച് കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter