യാ റസൂലള്ളാഹ്: വിളിയും വിളിക്കുത്തരവും

ഒരു അണിയിലേക്ക് ചേര്‍ത്ത് നോക്കുമ്പോള്‍ പ്രവാചകര്‍ മുഹമ്മദ് നബിക്ക് ചാര്‍ത്തപ്പെട്ടതില്‍ ഉന്നതമായ വിശേഷണം 'നേതാവ്' എന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ നബിയുടെ ധൌത്ത്യം പരിചയപ്പെടുത്തിടത്ത് മുന്‍കാലക്കാരുടെ  ഭാരങ്ങള്‍ ഇറക്കിവെക്കുന്നവരും അവരെ വരിഞ്ഞ് മുറുക്കുന്ന ചെങ്ങലകള്‍ അഴിച്ച് മാറ്റുന്നവെരുമാണെന്ന് (അഅ്‌റാഫ് - 157) പ്രത്യേകം എടുത്തുപറഞ്ഞതും അണികളുടെ പ്രയാസങ്ങള്‍ അസഹനീയമായി കാണുന്നവരും സത്യവിശ്വാസികളോട് ആര്‍ദ്രനും ദയാലുമാണെന്നതും (തൌബാ -128)  തിരുനബി ദൈവവചനങ്ങള്‍ എത്തിക്കുന്ന ദൂദന്‍ എന്നതിനപ്പുറത്തെ ജനങ്ങളുടെ ഏത് പ്രശ്‌നങ്ങള്‍ക്കും ആശയും ആശ്രയവുമാണെന്ന് മനസ്സിലാക്കിത്തരുന്നു.

ഹദീസില്‍, തിരുനബി, ഞാന്‍  അന്ത്യനാളില്‍ ആദം സന്ധതിയുടെ മുഴുവന്‍ നേതാവാണെന്ന് പറഞ്ഞിടത്ത്(സ്വഹീഹ് മുസ്ലിം) ഇമാം നവവി (റ) നേതാവിനെ നിര്‍വചിക്കുന്നത് അണികളുടെ കാര്യങ്ങള്‍ ഗൌരവത്തിലെടുത്ത് ദുര്‍ഘട പ്രതിസന്ധികളില്‍ അഭയമാവുന്നവനും പ്രശ്ണങ്ങള്‍ തട്ടിയകറ്റുന്നവനുമെന്നാണ്(ശറഹ് മുസ്ലിം).

ഒരു നേതാവ് അണിയായ അടിമയുടെയും ഉടമയായ അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവര്‍ത്തിയും അതേ വ്യക്തി സ്വശരീരത്തേക്കാള്‍ തന്റെ സ്‌നേഹിതനും അതിലേറെ തിരിച്ച് സ്‌നേഹിക്കുന്നവനുമാകുമ്പോള്‍ ഇടവും വലവും തിരിയാനില്ലാതെ അവര്‍ സര്‍വ്വാശ്രയമായി മാറുന്നു. 

സ്‌നേഹിക്കുന്നവരോട് ഏത് കാര്യവും പരിഹാരമായില്ലെങ്കില്‍ പോലും പങ്കുവെക്കുന്നത് മനുഷ്യസഹജമാണല്ലോ. അപ്പോള്‍ പരിഹരിക്കാന്‍ കഴിയുന്നവര്‍ സ്‌നേഹിതനാവുമ്പോള്‍ ആശ്രിതന്റെ വിശ്വാസവും ധൈര്യവും വര്‍ദ്ധിക്കുന്നു. 

തളര്‍വാതം ബാധിച്ച് ശയ്യയിലായ ഇമാം മുഹമ്മദ് ബൂസൂരി സ്‌നേഹഭാജനമായ നബിയോട് പരാതി പറയാന്‍ രചിച്ച ബുര്‍ദയില്‍ നേതാവെന്നും അല്ലാഹുവിലേക്കുള്ള മദ്യവര്‍ത്തിയായ പ്രവാചകനെന്നും സ്‌നേഹ ഭാജനമെന്നും അടുത്തടുത്ത വരികളില്‍ വിശേഷിപ്പിച്ചത് നബി ഉമ്മത്തിന്റെ ആശ്രയമാവുന്നതിലെ പൂര്‍ണ കാരണം വരച്ചുകാട്ടുന്നു. 

സൃഷ്ടികളില്‍ ആരെക്കാളും നബിയെയാണ് സ്‌നേഹിക്കേണ്ടത് എന്ന് ഖുര്‍ആന്‍, ഹദീസ് പഠിപ്പിക്കുമ്പോള്‍ (സൂറ: 9/ 24, സ്വഹീഹ് മുസ്ലീം) സ്‌നേഹത്തെ തുടര്‍ന്നുണ്ടാകുന്ന മേല്‍ പറഞ്ഞ കാര്യങ്ങളും അതില്‍ ഉണ്ടാവണമല്ലോ. അത്തരം അനുഭവസ്ഥരെല്ലാം സര്‍വതും സമര്‍പ്പിച്ചിരുന്നതും നിരത്തിരുന്നതും തിരുനബിക്ക് മുന്നിലായിരുന്നു.

സ്വഹാബയുടെ മാതൃക

നബിയുടെ മുന്നില്‍ സ്വഹാബ നിരത്താത്ത പരാതികളില്ല, ഉയര്‍ത്താത്ത പ്രശ്‌നങ്ങളില്ല. ദൈനംദിന ജീവിതാവശ്യങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, മാരകരോഗങ്ങള്‍, ഭൗതിക, അഭൗതിക കാര്യങ്ങള്‍, ഇഹലോക പരലോക രക്ഷകള്‍ ഇതെല്ലാം സഹാബിമാരുടെ പരാതിയില്‍ ഇടകലര്‍ന്നിരുന്നു. എന്നാല്‍ സ്‌നേഹത്തിന്റെ പൂര്‍ണ്ണതയായ ഞാന്‍ നിന്നില്‍ ഫനാഅ്ആകുന്ന അവസ്ഥ പ്രാപിച്ചവര്‍, സിദ്ദീഖ് (റ) പോലോത്തവര്‍ ഒരു പരാതിയും നിരത്താതതും കാണാം. 

ഒരു ചാണ്‍ വയറിന്റെ പരാതിയുമായി വരുന്നവരെ പ്രവാചക പത്‌നിമാരുടെ വീട്ടിലേക്ക് അയക്കുന്നത് മദീനയിലെ നിത്യകാഴ്ചയായിരുന്നു. ദാരിദ്ര്യം പരാതിപ്പെട്ട ഭൃത്യനെ വീട്ടിലുള്ള വസ്തുവകള്‍ ഉയര്‍ന്ന വിലക്ക് വിറ്റ് മഴു വാങ്ങി കാട്ടില്‍ പോയി മരം വെട്ടുവാന്‍ കല്‍പ്പിച്ചതും സുപരിചിതമാണല്ലോ. മഴ ലഭിക്കാതെ വലഞ്ഞവര്‍ ജുമുഅ നേരത്ത് പരാതിപെട്ടതും മിമ്പറില്‍ നിന്നു തന്നെ ദുആ ചെയ്തതും അടുത്ത വാരത്തില്‍ മഴ അധികമായപ്പോള്‍ പരാതിപെട്ടതും ആ പ്രദേശം മാറിപെയ്യുവാന്‍ ദുആ ചെയ്തതും ഹദീസിലുണ്ട്(സ്വഹീഹ് ബുഖാരി). 

കാരണം പ്രകടമായ രോഗത്തിനും അല്ലാത്തതിനും ശാരീരിക അവസ്ഥാന്തരങ്ങള്‍ക്കും മാരക പരുക്കുകള്‍ക്കും പരാതിപ്പെട്ടതും പരിഹരിച്ചതും സ്വഹാബി ചരിത്രത്തില്‍ ഏറെ ഉണ്ട്. ഖൈബര്‍ യുദ്ധത്തില്‍ കാലില്‍ വെട്ട് കൊണ്ട മുറിവുമായി സലമ (റ) പോയത് തിരു നബിയുടെ സന്നിദ്ധിയിലേക്കാണ്. അവിടെന്ന് മൂന്ന് തവണ ഊതിയതില്‍ പിന്നെ ആ കാലിന് രോഗം ബാധിച്ചില്ലെന്ന് ഹദീസില്‍ കാണാം(ബുഖാരി). ബദറോ ഉഹുദിറോ യുദ്ധത്തില്‍ അമ്പ് കൊണ്ട് തൂങ്ങിയ കണ്ണുമായി ഖതാദ (റ) സമീപിച്ചപ്പോള്‍ തിരുനബി ഉമുനീര് പുരട്ടി തല്‍സ്ഥാനത്ത് അത് വെച്ചപ്പോള്‍ ഏറ്റവും കാഴ്ചശക്തി ഉള്ളതായി മാറി. (ബൈഹഖി, ദാറഖുഥ്‌നി, ബഖവി) 

ഓര്‍മ്മക്കുറവും മനപ്പാട കഴിവ്കുറവും പരാതിപ്പെട്ട അബൂഹുറൈറ (റ)വിനോട് തിരുനബി അവരുടെ തട്ടം നിവര്‍ത്താന്‍ പറഞ്ഞു. തിരുനബിയുടെ ഹൃദയഭാഗത്ത് നിന്ന് അതിലേക്ക് എന്തോ നിക്ഷിപ്തമാക്കുന്നത് പോലെ ആംഗ്യം കാണിച്ച് തട്ടം നെഞ്ചിലേക്ക് ചേര്‍ക്കാന്‍ കല്പിച്ചു. അതിന് ശേഷം താനൊന്നും മറന്നിട്ടില്ലെന്ന് അബൂഹുറൈറ സാക്ഷ്യപ്പെടുത്തിയത് അനിഷേദ്യ ചരിത്രമാണ്(ബുഖാരി).

ബദര്‍ യുദ്ധത്തിനിടെ ഉക്കാഷ(റ) വാള്‍ മുറിഞ്ഞ് പോയപ്പോള്‍ പരാതിയുമായി നബിയെ സമീപിച്ചു. ഈത്തപ്പന മടല്‍ എടുത്തു നല്‍കി അതുകൊണ്ട് യുദ്ധം ചെയ്യാന്‍ കല്‍പ്പിച്ചപ്പോള്‍ അത് മൂര്‍ച്ചയേറിയ തിളങ്ങുന്ന വാളായിമാറിയതും ചരിത്രത്തിലുണ്ട് (സീറത്തുന്നബവിയ്യ, ദലാഇലുന്നുബുവ്വ).

ഇതിനെല്ലാമപ്പുറം അന്ത്യനാളിലെ വിചാരണക്കും നന്മതിന്മകള്‍ തിട്ടപ്പെടുത്തുന്നതിനപ്പുറത്തെ പരലോക കാര്യങ്ങളും പരാതിപ്പെട്ടതും പരിഹരിച്ചതും കാണാം. രാത്രിയുടെ യാമങ്ങളില്‍ എല്ലാവരും നിദ്രയിലാഴുമ്പോള്‍ മദീനയിലെ നനുനനുത്ത തണുപ്പിലും തനിക്ക് സേവനം ചെയ്തിരുന്ന റബീഅ എന്നവരോട് വേണ്ടതെന്തോ അത് ചോദിക്കുവാന്‍ തിരുനബി ആവശ്യപ്പെട്ടു. വിവാഹത്തിന് മഹര്‍ കൊടുക്കുവാനും വിവാഹസദ്യ ഒരുക്കുവാന്‍ പോലുമുള്ള വക ആളുകളില്‍ നിന്ന് നബി തന്നെ പിരിച്ചുനല്‍കിയ ദരിദ്രനായ റബീഅ ഒരുവേള ചിന്തിച്ചതിന്ന് ശേഷം മറുപടിയായി ചോദിച്ചത് 'ഇതുപോലെ സ്വര്‍ഗ്ഗത്തിലും അങ്ങയോട് സഹവസിക്കുവാനുള്ള അവസരം' എന്നതാണ്. തിരിച്ച് നബി ചോദിച്ചു, വേറെ ഒന്നും വേണ്ടേ?, മറുപടി - അതുമാത്രം മതി. ആ സ്ഥാനം കരസ്ഥമാക്കാന്‍ നിങ്ങള്‍ സുജൂദ് അധികരിപ്പിക്കുക എന്ന് പ്രതിവചിച്ചു (സ്വഹീഹ് മുസ്ലിം). നിങ്ങള്‍ക്ക് കിട്ടിയത് വലിയ ഒരു സൗഭാഗ്യമാണ് അതിന് നന്ദിയായി സുജൂദ് അധികരിപ്പിക്കുക എന്ന വിശദീകരണം നല്‍കിയ സൂഫി പണ്ഡിതരുമുണ്ട്. 

എന്റെ ഉമ്മത്തിലെ എഴുപതിനായിരം ആളുകള്‍ വിചാരണയില്ലാതെ (മറ്റൊരിടത്ത് - പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്റെ ഭാവം പോലെ) സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്ന് പറഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ പെടുത്തുവാന്‍ ആവശ്യപ്പെട്ട ഉക്കാശ(റ)വിന് അത് നല്‍കിയതും കാണാം ( ബുഖാരി, മുസ്ലിം). 

പാപ ഖേദ ആവലാതി

സംഭവിച്ചുപോയ പാപങ്ങള്‍ക്കും തിരുനബിയോട് പരാതിപ്പെട്ടത് സ്വഹാബികളുടെ ചരിത്രത്തില്‍ കാണാവുന്നതാണ്. മഹതി ആയിശ ബീവി നബിയെ സന്തോഷപെടുത്താന്‍ വാങ്ങിയ തലയിണയില്‍ ഒരു ജീവിയുടെ തുന്നപ്പെട്ട രൂപം കണ്ടപ്പോള്‍ തിരുനബിയുടെ മുഖഭാവം മാറി വീടിനകത്ത് പ്രവേശിക്കാതെ വാതില്‍പടിയില്‍ തന്നെ നിന്നു. കാര്യം മനസ്സിലാക്കി മഹതി അത് ഒഴിവാക്കി ചെയ്തുപോയ പാപത്തിന് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ഞാന്‍ ഖേദിച്ചു മടങ്ങുന്നു എന്ന് പറഞ്ഞതും ഹദീസിലുണ്ട് (സ്വഹീഹ് ബുഖാരി).  ഇതേ പദപ്രയോഗം  അംറ് ബിന്‍ ആസ്(റ)വും നടത്തിയത് കാണാം. (മസ്‌നദ് അഹ്മദ് ബിന്‍ ഹമ്പല്‍)

മക്കളുടെ വഴിവിട്ട ജീവിതങ്ങള്‍ കണ്ടു ഹൃദയം പൊട്ടുന്ന പിതാക്കന്മാരെ നാം കാണാറുണ്ട്. എന്നാല്‍ അതില്‍ യാതൊരു ഖേദമോ ഭേദമോ മക്കള്‍ക്ക് ഉണ്ടാവാറുമില്ല.  എന്നാല്‍ ഉമ്മത്തിലെ അണികള്‍ ചെയ്യുന്ന തെറ്റില്‍ ഈമാന്‍ കുറഞ്ഞുപോകുന്നതും നഷ്ടപ്പെടുന്നതും കാണുന്ന, അത് എത്തിച്ചു നല്‍കുവാന്‍ ജീവത്യാഗം ചെയ്ത പ്രവാചകന്റെ വേദന അതിലേറെ ആയിരിക്കില്ലേ?.

ഇത്തരത്തില്‍ ഹദീസില്‍ തന്നെ കാണാവുന്നതാണ്. 'നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് വെളിവാക്കപ്പെടും നന്മ കാണുമ്പോള്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കും തിന്മ കാണുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടും' (മസ്‌നദുല്‍ ബസ്സാര്‍, ഇഹ്.യ). നാം കാരണം ഒരാള്‍ക്കുണ്ടായ വേദന മറ്റൊരാളെ പറഞ്ഞുവിട്ട് പരിഹരിക്കുന്നതിനേക്കാള്‍ അദ്ദേഹത്തോട് നേരിട്ട് ക്ഷമാപണം നടത്തുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സന്തോഷം അതിരില്ലാത്തതായിരിക്കുമല്ലോ.

അതിനാല്‍ തെറ്റ് ചെയ്തവന്‍  അത് കാരണം ദിക്കരിക്കുകയും  വേദനിപ്പിക്കുകയും ചെയ്ത നബിയോട് അത് പരിഹരിക്കല്‍ നിര്‍ബന്ധമാവുമാണ്. അതിനുമപ്പുറം അല്ലാഹു തന്റെയും സൃഷ്ടികളുടേയും ഇടയില്‍ ദൂതനായി നിക്ഷയിച്ച, വഹിയ്യ് കൊണ്ടും പ്രവാചകത്ത്വം കൊണ്ടും അനുഗ്രഹിച്ച ഒരാളെ സമീപ്പിക്കുമ്പോള്‍ തീര്‍ത്തും അല്ലാഹു അവരുടെ ശുപാര്‍ശ സ്വീകരിക്കും. അതുകാരണം തെറ്റ് ചെയ്തവരുടെ പൊറുക്കലിനെ തേടല്‍ അല്ലാഹു നിരസ്സിക്കുകയുമില്ല (റാസി - സൂറ: 4/ 64). അത്തരത്തില്‍ നബിയോട് ശുപാര്‍ശ ചെയ്യുന്ന കവിതകളൊക്കെ ഈ അര്‍ത്ഥത്തില്‍ ചേര്‍ത്ത് വായിക്കണം.

മരണാനന്തര പരാതിബോധനം

ലോകാവസാനം വെരെയുള്ള ഏതു മുസ്ലിമും ആരെക്കാളും അവനെക്കാളും നബിയെയാണ് സ്‌നേഹിക്കേണ്ടത് എന്ന് പറയുമ്പോള്‍ സ്‌നേഹത്തെ തുടര്‍ന്നുണ്ടാകുന്ന എല്ലാ ഭാവങ്ങളും അവിടെ ഉണ്ടാകുമല്ലോ. പ്രവാചക ശരീരങ്ങള്‍ മണ്ണില്‍ നശിക്കില്ലെന്നും ഇപ്പോഴും റൂഹിനെ തിരിച്ചുനല്‍കുന്ന സന്ദര്‍ഭങ്ങളും അണികള്‍ പറയുന്ന സലാമിനെ മടക്കുന്നതും ഉമ്മത്തിന്റെ അവസ്ഥ നബി അറിയുമെന്നും എത്രയോ ഹദീസുകള്‍ കൊണ്ട് സ്ഥാപിതവുമാണ് (അബൂദാവൂദ്). മരണാനന്തരം പരാതി പറഞ്ഞ് ഫലം കണ്ട അനുഭവങ്ങളും ചരിത്രത്തില്‍ ഏറെയാണ്. (മുസ്സനഫ് അബ്ദുറസ്സാഖ്, അല്‍ബിദായത്തു വ നിഹായ്യ.)

മരണത്തെ കുറിച്ചുള്ള ഒരു ധാരണ നാം തിരുത്തിയാല്‍ എല്ലാ സംശയങ്ങളും അവസാനിക്കുന്നതാണ്. ജനനം ആത്മാവിനെ ശരീരത്തില്‍ നിക്ഷിപ്തമാക്കലാണ്. മരണം അതിനെ ഊരിയെടുക്കലും. മരണമെന്നത് സര്‍വ്വനാശമല്ല. മനുഷ്യന്‍ അനങ്ങുന്നതും ഇളകുന്നതും കൈകാലുകളും ചലിപ്പിക്കുന്നതും ആത്മാവ് ഉള്ളപ്പോള്‍ മാത്രമാണ്. അത് വേറിട്ട മയ്യത്തിനെ കുളിപ്പിക്കല്‍ വരെ മറ്റുള്ളവര്‍ ചെയ്തുകൊടുക്കുന്നു. അപ്പോള്‍ ശക്തി മുഴുവനും ആത്മാവിനാണുള്ളത്. ആത്മാവാകട്ടെ നശിച്ചിട്ടുമില്ല.

മഹാന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവര്‍ക്ക് മലക്കുകളുടെ സഹായം ഉണ്ടാകും (സൂറ: 41/31). മഹത്തുക്കളുടെ ആത്മാക്കളോട് ജീവിച്ചിരിക്കെത്തന്നെ മലക്കുകള്‍ക്ക് ബന്ധവും വിവിധതരത്തിലുള്ള സഹായവും ഉണ്ടാവുമെന്ന് കഷ്ഫിന്റെ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരണാനന്തരവും എക്കാലത്തും അത് നിലനില്‍ക്കുന്നതുമായിരിക്കും. മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. 

അതിനാല്‍ മണ്ണായ ശരീരത്തിന് ഉള്ളില്‍ നില്ക്കുന്ന ആത്മാവിനോട് സഹവസിക്കാന്‍ പലപ്പോഴും പരിധികളും ഉണ്ടാകുന്നു. മരണാനന്തരം ആത്മാവ് സ്വതന്ത്രമാവുമ്പോള്‍ ഇരു പ്രകാശങ്ങളും ഒന്നിച്ചു ചേരുമ്പോള്‍ ആ ബന്ധവും തുടര്‍ന്നുള്ള അവസ്ഥകളും ജീവിത കാലത്തേക്കാള്‍ പതിന്മടങ്ങ് ശക്തമായിരിക്കും. ( റാസി - സൂറ: 41/31) അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണാനന്തരം മഹാന്മാരുടെ ശക്തി മുമ്പുള്ളതിലും അപാരമായിരിക്കും. അത് ഉപയോഗിക്കുമോ, ഭൗതിക കാര്യങ്ങളില്‍ ഇടപെടുമോ എന്നുള്ളത് മറ്റൊരു കാര്യം. അപ്പോള്‍ പ്രകാശ സൃഷ്ടികളായ മലക്കുകളെക്കാള്‍ പ്രകാശമായ തിരുനബിയുടെ അവസ്ഥ എത്ര ശക്തവും സുസ്ഥിരവുമായിരിക്കും.

 അല്ലാഹുവിനോടുള്ള സ്‌നേഹത്തില്‍ പൂര്‍ണ്ണത പുല്‍കിയ തിരുനബിക്ക് സ്‌നേഹാദരമായി നല്‍കിയ കഴിവുകളില്‍ ആശ്ചര്യപ്പെടുന്നവരോട് ഇമാം മുഹമ്മദ് ബൂസൂരിയുടെ ഉപദേശം - തിരു നബിയെ നിങ്ങള്‍ എത്രതന്നെ വാഴ്ത്തിയാലും നസ്രാണികള്‍ അവരുടെ പ്രവാചകരെ പുകഴ്ത്തി ദൈവങ്ങളാക്കിയ അവസ്ഥയിലേക്ക് ഉയര്‍ത്തരുത് എന്നാണ്. ആ ഒരു വരിയില്‍ അകക്കണ്ണുകൊണ്ട് ഹഖീഖത്തു മുഹമ്മദീയ്യ മനസ്സിലാക്കിയ ഒരു മനുഷ്യന്റെ രൂപമുണ്ട്. പലപ്പോഴും അതിലേക്ക് ചെന്നെത്തുന്ന ആത്മീയ അവസ്ഥകളിലേക്ക് ചുവട് വെച്ച് തുടങ്ങാത്തതാണ് പല ഇടയാട്ടങ്ങള്‍ക്കും ചാഞ്ചല്യങ്ങള്‍ക്കും വഴിവെക്കുന്നത്. തിരു നബിയുടെ സ്‌നേഹത്തില്‍ ലയിക്കുന്ന വിശ്വാസിക്ക് എല്ലാം മുത്ത്‌നബിയായിക്കും. പ്രവാചക പകരക്കാരിലൂടെ കടന്ന് പോകുന്ന ഓരോ സരണിയും ഈ ലയനത്തിലേക്കാണ് ചെന്നെത്തുന്നത്. അതാണ് വിശ്വാസിന്റെ ആത്മാവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter