ഒരു പത്ത് കഴിഞ്ഞു അല്ലേ..

റമദാനിന്റെ ആദ്യപത്ത് പിന്നിടുകയാണ്. എത്ര പെട്ടെന്നാണ് പത്ത് ദിനങ്ങള്‍ കഴിഞ്ഞു പോയത് അല്ലേ. 
മനുഷ്യജീവിതത്തോട് ഉപമിച്ച് പറഞ്ഞാല്‍ ആയുസ്സിലെ ആദ്യ ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞത് പോലെ. കളിയും ആസ്വദാനവുമെല്ലാം കഴിഞ്ഞ് ജീവിതത്തെ പക്വതയോടെ സമീപിക്കേണ്ട നാളുകളായി എന്ന് സാരം.

അത് തന്നെയാണ് റമദാനെന്ന പരിശീലന ശിബിരവും നമ്മോട് പറയുന്നത്. ഏതൊരു പരിശീലന കളരിയിലും ആദ്യദിനങ്ങള്‍ അങ്ങനെയായിരിക്കും. പരിശീലന മേഖലയില്‍ ഐസ് ബ്രേക് എന്നോ വിദ്യാഭ്യാസ മേഖലയിലാകുമ്പോള്‍ പ്രിപറേറ്ററി കാലമെന്നോ ഒക്കെ  നാം ഔപചാരികമായി വിളിക്കുന്ന അത് തന്നെ. ശേഷം വരുന്ന തീക്ഷ്ണമായ പ്രവര്‍ത്തനങ്ങളിലേക്കും ദിനങ്ങളിലേക്കും, ശരീരത്തെയും അതിലേറെ മനസ്സിനെയും സജ്ജമാക്കുന്ന സമയമാണ് അത്. 

റമദാനിലെ ആദ്യ ദിനങ്ങളില്‍ അല്ലാഹുവിന്റെ കൊച്ചുമക്കളാണ് നാം. വിശുദ്ധ മാസത്തിലേക്ക് കടന്നുവന്ന നവാഗതര്‍. അത് കൊണ്ട് തന്നെ, അവന്റെ കാരുണ്യത്തിനാണ് നാം ഈ ദിനങ്ങളില്‍ കൈനീട്ടിയത്. 

Also Read:റമദാനും മഗ്ഫിറതിന്റെ വഴികളും - 1

ഏതൊരു പദ്ധതിയിലും പോലെ, ആദ്യദിനങ്ങള്‍ വിട്ടുവീഴ്ചകളുടേതായിരിക്കും. ശേഷം പൊറുക്കപ്പെടാത്ത പലതും ആദ്യനാളുകളില്‍ പൊറുക്കപ്പെടും. ആദ്യപത്ത് കുട്ടികളുടെ പത്താണെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നതും ഒരു പക്ഷെ, ഇത് കൊണ്ട് തന്നെയാവാം. അഥവാ, ആദ്യപത്തില്‍, വ്രതമെടുക്കുന്ന വിശ്വാസികളെല്ലാം അല്ലാഹുവിന്റെ കുട്ടികളാണ് എന്നര്‍ത്ഥം. റമദാന്‍ എന്ന പാഠശാലയിലേക്ക് കടന്നുവന്ന നവാഗതര്‍. 

ഇനി അങ്ങോട്ടുള്ളത് ഗൌരവത്തോടെ കാര്യങ്ങളെ സമീപിക്കേണ്ട സമയമാണ്. എവിടെയെങ്കിലും എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചുപോയാല്‍ അതിന് തക്കതായ കാരണങ്ങള്‍ നിരത്തി മാപ്പപേക്ഷിക്കുകയേ നിര്‍വ്വാഹമുള്ളൂ. പാപമോചനത്തിനായി, കാരണങ്ങള്‍ നികത്തി, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന ഉറച്ച മനസ്സോടെ, കരഞ്ഞ് കരഞ്ഞ് മാപ്പപേക്ഷിക്കുകയേ നിര്‍വ്വാഹമുള്ളൂ. അതാണ് മഗ്ഫിറതിന്റേതെന്ന് പറയുന്ന ഇനി വരുന്ന നാളുകള്‍. നമുക്ക് ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter