മല്‍സരിക്കുന്നതെന്തിന്നു നാം വൃഥാ..

കഴിഞ്ഞ ആഴ്ച മരണപ്പെട്ട ഒരു സഹോദരന്റെ അവസാന വാട്‌സാപ്പ് മെസേജ് കാണാനിടയായി, അതിങ്ങനെ വായിക്കാം, 

ശരിയാണ്, ഒരു പാട് തെറ്റുകള്‍ എന്റെ പക്കല്‍നിന്നും വന്നുപോയിട്ടുണ്ട്, മാപ്പാക്കുക. ഞാന്‍ മരിച്ചെന്ന് കേട്ടാല്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് എല്ലാവരും വരണം, എന്റെ വീട്ടിലേക്ക്. എനിക്ക് വിളിക്കാനൊന്നും സമയം കിട്ടില്ല. എന്നിട്ട് നിങ്ങള്‍ എന്നെ നന്നായി കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ച് എന്നെ മാറിമാറി തോളില്‍ വെക്കണം. പള്ളിയിലെത്തി നിസ്‌കരിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി മനസ്സുരുകി പ്രാര്‍ത്ഥിക്കണം, അവസാനം മൂന്ന് പിടി മണ്ണും വാരിയിട്ടേ നിങ്ങള്‍ പോകാവൂ. പിന്നെ, ഗ്രൂപ്പില്‍നിന്ന് എന്റെ പേര് റിമൂവ് ചെയ്യാം, ഞാന്‍ തര്‍ക്കിക്കാന്‍ ഉണ്ടാവില്ല. അതോടെ അബ്ദുല്ല എന്ന പേര് നിങ്ങളൊക്കെ പതുക്കെ മറക്കും.
എത്ര കൃത്യമായ വാക്കുകള്‍... ആലോചിച്ചാല്‍ ഈ ജീവിതം ഇത്രയൊക്കെയേ ഉള്ളൂ. നമ്മുടെ കൂട്ടുകാര്‍, ബന്ധുക്കള്‍, വീട്, പറമ്പ്, കച്ചവടം, സമ്പാദ്യം.. എല്ലാം, എപ്പോഴൊക്കെയോ എവിടെയൊക്കെയോ ആയി കൂടെ കൂടിയവര്‍... ജനിക്കുന്ന സമയത്ത് ഇവയൊന്നുമില്ലായിരുന്നു. മരിക്കുന്ന സമയത്തും ഒന്നും കൂടെ കൊണ്ടുപോവുന്നില്ല, മൂന്ന് കഷ്ണം തുണി മാത്രം, അത് എല്ലാവര്‍ക്കും തുല്യമാണ് താനും. 


ഇന്ന് നമ്മുടെ കൂടെയുള്ള ബന്ധുക്കളും കൂട്ടുകാരും.. ഒന്നാലോചിച്ച് നോക്കിയാല്‍, അവരൊക്കെ നമ്മുടെ ജീവിതത്തിലേക്ക് വന്നിട്ട് കേവലം വര്‍ഷങ്ങളേ ആയിട്ടുണ്ടാവുകയുള്ളൂ. ഏത് സമയത്തും നാം അവരെ പിരിയേണ്ടിയും വന്നേക്കാം. ഒരു കാര്യം മാത്രമേ ഉറപ്പുള്ളൂ, അവരാരും നമ്മുടെ കൂടെ വരില്ല, കണ്ണടഞ്ഞാല്‍ പിന്നെ, അവര്‍ക്ക് നമ്മളോടോ നമുക്ക് അവരോടോ ഒരു വാക്ക് പോലും പറയാനാവില്ല, മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ പോലും. 
ഇങ്ങനെയൊക്കെയായിട്ടും നാം പരസ്പരം ശണ്ഠ കൂടുന്നു, തര്‍ക്കിക്കുന്നു, അടിപിടി കൂടുന്നു, അവസാനം പിണക്കത്തിലെത്തി ബന്ധങ്ങള്‍ തന്നെ വിച്ഛേദിക്കുന്നു. അത് മാറാന്‍, ഈ ചെയ്തതൊന്നും വേണ്ടിയിരുന്നില്ലെന്ന് സ്വയം ബോധ്യപ്പെടുന്നത്, രണ്ടില്‍ ആരെങ്കിലും ഒരാള്‍ മരിക്കുമ്പോള്‍ മാത്രമാണ്. അപ്പോഴേക്കും സമയം വൈകിക്കഴിഞ്ഞുവല്ലോ, തിരുത്താനാവാത്ത വിധം ജീവിതം തന്നെ അവസാനിച്ചുവല്ലോ. 
പിന്നെ നാം അവിടെ ഓടിയെത്തുന്നു.. വിതുമ്പുന്ന ചുണ്ടുകളോടെ, തപിക്കുന്ന മനസ്സോടെ .. പക്ഷേ, ഒന്ന് കൊണ്ടും ഒരു കാര്യവുമില്ല, അത് നമുക്ക് തന്നെ നന്നായി അറിയുകയും ചെയ്യാം. ആ സമയം നാം സ്വയം ആലോചിച്ചുപോവുന്നു, ഇന്നലെയൊന്ന് ഈ വഴി വന്നിരുന്നെങ്കില്‍, വേണ്ട ഇന്ന് രാവിലെയെങ്കിലും.. പറ്റിപ്പോയ തെറ്റിന് മാപ്പ് പറഞ്ഞിരുന്നെങ്കില്‍... എത്ര വര്‍ഷമായി ഞാന്‍ എന്റെ ഈ സഹോദരനോട് പിണങ്ങിയിട്ട്.. എത്ര വലിയ തെറ്റാണ് ഞാന്‍ ചെയ്തത്. 
എല്ലാം പാഴ്‌വാക്കുകള്‍ മാത്രം. അതൊന്ന് കൊണ്ടും ഒരു കാര്യവുമില്ലെന്ന് നമുക്ക് തന്നെ പൂര്‍ണ്ണബോധ്യമുണ്ട് താനും. ഒരു ചിന്തകന്‍ താന്‍ മരിച്ചുകിടക്കുന്ന രംഗം ഭാവനയില്‍ കണ്ടത് ഇങ്ങനെ, 


ഞാന്‍ മരിച്ചു കിടക്കുകയാണ്. വിവരം അറിഞ്ഞ് പലരും വരുന്നു. 
എന്റെ മൂത്ത മകന്‍ കണ്ണീരടക്കാനാവാതെ നില്ക്കുന്നുണ്ട്. ജീവിതകാലത്ത് എന്നോട് നല്ലൊരു വാക്ക് പോലും പറയാത്തവന്‍, കല്യാണം കഴിച്ചതോടെ വളര്‍ത്തി വലുതാക്കിയ എന്നെ വിട്ട് ഒറ്റക്ക് പോയവന്‍.. മോനേ, നീ ഒരു മണിക്കൂര്‍ നേരത്തെയെങ്കിലും വന്നിരുന്നെങ്കില്‍ എത്ര സന്തോഷമാകുമായിരുന്നു.
അതില്‍ എന്റെ സഹോദരനുണ്ട്, വര്‍ഷങ്ങളായി എന്നോട് പിണങ്ങി നിന്നവന്‍. ഞാന്‍ അവനോട് പറഞ്ഞു, നീ ഈ വരവ് ഇന്നലെ വന്നിരുന്നുവെങ്കില്‍.. ഇന്നിപ്പോള്‍ നീ വന്നിട്ടെന്ത് കാര്യം, എനിക്കും നിനക്കും. 
എന്റെ സഹോദരിയുണ്ട്, സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി എന്നെ കാണാന്‍ കൂട്ടാക്കാത്തവള്‍.. പെങ്ങളേ, ഇപ്പോഴാണല്ലോ നിനക്ക് വരാന്‍ തോന്നിയത്. എല്ലാം കഴിഞ്ഞ ശേഷം..

അതില്‍ എന്റെ അയല്‍വാസിയുണ്ട്. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍, ഇനി മേലാല്‍ എന്റെ പറമ്പില്‍ ചവിട്ടരുതെന്ന് പറഞ്ഞവന്‍, അവനും കരയുന്നുണ്ട്. കൂട്ടുകാരാ, നീ നേരത്തെ ഈ പടി കടന്നു വന്നിരുന്നെങ്കില്‍..
എല്ലാവരോടും എല്ലാം ഉറക്കെ പറയണമെന്നുണ്ട്. പക്ഷേ, എന്ത് ചെയ്യാന്‍.. ആര് കേള്‍ക്കാന്‍.. ആലോചിച്ചുനോക്കിയാല്‍ ഞാനും കുറ്റക്കാരന്‍ തന്നെയല്ലേ, ഇതൊക്കെ നേരത്തെ എനിക്കും ചെയ്യാമായിരുന്നില്ലേ. ഇനി എല്ലാം സഹിക്കുക തന്നെ.


പ്രിയരേ, ഇതാണ് ജീവിതം, ഏത് സമയത്തും ഇത് അവസാനിച്ചേക്കാം. അതിനാല്‍, നാം തയ്യാറായിരിക്കുക. അടുത്ത നിമിഷം മരിക്കുമെന്ന ചിന്ത ഇടക്കിടെ ഉണ്ടാകുക. എങ്കില്‍ ചെയ്യുമായിരുന്ന കാര്യങ്ങളൊക്കെ ഇപ്പോഴേ ചെയ്യുക, അവനാണ് വിവേകത്തോടെ കാര്യങ്ങളെ കണ്ടറിയുന്നവന്‍.. അല്ലാത്തവന്‍ കൊണ്ടറിയുന്നവനും. ഒരു കവി പറഞ്ഞ പോലെ, 


കൂടെയല്ലാ ജനിക്കുന്ന നേരത്തും 
കൂടെയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മല്‌സരിച്ചീടുന്നതെന്തിന്നു നാം വൃഥാ..

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter