ഞാന്‍ അറിയുന്ന ഇസ്‌ലാം എന്ന വിഷയത്തില്‍ പ്രമുഖ സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ മനസ്സ് തുറക്കുന്നു
പലരും പല നിലക്ക് സമീപിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. വിശ്വാസധാര എന്ന നിലയില്‍ ഇത്രയും ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമായ മറ്റൊരു മതം ഉണ്ടാവില്ല. ഇസ്‌ലാമിനെ കുറിച്ച് താങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ധാരണ എന്താണ്?
ഇസ്‌ലാം കാരുണ്യത്തിന്റെ മതമായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കാര്യങ്ങള്‍ അത്ര ഗൗരവതരമായി വായിച്ചിട്ടില്ലെങ്കിലും സി.എന്‍ അഹ്മദ് മൗലവിയുടെ പുസ്തകങ്ങളാണ് വായിച്ചിട്ടുള്ളത്. അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുള്ള ഖുര്‍ആന്‍ കുറേയൊക്കെ വായിച്ചിട്ടുണ്ട്. അതില്‍ നിന്ന് മനസ്സിലാവുന്നത് നാം കാണുന്ന ആചാര വേഷവിധാനങ്ങളുടെയെല്ലാം അപ്പുറത്ത് അറേബ്യന്‍ രാജ്യങ്ങളില്‍ ജീവിച്ചിരുന്ന സാമാന്യ മനുഷ്യന്റെ ജീവിതത്തെ അപഗ്രഥിച്ച് ആ ജീവിതത്തില്‍ വന്നുപെട്ടിട്ടുള്ള പ്രതിസന്ധികള്‍ക്കൊരു പരിഹാരം എന്ന നിലയിലാണ് പ്രവാചകന്റെ കടന്നുവരവ്. അതിനനുസരിച്ചുള്ള ജീവിത പദ്ധതിയാണ് പ്രവാചകന്‍ മുന്നോട്ടുവെച്ചത്.
പ്രവാചകന്‍ ജീവിച്ചിരുന്ന ആ കാലഘട്ടത്തില്‍ കരുണ, ദയ തുടങ്ങിയ സത്ഗുണങ്ങളുടെ അഭാവമുണ്ടായിരുന്നു. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ആ കാലഘട്ടത്തില്‍ മതം ഉണ്ടായിരുന്നു. പ്രവാചകന് മുമ്പും മതമുണ്ടായിരുന്നല്ലോ, പല രാജ്യങ്ങളില്‍ പല തരത്തില്‍. ആ മതങ്ങള്‍ പലതും വളരെ ജീര്‍ണ്ണാവസ്ഥയിലായിരുന്നു. ജീര്‍ണ്ണാവസ്ഥയിലാവുമ്പോള്‍ സ്വാഭാവികമായും അനാചാരങ്ങളുണ്ടാവുന്നു. പകൃതിയെ ആരാധിക്കുക, ബിംബങ്ങളെ ആരാധിക്കുക തുടങ്ങി ഇസ്‌ലാം അംഗീകരിക്കാത്ത ധാരാളം സംഗതികള്‍ ആ കാലഘട്ടത്തിലുണ്ടായിരുന്നു.
ശ്രീ നാരായണ ഗുരുവിന്റെ അനുകമ്പാദശകം ഞാന്‍ വിസ്തരിച്ച് പഠിക്കുകയുണ്ടായി. അദ്ദേഹം എല്ലാ മതങ്ങളെയും സ്വാംശീകരിച്ച് അതില്‍ നിന്ന് നന്മ മാത്രം എടുത്ത് ലോകത്ത് ഏക മതം ഉണ്ടാക്കാന്‍ ശ്രമിച്ച ആളാണ്. ഇസ്‌ലാമിനെ കുറിച്ച് എത്രത്തോളം പഠിക്കാന്‍ ഗുരുവിന് കഴിഞ്ഞു എന്ന് എനിക്കറിയില്ല. എന്നിരിക്കിലും ഇസ്‌ലാമിനെ കുറിച്ച് കുറേ കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. പ്രധാനമായും സി.വി കുഞ്ഞിരാമനുമായി നടത്തിയിട്ടുള്ള ദീര്‍ഘമായ സംഭാഷണം. ഇസ്‌ലാം, ക്രിസ്തു, ബുദ്ധമതങ്ങളുടെ ഉത്ഭവത്തെ കുറിച്ചും ഹിന്ദുമതത്തെ കുറിച്ചുമെല്ലാം അദ്ദേഹം അവിടെ സംസാരിക്കുന്നുണ്ട്.
കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പില്‍കാലത്തെ ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കാറുണ്ട്. ചെറുപ്പത്തില്‍ മുസ്‌ലിം സൗഹൃദങ്ങള്‍ ഉണ്ടായിരുന്നോ?
ഞങ്ങളുടെ കാട്ടൂര്‍ അങ്ങേയറ്റം മതേതരവത്കരിക്കപ്പെട്ട ഒരു പ്രദേശമാണ്. അതില്‍ ഏത് മതമാണ് കൂടുതല്‍ എന്ന് ചോദിച്ചാല്‍ എനിക്ക് കൃത്യമായി കണക്കറിയില്ല. പക്ഷെ, ഞങ്ങളുടെ ഈ പ്രദേശത്തെ സാംസ്‌കാരിക- രാഷ്ട്രീയ- സാമൂഹിക പ്രാതിനിധ്യത്തില്‍ എപ്പോഴും ഈ മൂന്ന് മതവിഭാഗങ്ങളും -ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും- തുല്യപങ്കാണ് വഹിച്ചിരുന്നത്. എജുക്കേറ്റഡായുള്ള ഒരു പ്രദേശമാണ് ഞങ്ങളുടേത്. അത് ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായുള്ള വിദ്യഭ്യാസം എന്ന നിലക്കല്ല. ഒരു കാലഘട്ടത്തില്‍ മുസ്‌ലിം ജനവിഭാഗത്തുള്ളവര്‍ പലപ്പോഴും വിദ്യഭ്യാസം കുറഞ്ഞവരായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും കലാകാരന്മാരുമടക്കം നിരവധി പേര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്.
താങ്കളുടെ വായനയില്‍ മറ്റു മതങ്ങളില്‍ നിന്ന് ഇസ്‌ലാം മതത്തെ മാത്രം വേറിട്ടു നിറുത്തുന്ന വല്ല വസ്തുതയും അറിയാനിടയായിട്ടുണ്ടോ?
ഓരോ മതങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇസ്‌ലാമിനുമുണ്ട്, സ്വാഭാവികമായും. കാരണം ഓരോ മതവും ഒരു ഉദ്ദേശ്യത്തോടു കൂടിയാണല്ലോ കടന്നുവരുന്നത്. കരുണ സ്ഥാപിക്കാന്‍ വേണ്ടി കടന്നുവന്ന മതമാണ് ഇസ്‌ലാം എന്നത് ഖുര്‍ആന്റെ അടിസ്ഥാന വിവരണമാണ്. നിര്‍ഭാഗ്യകരമെന്ന് പറയാം, എനിക്കിപ്പോ പ്രത്യക്ഷത്തില്‍ കാണുന്ന മതങ്ങളെയൊന്നും വിശ്വാസമില്ല. മതസംഘടനകളിലും വിശ്വാസമില്ല.
പ്രകടന പരത വലിയൊരു സമസ്യയാണ്. സമകാലിക ലോകത്ത് അതുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
ഇന്നുള്ള മുസ്‌ലിംകളുടെ ഏറ്റവും വലിയ പ്രശ്‌നം, മുസ്‌ലിംകളുടെ മാത്രമല്ല എല്ലാ മതക്കാരുടെയും പ്രശ്‌നം ആചാരങ്ങള്‍ മാത്രമാണ് മതം എന്ന് തെറ്റിദ്ധാരണയാണ്. മനുഷ്യന്റെ ഉടുത്ത് കെട്ടല്‍, തലമുടി വളര്‍ത്തല്‍, മീശ വെക്കല്‍, താടി വെക്കല്‍ ഇങ്ങനെയുള്ള പലകാര്യങ്ങള്‍ ജീവിക്കുന്ന സാഹചര്യത്തിലും കാലഘട്ടത്തിലും ചെയ്തുവരുന്ന കാര്യങ്ങളാണ്. ഇതൊക്കെ മാത്രമാണ് മതം എന്ന് തെറ്റിദ്ധരിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇസ്‌ലാംമതത്തെയും അതിന്റെ ആശയധാരയില്‍ നിന്ന് മാറ്റി കേവലം ആചാരത്തിലേക്ക് ഒതുക്കിയാല്‍ മതത്തെ എളുപ്പം അധികാരത്തിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയും.
സംവാദാത്മകമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കണം മതം. മതം ആചാരപരമായി മാത്രം നിലനില്‍ക്കുമ്പോള്‍ അതൊരു ജനാധിപത്യ വിരുദ്ധ സ്വഭാവം കൈവരിക്കും. ജനാധിപത്യ വിരുദ്ധ സ്വഭാവം കൈവരിക്കുമ്പോള്‍ അത് ജീര്‍ണ്ണമാകും. പുറത്ത് നിന്നുള്ള അണുക്കള്‍ കടന്നുകൂടുമ്പോഴാണല്ലോ ശരീരം ജീര്‍ണ്ണമാവുന്നത്. അതേപ്രകാരം മതത്തിലേക്ക് നിരവധി സ്വാര്‍ത്ഥതാത്പര്യങ്ങള്‍ കടന്നുവരുന്ന സ്ഥിതിയാണ് അതിന്റെ ജീര്‍ണ്ണാവസ്ഥ. അധികാരത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന മതം കേവലം രാഷ്ട്രീയമതമായി മാറും.
ഇന്ന് ഇസ്‌ലാം ലോകത്തിന് മുന്നില്‍ നില്‍ക്കുന്നത് ഇങ്ങനെയൊരവസ്ഥയിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് ഇസ്ാലമിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാഷ്ട്രീയവത്കരിക്കപ്പെട്ടാല്‍, അധികാരത്തിന് വേണ്ടി ഉപയോഗിക്കപ്പെട്ടാല്‍ നന്മയില്‍ തുടങ്ങിയ എല്ലാ മതങ്ങള്‍ക്കും ഈയൊരവസ്ഥ തന്നെയാണ് വരിക. ഇത്തരത്തിലുള്ള അധികാര ഭ്രാന്തും മറ്റു മതങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും ഒരു കാലഘട്ടത്തില്‍ ക്രിസ്തു മതത്തെയും ബാധിച്ചിരുന്നു. ഹിന്ദുക്കളെയും ബാധിച്ചിട്ടുണ്ട്. ഇപ്പോഴും ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നു.
മതങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ടല്ല ഈ പ്രശ്‌നം ഉണ്ടാവുന്നത്. പക്ഷേ, കൃത്രിമമായി ശത്രുവിനെ സൃഷ്ടിച്ച് തങ്ങളുടെ മതം അപകടത്തിലാണെന്ന് വരുത്താന്‍ പലരും ശ്രമിക്കുന്നു. മറ്റുള്ളവരെ ചൂണ്ടി അവര്‍ അന്യമതമാണ്, അവര്‍ നമ്മെ തകര്‍ക്കാന്‍ വരുന്നു, അപ്പോള്‍ നാം അവരെ ആക്രമിക്കണം എന്ന് പറഞ്ഞാണ് രാഷ്ട്രീയ മതം രംഗപ്രവേശനം ചെയ്യുക. എന്നിട്ട് ആളുകളെ ഐക്യപ്പെടുത്തി അണിനിരത്തുക, വോട്ട് ബാങ്ക് ഉണ്ടാക്കുക, ചില സ്ഥലങ്ങളില്‍ ആയുധ ബാങ്ക് ഉണ്ടാക്കുക അങ്ങനെയൊക്കെ വരുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അധികാരം പിടിക്കുക എന്നത് മാത്രമാണവരുടെ ലക്ഷ്യം. അവര്‍ അധികാരത്തില്‍ എത്തുമോ ഇല്ലയോ എന്നുള്ളത് വേറെ കാര്യം. പക്ഷെ അതുണ്ടാക്കുന്ന ഭിന്നിപ്പ് വളരെ വലുതാണ്. അത് ഇന്ത്യയെ തകര്‍ക്കുകയും ഇവിടെയുള്ള ജീവിതം അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ലോകത്തില്‍ പല തെളിവുകളുമുണ്ട് അത്തരം നരക പൂര്‍ണമായ ജീവിതത്തിന്.
മത സൗഹാര്‍ദ്ദമാണ് ഇന്ത്യയുടെ അടിസ്ഥാനം. മതങ്ങള്‍ തമ്മിലുള്ള ഐക്യമാണ് നമ്മുടെ ബലം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ തന്നെ അത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
എതിരാളികളുടെ വിമര്‍ശനങ്ങള്‍ കൊണ്ടും അനുയായികളുടെ സ്‌നേഹപ്രകടനം കൊണ്ടും ശ്രദ്ധേയനായ വ്യക്തിത്വമാണ് മുഹമ്മദ് നബി(സ്വ). പ്രവാചകനെ കുറിച്ച് താങ്കളുടെ വീക്ഷണം എന്താണ്?
പ്രവാചകനെ കുറിച്ച് ഞാന്‍ പറഞ്ഞല്ലോ, പ്രവാചകന്‍ ഒരു കാലത്തെ ആവശ്യത്തിന്റെ സൃഷ്ടിയാണ്. ആ കാലഘട്ടത്തില്‍ ആവശ്യമായിരുന്നു പ്രവാചകന്‍. ആ കാലഘട്ടത്തിന് ആവശ്യമായ ആശയങ്ങള്‍ കൊണ്ടാണ് പ്രവാചന്‍ കടന്നുവന്നത്. അന്നത്തെ മുറിവുകളുണക്കാന്‍ അത് അത്യാവശ്യമായിരുന്നു. അത് എല്ലാ കാലത്തും ആ രീതിയില്‍ നമ്മള്‍ ഉപയോഗിക്കുന്നു. അത്തരത്തില്‍ ഒരു നായകന്‍ ഉയര്‍ന്നുവന്നാല്‍, ചരിത്രത്തില്‍ ഒരാശയം ഉയര്‍ന്നുവന്നാല്‍ ആ ആശയം എല്ലാ കാലഘട്ടങ്ങളിലേക്കും ഉപയോഗപ്പെടും. ബുദ്ധന്റെ അഹിംസാ സിദ്ധാന്തം ഉദാഹരണം. ബുദ്ധന്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ഹിന്ദു സന്യാസിമാരുടെ നേതൃത്വത്തില്‍ നടന്നിരുന്ന യാഗം എന്നു പറഞ്ഞിട്ടുള്ള മൃഗബലി (മൃഗങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന രീതി) വ്യാപകമായിരുന്നു.
ഇതിനെതിരെ പ്രതികരിക്കാനാണ് അദ്ദേഹം അഹിംസാ സിദ്ധാന്തം മുന്നേട്ടുവെച്ചത്. പക്ഷെ ആ അഹിംസ സിദ്ധാന്തം എല്ലാ കാലഘട്ടത്തിലേക്കും ആവശ്യമാണ്. പ്രവാചകന്റെയായാലും ബുദ്ധന്റെയായാലും ആശയങ്ങളിലുറച്ചു മുന്നോട്ടുപോവണം. സംവാദാത്മാകമായിരിക്കണം അവ, ഏകപക്ഷീയമായിരിക്കരുത്. അല്ലാത്ത പക്ഷം അവ ആചാരങ്ങള്‍ മാത്രമായി നിലനില്‍ക്കും.
മതം സംവാദാത്മകമായിരിക്കണം എന്ന് പറഞ്ഞത് ഒന്നുകൂടെ വിശദീകരിക്കാമോ?
ഏത് ഉത്കൃഷ്ടമായ ആശയവും ആയിരക്കണക്കിന് കൊല്ലങ്ങളിലൂടെ കടന്നുവരുമ്പോള്‍ മറ്റു ആശയങ്ങളുമായും ഇതരസാമൂഹ്യ അവസ്ഥകളുമായും സംവാദത്തിലേര്‍പ്പെടണം. അങ്ങനെ സംവാദത്തിലേര്‍പ്പെട്ട് അത് കരുത്ത് നേടികൊണ്ടേയിരിക്കണം. നമ്മുടെ ആശയങ്ങള്‍ ദുര്‍ബലമാവുമ്പോഴാണ് നമ്മുടെ മതത്തെ ആരും വിമര്‍ശിക്കാന്‍പാടില്ല എന്ന് വാശി പിടിക്കുന്നത്. മുഹമ്മദ് നബിയില്‍ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് മുഹമ്മദ് നബിയെ കുറിച്ച് ആരും എതിര്‍ത്ത് പറയാന്‍ പാടില്ല എന്നൊരു തോന്നലുണ്ടാവുന്നത്. വിശ്വാസ കുറവാണ് അതിന്റെ കാരണം. വിശ്വാസമുണ്ടെങ്കില്‍ എതിര്‍ത്ത് സംസാരിക്കട്ടെ, നമുക്കും സംസാരിക്കാമല്ലോ അങ്ങനെ ഒരു ആശയ ലോകം ഉണ്ടാക്കാമല്ലോ എന്നു പറഞ്ഞിട്ടാണ് മുന്നോട്ട് വരിക. അതാണ് മതം സംവാദാത്മകമായിരിക്കണം എന്ന് ഞാന്‍ പറഞ്ഞതിനര്‍ത്ഥം.
കേരളത്തിലെ മുസ്‌ലിം സമൂഹത്തെ കുറിച്ച് പൊതുവെയുള്ള നിരീക്ഷണം?
ഇഷ്ടമുള്ള ആചാരങ്ങള്‍ കൊണ്ടുനടക്കാനും താടിവെക്കാനും പ്രത്യേക വസ്ത്രം ധരിക്കാനും ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, ഈ പ്രകടനപരത മാത്രമാണ് മതം എന്ന് തെറ്റിദ്ധരിച്ചവര്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ വരെ ഉണ്ട് എന്നതാണ് ദുഃഖകരമായ വസ്തുത. ആചാരങ്ങള്‍ കൊണ്ട് ഇസ്‌ലാമിന്റെ ആശയത്തെ കുഴിച്ചുമൂടുന്ന അവസ്ഥ ഉണ്ടാകരുത്. ചിലര്‍ വിമര്‍ശനങ്ങളെ പ്രതിവാദങ്ങള്‍ കൊണ്ട് നേരിടാന്‍ തയ്യാറാവാതെ രോഷം കൊള്ളുന്നത് വിശ്വാസക്കുറവ് കൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജോസഫ് സാറിന്റെ കൈവെട്ടിയപ്പോള്‍ മുഹമ്മദ് നബിയുടെ കൈവെട്ടിയതു പോലെ തോന്നി, എനിക്ക്.
കേരളത്തില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം ക്ഷയിച്ചുവരുന്നു എന്ന നിരീക്ഷണമുണ്ട്..
ഏറ്റവും കൂടുതല്‍ മതസൗഹാര്‍ദ്ദം നിലനിന്നിരുന്ന ഒരു പ്രദേശമാണ് കേരളമെന്ന് നമുക്കൊക്കെ അറിയാം. കേരളത്തിന്റെ ഒരു സവിശേഷത മതങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നമുണ്ടായിട്ടില്ല എന്നതാണ്. കേരളത്തില്‍ ജാതിയാണ് പ്രശ്‌നമായിട്ടുണ്ടായിരുന്നത്. കേരളത്തിലെ മനുഷ്യന്‍ തരംതിരിഞ്ഞ് നിന്നത് ജാതിയിലായിരുന്നു. ഒരു ജാതിയില്‍ പിറന്ന ആള്‍ക്ക് അന്നും ഇന്നും ജാതി മാറാന്‍ പറ്റില്ല. കേരളത്തില്‍ ഒരിക്കലും പറ്റില്ല. പക്ഷേ, മതം മാറാം. മതത്തെ കേരളീയര്‍ ഒരിക്കലും പ്രധാനപ്പെട്ട സംഗതിയായി കണക്കാക്കിയില്ല എന്നതും പ്രധാനപ്പെട്ട സംഗതിയാണ്. കുട്ടനാട്ടിലും തിരുവിതാംകൂറിന്റെ പല മേഖലകളിലും ഒരു വീട്ടില്‍ തന്നെ ക്രിസത്യാനിയും ഹിന്ദുവുമൊക്കെയുണ്ടായിരുന്നു. മതം മാറിയാലും ജാതി മാറാറില്ല കേരളത്തില്‍. ഹിന്ദു മതത്തിലെ അയിത്തവും അനാചാരവും ഭയന്ന് ജാതിമാറി ക്രിസത്യാനിയായവര്‍ അവിടെ ചെന്നപ്പോള്‍ പുലയ ക്രിസ്ത്യാനിയായി.
മതത്തിന്റെ പേരിലുള്ള ഭിന്നിപ്പോ കലഹമോ ഒന്നുമല്ല കേരളത്തിലുണ്ടായിട്ടുള്ളത്, ജാതിയുടെ പേരിലുള്ള വഴക്കായിരുന്നു. ഈ അയിത്തത്തിന്റെ കാലയളവില്‍ ക്രിസത്യാനിയും മുസ്‌ലിമും ഒരു കുഴപ്പവുമുണ്ടാക്കിയില്ല. പ്രശ്‌നമുണ്ടാക്കിയില്ല. അവര്‍ക്ക് വഴി നടക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ, അതേസമയം ഉത്തരേന്ത്യയിലെ കടുത്ത മതവര്‍ഗീയ കലാപങ്ങളും അക്രമങ്ങളും ഭിന്നിപ്പുമൊക്കെയുണ്ടായിരുന്നു.
പക്ഷേ, ഇപ്പോള്‍ ആഗോള സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരികാധിനിവേശമുണ്ട്. കേരളത്തിലെ സാമൂഹിക കെട്ടുറപ്പ് തകര്‍ക്കുക അവരുടെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായി കേരളത്തിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അതിന്റെ അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുന്നു. വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുന്നു. വര്‍ഗീയ ശക്തികള്‍ എന്തു ചെയ്താലും അത് അവര്‍ക്ക് ഗുണമായേ ഫലം ചെയ്യൂ. ഹിന്ദു തീവ്രവാദികളും മുസ്‌ലിം തീവ്രവാദികളും പര്‌സ്പരം അക്രമിച്ചാല്‍ രണ്ട് കൂട്ടര്‍ക്കും ഗുണമാണ്. കാരണം ഈ രണ്ട് കൂട്ടരും പരസ്പരം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഹിന്ദു തീവ്രവാദികള്‍ ഇല്ലെങ്കില്‍ മുസ്‌ലിം തീവ്രവാദികള്‍ക്കോ മുസ്‌ലിം തീവ്രവാദികള്‍ ഇല്ലെങ്കില്‍ ഹിന്ദു തീവ്രവാദികള്‍ക്കോ നിലനില്‍പ്പില്ല. രണ്ടും അന്യോന്യം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ മട്ടിലുള്ള അവസ്ഥ കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നു.
ഇന്ന് കാണുന്ന ഐ.ഐസ് പോലെയുള്ള ഭീകരസംഘടനകളെ കുറിച്ച് എങ്ങനെ വിലയിരുത്തുന്നു, അതേകുറിച്ചുളള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
അതെ കുറിച്ച് നാം നേരത്തെ സംസാരിച്ചു. മതത്തെ അധികാരത്തിനുള്ള രാഷ്ട്രീയ ആയുധമാക്കിയാണ് ഐ.എസ് പോലെയുള്ള ഭീകരസംഘങ്ങള്‍ പിറവിയെടുക്കുന്നത്. ബുദ്ധന്റെ ആശയങ്ങള്‍ അഹിംസയിലും ഇസ്‌ലാമിന്റേത് കാരുണ്യത്തിലും ക്രിസ്തുവിന്റേത് സ്‌നേഹത്തിലും അധിഷ്ഠതമായിരുന്നുവെന്ന് ശ്രീനാരായണ ഗുരു പറയുന്നുണ്ട്. നമുക്ക് സ്‌നേഹവും കരുണയും അഹിംസയും വേണം. അതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഒരു മതം വേണ്ട എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഈ മതങ്ങള്‍ ഓരോന്നിനും പ്രാമുഖ്യം കല്‍പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മതം കാരുണ്യത്തിന്, ഒരു മതം സ്‌നേഹത്തിന്, ഇനിയുമൊന്ന് മതം അഹിംസക്ക്. പക്ഷെ രാഷ്ട്രീയവത്കരിക്കപ്പെടുകയും അധികാരത്തിന് വേണ്ടി ഉപയോഗിക്കപ്പെടുകയും ചെയ്താല്‍ മതങ്ങള്‍ തമ്മിലുള്ള ചെറിയ സര്‍ഗാത്മക വ്യത്യാസങ്ങള്‍ പോലും ഇല്ലാതെയാവും.
രാഷ്ട്രീയവത്കരിക്കപ്പെട്ട ക്രിസത്ുമതവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഹിന്ദുമതവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഇസ്‌ലാം മതവും ഒരേ പ്രത്യയശാസ്ത്രത്തിലും ഓരേ ഘടനയിലും ഒരേ ആശയത്തിലുമാണ് നില്‍ക്കുന്നത്. എന്ത് ക്രൂരതയിലൂടെയും കാര്യം നേടുക എന്നതാവും ലക്ഷ്യം. ഹിംസ അവിടെ ഒരു പ്രശ്‌നമല്ല. കഞ്ചാവോ, മയക്കുമരുന്നോ കച്ചവടം ചെയ്തും കാര്യം സാധിക്കാനാവും ശ്രമം.
രാഷ്ട്രീയാധികാരം പിടിച്ചു പറ്റാനുള്ള ശ്രമങ്ങളില്‍ നീതിക്ക് പണ്ടേ വലിയ സ്ഥാനമില്ല. അത് പിടിച്ചെടുക്കലാണ്. ചാണക്യനീതി എന്നൊക്കെ അതേകുറിച്ച് ഇന്ത്യയില്‍ പറയാറുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം വന്ന പാര്‍ലിമെന്ററി ഡമോക്രസിയിലൂടെയാണ് നീതിക്ക് വേണ്ടി രാഷ്ട്രീയാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ജനാധിപത്യ രൂപങ്ങളൊക്കെ കൈവന്നത്. പക്ഷെ അങ്ങനെയൊക്കെ കടന്നുവരാനുള്ള കഴിവോ ക്ഷമയോ ജനകീയ പിന്‍ബലമോ ഇല്ലാത്തവര്‍ മതത്തെ ഉപയോഗപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഉത്തരവാദിത്തം മതവിശ്വാസികള്‍ക്കാണ്. തങ്ങളുടെ മതം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടാന്‍ പാടില്ല എന്നുള്ള അചഞ്ചലമായുള്ള വിശ്വാസവും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനവും അവര്‍ ചെയ്യണം. ഒരിക്കല്‍ പോലും രാഷ്ട്രീയാധികാരത്തിന് വേണ്ടി ഉപയോഗിക്കപ്പെടാനുള്ളതല്ല മതം. അത് തങ്ങളുടെ ആത്മാവിന് വെളിച്ചം നല്‍കുന്ന സംഗതിയാണ്. മതത്തെ കച്ചവടവത്കരിക്കുന്നതിന് എതിരെയും ഭീകരസംഘടനകളുടെ കുടിലതതന്ത്രങ്ങള്‍ക്കെതിരെയും നിതാന്തജാഗ്രത വേണം.
താങ്കളുടെ രചനകള്‍ പ്രധാനമായും വാഴുന്നവര്‍ക്കൊപ്പമല്ല വീഴുന്നവര്‍ക്കൊപ്പമാണ് എന്ന് പലപ്പോഴും തെളിയിക്കപ്പെട്ടതാണ്. ഉദാഹരണത്ത്ിന് എഴുപതുകാരുടെ യോഗം എന്ന കഥ, കറുപ്പന്‍ എന്ന നോവല്‍ എല്ലാം അകറ്റി നിര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ്. അതിന് പ്രത്യേക സാഹചര്യങ്ങളോ കാരണങ്ങളോ ഉണ്ടോ?
എല്ലാ കാലത്തും സാഹിത്യം വീഴുന്നവര്‍ക്കൊപ്പമാണ് നിലനിന്നിട്ടുള്ളത്. വൈലോപിള്ളി പറയുന്നത് ഞങ്ങളെപ്പോഴും 'നന്മകള്‍ മറുപുറം കാണും ഒരു സുവര്‍ണ പ്രതിപക്ഷം' ആണ് എന്നാണല്ലോ. എഴുത്തുകാര്‍ പലതരത്തില്‍ ഉണ്ടായിരിക്കാം. രാജാക്കന്മാരെ സ്തുതിക്കുന്ന എഴുത്തുകാരൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അങ്ങനെ തുടരുമ്പോള്‍ പോലും അവരില്‍ യഥാര്‍ത്ഥത്തില്‍ നിലനിന്നത് തോല്‍ക്കുന്നവരുടെ അല്ലെങ്കില്‍ തോല്‍പ്പിക്കപ്പെട്ടവരുടെ, പുറത്താക്കപ്പെട്ടവരുടെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ, മര്‍ദ്ദിതരുടെ ദുഃഖങ്ങളും വേദനകളും രോഷങ്ങളും ഒക്കെ ആവിഷ്‌കരിക്കാനുള്ള ത്വരയാണ്. ഏതു കാലത്തും അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെയാണ് സാഹിത്യം. അതാണ് മറ്റു കലകളില്‍ നിന്ന് സാഹിത്യത്തെ വേറിട്ടു നിറുത്തുന്നത്.
പിന്നെ എന്റെ ജീവിതവും അങ്ങനെയായിരുന്നു. രാഷ്ട്രീയക്കാരുടെ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ മുത്തച്ഛന്റെ തലമുറയില്‍ ചിലര്‍ കൊച്ചി രാജ പ്രചാമണ്ഡലം പ്രവര്‍ത്തകരായിരുന്നു. കുറേ പേര്‍ എസ്.എന്‍.ഡിപിക്കാരായിരുന്നു. പിന്നെ അവരില്‍ ചിലര്‍ കോണ്‍ഗ്രസുകാരായി. ചിലര്‍ കമ്യൂണിസ്റ്റുകളായി. ഈയൊരു ചുറ്റുപാടില്‍ വേദനിക്കുന്നവര്‍ക്ക് വേണ്ടി വല്ലതും ചെയ്യുക എന്നത് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു. അപ്പോള്‍ എഴുത്തും ആ വഴിക്ക് പോയി.
ഇന്ത്യയിലിപ്പോള്‍ എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന വാദത്തോട് താങ്കള്‍ യോജിക്കുന്നുവോ?
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഇത്രയുംവര്‍ഷങ്ങളായി. സ്വാതന്ത്ര്യസമരസേനാനികളുടെ മനസ്സിലുണ്ടായിരുന്ന ഇന്ത്യ ഇപ്പോഴും നിര്‍മിച്ചെടുക്കാനായിട്ടില്ല. സ്വാതന്ത്ര്യം എന്നത് കേവലം അധികാര കൈമാറ്റം മാത്രമല്ല. ഇന്ത്യയിലെ ദരിദ്രര്‍, പട്ടിണിപ്പാവങ്ങള്‍, അയിത്ത ജാതിക്കാര്‍, വിഭിന്ന സംസ്‌കാരങ്ങള്‍ വിവിധ മതങ്ങള്‍ അവര്‍ക്കൊക്കെ അവരുടേതായ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു സ്വപ്‌നമായിരുന്നു അവര്‍ക്കൊക്കെ ഉണ്ടായിരുന്നത്. പക്ഷെ പലതും സഫലമായിട്ടില്ല. സ്ത്രീകള്‍ക്ക് നേരെ വരുന്ന വെല്ലുവിളികള്‍, പട്ടിക ജാതിക്കാര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍, മതന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും ആരാധനാസ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം പൂര്‍വോപരി വര്‍ധിക്കുന്നത് കാരണം ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Leave A Comment