ഞങ്ങളുടെ രാജ്യം ബിജെപിയുടെ ഇന്ത്യയല്ല, മഹാത്മാഗാന്ധിയുടെ ഇന്ത്യ-ഫാറൂഖ് അബ്ദുല്ല
കശ്മീർ: ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിച്ചുകഴിഞ്ഞ് മാത്രമേ താന്‍ മരിക്കൂ എന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ വികാരാധീനനായാണ് ഫാറൂഖ് അബ്ദുല്ല കശ്മീരിന്റെ പ്രത്യേക അവകാശങ്ങളെ കുറിച്ച് സംസാരിച്ചത്. "ബിജെപി രാജ്യത്തെ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നത്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങളാണ് നല്‍കുന്നത്. എന്‍റെ ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കും വരെ എനിക്ക് മരണമില്ല. ജനങ്ങള്‍ക്കായി ചെയ്യാനുള്ളത് പൂര്‍ത്തിയാക്കണം. എന്നിട്ടേ ഈ ലോകം വിടൂ"- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

"ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു. ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. 2019 ആഗസ്ത് 5നാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതോടെ വീട്ടുതടങ്കലിലായിരുന്നു ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കള്‍. മോചിതനായ ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞത്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ൺ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്ന സഖ്യം രൂപീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter