റഷ്യക്ക് കീഴിലെ ക്രൈമിയയും മുസ്‌ലിം വിരുദ്ധ നയനിലപാടുകളും

tatar muslimsമാസങ്ങള്‍ക്ക് മുമ്പ് ഹിതപരിശോധന നടത്തി റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ക്കപ്പെട്ട ക്രൈമിയയില്‍ റഷ്യ തങ്ങളുടെ തനി സ്വരൂപം കാണിച്ച് തുടങ്ങിയതോടെ ക്രൈമിയയിലെ താര്‍ത്താരി മുസ്‌ലിംകള്‍ ഭയപ്പെട്ട രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് വ്യക്തമാവുന്നത്.  കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രൈന്റെ ഭാഗമായിരുന്ന ക്രൈമിയയില്‍ റഷ്യന്‍ ഫെഡറേഷനില്‍ അംഗമാവാന്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ നടത്തിയ പ്രക്ഷോഭവും 90% പേരും അനുകൂലിച്ച ഹിതപരിശോധനയും വഴി ക്രൈമിയയെ റഷ്യയില്‍ ചേര്‍ത്ത് കൊണ്ട് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഒപ്പ് വെച്ചതോടെ കാലങ്ങളായി അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന 20%ത്തിലധികം വരുന്ന താര്‍ത്താരികള്‍ സ്വതവേ മുസ്‌ലിം വിരുദ്ധ നിലപാട് വെച്ച് പുലര്‍ത്തുന്ന റഷ്യയുടെ കീഴില്‍ കൂടുതല്‍ വവേചനത്തിരയാവുമെന്ന ആശങ്കയിലായിരുന്നു. താര്‍ത്താരികളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ക്രൈമിയയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ റഷ്യയുടെ മുസ്‌ലിം വിരുദ്ധ നടപടിയുടെ ഭീകരതയാണ് വിളിച്ചോതുന്നത്.

സിംഫര്‍പൂളിലെ താര്‍ത്താരി പാര്‍ലമെന്റ് മന്ദിരം എത്രയും പെട്ടെന്ന് ഒഴിയാനാവശ്യപ്പെട്ട റഷ്യന്‍ സൈനികരുടെ നടപടിയാണ്  ഇതില്‍ ഏറ്റവും  ഒടുവിലെത്തേത്. ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും റഷ്യന്‍ സൈനികര്‍  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല പാര്‍ലമെന്റ് മന്ദിരത്തില്‍ റെയ്ഡ് നടത്തിയ സൈന്യം പല  മതഗ്രന്ഥങ്ങളും നിയമവിരുദ്ധമാണെന്നാരോപിച്ച് പിടിച്ചടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം ക്രൈമിയ ഉക്രൈനിന്റെ ഭാഗമായിരുന്നപ്പോള്‍ നിയമവിധേയമായിരുന്നുവെന്നും ഇസ്‌ലാമിക വിരുദ്ധതയാണ് നടപടിക്ക് പിന്നിലെന്നും ഉക്രൈനില്‍ കഴിയുന്ന താര്‍ത്താരി മജ്‌ലിസ് അധ്യക്ഷന്‍ രിഫാത് ചുബറോവ് പറയുന്നു. വിഷയത്തില്‍ ലോകമുസ്‌ലിംകള്‍ ഇടപെടണമെന്നും തങ്ങളെ രക്ഷിക്കണമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ ക്രൈമിയയില്‍ നടന്ന ഹിതപരിശോധനയില്‍ നിന്ന് താര്‍ത്താരി മുസ്‌ലിംകള്‍ വിട്ട് നിന്നിരുന്നു. ഇതും റഷ്യന്‍ സൈനികരുടെ താര്‍ത്താരി വിരുദ്ധ നടപടിക്ക് വഴിവെച്ചിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ക്രൈമിയയും താര്‍ത്താരികളും

പതിനഞ്ചാം നൂറ്റാണ്ടില്‍ കൂട്ടക്കൊലയും നരമേധങ്ങളും മുഖമുദ്രയാക്കിയ അതി ക്രൂരരായ താര്‍ത്താരികളുടെ മുന്നേറ്റത്തില്‍ ലോകത്തെ വിശിഷ്യാ ഇസ്‌ലാമിക ലോകത്തെ പ്രധാന നഗരങ്ങളെല്ലാം തന്നെ തലകുനിച്ചിരുന്നു. ബാഗ്ദാദിലെ അബ്ബാസി ഖിലാഫത്തിന് അന്ത്യം കുറിച്ച്  പണ്ഡിതരെ കൊന്നൊടുക്കിയും ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ നദിയിലൊഴുക്കിയും സംഹാര താണ്ഡവമാടിയ താര്‍ത്താരികളുടെ മുന്നേറ്റത്തില്‍ ലോകം തന്നെ വിറങ്ങലിച്ച് പോയിരുന്നു.

ഇസ്‌ലാമിക സംസ്‌കാരത്തിന് താര്‍ത്താരികള്‍  കനത്ത നഷ്ടം വരുത്തിയിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഹിജ്‌റ 740ല്‍ ബാഖു ഖാന്‍  ഇസ്‌ലാം സ്വീകരിച്ചതോടെ പഷ്തൂണ്‍ വ്യവസ്ഥയടക്കം പല ശ്രദ്ധേയ നേട്ടങ്ങളും കൈവരിച്ച മികച്ചൊരു മുസ്‌ലിം ഭരണകൂടം തന്നെ അവര്‍ സ്ഥാപിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തി. തുടര്‍ന്ന് ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ അവര്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണ്ണായക പദവി വഹിക്കുന്നുണ്ട്.

tatarമോസ്‌കോ ആസ്ഥാനമായി മൂന്ന് നൂറ്റാണ്ടിലധികം ഭരണം നടത്തിയ താര്‍തത്താരികളിലെ പ്രമുഖ ഭരണാധികാരിയായിരുന്നു അമീര്‍ ഖാസാന്‍. അന്ന് പ്രമുഖമായ പല പ്രദേശങ്ങളും ഭരിച്ചിരുന്ന താര്‍ത്താരികള്‍ ക്രൈമിയയും തങ്ങളുടെ കീഴിലാക്കിയിരുന്നു. താര്‍ത്താരികളില്‍ നിന്ന് പിന്നീട് ഉസ്മാനികകളാണ്  ക്രൈമിയ സ്വന്തമാക്കിയത്. സാമ്രാജ്യത്വ റഷ്യന്‍ സാമ്രാജ്യവും കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒട്ടോമന്‍ സാമ്രാജ്യവും ക്രൈമിയക്ക് വേണ്ടി പോരാട്ടം നടത്തിയതോടെയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ തന്ത്രപ്രധാന മേഖല ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ഉസ്മാനികളില്‍ നിന്ന് റഷ്യ പ്രദേശം കൈവരുതിയിലൊതുക്കിയതോടെ തുടങ്ങിയതാണ് ഇവിടുത്തെ മുസ്‌ലിംകളുടെ ദുരിതം. ചരിത്രത്തിലുടനീളം മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്ക് പ്രശസ്തമായ സോവിയറ്റ് യൂണിയനില്‍ ഏറ്റവും കൂടുതല്‍ ദുരിതമേറ്റ്‌ വാങ്ങിയവരാണ് ക്രൈമിയയിലെ താര്‍ത്താരീ മുസ്‌ലിംകള്‍.

രണ്ടാം ലോക മഹായുദ്ധകാലത്ത അച്ചുതണ്ട് ശക്തികള്‍ക്കൊപ്പം തുര്‍ക്കിയിലെ ഉസ്മാനി ഖിലാഫത്ത് നിലയുറപ്പിച്ചതോടെ ഇസ്‌ലാമിക ലോകത്ത് സഖ്യകക്ഷി വിരുദ്ധത നിലനിന്നിരുന്നുവെന്നത് ഒരു ചരിത്ര സത്യമാണ്. അത് കൊണ്ട് തന്നെ സഖ്യകക്ഷികള്‍ യുദ്ധകാലത്ത് മുസ്‌ലിംകളെ പൂര്‍ണ്ണമായും തങ്ങളുടെ ശത്രുപക്ഷത്താണ് കണ്ടത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഏറ്റ് വാങ്ങേണ്ടി വന്നതാകട്ടെ ക്രൈമിയയിലെ മുസ്‌ലിംകളായിരുന്നു. നാസി ജര്‍മ്മനിയുമായി ചേര്‍ന്ന സോവിയറ്റ് യൂണിയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 1941ല്‍ സോവിയറ്റ് ഭരണാധികാരിയായ സ്റ്റാലിന്‍  ലക്ഷക്കണക്കിന് താര്‍ത്താരികളെ ലൈബീരിയയിലേക്ക് നാട്കടത്തി. നാല് ലക്ഷത്തിലധികം പേര്‍ അന്ന് ക്രൈമിയ വിടാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. മസ്ജിദുകളും മതസ്ഥാപനങ്ങളുമടക്കം ഇസ്‌ലാമിക ചിഹ്നങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാനും കനത്ത ശ്രമങ്ങള്‍ നടന്നു. 1889ല്‍ ഒന്‍പത് ദശലക്ഷം മുസ്‌ലിം ജനസംഖ്യയുണ്ടായിരുന്ന ക്രൈമിയയില്‍ വര്‍ഷങ്ങള്‍ നീണ്ട മുസ്‌ലിം ഉന്മൂലനത്തിനും നാട്കടത്തലുകള്‍ക്കും ശേഷം 1940ല്‍ വെറും ഒമ്പതര ലക്ഷം മുസ്‌ലിംകള്‍ മാത്രമാണ് അവശേഷിച്ചത്. അതേസമയം 1200ലധികം പള്ളികളാല്‍ മതസംസ്‌കാരികമായി സമ്പന്നമായ ക്രൈമിയയില്‍ ഇന്ന് വെറും 7 പള്ളികള്‍ മാത്രമാണുള്ളത്. ലൈബീരിയയിലേക്ക് നാട് കടത്തപ്പെട്ട താര്‍ത്താരികള്‍ക്ക് അര നൂറ്റാണ്ടിന് ശേഷം മാത്രമേ തങ്ങളുടെ മാതൃദേശത്തേക്ക് മടങ്ങിയെത്താനായുള്ളൂ. ഇതിനകം വലിയൊരു ശതമാനം തന്നെ ലൈബീരിയയില്‍ തന്നെ മരണപ്പെടുകയുണ്ടായിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധാനന്തരവും സോവിയറ്റ് യൂണിയന് കീഴില്‍ തുടര്‍ന്ന ക്രൈമിയയെ പിന്നീട് അവര്‍ ഉക്രൈനിന് നിരുപാധികം വിട്ട് നല്‍കുകയായിരുന്നു. അതോടെയാണ് ലൈബീരിയയിലേക്ക് നാട് കടത്തപ്പെട്ടവര്‍കക്ക് തിരിച്ചെത്താനായത്. തുടര്‍ന്ന് പതിയെ മുഖ്യധാരയിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കുന്നതിനിടെയിലാണ് വെള്ളിടി പോലെ ക്രൈമിയയെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്ത് വ്‌ളാദ്മിര്‍ പുടിന്‍ ഒപ്പ് വെക്കുന്നത്. ഈ ഒരു ദുരന്തപൂര്‍ണ്ണമായ ചരിത്രം എന്നും വേദനയോടെ ഓര്‍ക്കുന്നതിനാല്‍ റഷ്യക്ക് കീഴിലാവാന്‍ താര്‍ത്താരികള്‍ ഒരിക്കലും ആഗ്രഹിക്കില്ല. അത് കൊണ്ടാണ് 20%ത്തിലധികം വരുന്ന അവര്‍ ഹിതപരിശോധന പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചിരുന്നത്. മാത്രമല്ല ഇത് ഭയപ്പെട്ട് കൊണ്ട് ആയിരങ്ങളാണ്  ഉക്രൈനിലേക്ക് പാലായനം ചെയ്തത്

തുര്‍ക്കിയിലെ താര്‍ത്താരികള്‍

ക്രൈമിയയന്‍ പ്രതിസന്ധി ലോകം മുഴുക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഏറ്റവും കൂടുതല്‍ അലയൊലി സൃഷ്ടിച്ചത് ഇവിടെ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ സ്ഥിതി ചെയ്യുന്ന തുര്‍ക്കിയിലാണ്. ക്രൈമിയയിലെ വംശീയ അതിക്രമങ്ങളില്‍ നിന്ന് രക്ഷ തേടി ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നത് ഉസ്മാനീ ഖിലാഫത്തിന്റെ തട്ടകമായിരുന്ന തുര്‍ക്കിയിലായിരന്നുവെന്നതാണ് ഇതിന് കാരണം. തുര്‍ക്കിയാവട്ടെ ഇവരോട് അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുകയും മികച്ച സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ് കൂടുതല്‍ താര്‍ത്താരികള്‍ തുര്‍ക്കിയിലേക്ക് കുടിയേറിയെങ്കിലും തങ്ങളുടെ സമാന നിലപാട് തന്നെയാണ് തുര്‍ക്കി സ്വീകരിച്ചത്. ഇന്ന് ഏകദേശം 7 ദശലക്ഷം താര്‍ത്താരികള്‍ തുര്‍ക്കിയില്‍ അധിവസിക്കുന്നുണ്ട്. അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തുര്‍ക്കി സര്‍ക്കാറില്‍ ഇവരുടെ ഭാഗത്ത് നിന്ന് കനത്ത സമ്മര്‍ദമുണ്ടായിരുന്നു.

ക്രൈമിയയെ തങ്ങളുടെ ഫെഡറേഷനില്‍ ചേര്‍ക്കുകയും ഡോണ്‍ഡെസ്‌ക്, ലുതാന്‍സ്‌ക് തുടങ്ങിയ പ്രദേശങ്ങളില്‍ റഷ്യന്‍ അനുകൂലികള്‍ നടത്തുന്ന ഹിതപരിശോധനയോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്യുക വഴി ഏകദ്രുവ ലോകക്രമത്തിന് അവസാനമിടാന്‍ ശ്രമിക്കുന്ന റഷ്യക്ക് അന്താരാഷ്ട്ര രാജ്യങ്ങളുടെ നിലപാട് ഏറെ നിര്‍ണ്ണായകമാണ്. ക്രൈമിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ നിലപാടിനെ ശക്തമായി അപലപിച്ച സാഹചര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച ഇന്ത്യയുടെയും ചൈനയുടെയും പിന്തുണ റഷ്യയെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഇസ്‌ലാമിക ലോകത്തെ പുത്തന്‍ ശക്തിയായ തുര്‍ക്കിയുടെ പിന്തുണ അത് കൊണ്ട് തന്നെ അവര്‍ക്ക് നിര്‍ണ്ണായകമാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടാണ് താര്‍ത്താരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ചെച്‌നിയ പോലുളള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇപ്പോഴും കിരാത നടപടി തുടരുന്ന റഷ്യയെ ആദ്യമേ വിശ്വാസത്തിലെടുക്കാന്‍ താര്‍ത്താകള്‍ തയ്യാറായിരുന്നില്ല.

[caption id="attachment_40910" align="alignleft" width="300"]mustafa jamilove മുസ്ഥഫാ ജാമിലോവ്[/caption]

മുസ്തഫ ജമിലോവ്

താര്‍ത്താരീ മുസ്‌ലിംകളുടെ അന്താരാഷ്ട്ര ശബ്ദമാണ് മുസ്തഫ ജമീലോവ്. നിലവില്‍ തുര്‍ക്കിയില്‍ ജീവിക്കുന്ന ഇദ്ദേഹമാണ് സ്റ്റാലിന്‍ നാട് കടത്തിയ താര്‍ത്താരികള്‍ക്ക് മടങ്ങിവരാന്‍ അവസരമൊരുക്കിയത്. ഇതിനെത്തുടര്‍ന്ന് താര്‍ത്താരീ പത്രപ്രവര്‍ത്തകയായ ഐഷ ഇംപാക്ട് എന്ന പത്രത്തില്‍ ജമീലോവി നെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ഫീച്ചറോടെയാണ് അദ്ദേഹം താര്‍ത്താരിയന്‍ നേതാവെന്ന നിലയില്‍ പ്രസിദ്ധനാവുന്നത്. താര്‍ത്താരികള്‍ക്ക് വേണ്ടി സോവിയറ്റ് യൂണിയനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 15 വര്‍ഷം ജയില്‍ ശിക്ഷയേറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട് ജമീലോവിന്. ജയിലിലും സമരം തുടര്‍ന്ന ജമീലോവ് 303 ദിവസം നീണ്ട് നിന്ന ഉപവാസത്തിലൂടെ ലോകശ്രദ്ധ പിടിച്ച് പറ്റുകയും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ മധ്യസ്ഥതയില്‍ ജയില്‍ മോചിതനാവുകയും ചെയ്തു. 1998 ല്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി യു എന്‍ ഹൈ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നാന്‍സി മെഡല്‍ ജമീലോവിന് ലഭിച്ചത് താര്‍ത്താരികള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍്ക്കുള്ള അര്‍ഹിച്ച അംഗീകാരമായിരുന്നു. 2001 ല്‍ ഉക്രൈന്‍ പ്രസിഡന്റിന്റെ പ്രേത്യേക പുരസ്‌കാരമായ പ്രിന്‍സ് യാറസ്ലേവ് മുദ്രീവ ലഭിച്ചതും ജമീലോവിന് തന്നെയായിരുന്നു. 1998ല്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2002ലും 2007ലും വിജയമാവര്‍ത്തിച്ച ജമീലോവിനെ 2011ല്‍ സമാധാന നോബേലിന് നിര്‍ദ്ദേശിക്കപ്പെട്ടു. നിലവില്‍ താര്‍ത്താരികളോട് അനുഭാവപൂര്‍വ്വം പെരുമാറാനായി റഷ്യയോട് കടുത്ത സമ്മര്‍ദം ചെലുത്താന്‍   തുര്‍ക്കി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കണമെന്ന ആവശ്യത്തിലാണ് ജമീലോവുള്ളത്. തുര്‍ക്കി പഴയ പ്രതാപത്തിലേക്കുള്ള തിരിച്ച് പോക്കില്‍ മുസ്‌ലിം ലോകത്തെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും അവക്ക് പരിഹാരം കാണാനും പരിശ്രമിക്കുന്ന ഈ കാലത്ത് താര്‍ത്താരികള്‍  അവരില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയില്‍ അസ്വാഭാവികയൊന്നുമില്ലെന്ന് കരുതുന്നവരാണ് നിരീക്ഷകരില്‍ ബഹു ഭൂരിപക്ഷവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter