മുസ്ലിമേതര കുടിയേറ്റക്കാർക്ക്  ഇന്ത്യൻ പൗരത്വം നൽകുന്നതിനെതിരെ മിസോറാം മുഖ്യമന്ത്രി
ഐസ്വാൾ: കുടിയേറ്റക്കാരായ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നൽകുന്ന ബില്ല് കൊണ്ടുവരുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് ബിജെപിയിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ഉയരുന്നു. പദ്ധതിക്കെതിരെ കടുത്ത വിയോജിപ്പുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ രംഗത്തെത്തി. ഇത്തരമൊരു ബില്ല് കൊണ്ടു വരരുതെന്നും ഇതിനായി 1955 ലെ പൗരത്വ നിയമ ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്‍ 2019 മിസോറാമിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് കൂട്ടുമെന്നായിരുന്നു സോറംതംഗയുടെ പ്രതികരണം. നേരത്തെ പൗരത്വ ഭേദഗതി ബില്‍ 2019 പാസാക്കരുതെന്ന ആവശ്യവുമായി മിസോറാമിലെ ജനങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും രാജ്ഭവനിലെത്തി അമിതാഷാക്ക് മെമ്മോറാണ്ടം നല്‍കിയിരുന്നു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്‌ലിം വിഭാഗക്കാര്‍ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍ ഭേദഗതി. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്. ആസാമിൽ ദേശീയ പൗരത്വ പട്ടികയുടെ അവസാന ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പട്ടികക്ക് പുറത്തായ 12 ലക്ഷത്തിലധികമുള്ള ഹിന്ദു ജനവിഭാഗത്തിന് ഇന്ത്യൻ പൗരത്വം നൽകാനുള്ള ബില്ല് പാസാക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter