യമൻ യുദ്ധം: സമാധാന ശ്രമത്തിനായി അമേരിക്ക രംഗത്ത്
റിയാദ്: 4 വർഷങ്ങളായി ഹൂതി വിമതരും സഊദി നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും തമ്മിൽ തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. യമനിലെ വിമതരുമായി ചര്‍ച്ച തുടങ്ങിയതായും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള യമന്‍ വിമത വിഭാഗമായ ഹൂതികൾ യമൻ തലസ്ഥാനമായ സൻആ കീഴടക്കിയതോടെ ആണ് യുദ്ധം ആരംഭിച്ചത്. എന്നാൽ മാസങ്ങൾ നീണ്ട യുദ്ധങ്ങളിൽ ഇരുവിഭാഗത്തിനും എന്നും വിജയം നേടിയെടുക്കാനായില്ല. തകർന്നു തരിപ്പണമായ യമനിനെ രക്ഷിച്ചെടുക്കാൻ ഉള്ള അവസാന പ്രതീക്ഷയായിരിക്കും ഒരുപക്ഷേ ഇത്. ഹൂതികളുമായാണ് അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നത്. യമനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഈ മേഖല ഉള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ക്കായുള്ള നിയര്‍ ഈസ്‌റ്റേണ്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ഡേവിഡ് ഷെങ്കര്‍ പറഞ്ഞു. സഊദിയിലെ അമേരിക്കന്‍ സൈനികതാവള സ്ഥലമായ അല്‍ ഖര്‍ജില്‍ സന്ദര്‍ശനം നടത്തവേയാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് ഹൂതികളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ കടത്തുന്നത് തടയാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സഊദിക്കെതിരേ സമീപകാലത്ത് ഹൂതി ആക്രമണങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇതിനെ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter