ഒമര്‍ അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടെയും മേൽ പൊതുസുരക്ഷാ നിയമം ചുമത്തിയതിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിൽ അടക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

എന്തടിസ്ഥാനത്തിലാണ് ഈ പ്രവൃത്തിയെന്ന് ചോദിച്ച പ്രിയങ്ക ഇരുവരേയും ഉടന്‍ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഒമര്‍ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ പൊതുസുരക്ഷ നിയമം ചുമത്തിയത്? അവർ ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപ്പിടിച്ചു, ജനാധിപത്യ പ്രക്രിയയ്ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചു, ഒരിക്കലും ഭിന്നിപ്പിനും അക്രമത്തിനും മുതിര്‍ന്നില്ല, അവരെ സ്വതന്ത്രരാക്കണം, യാതൊരു അടിസ്ഥാനവുമില്ലാതെ അനിശ്ചിതമായി ഇങ്ങനെ തടവിലാക്കരുത്, പ്രിയങ്ക ട്വീറ്റ് ചെയ്തു.

വിചാരണ കൂടാതെ ആരെയും രണ്ട് വര്‍ഷം വരെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് അനുമതി നൽകുന്നതാണ് പൊതുസുരക്ഷാ നിയമം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter