ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയിൽ  വിയോജിപ്പുമായി പെന്റഗൺ
വാഷിംഗ്ടൺ: കാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രസ്താവനക്ക് മറുപടിയായി ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി യുഎസ് പ്രതിരോധ കേന്ദ്രമായ പെന്റഗൺ രംഗത്തെത്തി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യുദ്ധ നിയമങ്ങള്‍ പാലിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. ഇറാന്റെ സാംസ്‌കാരികകേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിന് പിന്നാലെ ഇത് യുദ്ധക്കുറ്റമാകില്ലേയെന്ന ചോദ്യത്തിന്, അവര്‍ക്ക് നമ്മുടെ ആളുകളെ കൊല്ലാനും നാടന്‍ ബോംബുകളുപയോഗിച്ച്‌ നമ്മുടെ ആളുകളെ ഉപദ്രവിക്കാനും പറ്റുമെങ്കില്‍ അവരുടെ സാംസ്‌കാരിക കേന്ദ്രങ്ങളെ നമുക്ക് തൊടാന്‍ പറ്റില്ല എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും ട്രംപ് ചോദിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇറാനെതിരായ ആക്രമണങ്ങളെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും വ്യക്തമാക്കിയിരുന്നു. അതേസമയം, ഒരു രാജ്യത്തിന്റെ സാംസ്‌കാരികകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് യു.എന്‍ രക്ഷാസമിതിയുടെ 2347 പ്രമേയമനുസരിച്ച്‌ യുദ്ധക്കുറ്റമാകുമെന്ന് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത് നാറ്റോയില്‍ യു.എസ് അംബാസഡറായിരുന്ന നിക്കോളാസ് ബണ്‍സ് പറഞ്ഞു. സാധാരണക്കാരെയും സാംസ്‌കാരികകേന്ദ്രങ്ങളും ആക്രമിക്കുക ഭീകരരാണെന്നും അത് യുദ്ധക്കുറ്റമാണെന്നും സെനറ്റര്‍ ക്രിസ് മര്‍ഫിയും ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter