മുതിര്‍ന്നവര്‍ ആദരവര്‍ഹിക്കുന്നു

ഇസ്ലാമിക ബാലപാഠമായ മര്യാദ (അദബ്)യുടെ ആദ്യഗണത്തില്‍പ്പെട്ടതാണ് മൂത്തവരെ ബഹുമാനിക്കല്‍. പരിശുദ്ധ ഇസ്ലാം മതം മുതിര്‍ന്നവരെ മാനിക്കാനും പരിഗണിക്കാനും കര്‍ശനമായി നിഷ്‌കര്‍ശിക്കുന്നുണ്ട്. പ്രവാചകര്‍ നബി (സ്വ) പറയുന്നു: മുതിര്‍ന്നവരെ ബഹുമാനിക്കാത്തവന്‍ നമ്മളില്‍പ്പെട്ടവനല്ല (ഹദീസ് തുര്‍മുദി 2043, അഹ്മദ് 6937). അവരുടെ സ്ഥാനവും മാനവും വകവെച്ചു നല്‍കണമെന്ന് ഉദ്‌ഘോഷിക്കുന്ന ഇസ്ലാമിക ശരീഅത്ത് ചെറിയവര്‍ ബഹുമാനാര്‍ത്ഥം വലിയവരോട് സലാം പറയണമെന്നും കല്‍പ്പിക്കുന്നുണ്ട്. നബി (സ്വ) പഠിപ്പിച്ചതാണത് (ഹദീസ് ബുഖാരി 6231). 

നബി (സ്വ) എന്തിലും ഏതിലും മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു. ഒരിക്കല്‍ ഒരു സംഘം ആളുകള്‍ നബി (സ്വ)യുടെ അടുക്കല്‍ വരികയുണ്ടായി. അവരെ പ്രതിനിധീകരിച്ച് പ്രായം കുറഞ്ഞയൊരാള്‍ സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി (സ്വ) പറഞ്ഞു: വലിയവര്‍ പറയട്ടെ, വലിയവര്‍ പറയട്ടെ (ഹദീസ് ബുഖാരി, മുസ്ലിം). 

കാരണം മുതിര്‍ന്നവര്‍ ഉത്തരവാദിത്വപൂര്‍വ്വം സൂക്ഷ്മതയോടെ മാത്രമേ സംസാരിക്കുകയുള്ളൂ. സംസാരിച്ചു പരിചയമുള്ള അവര്‍ കാര്യാവതരണത്തില്‍ തഴക്കവും പഴക്കവും വന്നവരായിരിക്കും. വൃദ്ധജനങ്ങളെ മുന്തിച്ചുക്കൊണ്ടുള്ള പ്രവാചകരുടെ (സ്വ) ഈ സമീപനം തന്നെയാണ് അനുചരന്മാരും അനുവര്‍ത്തിച്ചത്. സ്വഹാബി വര്യന്‍ സമുറത്ത് ബ്‌നു ജുന്‍ദുബ് (റ) പറയുന്നു: നബി (സ്വ)യുടെ കാലത്ത് ഞാന്‍ കുട്ടിയായിരുന്ന സമയത്ത് തിരുസന്നിതിയില്‍ വെച്ച് സംസാരിക്കാതിരിക്കാന്‍ ജാഗ്രത പാലിച്ചിരുന്നു. കാരണം അവിടെ എന്നെക്കാള്‍ മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത് (ഹദീസ് മുസ്ലിം 964).

വൃദ്ധജനം സമൂഹത്തിന്റെ ഭാഗ്യലക്ഷണമാണ്. ജീവിതത്തിന്റെ സുകൃത കോലങ്ങളാണവര്‍. നബി (സ്വ) പറയുന്നു: ദൈവാശീര്‍വാദം നിങ്ങളിലെ മുതിര്‍ന്നവര്‍ക്കൊപ്പമാണ് (ഹദീസ് സ്വഹീഹ് ഹിബ്ബാന്‍ 2/319, ത്വബ്‌റാനി 9/16). കാരണം അവര്‍ ജീവതത്തിലെ തീക്ഷണമായ ഘട്ടങ്ങള്‍ മറികടന്നവരാണ്. ജീവിതാനുഭവങ്ങളും പരിചയ സമ്പത്തും അവരെ നയിച്ചുക്കൊണ്ടിരിക്കും. പക്വതയും പാകതയും കൈമുതലാക്കിയ അവരുടെ അഭിപ്രായങ്ങള്‍ സ്വീകാര്യമായിരിക്കും. അവരുടെ വാക്കുകളും പ്രവര്‍ത്തികളും യുക്തിസഹവുമായിരിക്കും. അവരുടെ ചിന്തകളും മനനങ്ങളും വരെ മുതിര്‍ന്നതായിരിക്കും. അനന്തമായ സമര്‍പ്പണത്തിന്റെ പ്രതിരൂപങ്ങളാണവര്‍.

മനുഷ്യചരിത്രത്തില്‍ നിസ്തുലമായ അനവധി സംഭാവനകള്‍ അര്‍പ്പിച്ചവരാണ് വൃദ്ധരായിട്ടുള്ളവര്‍. പ്രവാചകരില്‍ നിന്ന് ചില വൃദ്ധമാതൃകാ താരങ്ങളെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുണ്ട് : നൂഹ് നബി (അ) തൊള്ളായിരത്തി അമ്പത് വര്‍ഷം ജീവിച്ചവരാണെന്ന് സൂറത്തുല്‍ അന്‍കബൂത്ത് 14ാം സൂക്തത്തിലൂടെ അല്ലാഹു അറിയിക്കുന്നു. സംഭവബഹുലമായ ആ ജീവിതത്തിന്റെ അവസാന കാലത്താണ് വമ്പന്‍ നൗക പണിയാന്‍ അല്ലാഹു കല്‍പ്പിക്കുന്നത്. ഖുര്‍ആന്‍ വിവരിക്കുന്നു: തത്സമദ്ദേഹത്തിനു നാം ഇങ്ങനെ സന്ദേശം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും ബോധനമനുസരിച്ചും താങ്കള്‍ ജലയാനം പണിയുക. നമ്മുടെ ശാസന വന്നെത്തുകയും അടുപ്പില്‍ നിന്ന് ഉറവ പൊട്ടി ജലമൊലിക്കുകയും ചെയ്താല്‍ മുഴുജീവികളില്‍ നിന്നും രണ്ട് ഇണകളെയും സ്വകുടുംബത്തെയും (അവരില്‍ നിന്ന് ശിക്ഷാ വിധി മുന്‍കടന്നവരൊഴികെ) അതില്‍ കയറ്റുക (സൂറത്തുല്‍ മുഅ്മിനൂന്‍ 27). 

ജൈവവംശങ്ങള്‍ നിലനില്‍ക്കാനും അവയുടെ ഉപകാരങ്ങള്‍ തുടരാനുമായി പ്രവഞ്ചത്തിലെ എല്ലാ ജീവികളില്‍ നിന്നും ഇണകളെ കൂടെക്കൂട്ടിയ വൃദ്ധനായ നൂഹ് നബി (അ)യാണ് ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്കിടയിലൂടെ കപ്പലോടിച്ചത്. മലപോലുള്ള തിരമാലകളെന്നാണ് അല്ലാഹു വിശേഷിപ്പിച്ചത് (സൂറത്തു ഹൂദ് 42). സര്‍വ്വ സന്നദ്ധതയുടെ ഉത്തുംഗ മാതൃകയാണ് നൂഹ് നബി (അ) കാണിച്ചുത്തന്നത്.

പ്രവാചകന്മാരുടെ പിതാവെന്നറിയപ്പെടുന്ന ഇബ്രാഹിം നബി (അ)ക്ക് വാര്‍ദ്ധക്യ സാഹചര്യത്തിലാണ് കുഞ്ഞ് പിറക്കുമെന്ന് മാലാഖമാര്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്നത് : അപ്പോള്‍ അദ്ദേഹം മലക്കുകളോട് ചോദിക്കുകയുണ്ടായി ഞാന്‍ വയസ്സനായിക്കഴിഞ്ഞിട്ടാണോ നിങ്ങളീ സന്തോഷ വിവരം തരുന്നത് ? (സൂറത്തു ഹിജ്‌റ് 54). 

വൃദ്ധനായിരിക്കെ അദ്ദേഹത്തിന് ജനിച്ച ഇസ്മാഈല്‍ നബി (അ)യാണ് ആദ്യത്തെ പുണ്യ ഗേഹമായ കഅ്ബ നിര്‍മ്മിക്കാന്‍ താങ്ങും തണലുമായത്. അക്കാര്യം ഖുര്‍ആന്‍ വിവിരിക്കുന്നു: ഇബ്രാഹിം നബിയും ഇസ്മാഈല്‍ നബിയും കഅ്ബാ മന്ദിരത്തിന്റെ അസ്തിവാരം പടുത്തയര്‍ത്തിയ സന്ദര്‍ഭം സ്മരണീയമത്രെ (സൂറത്തുല്‍ ബഖറ 127). 

ദൈവ കല്‍പന മാനിച്ച് ഈ മകനെ അറുക്കാന്‍ പോലും സന്നദ്ധനായ ഇബ്രാഹിം നബി (അ) നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണബോധത്തന്റെയും ഉത്തമ പ്രതീകമാണ്. 

ഇബ്രാഹിം നബി (അ)യുടെ കാലശേഷം കടന്നുവന്ന പ്രവാചകവര്യരാണ് സക്കരിയ നബി (അ). ഈസാ നബി (അ)യുടെ മാതാവ് മര്‍യം ബീബി (അ) വളര്‍ന്നത് വൃദ്ധനായ അദ്ദേഹത്തിന്റെ വീട്ടിലാണ്. അല്ലാഹു പറയുന്നു: അങ്ങനെ നാഥന്‍ മര്‍യത്തെ നന്നായി സ്വീകരിക്കുകയും ഉദാത്ത രീതിയില്‍ വളര്‍ത്തുകയും പരിപാലനത്തിനു സക്കരിയ്യ നബിയെ ഏല്‍പ്പിക്കുകയും ചെയ്തു (സൂറത്തു ആലു ഇംറാന്‍ 37). 

നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) നിശ്വാസത്തിന്റെ അവസാന നിമിഷം വരെ സത്യമത പ്രബോധനത്തിനായി ജീവിതം സമര്‍പ്പിച്ചവരായിരുന്നു. ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്ത് മദീനയില്‍ പുതിയൊരു മനുഷ്യ സംസ്‌കാരം സംസ്ഥാപിച്ച നബി (സ്വ)യുടെ ജീവിതാധ്വാനത്തിന്റെ നന്മകള്‍ തന്നെയാണ് നാമിന്നും ആസ്വദിക്കുന്നത്. നബി (സ്വ)ക്ക് ശേഷം ഖലീഫാ അബൂബക്കര്‍ സിദ്ധീഖും (റ) ആ പാത തുടര്‍ന്നു. തന്റെ അറുപതാം വയസ്സിലാണ് ജനങ്ങളുടെ ഐക്യവും നാടിന്റെ അഖണ്ഡതയും തിരിച്ചുപിടിച്ച് ശാന്തി  സമാധാന പൂര്‍ണമാക്കിയത്. മാത്രമല്ല നിരവധി ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അതില്‍ പ്രധാനമാണ് ഖുര്‍ആന്‍ ക്രോഢീകരണം. സ്വഹാബികളില്‍ നിന്നും മുതിര്‍ന്നവര്‍ നിസ്തുല സേവനകളര്‍പ്പിച്ചിട്ടുണ്ട്. അവരില്‍ പ്രധാനിയാണ് അനസ് ബ്‌നു മാലിക് (റ). പ്രഗത്ഭ ഹദീസ് നിവേദകനായിരുന്നു അദ്ദേഹം. തന്റെ നൂറാം വയസ്സിന് ശേഷവും അദ്ദേഹം ആ ജ്ഞാനസപര്യയില്‍ തുടര്‍ന്നിട്ടുണ്ട്. 

വാര്‍ദ്ധക്യ കാലത്തും അതുല്യ സംഭാവനകളര്‍പ്പിച്ചവരുടെ പട്ടികയലില്‍പ്പെട്ടവരാണ് വിശ്വ വിഖ്വാത ഭിഷഗ്വരനായിരുന്ന ഇബ്‌നുല്‍ നഫീസ് എന്നറിയപ്പെട്ട അബുല്‍ ഹസന്‍ അലാഉദ്ദീന്‍. ക്രിസ്താബ്ദം 13ാം നൂറ്റാണ്ടില്‍ സിറിയന്‍ അറബ് ലോകത്ത് വിരാചിച്ച അദ്ദേഹം വൈദ്യരംഗത്ത് നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാര്‍ദ്ധക്യ സമയത്താണ് അക്കാലത്തെ പ്രധാന ആശുപത്രി സ്ഥാപിക്കുന്നത്. ഏകദേശം എമ്പത് വയസ്സ് വരെ അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാനിയാണ് സമൂഹ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്‌നു ഖല്‍ദൂന്‍. ചരിത്രെഴുത്ത് രംഗത്ത് പ്രൗഢമാണ് അദ്ദേഹത്താല്‍ വിരചിതമായ 'കിതാബുല്‍ ഇബറ്'. തന്റെ എഴുപതുകള്‍ക്ക് ശേഷമാണ് അദ്ദേഹമത് എഴുതുന്നത്. എക്കാലത്തെയും അമൂല്യ കൃതിയായി ഗണിക്കപ്പെടുന്ന 'മുഖദ്ദിമ' എന്ന ഗ്രന്ഥം എഴുതുന്നത് ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്.

മുതിര്‍ന്ന സ്ത്രീജനങ്ങളും ചരിത്രത്തില്‍ തങ്ങളുടെ ഭാഗധേയം തെളിയിച്ചിട്ടുണ്ട്. ഹദീസ് നിവേദന രംഗത്ത് പ്രഗത്ഭയായ വനിതാ രത്‌നമാണ് സൈനബ ബിന്‍ത് യഹ്‌യ എന്ന പണ്ഡിത. തൊണ്ണൂറ് വയസ്സു വരെ ജീവിച്ച മഹതിയെത്തൊട്ട് നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാര്‍ദ്ധക്യ കാലത്തും സേവനരംഗത്ത് തുടര്‍ന്ന മറ്റൊരു വനിതാ മാതൃകയാണ് കര്‍മ്മശാസ്ത്ര പണ്ഡിതയും ഗ്രന്ഥകാരിയുമായ ശഹ്ദ ബിന്‍ത് അബൂ നസ്വ്ര്‍. തൊണ്ണൂറാം വയസ്സു വരെ രചനാ രംഗത്തും അധ്യാപന രംഗത്തും നിലയുറപ്പിച്ചിട്ടുണ്ട് ഇറാഖില്‍ നിന്നുള്ള ഈ മഹിളാ പ്രതിഭ.

ചരിത്രത്തിലുടനീളം പണ്ഡിതരും തത്വജ്ഞാനികളുമെല്ലാം മുതിര്‍ന്ന പൗരന്മാരെ മാനിക്കുകയും അവരുടെ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്തതായി കാണാം. കാരണം നബി (സ്വ) പറഞ്ഞിട്ടുണ്ടല്ലൊ: മുതിര്‍ന്ന വിശ്വാസിയെ ബഹുമാനിക്കല്‍ അല്ലാഹുവിനോടുള്ള ബഹുമാനത്തിന്റെ ഭാമാണെന്ന് (ഹദീസ് അബൂ ദാവൂദ് 4843). ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: ആരാണ് നബിയേ ജനങ്ങളിലെ ശ്രേഷ്ഠന്‍ ? നബി (സ്വ) മറുപടി പറഞ്ഞു: ദീര്‍ഘായുസ്സ് വരിക്കുകയും സല്‍പ്രവര്‍ത്തന വ്യാപൃതനാവുകയും ചെയ്തവനാണവന്‍ (ഹദീസ് തുര്‍മുദി 2252)

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter