ഹിന്ദുത്വ കാര്‍ഡ് അടുത്ത തെരഞ്ഞെടുപ്പില്‍ ഫലം ചെയ്യുമോ?

വിഖ്യാത അറബി സാഹിത്യകാരനായ ഖലീൽ ജിബ്രാൻ എഴുതിയ ഒരു കൊച്ചു കഥയുണ്ട്. അഫ്കർ എന്ന പുരാതന നഗരത്തിൽ പരസ്പരം വെറുക്കുകയും പുച്ഛിക്കുകയും ചെയ്ത രണ്ട് പണ്ഡിതർ ജീവിച്ചിരുന്നു. ഒരാൾ ദൈവങ്ങളുടെ അസ്തിത്വം നിരാകരിക്കുന്നയാൾ; രണ്ടാമൻ ഉറച്ച ദൈവ വിശ്വാസിയും.

ഒരു നാൾ രണ്ട് പേരും അങ്ങാടിയിൽ വെച്ച് പരസ്പരം കണ്ടുമുട്ടി. അവരുടെ ആരാധകരുടെ ഇടയിൽ വച്ച്, ഇരുവരും തമ്മിൽ ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള വാദവും തർക്കവും ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം അവർ പിരിഞ്ഞു. അന്ന് വൈകുന്നേരം അവിശ്വാസി ക്ഷേത്രത്തിൽച്ചെന്ന് അൾത്താരക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുകയും തന്റെ പിഴച്ച ഭൂതകാലത്തിന്റെ പേരിൽ ദൈവങ്ങളോട് മാപ്പിരക്കുകയും ചെയ്തു.

അതേ സമയം, ദൈവ വിശ്വാസിയായ പണ്ഡിതൻ തന്റെ പക്കലുള്ള ദിവ്യ ഗ്രന്ഥങ്ങളൊക്കെ അഗ്നിക്കിരയാക്കി. എന്തെന്നാൽ അദ്ദേഹം ഒരവിശ്വാസിയായിത്തീർന്നിരുന്നു.

ദിവസങ്ങക്ക് മുമ്പ് പ്രമുഖ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റേതായി പത്രങ്ങളിൽ വന്ന പ്രസ്താവനയാണ് ജിബ്രാൻ കഥയിലേക്ക് മനസിനെ കൂട്ടിക്കൊണ്ട് പോയത്. ഏറെ ഗൗരവതരവും പലരുടേയും കണ്ണുതുറപ്പിക്കാൻ പര്യാപ്തവുമാണാ പ്രസ്താവന. ഇന്ത്യൻ രാഷ്ട്രീയം കഴിഞ്ഞ കുറച്ചു കാലമായി ചെന്നു പതിച്ച മഹാഗർത്തത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളാണ് ആ സങ്കടം പറച്ചിലിന്റെ ഉള്ളടക്കം.

അലീഗഡ് മുസ് ലിം യൂനിവേഴ്സിറ്റിയിലെ പൂർവ വിദ്യാർത്ഥികളുടെ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് ആസാദ് തന്റെ മനസ് തുറന്നത്. ' തെരഞ്ഞെടുപ്പ് വേളകളിൽ പാർട്ടിയിലെ ഹൈന്ദവ സ്ഥാനാർഥികൾ തന്നെ പ്രചാരണത്തിന് വിളിക്കാൻ മടിക്കുന്നു. മുമ്പൊക്കെ 90 ശതമാനം പേരും പ്രചാരണ പരിപാടികളിൽ ക്ഷണിക്കാറുള്ള സ്ഥാനത്ത് ഇപ്പോൾ കഷ്ടിച്ച് 20 ശതമാനം ക്ഷണമേ ലഭിക്കാറുള്ളൂ. ഞാൻ പ്രസംഗിച്ചാൽ ഹിന്ദു വോട്ടുകൾ കുറഞ്ഞു പോകുമോ എന്നവർ ഭയക്കുന്നുണ്ടാകാം.'

ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കം . മതേതര ഭാരത്തിൽ, മതേതരത്വം മുഖമുദ്രയായി അംഗീകരിച്ച ഒരു പാർട്ടിയുടെ ഉന്നത നേതാക്കളിലൊരാൾക്ക് ഇങ്ങനെ വിലപിക്കേണ്ടി വന്നെങ്കിൽ ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം ദൗർബല്യമായോ ഏതാനും ചില നേതാക്കളുടെ മാത്രം മനോഭാവമോ ആയി കണക്കാക്കി നിസാരവൽക്കാനാവില്ല. മറിച്ച് നമ്മുടെ രാജ്യം ഇപ്പോൾ ചെന്നു പെട്ട അപചയത്തിന്റെ ആഴത്തിലേക്ക് തന്നെയാണത് വിരൽ ചൂണ്ടുന്നത്.

വർഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരെ ഘോര ഘോരം പ്രസംഗിക്കുകയും മതേതരത്വത്തിന്റെ ഉത്തരീയം അഭിമാനപൂർവം എടുത്തണിയുന്നവരായി അവകാശപ്പെടുകയും ചെയ്യുന്നവർ തന്നെ എതിർപക്ഷത്തുള്ളവരുടെ വീക്ഷണങ്ങളും സമീപനങ്ങളും സ്വാംശീകരിക്കുന്നതിൽ വ്യഗ്രത കാണിക്കുന്നതിൽ നിന്ന് മറ്റെന്താണ് നമുക്ക് അനുമാനിക്കാനാവുക? കേവലം മൃദു ഹിന്ദുത്വം എന്ന് മാത്രം വിശേഷിപ്പിച്ചു ഇതിനെ ലഘൂകരിക്കാനാവില്ല. പ്രതിയോഗികളുടെ മനോഘടനയിലേക്ക് പരിവർത്തിതമാകുന്ന തരത്തിലുള്ള രാസപ്രക്രിയകൾ പലരുടേയും അകത്തളങ്ങളിൽ അനസ്യുതമായി നടന്നു വരികയാണ്. ഗുലാം നബി ആസാദ് ഇത് തുറന്നു പറഞ്ഞ ശേഷം ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഒരാൾ പോലും പാർട്ടിയിൽ നിന്ന് ഇതിനെ നിഷേധിച്ചോ സ്ഥിരീകരിച്ചോ ന്യായീകരിച്ചോ പ്രതികരിച്ചു കാണാത്തതിൽ നിന്ന് തന്നെ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാണ്.

ഇത് ഗുലാം നബി ആസാദിന്റെ മാത്രം ധർമസങ്കടമല്ലെന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്. കഴിഞ്ഞ ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മോദിയും കൂട്ടരും തീവ്രഹിന്ദുത്വ ത്തിന്റ അഗ്നി ആളിക്കത്തിച്ചു മുന്നേറുമ്പോൾ കോൺഗ്രസ് അതിന് മുന്നിൽ നട്ടെല്ല് നിവർത്തി , കറകളഞ്ഞ മതേതരത്വത്തിലൂടെ പൊതു സമൂഹത്തിന്റെ മനസ് കീഴടക്കാൻ ശ്രമിക്കുന്നതിന് പകരം മൃദു ഹിന്ദുത്വത്തിന്റെ മെഴുകുതിരി കത്തിച്ചു വെക്കാനാണ് ശ്രമിച്ചത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിന് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നേടിക്കൊടുത്തത് അഹ്മദ് പട്ടേലിന്റെ രാജ്യസഭാ വിജയമായിരുന്നെങ്കിൽ തുടർന്നു അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പട്ടേൽ അടക്കമുള്ള മുസ്ലിം നേതാക്കളെ പരമാവധി അകറ്റി നിർത്തി ഹിന്ദുത്വ വാദികളെ പ്രീണിപ്പിക്കാനായിരുന്നു, അവരുടെ ശ്രമം. അഹ്മദ് എന്ന പേർ കേൾക്കുമ്പോൾ ഈർഷ്യ തോന്നുന്ന ആരെങ്കിലും വോട്ടു മാറി ചെയ്താലോ എന്ന ഭയം!

എന്നാൽ ഗുജറാത്തിൽ തന്നെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി തന്റെ മണ്ഡലത്തിൽ പരമാവധി തൊപ്പിയും താടിയും ധരിച്ച മുസ്ലിം പ്രതിനിധികളെ അടക്കം പരിപാടികളിൽ പങ്കെടുപ്പിച്ചു മത നിരപേക്ഷതയുടെ സ്പിരിറ്റ് ഉയർത്തിപ്പിടിക്കുകയായിരുന്നു. എന്നിട്ടും അത് വഴി അദ്ദേഹത്തിന് വോട്ട് കുറഞ്ഞില്ലെന്ന് മാത്രമല്ല, പ്രതീക്ഷിച്ചതിലും കൂടുതൽ ഭുരിപക്ഷത്തോടെയാണദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ഗുജറാത്തിൽ പരാജയം മണത്ത മോദി, ഒടുവിൽ പാക്കിസ്ഥാനെ വലിച്ചിഴച്ചു മൻമോഹൻ സിംഗ് അടക്കമുള്ളവർ മോദി സർക്കാറിനെതിരിൽ പാക്കിസ്ഥാനെ കൂട്ടുപിടിച്ചു ഗൂഡാലോചന നടത്തിയെന്നാക്ഷേപിച്ചിട്ടും ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

പല സംസ്ഥാനങ്ങളിലും നൂറുകണക്കിന് സ്ഥാനാർത്ഥികളെ മൽസരിപ്പിച്ചതിൽ മേമ്പൊടിക്ക് പോലും ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്താത്ത പാർട്ടിയാണ് ബിജെപി. എന്നാൽ അവരെ നേരിടുമ്പോൾ പുലർത്തേണ്ട തൂക്കം ഒപ്പിക്കലിന്റെ ഭാഗമായി മിക്ക സ്ഥലങ്ങളിലും കോൺഗ്രസിനും ന്യൂനപക്ഷ വിഭാഗത്തോട് ഇതിന് സമാനമായ രീതി സ്വീകരിക്കേണ്ടി വരാറുണ്ട്. ന്യായമായ അളവിൽ ന്യൂനപക്ഷ പ്രാതിനിധ്യം നൽകിയാൽ പോലും അത് പ്രീണനമായി ചൂണ്ടിക്കാട്ടി സംഘ് പരിവാർ മുതലെടുക്കുമെന്ന് ഭയപ്പെട്ടു മാറ്റി നിർത്തുന്ന അനുഭവങ്ങൾ പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. കേരളത്തിൽ അഞ്ചാം മന്ത്രി വിവാദത്തിലും അറബി സർവകലാശാലാ പ്രശ്നത്തിലുമെല്ലാം കോൺഗ്രനിലെ പലരുടേയും നിലപാടുകൾ സംഘ് പരിവാറിൽ നിന്ന് വളരെയൊന്നും വിഭിന്നമായിരുന്നില്ലെന്ന കാര്യം അന്നേ പലരും ചൂണ്ടിക്കാട്ടിയതാണ്.

സ്വാതന്ത്ര്യത്തിന് ശേഷം ഇത് വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടേയും മുഖ്യമന്ത്രിമാരുടേയും പട്ടിക പരിശോധിച്ചാലും ആനുപാതിക പ്രാതിനിധ്യത്തിന്റെ നാലയലത്ത് പോലും എത്തില്ലെന്ന കാര്യം എന്തിന്റെ സൂചനയാണ്? വിരലിലെണ്ണാൻ പോലും മുസ്ലിം മുഖ്യമന്ത്രിമാർ ഇന്ത്യയിലുണ്ടായിട്ടില്ല. പദവിയിലെത്തിയ ഒരാളും കാലാവധി തികച്ചിട്ടുമില്ല. മറ്റു പദവികളുടേയും അവകാശങ്ങളുടെയും കാര്യവും ഇതിൽ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല.

ഇങ്ങനെ പോയാൽ എവിടെയാണ് മത ന്യൂനപക്ഷങ്ങൾക്കും അധ:സ്ഥിത വിഭാഗങ്ങൾക്കും പ്രതീക്ഷയും രക്ഷയും? സംഘ് പരിവാറിന്റെ അജണ്ടകൾ നടപ്പിലാക്കുകയാണ് പ്രതിയോഗികളുടേയും പണിയെങ്കിൽ പിന്നെ രണ്ട് പാർട്ടികളെന്തിന്?

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ 35 ശതമാനത്തിൽ താഴെ മാത്രം വോട്ടർമാരെ ആകർഷിക്കാനേ ബി ജെ പിയുടെ തീവ്രഹിന്ദുത്വത്തിന് കഴിഞ്ഞിരുന്നുള്ളൂ. ബാക്കി 65 ശതമാനത്തിൽ കൂടുതൽ ഹിന്ദുക്കൾ അടക്കമുള്ള ഇന്ത്യൻ വോട്ടർമാർ അവരുടെ തീവ്രനിലപാടുകളെ നിരാകരിച്ചതാണ്. അപ്പോൾ അത്തരക്കാരുടെ മനം കവരാൻ പറ്റിയ വിധം മതനിരപേക്ഷ നയങ്ങളിലൂടെ മുന്നോട്ടു പോകാനല്ലേ കോൺഗ്രസ് അടക്കമുള്ള സെക്യുലർ പാർട്ടികൾ ശ്രമിക്കേണ്ടത്?

പാർട്ടിയുടെ മതേതര പ്രതിഛായ മെച്ചപ്പെടുത്തി സംഘ് പരിവാറിന്റെ എതിർ പക്ഷത്തുള്ള വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കാതെ ബി ജെ പി തിവ്രഹിന്ദുത്വത്തിന്റെ തേങ്ങ ഉടക്കുമ്പോൾ തങ്ങൾ ഹിന്ദുത്വത്തിന്റെ ചിരട്ടയെങ്കിലും ഉടക്കട്ടെ എന്നാണ് വിചാരമെങ്കിൽ 2019 ന്റെ ഫലം 2014 ൽ നിന്ന് വളരെയൊന്നും വ്യത്യസ്തമായിരിക്കുമെന്ന് കണക്കു കൂട്ടാൻ വക കാണുന്നില്ല. ബന്ധപ്പെട്ടവർ സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ടു വേണ്ട മാറ്റം വരുത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter