പ്രകീർത്തന സദസ്സുകളും മലിനീകരണവും
ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിയും ഡിസ്‌പോസിബ്ള്‍ പ്ലാസ്റ്റിക് ഉപകരണങ്ങളുടെ ഉപയോഗംകുറയ്ക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നബിദിന മാസത്തിന്റെ പ്രാരംഭമെന്ന നിലയില്‍ കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറം ജില്ലാ കലക്ടര്‍ തന്റെ ചേംബറിലേക്ക് വിവിധ മതസംഘടനകളുടെ യോഗം വിളിച്ചിരുന്നു.പൊതു ആഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന വിവിധ സദസുകള്‍, ഘോഷയാത്രകള്‍ എന്നിവയിലൂടെയാണ് പൊതു ശുചിത്വത്തെ ബാധിക്കുന്നതും പരിസ്ഥിതി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമായ കാര്യങ്ങള്‍ പലപ്പോഴും കൂടുതലായി ഉണ്ടാകാറുള്ളത്. ആയതിനാല്‍, നബിദിനാഘോഷ പരിപാടികള്‍, ക്രിസ്മസ്, ഓണം പോലുള്ളവയില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ അതതു മതസംഘടനാ നേതൃത്വത്തെ വിളിച്ചുവരുത്തി ബോധവല്‍ക്കരണ ദൗത്യം ഏല്‍പ്പിക്കുകയാണ് ജില്ലാ ഭരണകൂടം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മുസ്‌ലിം മതസംഘടനാ നേതാക്കളുടെ പ്രത്യേക യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തത്. മഹല്ല്-മദ്‌റസ നേതൃത്വം, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി നബിദിനാഘോഷ പരിപാടികളും ഘോഷയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നവരുടെ സത്വര ശ്രദ്ധയിലേക്ക് ധാരാളം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും വെള്ളിയാഴ്ച പള്ളികളില്‍ ഇതേക്കുറിച്ച് പൊതുജനങ്ങളെ ഗൗരവത്തോടെ ബോധവല്‍ക്കരിക്കാന്‍ ഖത്വീബുമാരോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഘോഷയാത്രകള്‍, പൊതുസമ്മേളനം, പ്രകീര്‍ത്തന സദസുകള്‍, ഭക്ഷണ വിതരണം തുടങ്ങിയ പരിപാടികളില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത പ്ലാസ്റ്റിക്, തെര്‍മോകോള്‍, പേപ്പര്‍, അലുമിനിയം ഫോയില്‍ എന്നീ ഡിസ്‌പോസബ്ള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ നിയന്ത്രണമില്ലാതെ ഉപയോഗിക്കാനും ഉപയോഗം കഴിഞ്ഞവ പൊതുസ്ഥലങ്ങളിലോ, ജലാശയങ്ങളിലോ നിക്ഷേപിക്കുകയോ, കത്തിക്കുകയോ ചെയ്യാനും ഇടവന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ പോലും ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തുന്നതിലെ മുഖ്യകാരണങ്ങളിലൊന്നായി ഇത്തരം കാര്യങ്ങളെ ജില്ലാ ഭരണകൂടം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ, പ്രകീര്‍ത്തന സദസുകള്‍, ഘോഷയാത്രകള്‍ എന്നിവയുടെ ഭാഗമായി ഉപയോഗിക്കപ്പെടുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും പരിശോധനയും ഗൗരവ പരിഗണനയിലുള്ളത് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ-പാനീയങ്ങളുടെ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കാനും തോരണങ്ങള്‍, നോട്ടിസുകള്‍, ബാനറുകള്‍ എന്നിവക്ക് ഫണ്ടക്‌സ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഇവ പേപ്പറിലോ തുണിയിലോ നിര്‍മിച്ചവയാണെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. ജൈവമാലിന്യ സംസ്‌കരണത്തിന് കംപോസ്റ്റ് കുഴികളോ ബയോഗ്യാസ് പ്ലാന്റുകളോ ഉപയോഗിക്കുകയെന്ന മാര്‍ഗനിര്‍ദേശവും പ്രത്യേകമായി നല്‍കിയിട്ടുണ്ട്. ആതുരസേവനം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ ശ്രദ്ധേയമായ ജനകീയ കൂട്ടായ്മയൊരുക്കി പരമാവധി ലക്ഷ്യസാക്ഷാല്‍ക്കാരം നേടിയെടുത്ത മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേകമായ ഇടപെടലാണ് ഇതെങ്കിലും നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി പൊതു ഇടപെടലില്ലാതെ തന്നെ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ കടപ്പെട്ടവരാണ് വിശ്വാസികള്‍ എന്നതാണ് വസ്തുത. കാരണം, പ്രവാചക പ്രേമം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. മനുഷ്യരെന്നല്ല, സര്‍വജീവികളുടെയും സുരക്ഷിതത്വത്തിനു സാധ്യമാകുന്നവിധം പരിഗണന നല്‍കി മാര്‍ഗനിര്‍ദേശം സമര്‍പ്പിച്ച സമഗ്ര ആശയമാണ് പ്രവാചകര്‍ ലോകത്തിനു നല്‍കിയത്. ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണെന്ന തിരുവചനം മതി വ്യക്തി-സമൂഹം-പരിസരം എന്നിവയുമായി ബന്ധപ്പെട്ട ശുചിത്വം പ്രവാചകാനുയായികളുടെ എത്ര വലിയ ബാധ്യതയാണെന്ന് മനസിലാക്കാന്‍. പൊതുജനാരോഗ്യ സംവിധാനങ്ങളോ, സിദ്ധാന്തങ്ങളോ മാലിന്യമായി കണക്കാക്കാത്ത പല ഖര-ജൈവ വസ്തുക്കളെയും സൂക്ഷ്മ നിരീക്ഷണത്തിലൂടെ മാലിന്യമായി പഠിപ്പിച്ച് അവ വര്‍ജിക്കണമെന്ന് നിര്‍ദേശിച്ച നബി തിരുമേനി സമ്പൂര്‍ണ ശുചിത്വത്തോടെ തന്റെ അനുയായികള്‍ ജീവിക്കുന്നതിനു സാഹചര്യമൊരുക്കിയത് ചെറിയ അശുദ്ധിയുടെയും വലിയ അശുദ്ധിയുടെയും ചുരുളഴിച്ചാല്‍ ബോധ്യപ്പെടും. ജലാശയങ്ങള്‍, കെട്ടിനില്‍ക്കുന്ന തണ്ണീര്‍ത്തടങ്ങള്‍, വിശ്രമയിടങ്ങള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മലമൂത്ര വിസര്‍ജനം നടത്തുന്നതിനെയും അസ്ഥികള്‍ പോലുള്ളതിനെ ഒഴിവാക്കുന്നതിനെയും നിശിതമായി വിമര്‍ശിച്ച പ്രവാചകര്‍ പൊതുശുചിത്വവും അതിലൂടെ പൊതുജനാരോഗ്യവും പരിരക്ഷിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ ബോധവല്‍ക്കരിക്കുകയാണ് ചെയ്തത്. ശാപമേല്‍ക്കുന്ന സ്ഥലങ്ങളാണ് ഇവയെന്ന് പരിചയപ്പെടുത്തി ജാഗ്രത പകര്‍ന്ന പ്രവാചകര്‍ അത്തരക്കാര്‍ക്ക് സ്രഷ്ടാവിന്റെയും മലക്കുകളുടെയും സര്‍വജനങ്ങളുടെയും ശാപമുണ്ടെന്ന് താക്കീതു ചെയ്തു. ഇമാം ഥ്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസ് വിവിധ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. രാത്രി കിടക്കുമ്പോള്‍ വിളക്ക് കെടുത്തണമെന്നും പാത്രങ്ങള്‍ കമിഴ്ത്തി വെക്കണമെന്നും നിര്‍ദേശിച്ച പ്രവാചകര്‍ പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതിലെ മഹത്വവും ഊന്നിപ്പറഞ്ഞത് ഹദീസുകളില്‍ കാണാം. പാത്രങ്ങള്‍ കമിഴ്ത്തി വയ്ക്കാതിരുന്നാല്‍, എന്തെല്ലാമാണ് രാത്രിയിലിറങ്ങുകയെന്ന് ആര്‍ക്കുമറിയില്ലെന്ന പ്രവാചകരുടെ സൂചിപ്പിക്കല്‍ വ്യാപകമായ അണുബാധയുടെ പോലും വ്യംഗ്യ ഓര്‍മപ്പെടുത്തലായി മനസിലാക്കാവുന്നതാണ്. കുഗ്രാമങ്ങളില്‍ പോലും ദന്താശുപത്രികള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ദന്തശുചീകരണത്തിന്റെ കാര്യത്തില്‍ തിരുനബി തെര്യപ്പെടുത്തിയ ഗൗരവം വിലയിരുത്തിയാലും ലൈംഗിക-രഹസ്യരോഗങ്ങള്‍ ക്രമാതീതമാകുന്ന പുതിയ കാലത്ത് മൂത്രവിസര്‍ജന ശുചീകരണം ബോധവല്‍കരിച്ച ശൈലിയും വിലയിരുത്തിയാല്‍ സമൂഹത്തിന്റെ ശുചിത്വസാന്നിധ്യം തിരുനബി എത്രത്തോളം ആഗ്രഹിച്ചുവെന്ന് ബോധ്യപ്പെടും. പാരിസ്ഥിതിക ആരോഗ്യം നിലനിര്‍ത്തുന്നതിലെ പ്രധാന ഘടകമാണ് മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നത്. നട്ടുപിടിപ്പിച്ചോ കൃഷിചെയ്‌തോ ഒരു വിശ്വാസി എന്തുണ്ടാക്കിയാലും അതില്‍നിന്ന് മനുഷ്യന്‍, പക്ഷി, മൃഗങ്ങള്‍, എന്തു ഭക്ഷിച്ചാലും അതെല്ലാം അദ്ദേഹത്തിനുള്ള ധര്‍മമായല്ലാതെ മാറില്ലെന്ന ഹദീസും (മുസ്‌ലിം) ഒരാള്‍ വൃക്ഷം നട്ടുപിടിപ്പിച്ച് അതിന്റെ സംരക്ഷണത്തില്‍ സഹനപൂര്‍വം നിലകൊണ്ട്, ഫലം കിട്ടുവോളം പരിപാലനം നടത്തിയാല്‍ അതിലെ പഴത്തിലെ ഓരോന്നിനും പകരം ധര്‍മത്തിന്റെ പ്രതിഫലം അദ്ദേഹത്തിനു ലഭിക്കുമെന്ന (അഹ്മദ്) വചനവും പാരിസ്ഥിതിക സൗഹൃദം വിശ്വാസികള്‍ എത്ര ഗൗരവത്തിലെടുക്കണമെന്നതിന്റെ സൂചനയാണ്. മാത്രമല്ല, അത്യാവശ്യത്തിനല്ലാതെ മരക്കൊമ്പ് വെട്ടിക്കളയുന്നവന്റെ ആയുസില്‍ ബറകത്തുണ്ടാകില്ലെന്ന മഹാന്മാരുടെ ഓര്‍മപ്പെടുത്തലോളം പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവം സ്ഫുരിക്കുന്ന മഹത്‌വചനം ഒരു പക്ഷേ, കാണാനാകില്ല. ചുരുക്കത്തില്‍, ശുചിത്വമിഷന്‍ സജീവമായാലും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ പ്രവാചക പ്രേമികള്‍ സ്വയം ബോധത്തോടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണം. പ്രവാചകരുടെ പേരില്‍ സംഗമിച്ചവരില്‍നിന്ന് പരിസര മലിനീകരണമോ പരിസ്ഥിതി പ്രശ്‌നമോ ഉണ്ടാകാന്‍ പാടില്ല. സ്വന്തം നേതൃത്വത്തിലും നിയന്ത്രണത്തിലും നടക്കുന്ന പരിപാടികളെല്ലാം കണിശതയോടെ ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഖത്വീബുമാര്‍ ഗൗരവം പ്രകടിപ്പിക്കുന്നതോടൊപ്പം വെള്ളിയാഴ്ച പൊതുജന ബോധവല്‍കരണം ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും വേണം. ഘോഷയാത്രയോ പ്രകീര്‍ത്തന സദസുകളോ നടന്ന ഒരിടത്തും പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്നത് ഉണ്ടാകില്ലെന്നു ഉറപ്പുവരുത്തണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter