ഘര്‍വാപസി : ബി ജെ പി നയം തുറന്ന് പറയുമ്പോള്‍
Yogi-Adityanath11മതേതരഭാരതത്തിലെ മതസഹിഷ്ണുതയുടെ സര്‍വ ലക്ഷ്മണരേഖകളും ഉല്ലംഘിച്ചു കൊണ്ടായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ ഘര്‍വാപസി അരങ്ങു വാണത്. അങ്ങ് ആഗ്ര മുതല്‍ ഇങ്ങ് കേരളം വരെ അതിന്റെ പതിപ്പുഭേദങ്ങള്‍ അരങ്ങേറി. ആശങ്കയോടെയും സംശയത്തേടെയും ഭാരതജനത ഘര്‍വാപസിയുടെ ആസൂത്രിത ലക്ഷ്യം ചികഞ്ഞന്വേഷിച്ചു. യഥാര്‍ഥത്തില്‍ ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ഭീമമായ തോതില്‍ നടക്കുന്നുണ്ടെന്നും അതു തന്നെ മതം മാറിയ ഹിന്ദുക്കളെ തിരിച്ച് തറവാട്ടിലേക്കു തന്നെ കൊണ്ടു വരികയാണെന്നും, ഇല്ല അതൊരു കള്ളക്കഥ മാത്രമാണെന്നുമൊക്കെയുള്ള നിരീക്ഷണങ്ങള്‍ പത്രകോളങ്ങളിലും ആനുകാലികങ്ങളിലും, ജനസദസ്സുകളിലുമൊല്ലാം നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കെല്ലാം അറുതി വരുത്തുന്നതായിരുന്നു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ബി ജെ പിയുടെ ഹിന്ദുത്വ വക്താവായ എം പി ആധിത്യനാഥ് നടത്തിയ പ്രസ്ഥാവന. മതപരിവര്‍ത്തനമാണ് മതസഹിഷ്ണുത തച്ചുതകര്‍ക്കുന്നത്, മതപരിവര്‍ത്തനം നിരോധിക്കപ്പെട്ടില്ലെങ്കില്‍  ഗര്‍വാപസിയും തുടര്‍ന്നു കൊണ്ടേയിരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന. മാസങ്ങളായി വശ്വഹിന്ദു പരിഷത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന ഘര്‍വാപസിയുടെ ആസൂത്രിത ലക്ഷ്യമാണ് ഈ പ്രസ്ഥാവനയിലൂടെ അദ്ദേഹം പുറത്തു കൊണ്ടു വന്നിട്ടുള്ളത്. സ്വേഷ്ടപ്രകാരമുള്ള മതപരിവര്‍ത്തനത്തിന് ജനാധിപത്യ ഇന്ത്യ അനുകൂലമാണ്. അത് ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിമായാലും ഭാരതം ഒരേ മനസ്സോടെ ഉള്‍ക്കൊള്ളുന്നു. പക്ഷേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഒരു മതവും ഒരു രാജ്യവും അംഗീകരിക്കുന്നില്ല. ആഗ്രയില്‍ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ മതപരിവര്‍ത്തനം തറവാട്ടിലേക്ക് തിരിച്ചു കൊണ്ടു വരലായിരുന്നില്ല. മറിച്ച് ആസൂത്രിതമായുള്ള നാടകമായിരുന്നു. മുസ്‌ലിംകളെ പല നിലക്കും ബുദ്ധിമുട്ടിച്ച് നിര്‍ബന്ധിച്ച് പൂജയില്‍ പങ്കെടുപ്പിച്ചതായിരുന്നുവെന്ന് ആഗ്രയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് നാം വായിച്ചു. ഇസ്‌ലാമിന്റെ ശാദ്വലതീരത്തേക്ക് യൂറോപടക്കമുള്ള പല നാടുകളില്‍ നിന്നും വന്‍ കുത്തൊഴുക്കാണ്. പാരീസിലെ ഷാര്‍ലി ഹെബ്ദോ ആക്രമത്തിനു ശേഷം പോലും ഇസ്‌ലാമിലേക്കുള്ള കടന്നു വരവ് കൂടിയെന്നല്ലാതെ കുറഞ്ഞിട്ടില്ലെന്ന് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്‌ലാമിലേക്കും ക്രിസ്ത്യാനിസത്തിലേക്കുമുള്ള ഇതര മതസ്ഥരുടെ കുത്തൊഴുക്കിനെ വര്‍ധിച്ച ഭീതിയോടെയാണ് ബി ജെ പി യും കക്ഷികളും നോക്കിക്കാണുന്നത്. ഇതിനെ തടയിടാന്‍ എന്തു വിലകൊടുത്തും കച്ചകെട്ടിയിറങ്ങണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് വിശ്വഹിന്ദു പരിഷത്തിനെ ഇത്തരമൊരു നാടകത്തിലേക്ക് വലിച്ചിഴച്ചത്. ആപാദചൂഢം വര്‍ഗീയതയുടെ മുദ്രയണിഞ്ഞ ഒരു പാര്‍ട്ടി ആട്ടിന്‍ തോലണിഞ്ഞു വന്നാല്‍ പോലും ഏതു വിശ്വവിഖ്യാതമന്ദനും തിരിച്ചറിയും ഇത് ചെന്നായയാണെന്ന്. നരേന്ദ്രമോഡിയുടെ വര്‍ഗീയ കൊടിക്കൂറയുടെ നിഴല്‍ പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ ജന്മം കൊള്ളുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടും ആദിത്യനാഥ് തന്റെ പ്രസ്താവന പിന്‍വലിച്ചില്ലെന്നു മാത്രമല്ല വ്യാഴായ്ച പുതിയ ഒരു പ്രസ്താവനയുമായി വീണ്ടും രംഗത്തു വരികകൂടി ചെയ്തു. മതേതരഭാരതത്തിന്റെ സാമൂഹ്യ മതില്‍ക്കെട്ടുകളുടെ സുരക്ഷക്ക് വന്‍ ആഘാതം സൃഷ്ടിക്കുന്നതായിരുന്നു അത്. അയോധ്യ രാമന്റെ ഭൂമിയാണെന്നും അവിടെ സുപ്രീം കോടതി പറഞ്ഞതു പോലെ മുസ്‌ലിംകള്‍ക്ക് ഒരു പള്ളി നിര്‍മിക്കാനുള്ള അവസരമേ ഇല്ലെന്നുമായിരുന്നു ആ പ്രസ്ഥാവന. മുസ്‌ലിംകളുടെ മതവികാരത്തെ പൂര്‍ണമായും വൃണപ്പെടുത്തുന്ന രൂപത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഇതേ തുടര്‍ന്നുള്ള വിഷദീകരണങ്ങളും അനുബന്ധ പ്രസ്ഥാവനകളും. പിന്നില്‍ നിന്നുള്ള കടിഞ്ഞാണോ ചൂട്ടു വെളിച്ചമോ ഇല്ലാതെയല്ല ആധിത്യനാഥ് വിവാദ,വര്‍ഗീയ പ്രസ്താവനകളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുസ്‌ലിംകളുടെ സൈ്വരവിഹാരത്തെയും ,സമാധാന നീക്കത്തെയും സാമൂഹ്യ ബോധത്തെയും ആസൂത്രിതമായി തകര്‍ക്കുകയാണ് ബി ജെ പി യുടെയും പോഷക സംഘടനകളുടെയു മുഖ്യ അജണ്ട. അധികാരലബ്ധി ഇതിന് വലിയൊരു മാന്ത്രികവടിയും, നടപ്പില്‍ വരുത്താനുള്ള പ്ലാറ്റ് ഫോമുമായി. ന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്‌ലിംകളെ ചൂണ്ടല്‍ പ്രയോഗത്തിലൂടെ കെണിയിലാക്കുന്ന വിദ്യയാണ് നരേന്ദ്ര മോഡി തന്റെ ഭരണമേറ്റെടുക്കല്‍ പ്രക്രിയക്കു ശേഷമുള്ള പ്രസ്ഥാവനകളിലൂടെ ലക്ഷ്യം വെച്ചത്, പക്ഷേ മുസ്‌ലികള്‍ അത്തരമൊടവിന്റെ പ്രേരണ മനസ്സിലാക്കുകയും ഒളിപ്പിച്ചു വെച്ച കെണി കണ്ടെത്തുകയും ചെയ്തത് വലിയ ഒരു വിപത്തില്‍ നിന്ന് മുസ്‌ലിംസമൂഹത്തെ സംരക്ഷിച്ചു നിറുത്തി. നീണ്ട കാലത്തെ ബദ്ധശത്രു ഒരു സുപ്രഭാതത്തില്‍ ആത്മമിത്രമാകുന്നതിലെ വൈരുദ്ധ്യാത്മകതയാണിതിന്റെ രസതന്ത്രത്തെ പൊളിച്ചത്. ചുരുക്കത്തില്‍ ബി ജെ പിയുടെ ഔദ്യോഗിക ഹിന്ദുത്വ മുഖം എം പി ആധിത്യനാഥിന്റെ പ്രസ്താവന ഘര്‍വാപസിയുടെ ആസൂത്രിതോദ്ദേഷ്യത്തെ ഉദ്‌ഘോഷിക്കുന്നതാണ്. ഇന്ത്യയില്‍ ഇസ്‌ലാമിലേക്കും മറ്റുമുള്ള മതംമാറ്റത്തിന്റെ കുത്തൊഴുക്കിനെ തടയിടാനുള്ള നിയമനിര്‍മാണത്തിനൊരു ബാക്ഗ്രൗണ്ട് എന്നതാണിതിന്റെ തിരക്കഥ. ഇത് മുമ്പേ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ബി ജെ പിയുടെ തന്നെ വായിലൂടെ ഇത് വരുന്നത് മറ്റെല്ലാ അവ്യക്തതകളെയും നിഷ്പ്രഭമാക്കുന്നു. ഭരണത്തിലെ നിയമഭേതഗതികളും, സ്വാധീനിക്കല്‍ പ്രക്രിയകള്‍ പോലും ന്യൂനപക്ഷ അമ്പെയ്ത്തുകള്‍ക്കാണെന്നത് പറയാതെ പറയുന്ന വസ്തുതയാണ്.    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter