വര്‍ഗീയത നേരും നുണയും: ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍
 width=സംസ്‌കാരത്തിലും മായം ചേര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് ഭാരതത്തിലെ വരേണ്യ വര്‍ഗം. സംഘടിത മതത്തിന്റെ സവിശേഷതകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യയില്‍ നിലനിന്ന ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയെ മതമാക്കിമാറ്റാന്‍ അവര്‍ക്കു കഴിഞ്ഞു. ചാതുര്‍ വര്‍ണ്ണ്യം, മയാസൃഷ്ടം എന്ന് ഭഗവദ് ഗീതയില്‍ പറയുന്നതുപോലെ ഹിന്ദുമതം മായം സൃഷ്ടം ആണെന്നു പറയുകയാവും ചരിത്രപരമായ ശരി. ക്രിസ്തുമതം,  ഇസ്‌ലാം മതം എന്നു പറയുന്നതുപോലെ ഇന്ത്യയില്‍ ഒരു മതമേ ഉണ്ടായിട്ടുള്ളൂ. അത് ബുദ്ധമതമാണ്. എല്ലാ മതങ്ങളും ഉണ്ടായത് അവ ഉണ്ടാകുന്നതിന് മുമ്പുള്ള ജീര്‍ണ്ണമായ വ്യവസ്ഥിതിയില്‍നിന്നും മനുഷ്യരെ മോചിപ്പിക്കാനാണ്. ഇന്ത്യയില്‍ അപ്രകാരമുണ്ടായ മതമാണ് ബുദ്ധമതം. ബുദ്ധമതം ഉണ്ടാകുന്നതിന് മുമ്പുള്ള ജീര്‍ണ്ണമായ വ്യവസ്ഥിതിയാണ് ഹിന്ദുമതമെന്ന പേരില്‍ അറിയുന്നത്. ഈ ജീര്‍ണ്ണതക്കെതിരെ മനുഷ്യമോചന പ്രസ്ഥാനമായി വന്ന ബുദ്ധമതത്തെ തകര്‍ത്തുകൊണ്ട് ഹിന്ദുമതമെന്ന പേരിലുള്ള ജീര്‍ണ്ണ വ്യവസ്ഥിതി തിരിച്ചുവന്നു. അങ്ങനെ പീഡിപ്പിക്കപ്പെട്ടവരാണ് ക്രിസ്തു മതത്തിലൂടെയും ഇസ്‌ലാമിലൂടെയും മോചിതരായത്. ഇപ്രകാരം ക്രിസ്തുമതവും ഇസ്‌ലാം മതവും രണ്ടു മതശക്തികളായതോടെ ഇവിടെ നിലവിലുള്ള ജീര്‍ണ്ണ വ്യവസ്ഥിതിയെ ഹിന്ദുമതമെന്ന് വിളിക്കാന്‍ തുടങ്ങി. ശരിയായ അര്‍ത്ഥത്തില്‍ ഹിന്ദുമതം മതമായിരുന്നെങ്കില്‍ ഇന്ത്യ മതേതര രാഷ്ട്രമാകുമായിരുന്നില്ല, പകരം ഹിന്ദു രാഷ്ട്രമാകുമായിരുന്നു. ഭൂരിപക്ഷ മതക്കാരുടെ രാജ്യം ഹിന്ദുരാജ്യമാകാതെ എന്തുകൊണ്ട് മതേതരരാഷ്ട്രമായി എന്നതാണ് ഇന്ത്യയില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളി. മതങ്ങളുടെ ബഹുത്വമല്ല ഇവിടെ പ്രശ്‌നം, ബഹുജനങ്ങള്‍ക്ക് ഒരു മതമില്ല എന്നതാണ് പ്രശ്‌നം. ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത് മതവിശ്വാസികളെയല്ല സിന്ധു നദിക്കിപ്പുറമുള്ള ജനങ്ങളെയാണ്. പേര്‍ഷ്യക്കാരാണ് ആ പദം ഉപയോഗിച്ചത്. അത് ഉപയോഗിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ പ്രദേശങ്ങളെ മാത്രമേ അതുള്‍ക്കൊണ്ടിരുന്നുള്ളൂ. ചേര-ചോള-പാണ്ഡ്യരാജ്യത്ത്  ഹിന്ദു എന്ന പദം ഇറക്കുമതി ചെയ്തത് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഹിന്ദുക്കള്‍ എന്ന പദം മതസംബന്ധിയല്ല. ഗ്രീക്കുകാര്‍, റോമാക്കാര്‍, ചൈനാക്കാര്‍, അഫ്ഗാന്‍കാര്‍ എന്നു പറയുന്നതുപോലെ ഒരു പ്രദേശത്തെ ജനതയെ ആണ് ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നത്. ചുരുക്കത്തില്‍, മതമില്ലാത്ത ഒരു വ്യവസ്ഥിതിയും ആ വ്യവസ്ഥിതിക്കെതിരെ മനുഷ്യമോചന പ്രസ്ഥാനങ്ങളായി വന്ന മതങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ഇന്ത്യന്‍ മതേതരത്വം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം. ഈ യഥാര്‍ത്ഥ പ്രശ്‌നത്തെ തിരിച്ചറിയേണ്ടവരാണ് ഇവിടത്തെ പിന്നാക്ക ദലിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും. ചരിത്രബോധമില്ലാത്തതിനാല്‍ പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ ഹിന്ദുക്കളായിതന്നെ (മതവിശ്വാസമെന്ന അര്‍ത്ഥത്തില്‍) ജീവിക്കേണ്ടിവരുന്നു. പിന്നാക്ക ദലിത് വിഭാഗങ്ങള്‍ തങ്ങളുടെ ശത്രുക്കളാണെന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. മാത്രമല്ല, പിന്നാക്ക ദതിത് വിഭാഗങ്ങളുടെ ശത്രുക്കള്‍ മതന്യൂനപക്ഷങ്ങളാണെന്ന പ്രചാരണം സവര്‍ണ്ണ ഹിന്ദുക്കള്‍ (യഥാര്‍ത്ഥ ഹിന്ദുക്കള്‍) നടത്തിക്കൊണ്ടിരിക്കുന്നു. മതന്യൂനപക്ഷങ്ങളുടെ പിന്നാക്ക - ദലിത് വിഭാഗങ്ങളുടെ മുഖ്യശത്രു ഈ ഹിന്ദുത്വവാദികളാണെന്ന കാര്യം തമസ്‌കരിക്കപ്പെടുന്നു. ദലിതരെ ഉപയോഗിച്ച് സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് മുസ്‌ലിം ജനതയെ കൊന്നൊടുക്കാന്‍ കഴിയുന്നത് ഈ തിരിച്ചറിവില്ലാത്തതുകൊണ്ടാണ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ നല്‍കുന്ന പ്രധാന പാഠമതാണ്. വര്‍ഗീയത ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണല്ലോ. സെമിനാറുകള്‍, ഉത്‌ബോധനങ്ങള്‍, സംവാദങ്ങള്‍, ഡയലോഗുകള്‍, മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ എന്നിവ തകൃതിയായി നടന്നുവരികയാണല്ലോ. നമ്മുടെ സാഹിത്യകാരന്മാരും സംസ്‌കാരിക നായകന്മാരും വര്‍ഗ്ഗീയതക്കെതിരെ പ്രസംഗിക്കുകയും ചിലപ്പോള്‍ ഉപവസിക്കുകയും കവിത ചൊല്ലുകയും  വേണ്ടിവന്നാല്‍ കൂട്ടയോട്ടം നടത്തുകയും ചെയ്യും. എന്നാല്‍, വര്‍ഗീയതയുടെ അടിവേരുകള്‍ കണ്ടെത്തി അതിനെ നശിപ്പിക്കാന്‍ ഇവര്‍ തയ്യാറാവുകയില്ല. ഇവരുടെ മനസ്സില്‍ നാറുന്ന ഗോധ്രയും അഴുകുന്ന ഗുജറാത്തുമാണ്. പല ബുദ്ധിജീവികളും ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് കഞ്ഞിവെക്കുന്ന കള്ളന്മാരാണ്. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം ജനതയെ അന്യവല്‍ക്കരിക്കാനും രാജ്യദ്രോഹികളായി മുദ്രയടിക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവരുന്നു. രാജ്യത്തു നടക്കുന്നത് ഹിന്ദു-മുസ്‌ലിം ലഹളയാണെന്ന് മാധ്യമങ്ങളും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പ്രചരിപ്പിക്കുന്നു. വാസ്തവത്തില്‍ ഇവിടെ നടന്നുവരുന്നത് മുസ്‌ലിം വിരുദ്ധ ലഹളകളാണ്. ബാബ്‌രി പ്രശ്‌നവും ഗോധ്രയും ഗുജറാത്തുമെല്ലാം മതസൗഹാര്‍ദ്ദത്തിന്റെ അഭാവത്തെയല്ല മറിച്ച് ബോധപൂര്‍വ്വമായ സംഘര്‍ഷത്തിന്റെ ആസൂത്രണത്തെയാണ് വ്യക്തമായി കാണിക്കുന്നത്. ഹിന്ദുത്വ ശക്തികള്‍ ഉണര്‍ത്തിവിടുന്ന പൈശാചിക ലഹളകള്‍ തികച്ചും ഏകപക്ഷീയമായ പ്രത്യാക്രമണങ്ങളാണ്. വംശനാശമാണ് അവരുടെ ലക്ഷ്യം. ഇതിനെതിരെ പ്രതിരോധം സൃഷ്ടിക്കലാണ് മുസ്‌ലിംകള്‍ ചെയ്തുവരുന്നത്. നിര്‍ഭാഗ്യവശാല്‍ പ്രത്യാക്രമണവും പ്രതിരോധവും ഒരുപോലെ വര്‍ഗീയതയാണെന്ന് മുദ്രയടിക്കപ്പെടുന്നു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടകരമാണെന്ന് പറയുകയും ചെയ്യുന്നു. ഭൂരിപക്ഷ വര്‍ഗീയത എന്ന പ്രയോഗവും ന്യൂനപക്ഷ വര്‍ഗീയത എന്ന പ്രയോഗവും അബദ്ധജടിലമാണ്. ഹിന്ദുത്വഭീകരന്മാര്‍ക്ക് കൂടുതല്‍ മാന്യത ഉണ്ടാക്കികൊടുക്കാനേ ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക് കഴിയൂ. ഭൂരിപക്ഷ വര്‍ഗീയത എന്നൊന്നില്ല. അങ്ങനെയുണ്ടെങ്കില്‍ പിന്നെ മതേതരത്വത്തിന്റെ വക്താക്കള്‍ എവിടെയാണുള്ളത്. ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലും അവരില്ലെന്നോ? ഹിന്ദുക്കള്‍ എന്ന് പറയപ്പെടുന്നവരില്‍ ഒരു ചെറുഭാഗം മാത്രമാണ് വര്‍ഗീയവാദികള്‍. മൂന്നു ശതമാനം വരുന്ന ബ്രാഹ്മണരിലെ യാഥാസ്ഥിക വിഭാഗവും അവരുടെ കങ്കാണിപ്പണി ചെയ്യുന്ന ക്ഷത്രിയരും അടങ്ങുന്നതാണ് ഹിന്ദുസാമ്രാജ്യം. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും അവിടെ സ്ഥാനമില്ല. സ്ഥാനമില്ലെന്നു മാത്രമല്ല, ആ ഹിന്ദു സാമ്രാജ്യത്തില്‍നിന്ന് മോചനം നേടിയവരാണ് അവര്‍. ഭൂരിപക്ഷത്തിന്റെ പ്രീതി സമ്പാദിച്ചില്ലെങ്കില്‍ ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്നും അഭയാര്‍ത്ഥി ക്യാമ്പില്‍ തളച്ചിടുമെന്നും ആക്രോശിക്കുന്ന ഹിന്ദുഫാസിസ്റ്റുകള്‍ ഒരു ന്യൂനപക്ഷം മാത്രമാണെന്നറിയുക. ചരിത്രത്തിലുടനീളം ഭൂരിപക്ഷം വരുന്ന പിന്നാക്ക ദലിത് വിഭാഗങ്ങളോട്  അവര്‍ പറഞ്ഞത് തന്നെയാണ് ഇന്ന് മതന്യൂനപക്ഷങ്ങളോട് പറയുന്നത്. ഈഴവനും പുലയനും പറയനും മറ്റും ഇവരുടെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു എന്ന സത്യം പിന്നാക്ക ദലിത് വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും തിരിച്ചറിയണം. ഈ തിരിച്ചറിവാണ് ഹിന്ദു ഫാസിസത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം. ഈ സത്യം പ്രചരിപ്പിക്കാനുള്ള ബാധ്യത മുസ്‌ലിം-ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരുടെ ചരിത്രം നോക്കുക. ശിവഗിരിയെ സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ശിവഗിരി ഹിന്ദുമഠമല്ലെന്നും നാരായണഗുരു ഹിന്ദുസന്യാസി അല്ലെന്നും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. നാരായണഗുരു ഹിന്ദു സന്യാസി അല്ലെങ്കില്‍ ഈഴവര്‍ ഹിന്ദുക്കളുമല്ല. ഇതാണ് സത്യം. കേരളത്തിന്റെ ആധിപത്യം നേടാന്‍ സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടാന്‍ ഒരു കാരണം ഈഴവ ജനതയെ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്ന് പറയുന്നത് അടിമ പഴക്കംകൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ് എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഹിന്ദു ഫാസിസത്തിന് ജയജയപാടുകയും മുസ്‌ലിം ജനതക്കെതിരെ പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിടുകയുമാണ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നാക്ക-ദലിത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സവര്‍ണ്ണ മാധ്യമ സിന്‍ഡിക്കേറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു. വാര്‍ത്തകള്‍ തമസ്‌കരിക്കുക, സവര്‍ണ താല്പര്യത്തിനായി വാര്‍ത്തകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുക, പിന്നാക്ക ദലിത് നേതാക്കളെ ബോധപൂര്‍വ്വം അവഹേളിക്കുക, മുസ്‌ലിംകളെ തീവ്രവാദികളും ഭീകരരുമായി ചിത്രീകരിക്കുക തുടങ്ങിയ കലാപരിപാടികളാണ് സവര്‍ണ്ണ മാധ്യമ സിന്‍ഡിക്കേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ലാലുപ്രസാദ്, മായാവതി തുടങ്ങിയവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത കൊടുക്കുന്നതും ഇവരുടെ ഹോബിയായിത്തീര്‍ന്നിരിക്കുന്നു. അടുത്ത പ്രധാനമന്ത്രിയായിപ്പോകുമോ എന്ന ഭയം കാരണം അടുത്ത കാലത്തു തമ്പുരാന്‍ പത്രങ്ങള്‍ മായാവതിയെ സംബന്ധിക്കുന്ന ചില വാര്‍ത്തകള്‍ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജാഗ്രതൈ!! ഡിസംബര്‍ 6ന് മുമ്പ് ഫാസിസ്റ്റ് അജണ്ടയുള്ള പത്രങ്ങളില്‍ വരുന്ന ഒരു വാര്‍ത്തയുണ്ട്. ദുബയ് തീരത്തുനിന്നും ഒരു കപ്പല്‍ കേരള തീരത്തേക്ക് വരുന്നു. നിറയെ ആയുധങ്ങള്‍. മലബാറിലേക്കാണ് പോകുന്നത് (മലപ്പുറമെന്ന് പറയാറില്ല). കുറേ വര്‍ഷക്കാലം ആവര്‍ത്തിച്ച വാര്‍ത്തയാണിത്. ഇന്നുവരെ ഈ ആയുധക്കപ്പല്‍ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം, മറ്റൊന്നുമല്ല, കള്ളന്‍ കപ്പലില്‍ തന്നെയാണല്ലോ ഉള്ളത്. എന്തതിശയമേ ദൈവത്തിന്‍ ശക്തി എത്ര മനോ.....ഹ....രമേ! വ്യാജവാര്‍ത്ത കൊടുത്ത് മാതൃഭൂമിയെ രക്ഷിക്കുന്ന മാധ്യമങ്ങളുമുണ്ട്. ഇപ്പോള്‍ കപ്പല്‍ വാര്‍ത്തയില്ല. പകരം മുസ്‌ലിം തീവ്രവാദികളേയും കശ്മീരീ ഭീകരരേയും കൃത്രിമമായി സൃഷ്ടിച്ച് വാര്‍ത്ത പടച്ചുവിടുന്ന രീതിയാണ് തമ്പുരാന്‍ കോട്ടകളില്‍ ജേര്‍ണലിസ്റ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ഓരോ ദിവസവും ഓരോ മുസ്‌ലിം യുവാവിന്റെ ചിത്രങ്ങളോ രേഖാചിത്രമോ ആണ് ഈ മാധ്യമ മല്ലന്മാര്‍ പുറത്തുവിടുന്നത്. സംഭവത്തിന് മുമ്പുതന്നെ മുസ്‌ലിംയുവാക്കളെ അറസ്റ്റുചെയ്യുകയും അവരുടെ രേഖാചിത്രം തയ്യാറാക്കുകയും മലേഗാവ് മോഡലില്‍ സ്‌ഫോടനം നടത്തിയ ശേഷം ഇവരെ പ്രതികളാക്കി പ്രദര്‍ശിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരും ഹിന്ദു ഫാസിസ്റ്റ് കേന്ദ്രങ്ങളും ഇവരുടെ തലതൊട്ടപ്പന്മാരായ വിദേശ ഏജന്‍സികളും ചേര്‍ന്നാണ് ഈ പരിപാടി പൂര്‍വ്വാധികം ഭംഗിയായി നടത്തിക്കൊണ്ടിരിക്കുന്നത്. സൈനിക കേന്ദ്രങ്ങളും ഈ മാധ്യമ ഭീകരന്മാര്‍ക്കൊപ്പം ഉണ്ട്. സിനിമാനടന്‍ മോഹന്‍ലാല്‍, മേജര്‍ രവി (മുന്‍ ഹിന്ദുത്വ നേതാവ്) സഖ്യത്തിന്റെ കശ്മീര്‍ സിനിമകളുടെ ലക്ഷ്യവും മുസ്‌ലിം ഭീകരതയെന്ന നുണ പ്രചരിപ്പിക്കലാണ്. ബട്‌ലാ ഹൗസ് സംഭവത്തില്‍ വെടിയേറ്റു മരിച്ച ഇന്‍സ്‌പെക്ടര്‍ ശര്‍മയുടെ കുടുംബത്തിന് മോഹന്‍ലാല്‍ ഒരുലക്ഷം രൂപ സഹായധനം നല്‍കിയ വാര്‍ത്ത ഗൗരവമായി കാണേണ്ടതുണ്ട്. കശ്മീരികളുടെ നെഞ്ചത്ത് കയറ്റിയ കീര്‍ത്തിചക്രവും ഇപ്പോള്‍ നടക്കുന്ന കുരുക്ഷേത്രയും കാവികേന്ദ്രങ്ങളുടെ പിന്‍ബലത്തോടെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സൈന്യത്തിലെ ഹൈന്ദവവല്‍ക്കരണം അന്വേഷിക്കുമെന്ന് എ.കെ. ആന്റണി പറഞ്ഞിരിക്കുകയാണല്ലോ. ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് മതന്യൂനപക്ഷങ്ങള്‍ ജീവിച്ചുകൊള്ളണമെന്ന ബൈബിള്‍ വചനം നല്‍കിയിട്ടുള്ള ആളാണല്ലോ അദ്ദേഹം. സൈന്യത്തില്‍ സംവരണമില്ലെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വകേന്ദ്രങ്ങളുടെ കൈയ്യടിയും അദ്ദേഹം വാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തെ ഹിന്ദു രാഷ്ട്രത്തിന്റെ കാവലാളാക്കി മാറ്റാനുള്ള ഗൂഢപദ്ധതികളാണ് ഇപ്പോഴത്തെ സംഭവങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മഅ്ദനിയെ ഭീകരനാക്കി ചിത്രീകരിച്ചതും ഈ മാധ്യമ പരിഷ്‌കാരികളായിരുന്നു. നായനാര്‍-ഹിന്ദുത്വ അച്ചുതണ്ടാണ് മഅ്ദനിയുടെ ജയില്‍വാസത്തിന് ഇടയാക്കിയത്. കോടതി വിധി വരുംമുമ്പു തന്നെ മലയാള മാധ്യമങ്ങള്‍ മഅ്ദനിയെ കുറ്റക്കാരനായി പ്രഖ്യാപിച്ചിരുന്നു. ഒരു സാമ്പിള്‍ നോക്കുക: മഅ്ദനിയെപ്പോലുള്ളവര്‍ക്ക് വേണ്ടി ആരെങ്കിലും എഴുതി തയ്യാറാക്കുന്ന കൂട്ടപ്രസ്താവനയുടെ ചുവട്ടില്‍ ഒപ്പുചാര്‍ത്തികൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വതന്ത്ര ബുദ്ധിജീവികളുടെയും നിഷ്പക്ഷ ചിന്തകരുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും വിശ്വാസ്യതയാണ്. (മാതൃഭൂമി -ആഗസ്റ്റ് 3, 1998) മഅ്ദനി തിരിച്ചുവന്നപ്പോള്‍ ആരുടെ വിശ്വാസ്യതയാണ് നഷ്ടപ്പെട്ടത്? ''നിയമവാഴ്ചയുള്ള രാജ്യമാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാന്‍ മഅ്ദനി നടത്തിയ തീപ്പൊരി പ്രസംഗങ്ങളുടെ മേലുള്ള കേസുകള്‍ മതി.'' എന്നും മാതൃഭൂമി വിധി പ്രസ്താവിച്ചിരുന്നു. എല്‍.കെ. അദ്വാനിയുടെയും തൊഗാഡിയയുടെയും താക്കറെയുടെയും തീപ്പൊരി പ്രസംഗങ്ങള്‍ കേസെടുക്കാനുള്ളതല്ല, കേട്ടുസുഖിക്കാനുള്ളതാണെന്നറിയുക.!! മോഡിമാര്‍ അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ രോമാഞ്ചകുഞ്ചകമണിയുക.!! നിയമവാഴ്ചയില്ലാത്ത രാജ്യമാണിതെന്ന സത്യം ചൂണ്ടിക്കാണിച്ച ഈ മാധ്യമവീരനെ വാഴ്ത്തുക.!! മുന്‍മന്ത്രി കെ. കൃഷ്ണകുമാറും ഭാര്യയും അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ പോയതും, അര്‍. ബാലകൃഷ്ണപിള്ള, ആര്‍. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതും ഇവര്‍ക്ക് വലിയ വാര്‍ത്തയല്ലാതായിരുന്നു. ദശാബ്ദങ്ങള്‍ക്കപ്പുറത്ത് തുടങ്ങിയ ഈ സവര്‍ണ്ണ വര്‍ഗ്ഗീയതയാണ് മഹാത്മരായ ടിപ്പുവിനെയും ജിന്നയെയും രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചത്. (ഇടയ്ക്ക് ജിന്ന ദേശീയ വാദിയാണെന്ന് അദ്വാനി പറഞ്ഞത് മറ്റൊരു ഫാസിസ്റ്റ് തന്ത്രമായിരുന്നു.) ജിന്നയെപ്പോലൊരു ദേശീയവാദി ഇന്ത്യന്‍ ചരിത്രത്തില്‍ ഇല്ലെന്നുവേണം പറയാന്‍. അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫര്‍ പാലക്കാട്ടെ അയ്യരായിരുന്നു. പാചകക്കാരന്‍ ഗോവക്കാരന്‍ ഹിന്ദുവായിരുന്നു. ഡ്രൈവര്‍ സിക്കുകാരനായിരുന്നു. കാവല്‍ക്കാരന്‍ ഗൂര്‍ഖയായിരുന്നു. ഡോക്ടര്‍ പാഴ്‌സിക്കാരനായിരുന്നു. ജിന്ന നടത്തിയിരുന്ന ഡോണ്‍ എന്ന പത്രത്തിന്റെ എഡിറ്റര്‍ കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനിയായ പോത്തന്‍ ജോസഫായിരുന്നു. ഈ മഹാത്മാവിനെയാണ് അധികാരത്തില്‍ പങ്കാളിത്തം വേണമെന്ന് പറഞ്ഞതിന്റെ പേരില്‍ ഗാന്ധിജിയും നെഹ്‌റുവും മറ്റും ചേര്‍ന്ന് ഭീകരവാദികളാക്കിയത്. ബ്രിട്ടീഷ് ഭരണമായിരുന്നതുകൊണ്ട് ഏറ്റുമുട്ടലില്‍ ജിന്നയെ കൊല്ലാന്‍ ഫാസിസ്റ്റുകള്‍ക്ക് കഴിഞ്ഞതുമില്ല. ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാന്‍ നിബോധത!!
ഡോ. എം.എസ്. ജയപ്രകാശ്‌

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter