ഉമർ , മെഹ്ബൂബ എന്നിവരുടെ മേൽ പിസ്എ ചുമത്തിയത് ശുദ്ധ വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?
കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ പ്രധാന നേതാക്കന്മാരെല്ലാം വീട്ടു തടങ്കലിൽ തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയുടെയും മെഹബൂബ മുഫ്തിയുടെയും മേൽ പൊതു സുരക്ഷാ നിയമം ചുമത്തിയിരിക്കുകയാണ്. ഇതുവരെ യാതൊരു കാരണവും ഇല്ലാതെ തടങ്കലിൽ തന്നെയായിരുന്നു ഇരുവരും. ഒമർ അബ്ദുല്ലയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ മേലും ഈ കരിനിയമം അടിച്ചേൽപ്പിച്ചിട്ടുണ്ട്.

കശ്മീർ സംബന്ധിച്ച് പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ ചില വിടുവായത്തം ഒഴിച്ചുനിർത്തിയാൽ എത്ര പേരെ ഈ രൂപത്തിൽ തടവിലിട്ടിട്ടുണ്ട് എന്നതിന് കൃത്യമായ കണക്കോ കശ്മീരിന്റെ ഭാവി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയോ സർക്കാരിനില്ല. 2019 ഓഗസ്റ്റ് മാസം ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീർ ഇന്ത്യയുടെ മറ്റു ഭാഗങ്ങളോട് ഇഴുകി ചേർന്നെന്നായിരുന്നു പ്രധാന മന്ത്രിയുടെ അവകാശവാദം.

ഈ അവകാശവാദം പൂർണ്ണമായും ശരിയാണ്, കാരണം, സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളും അക്രമികളുമാക്കുന്ന, നിയമാനുസൃതമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന പ്രവണതകൾ, അക്രമങ്ങൾ, തുടങ്ങി കശ്മീരിൽ മാത്രം കണ്ടിരുന്ന കാഴ്ചകൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിന് നാം സാക്ഷികളായിരിക്കുകയാണ്.

അനിശ്ചിതകാലത്തേക്കുള്ള ഈ തടവ് അനിവാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ മുഖ്യമന്ത്രിമാർ അസ്വീകാര്യമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും ആരോപണമുന്നയിച്ചിരിക്കുകയാണ്. ഏത് പ്രസ്താവനകളാണ് സ്വീകാര്യമെന്നും ഏതാണ് അസ്വീകാര്യമെന്നുമുള്ള പരിമിതികൾ നിർണയിക്കുന്നത് ഭരണഘടനാപരിരക്ഷയുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.

ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ തുടരുന്ന അനിശ്ചിതകാല നിയന്ത്രണങ്ങളിൽ സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു അതേതുടർന്ന് ഇന്റർനെറ്റ് കണക്ഷനുകൾ ഭാഗികമായെങ്കിലും പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറായി. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. നിരന്തരമായി 144 വകുപ്പ് പ്രയോഗിക്കുന്നതിനെക്കുറിച്ചും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചെങ്കിലും ജനാധിപത്യവിരുദ്ധമായ സർക്കാരിന്റെ നടപടികളെ റദ്ദാക്കാൻ കോടതി തുനിഞ്ഞില്ല.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ രീതി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലുന്നയിക്കപ്പെട്ട ഹർജി കോടതിയുടെ പരിഗണനയിലാണ്. എന്നാൽ അർഹിക്കുന്ന പരിഗണന ഈ ഹർജിക്ക് ലഭിച്ചിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.

ജമ്മുകശ്മീരിനോട് എക്കാലത്തും ബിജെപിക്ക് പ്രത്യയശാസ്ത്രപരമായി ചില സമീപനങ്ങൾ ഉണ്ടെങ്കിലും കശ്മീർ സംബന്ധിച്ചുള്ള പാർട്ടിയുടെ തീരുമാനങ്ങൾ വീണ്ടുവിചാരമില്ലാത്തതാണ്. ഈ വൈകിയ വേളയിലെങ്കിലും പ്രദേശത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ ബിജെപി തയ്യാറാവണം. രാഷ്ട്രീയത്തിൽ പിടി പാടില്ലാത്ത ചില നേതാക്കളെ താഴ് വരയിലേക്ക് കൊണ്ടുവരുന്നത് അപക്വമായ തീരുമാനം എന്നേ പറയാനാവൂ. പല പല വീഴ്ചകൾ ഉണ്ടെങ്കിലും പ്രാദേശികമായ സംഘടനകളും നേതാക്കളും തന്നെയാണ് ജമ്മുകശ്മീരിലെ പ്രധാന ശക്തികൾ. ആ നേതാക്കളെ നിരന്തരമായി തടവിലിടുന്നത് കശ്മീർ വിഷയത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് സർക്കാരിന് കൃത്യമായ ധാരണയില്ലെന്ന് നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട് .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter