റിയാദ് സാഹിബ് - ബിസിനസ്സില്‍ നിന്ന് പ്രബോധനത്തിലേക്ക് പറിച്ചുനട്ട ജീവിതം

കോഴിക്കോട് നഗരത്തിലടക്കമുള്ള  പ്രശസ്തമായ പല കെട്ടിടങ്ങളുടെയും അതിലേറെ ഭൂസ്വത്തുക്കളുടെയും ഉടമയായ ഒരു മുതലാളി, കുവൈതില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ബിസിനസ് സംരംഭങ്ങള്‍ വേറെയും അദ്ദേഹത്തിന്റേതായുണ്ട്... ഒരു ദിവസം അദ്ദേഹത്തിന് ജീവിതലക്ഷ്യത്തെകുറിച്ചൊരു ഉള്‍വിളിയുണ്ടാവുന്നു...എന്തിനാണ് ഞാന്‍ ഇങ്ങനെ  ബിസിനസ് ചെയ്ത് ജീവിക്കുന്നത്? എന്റെ വ്യക്തിത്വം, ജീവിതം, മരണം എന്നതിലപ്പുറം ഈ ജീവിതത്തിന് ലക്ഷ്യങ്ങളില്ലേ. സമൂഹത്തിന് ഉപകാരപ്രദമായ വല്ലതും ചെയ്യേണ്ടവനല്ലേ മനുഷ്യന്‍. 

ഇത്തരം ചിന്തകളിലൂടെ കടന്നുപോയ ആ യുവബിസിനസ് മനസ്സ്, സമൂഹസേവനത്തിനായി പല മേഖലകളും ആലോചിച്ചുനോക്കിയെങ്കിലും, അവസാനം എത്തിനിന്നത്, പ്രബോധനം എന്ന ഏറ്റവും ലാഭകരമായ മേഖലയിലായിരുന്നു. ഭൂമിയിലെ സല്‍വ്വോല്‍കൃഷ്ടരായ പ്രവാചകന്മാര്‍ സമൂഹത്തെ സേവിച്ച മേഖല അതായിരുന്നല്ലോ എന്നത് തന്നെ കാരണം. അങ്ങനെയാണ് നാം ഇന്ന് ഏറെ സ്‌നേഹത്തോടെ റിയാദ് സാഹിബ് എന്ന് വിളിക്കുന്ന കെ.എം റിയാദ് മൂസാ എന്ന ഇസ്‌ലാമിക പ്രബോധകന്‍ പിറവിയെടുക്കുന്നത്.


പ്രബോധനം ലക്ഷ്യമായി സ്വീകരിച്ച് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം, ആ ലക്ഷ്യപ്രാപ്തിയിലേക്കുള്ള വഴിയെന്നോണമാണ്, ജമാഅതെഇസ്‌ലാമിയുടെ പ്രബോധന സമിതിയായി പിന്നീട് അറിയപ്പെട്ട, കിമ്മില്‍ (KIM) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. മാധ്യമം ദിനപത്രത്തിന്റെ സ്ഥാപകരിലും അദ്ദേഹം ഉള്‍പ്പെടുന്നത് അങ്ങനെയാണ്. പ്രബോധനരംഗത്ത് ഏറ്റവും ഫലപ്രദം പ്രവാചകരുടെ രീതിയായ വ്യക്തിഗത ക്ഷണമാണെന്ന് വിശ്വസിച്ച അദ്ദേഹത്തിന്, സംഘടനയുടെ രീതിശാസ്ത്രവുമായി അധികം മുന്നോട്ട് പോവാനായില്ല, അതോടെ അദ്ദേഹം സംഘടന വിട്ട് സ്വന്തമായി തന്റെ ദൌത്യവുമായി മുന്നേറുകയായിരുന്നു. 

സജീവ പ്രബോധന രംഗത്തേക്ക്

പ്രബോധന രംഗത്ത് അക്കാലത്തെ സജീവസാന്നിധ്യമായിരുന്ന അഹ്മദ് ദീദാത് പോലും സ്വീകരിച്ചിരുന്നത്  സംവാദ ശൈലിയായിരുന്നു. ചരിത്രത്തില്‍ ഒരു പ്രവാചകനും സംവാദം നടത്തിയിട്ടല്ലെന്നും ആയതിനാല്‍ ഇത് ഫലപ്രദമായ രീതിയല്ലെന്നുമുള്ള പക്ഷക്കാരനായിരുന്നു റിയാദ് സാഹിബ്. പ്രവാചകന്മാരെല്ലാം വ്യക്തികളെ സമീപിച്ച് അവരോട് നേരിട്ട് സംസാരിച്ചായിരുന്നു ഇസ്ലാമിനെ പ്രബോധനം ചെയ്തതെന്നും അത് തന്നെയാണ് ഏറ്റവും ഫലപ്രദമെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു. 
 



കേരളത്തിന് പുറത്തേക്ക്

സാമൂഹ്യ-രാഷ്ട്രീയ-സംഘടനാ കാരണങ്ങളാല്‍ സജീവ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേണ്ടത്ര വളക്കൂറില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഇതര സംസ്ഥാനങ്ങളെയാണ് ആദ്യം ലക്ഷ്യമിട്ടത്. അതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ ഉമറാബാദിലുള്ള ദാറുസ്സലാം അറബിക് കോളേജില്‍ പ്രബോധനവുമായി ബന്ധപ്പെട്ട കോഴ്സുകളും പഠനങ്ങളും ആരംഭിച്ചത്. അവിടെ കോഴ്സ് കഴിഞ്ഞ് ഉമരി ബിരുദം നേടുന്നവര്‍ക്ക്,  3 മാസത്തെ ദഅ്‌വാ കോഴ്സ് അദ്ദേഹം നടത്തുകയും അവരെ ഉപയോഗപ്പെടുത്തി മുഴുസമയ പ്രബോധനടീം രൂപീകരിക്കുകയും ചെയ്തു.

സമ്പത്ത് മുഴുവന്‍ ദീനി മേഖലയിലേക്ക്

അത് വരെയായുള്ള തന്റെ ഭൌതികസമ്പാദ്യമായ ബിസിനസ് നിക്ഷേപങ്ങളെല്ലാം ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന പ്രബോധകകര്‍ക്ക് ശമ്പളം കൊടുക്കാനായി മാറ്റിവെക്കുകയാണ് പിന്നീട് അദ്ദേഹം ചെയ്യുന്നത്. ഏകദേശം 100 ഓളം ആളുകള്‍ കേരളത്തിന് പുറത്ത്  ഇങ്ങനെ പ്രബോധകരായി നിയമിക്കപ്പെട്ടിരുന്നു.  

ദഅ്‌വാ ക്യാമ്പുകള്‍

ഉമറാബാദിലെ ദഅ്വ കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ വിവിധ ഭാഗങ്ങളിലെത്തിപ്പെടുകയും തുടര്‍ന്ന് യു.പി, ഡല്‍ഹി തുടങ്ങി പല ഭാഗങ്ങളിലുമായി പഠനക്യാമ്പുകളും സമാന ദഅ്‌വാ കോഴ്സുകള്‍ ആരംഭിക്കുകയുമുണ്ടായി. തുടര്‍ന്ന് കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. യു.പി കേന്ദ്രീകരിച്ച് പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സംഘത്തെ തന്നെ രൂപീകരിച്ച് ഈ മേഖലയില്‍ സജീവസാന്നിധ്യമായ മൗലാന കലീം സിദ്ധീഖി അടക്കമുള്ളവര്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു. റിയാദ് മൂസാ മലൈബാരി എന്ന പേരിലായിരുന്നു അദ്ദേഹം അവിടങ്ങളിലൊക്കെ അറിയപ്പെട്ടിരുന്നത്.

പാവപ്പെട്ടവരുടെ അത്താണി

പ്രബോധനം വാക്കാല്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അത് കാണാമായിരുന്നു. തന്റെ സമ്പാദ്യമെല്ലാം പ്രബോധനമാര്‍ഗ്ഗത്തില്‍ മാറ്റി വച്ച അദ്ദേഹം, സമൂഹത്തിലെ അശരണരെയും അഗതികളെയും സഹായിക്കാനും മറന്നില്ല. തന്റെ പരിചയത്തിലുള്ള സമ്പന്നരെ വരെ ഇതിന്റെ ഭാഗമാക്കുകയും ചെയ്തു. 
മണ്ണാര്‍ക്കാട് ടൗണ്‍ പള്ളിക്കടുത്ത് താമസിച്ചിരുന്ന ഒരു കുഷ്ഠരോഗിയുടെ കുടുംബം വല്ലാതെ കഷ്ടപ്പെട്ടിരുന്നു. ഇതറിഞ്ഞ ചില മിഷനറികള്‍ സഹായഹസ്തവുമായി അവരെ ബന്ധപ്പെട്ടതറിഞ്ഞ് ഓടിയെത്തിയ റിയാദ് സാഹിബ്, ചികില്‍സ, മക്കളുടെ വിവാഹങ്ങള്‍ തുടങ്ങി ആ കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുകയായിരുന്നു.
കേരളത്തിന് പുറത്ത് കിടക്കുന്ന കുറെ അനാഥകുട്ടികളെ സ്വന്തം ചെലവില്‍ പഠിപ്പിച്ചിരുന്നതും പ്രത്യേകം പ്രസ്താവ്യമാണ്. അതിന്റെ ഭാഗമായി കഴിവില്ലാത്ത കുട്ടികളെ ഉമറാബാദിലെ ദാറുസ്സലാം കോളേജില്‍ ചേര്‍ക്കുകയും പഠനാവശ്യാര്‍ത്ഥമുള്ള അവരുടെ ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അഗതികളെയും വിധവകളെയും യതീമുകളെയും പരിപാലിക്കുകയെന്ന പ്രവാചകമാതൃക സ്വജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു ഇതിലൂടെയെല്ലാം അദ്ദേഹം.

ക്ലാസുകള്‍, പ്രഭാഷണങ്ങള്‍
പ്രഭാഷണകല ഔദ്യോഗികമായി വശമില്ലെങ്കിലും, മലയാളത്തിലും ഉര്‍ദുവിലുമായി അര്‍ത്ഥവത്തായ ഒരുപാട് ക്ലാസുകള്‍ അദ്ദേഹം വളരെ ഫലപ്രദമായി നടത്തിയിട്ടുണ്ട്. ഉര്‍ദു ഭാഷ അറിയാതിരുന്ന അദ്ദേഹം പിന്നീട് പ്രബോധനാവശ്യാര്‍ത്ഥം അത് സ്വയം വായിച്ച് പഠിച്ചെടുക്കുകയും ഉര്‍ദു കേന്ദ്രങ്ങളില്‍ പോയി പ്രബോധന മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടത്തുകയും ചെയ്തു. അധികം കഴിയാതെ, അവര്‍ക്കിടയിലെല്ലാം ഏറെ സ്വീകാര്യത ലഭിച്ചത് ആ ലക്ഷ്യശുദ്ധിയുടെ തെളിവ് തന്നെ.
 
സമസ്തയോടൊപ്പം

ദഅ്‌വാ പ്രബോധന മേഖലകളില്‍ സജീവമായിരുന്ന റിയാദ് സാഹിബ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദഅ്വ വിംഗുകളിലും തന്റെ ഭാഗധേയം നിര്‍വ്വഹിച്ചു. ഇബാദിന്റെ പല ക്ലാസുകളിലും അദ്ദേഹം സജീവമായിരുന്നു. 
ദാറുല്‍ ഹുദ വൈസ് ചാന്‍സ്ലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വിയുമായുള്ള വ്യക്തിബന്ധത്തിലൂടെ, 97-98കാലയളവില്‍ തന്നെ റിയാദ് സാഹിബ് ദാറുല്‍ഹുദായുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദാറുല്‍ഹുദാ വിദ്യാര്‍ത്ഥി കൂട്ടായ്മയായ അസാസിന് കീഴില്‍ റിയാദ് സാഹിബിന്റെ, മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ക്ലാസ് സംഘടിപ്പിക്കുകയും അത് വിദ്യാര്‍ത്ഥികളില്‍ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്നു. പല ഭാഗങ്ങളിലും നടന്ന ഫീല്‍ഡ് വര്‍ക്കുകളും വിവിധ സ്ഥലങ്ങളിലായി പ്രതിമാസം നടത്തിയ ദഅ്വ ക്യാമ്പുകളുമെല്ലാം ഇതിന്റെ ഫലമായിരുന്നു. തുടര്‍ന്ന് 2009-2010കാലയളവിലും അദ്ദേഹം ദാറുല്‍ ഹുദയില്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. ശേഷം, ദാറുല്‍ഹുദായുടെ സഹസ്ഥാപനങ്ങളിലൂടെ അദ്ദേഹം നടത്തിയ പര്യടനവും ഈ രംഗത്തെ അദ്ദേഹത്തിന്റെ താല്‍പര്യവും സമര്‍പ്പണവും വിളിച്ചോതുന്നതായിരുന്നു.

വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി അദ്ദേഹം  വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹം, ജൂണ്‍ 8ന് ഈ ലോകത്തോട് വിട പറഞ്ഞു. തന്റെ കര്‍മ്മങ്ങളുടെ ഫലം കൊയ്യാനായി സ്വര്‍ഗ്ഗ ലോകത്തേക്ക് ആ പുണ്യത്മാവ് ചിറകടിച്ചുയര്‍ന്നു. ആ സമയം, വാന ലോകത്ത് നിന്ന് മാലാഖമാര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും, തീര്‍ച്ച, ശാന്തിയടഞ്ഞ ആത്മാവേ, നിന്റെ നാഥനിലേക്ക് നീ മടങ്ങുക, തൃപ്തിയടഞ്ഞവനും തൃപ്തിനേടിയവനുമായി...
കോഴിക്കോട് വെള്ളിമാട് കുന്നിനടുത്താണ് അദ്ദേഹത്തിന്റെ ഖബറിടം ഒരുക്കിയിട്ടുള്ളത്. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി നാഥനില്‍ സര്‍വ്വതും സമര്‍പ്പിച്ച് നാഥന്റെ വഴിയിലായി ജീവിച്ച ആ മനുഷ്യനോടപ്പം നാഥന്‍ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter