തബ്‌ലീഗ് നേതാവിന്റെ പേരിൽ പ്രചരിച്ച ശബ്ദ സന്ദേശങ്ങൾ വ്യാജമാകാമെന്ന് ക്രൈംബ്രാഞ്ച്
ന്യൂഡൽഹി: കൊറോണ വൈറസ് ഇന്ത്യയിൽ പടർന്നുപിടിക്കാൻ കാരണം തബ്‌ലീഗ് ജമാഅത്താണെന്ന പ്രചരണം ശക്തിപ്പെടുത്താനായി തബ്‌ലീഗ് നേതാവും നിസാമുദീന്‍ മര്‍ക്കസ് മേധാവിയുമായ മൗലാന സാദ് ഖണ്ഡാലവിയുടെ പേരില്‍ പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജമാകാമെന്ന് ഡല്‍ഹി പൊലീസ്. ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധിക്കാൻ സർക്കാർ പൂർണമായ അകലം പാലിക്കാൻ നിർദേശം നൽകിയ സമയത്ത് അനുയായികളോട് സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്ന് ആഹ്വാനം ചെയ്യുന്നതിന്റെ ഓഡിയോയാണ് വ്യാജമാണെന്ന സൂചന പൊലീസ് തന്നെ നല്‍കിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം ശബ്ദസന്ദേശങ്ങള്‍ വിശദപരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ ശബ്ദസന്ദേശത്തിന്റെ പേരിലാണ് മൗലാന സാദിനും തബ്‌ലീഗി ജമാഅത്ത് ആസ്ഥാനത്തെ ആറ് അനുയായികള്‍ക്കുമെതിരെ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ആം വകുപ്പ് അനുസരിച്ച്‌ കേസെടുത്തിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ 1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുത്തിരുന്നു.

സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഈ ശബ്ദ സന്ദേശം ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം റജിസ്റ്റര്‍ ചെയ്ത കേസിലും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകള്‍ വ്യാജമായി നിര്‍മിച്ചതാകാമെന്ന നിഗമനത്തില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം എത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter