ഗള്‍ഫ് പ്രതിസന്ധി; പരിഹാരത്തിനായി ഖത്തര്‍-സഊദി ചര്‍ച്ച

 


ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കി ഉടലെടുത്ത ഖത്തര്‍ ഉപരോധം മൂന്നു മാസം പിന്നീടവേ പ്രശ്‌ന പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമായി. ഖത്തര്‍ വിരുദ്ധ രാജ്യങ്ങളുടെ ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മേഖലയിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് നയതന്ത്ര മേഖല വിദഗ്ധര്‍ക്കുള്ളത്.

പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ അറബ് രാജ്യങ്ങളുടെ തലവന്മാരെ ടെലഫോണ്‍ ചെയ്തു സംഭാഷണം നടത്തി.

സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍, യു.എ.ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി എന്നിവരുമായി ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെലഫോണ്‍ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, ഖത്തറിനോട് ഏറ്റവും കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന സഊദിയുമായി ഖത്തര്‍ അമീര്‍ നേരിട്ട് ഫോണ്‍ സംഭാഷണം നടത്തിയതും മഞ്ഞുരുക്കമായിട്ടാണ് കാണുന്നത്. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായാണ് കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ ടെലഫോണില്‍ ബന്ധപ്പെട്ടത്.

ഖത്തര്‍ വിരുദ്ധ രാജ്യങ്ങളായ സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇവരോടൊപ്പം ഇരിക്കാന്‍ തയ്യാറെന്നു ഖത്തര്‍ അമീര്‍ അറിയിച്ചതായി സഊദി വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, കുവൈത്ത് അമീര്‍ അമേരിക്കയില്‍ ട്രംപുമായി നടത്തിയ വാര്‍ത്താ സമ്മേനത്തിലെ ചില പരാമര്‍ശങ്ങളെ ചതുര്‍ രാഷ്ട്രം തള്ളിക്കളഞ്ഞു. ഖത്തറിനെതിരെ സൈനിക നടപടി തടയുന്നതില്‍ കുവൈത്ത് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി നടത്തിയ പ്രസ്താവനകളാണ് ഖത്തര്‍ വിരുദ്ധ രാജ്യങ്ങള്‍ തള്ളിക്കളഞ്ഞത്. ഖത്തറിനെതിരെ തങ്ങള്‍ സൈനിക നീക്കം ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ ഹമദ് നടത്തിയ പ്രസ്താവനയില്‍ ഖേദമുണ്ടെന്നും നാല് രാഷ്ട്രങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter