ബദ്‌റിന്റെ രാഷ്ട്രീയ സ്വാധീനം

നബി(സ)യുടെ ദൗത്യം ഒരു ഉത്തമ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയും അതിനെ മാതൃകയെന്നോണം ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കു കയായിരുന്നുവല്ലോ. അതിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും വഴികളുമെല്ലാം സമയാസമയം അല്ലാഹുവില്‍ നിന്നും ലഭിച്ചുകൊണ്ടേയിരുന്നു. വ്യക്തി മുതല്‍ രാഷ്ട്രം വരെ നീണ്ടുകിടക്കുന്ന സാമൂഹ്യ തട്ടുകളാണ് നബി(സ്വ)ക്ക് ഒരുക്കുവാനുള്ളത്. ഈ തട്ടുകളോരോന്നിലും നിക്ഷേപിക്കുവാനുള്ള ജനത്തിന് പൊതുവെ വേണ്ട സുപ്രധാന ഗുണങ്ങളില്‍നിന്നായിരുന്നു ഈ നിര്‍മ്മിതിയുടെ തുടക്കം. ആ ഗുണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാ തട്ടുകളുടെയും നിലനില്‍പ്പിനു നിദാനമായിട്ടുള്ളതുമായ കാര്യമാണ് നിഷ്‌കളങ്കത. ഇലാഹീ സമര്‍പ്പണത്തിനു ത്യാഗം ചെയ്യുവാനുള്ള മനസ്സുള്ള നിഷ്‌കളങ്കമായ ഒരു മനക്കൂട്ടത്തെ ഒരുക്കുവാനായിരുന്നു നബി(സ) ആദ്യം ശ്രമിച്ചത്. നിഷ്‌കളങ്കമായ ഒരു ജനതയുണ്ടായാല്‍ മാത്രമേ ഇസ്‌ലാം എന്ന ദര്‍ശനത്തെ അവതരിപ്പിക്കുവാനും വിജയിപ്പിച്ചെടുക്കുവാനും കഴിയൂ എന്നതിനാല്‍ ആദ്യം അതു നേടുവാനായിരുന്നു നബി(സ്വ)യുടെ ശ്രമം. 

അത്തരം ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാനായിരുന്നു മക്കാ ജീവിതം ഏകദേശം മുഴുവനും വിനിയോഗിക്കപ്പെട്ടത്. ഭര്‍ത്‌സനങ്ങളുടെ മുമ്പില്‍ കാല്‍മുട്ടു വിറച്ചു നില്‍ക്കുകയായിരുന്ന അനുയായികളോട് ഒരിക്കലും പ്രതികരിക്കരുതെന്ന് അക്കാലത്ത് പറഞ്ഞതും അസഹ്യമാണെങ്കില്‍ പലായനം ചെയ്യുക എന്നു പറഞ്ഞ് ആഫ്രിക്കയിലേക്ക് വിരല്‍ചൂണ്ടിക്കാണിച്ചതുമെല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. പരീക്ഷണങ്ങളുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ മാനസികമായ തിരിച്ചറിവുണ്ടാകുമെന്നും റസൂലിനോടൊട്ടി നിന്ന് അല്ലാഹുവിലേക്ക് അവര്‍ സമര്‍പ്പിതരാകുമെന്നുമായിരുന്നു പ്രതീക്ഷ. അതു പുലരുക തന്നെ ചെയ്തു. ഏതു കൊടും കാറ്റിലും ആടിയുലയാത്ത ഒരു തലമുറയെ മക്കായുടെ ചൂടുമണലില്‍ നബി(സ) വളര്‍ത്തിയെടുത്തു. അചഞ്ചലവും നിഷ്‌കളങ്കവുമായ മനസ്സുകള്‍ കൊണ്ട് നബി(സ) ഇങ്ങനെ സമൂഹത്തിനു ശിലപാകി. 
പിന്നെ നബിതിരുമേനി(സ്വ)യുടെ ശ്രദ്ധ തന്റെ മാതൃകാസമൂഹത്തെ ഒരു രാഷ്ട്രമായി വികസിപ്പിക്കുക എന്നതിലായിരുന്നു. ഒരു പ്രത്യേക അതിര്‍ത്തിക്കുള്ളില്‍ സമുദായത്തെ ഒതുക്കിനിറുത്തി അവരില്‍ ചില സാമൂഹിക സംസ്‌കാരങ്ങള്‍ പഠിപ്പിക്കുവാനുണ്ട്. അതിനു പറ്റിയ ഒരു ഇടം തിരയുന്നതിലേക്കായിരുന്നു ഉദ്ദേശം പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ അവര്‍ ശ്രദ്ധ തിരിച്ചത്. തന്റെ ആദര്‍ശ രാഷ്ട്രത്തെ മുളപ്പിച്ചെടുക്കുവാന്‍ പറ്റിയ മണ്ണ് തെരയുന്ന നബി(സ)ക്ക് അത് അറേബ്യയില്‍ എവിടെയും ആകാമല്ലോ എന്നു കരുതാമായിരുന്നു. പക്ഷേ, അടിസ്ഥാനപരമായ ചില ഗുണങ്ങള്‍ ഉള്ളതല്ല താനും ആദര്‍ശ സമൂഹവും കേന്ദ്രീകരിക്കുന്ന ഭൂമിയെങ്കില്‍ അതു താന്‍ ഇതിനകം വളര്‍ത്തിയെടുത്ത സമൂഹത്തിന്റെ മനസ്സുകളില്‍ മടിയും മുരടിപ്പുമുണ്ടാക്കിയേക്കും. അതുണ്ടായിക്കൂടാ. അതിനാല്‍, തനിക്കു രാഷ്ട്രം സ്ഥാപിക്കുവാനുള്ള നാട് അനുകൂലതകളുള്ളതായിരിക്കണം എന്ന് നബി(സ) കരുതുകയായിരുന്നു.
ഈ അന്വേഷണമായിരുന്നു മക്കയില്‍നിന്ന് 90 മൈല്‍ കിഴക്കുള്ള ഏറ്റവും സമീപത്തെ നഗരമായ ത്വാഇഫിലേക്ക് എത്തിച്ചത്. കാര്‍ഷിക സമൃദ്ധമാണ് ത്വാഇഫ്. കാലാവസ്ഥയും അനുകൂലമാണ്. അറേബ്യയിലെ പ്രധാന നഗരങ്ങളിലൊന്ന് എന്ന പ്രശസ്തിയുമുണ്ട്. സൈദ് ബിന്‍ ഹാരിസയോടൊപ്പം ത്വാഇഫിലേക്കു നടത്തിയ ശ്രമം പക്ഷേ വിജയിച്ചില്ല.

ത്വാഇഫ് ദൗത്യത്തിന്റെ പരാജയവും നിരാശയും നബി(സ്വ)യെ ഒട്ടും തളര്‍ത്തിയില്ല. തളര്‍ത്തിയിരുന്നുവെങ്കില്‍  അന്നാട്ടുകാരെ നശിപ്പിക്കുവാന്‍ മലകളുടെ മലക്കുകളെ അനുവദിക്കുമായിരുന്നു. അല്ലാഹു ഈ മഹാപാഠങ്ങള്‍ പഠിപ്പിക്കുവാനെന്നോണം നബി(സ്വ)ക്ക് അത്തരമൊരു യാത്രയും മടക്കവും ഉണ്ടാക്കുക മാത്രമായിരുന്നു എന്നു ഗ്രഹിക്കാം. ആത്യന്തികമായി ഈ ഉദ്യമങ്ങളുടെയെല്ലാം സ്രോതസ്സ് അല്ലാഹുവിന്റെ ഇഛയാണല്ലോ. അധികം വൈകാതെ നബി(സ്വ) അഖബാ ഉടമ്പടികളിലും യസ്‌രിബിന്റെ കവാടത്തിലും എത്തുകയായിരുന്നു. അതു വിജയിച്ചു. തന്റെ ആദര്‍ശ രാഷ്ട്രം സ്ഥാപിക്കുവാനുള്ള നബി(സ്വ)യുടെ അന്വേഷണം വിജയംകണ്ടു.

ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ പറ്റിയ എല്ലാ പ്രത്യേകതകളും യസ്‌രിബിനുണ്ടായിരുന്നു. അറേബ്യയെ മക്കാ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് ഈ നഗരം എന്ന പ്രാധാന്യം അവയിലൊന്നാണ്. പരമ്പരാഗത കച്ചവടങ്ങള്‍ക്കൊപ്പം കാര്‍ഷിക മേഖല കൂടിയാണിത്. ഇവിടെയുള്ള ജനങ്ങളിലാവട്ടെ മറ്റു പ്രദേശങ്ങളിലേതുപോലെ വീറും വൈരവുമൊക്കെയുണ്ടെങ്കിലും തെല്ലു ശാന്തിയുള്ള പകയാണ് ഇവരുടേത്. മക്കയുടേതും ത്വാഇഫിന്റേതുമൊക്കെ ഒരിക്കലും അണയ്ക്കാനാവാത്ത വലിയ തീവാശിയാണ്. യസ്‌രിബില്‍ രണ്ടു പ്രധാന കുടുംബങ്ങളാണുള്ളത്-ഔസും ഖസ്‌റജും. രണ്ടു കുടുംബങ്ങളും തമ്മില്‍ പോരും പകയുമുണ്ടെങ്കിലും ഒരു മാധ്യസ്ഥതയുടെ സാധ്യതയും സാംഗത്യവുമൊക്കെ തെളിഞ്ഞുകാണുന്നുണ്ട്. അതുകൊണ്ടെല്ലാം തന്നെ നബി(സ) തന്റെ ആദര്‍ശ രാഷ്ട്രത്തിന് അവിടെ ശിലയിട്ടു.
ആദ്യം പേരു മാറ്റി മദീനത്തുന്നബി എന്നാക്കി. പില്‍ക്കാലത്തുണ്ടാകുവാന്‍ പോകുന്ന സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങള്‍ വഴി ഇത് ഇസ്‌ലാമിന്റെ സ്വന്തം നാടായിത്തീരുമ്പോള്‍ അതിന്റെ പേര് അന്വര്‍ഥമാകണമല്ലോ. പിന്നെ ഒരു രാജ്യത്തിനു വേണ്ട പൗരന്‍മാരെ പരസ്പരം കോര്‍ത്തും ചേര്‍ത്തും സൗഹൃദപ്പെടുത്തി. ആദര്‍ശപരമായി വിഘടിച്ചു നില്‍ക്കുന്നവരുമായി സന്ധികളിലെത്തി. തന്റെ രാജ്യത്തിന്റെ വിളമ്പരമെന്നോണം അഞ്ചു നേരവും വാങ്കൊലി മുഴങ്ങുവാന്‍ തുടങ്ങുക കൂടി ചെയ്തതോടെ രാഷ്ട്രം എല്ലാ അര്‍ഥത്തിലും നിലവില്‍ വന്നു-നബി(സ്വ)യുടെ രാജ്യം.
ഒരു രാജ്യത്തിനു വേണ്ട രാഷ്ട്രീയ പ്രക്രിയകള്‍ ഇനിയുമുണ്ട്. അകത്തുള്ള ജനതയെ മാത്രമേ രാഷ്ട്രത്തിന്റെ സാന്നിധ്യം ഇതിനകം അറിയിച്ചിട്ടുള്ളൂ. അത് എളുപ്പമായിരുന്നു. കാരണം, അകത്തുള്ളവരില്‍ മഹാഭൂരിപക്ഷവും അനുകൂലരാണ്. ഔസ്, ഖസ്‌റജ് എന്നീ പ്രമുഖ കുടുംബങ്ങള്‍ നബി(സ്വ)യോട് സ്‌നേഹവും വിധേയത്വവും പുലര്‍ത്തുന്നവരാണ്. അവരുമായി ഉണ്ടാക്കിയ അഖബാ ഉടമ്പടികളാണല്ലോ ഹിജ്‌റയിലേക്ക് വഴിതുറന്നത്. പിന്നെയുള്ളത് തന്നോടൊപ്പം മക്കയില്‍നിന്നും വന്ന മുഹാജിറുകളാണ്. അവരാകട്ടെ നേരത്തേ ഈ ആശയത്തില്‍ ലയിച്ചവരുമാണ്. പിന്നെ അബ്ദുല്ലാഹി ബിന്‍ ഉബയ്യിനെ പോലുള്ള ചിലരും ജൂതന്‍മാരുമാണുള്ളത്. അവരുമായൊക്കെ തന്ത്രപ്രധാനമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇനി പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അറേബ്യയിലെ പൊതുലോകം എന്നിവരെയൊക്കെ ഇസ്‌ലാമിന്റെ രാഷ്ട്രത്തെ കുറിച്ച് അറിയിക്കുവാനുണ്ട്. 
അതോടൊപ്പം മുഴുശത്രുക്കളായ മക്കക്കാരെയും മദീനയിലെ തന്നെ ജൂതന്‍മാര്‍, കപടവിശ്വാസികള്‍ എന്നിവരെയും തങ്ങളുടെ കരുത്തും കാര്യവും അറിയിക്കേണ്ടതുണ്ട്. അവര്‍ക്ക് ഇത് അത്ര പെട്ടെന്ന് ബോധ്യപ്പെട്ടു കൊള്ളണമെന്നില്ല- പ്രത്യേകിച്ചും മക്കക്കാര്‍ക്ക്. കാരണം, അവിടെ നിന്നും ഒളിച്ചോടിയ പോലെ രക്ഷപ്പെടുകയായിരുന്നു മുഹമ്മദ് നബി(സ്വ)യും അനുയായികളുമെന്നാണല്ലോ അവര്‍ ധരിച്ചിരിക്കുന്നത്. ജൂതന്‍മാര്‍ക്കു പക്ഷേ യഥാര്‍ഥമറിയാം. അതിനാല്‍ അവരെ നേരിട്ട് അറിയിക്കണമെന്നില്ല. അവരുടെ കണ്‍വെട്ടത്ത് ഒരു ശക്തിപ്രകടനം നടന്നാല്‍ തന്നെ അവര്‍ക്കതു ഗ്രാഹ്യമാകും. ഇങ്ങനെയൊക്കെ മനസ്സിലാക്കിക്കൊടുക്കേണ്ടവര്‍ തന്നെയാണ് മുനാഫിഖ് ചേരിയും. അവര്‍ ന്യൂനാല്‍ ന്യൂനപക്ഷമാണല്ലോ. എല്ലാവരുടെയും മുമ്പില്‍ മുസ്‌ലിങ്ങളുടെ സാന്നിധ്യം ഗൗരവമായി അറിയിക്കുന്നതോടൊപ്പം ഒരു ഭരണവ്യവസ്ഥയിലേക്ക് ഉയരേണ്ടതുണ്ടായിരുന്നു ബദ്ര്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ നബിതിരുമേനി(സ്വ)ക്കും മുസ്‌ലിങ്ങള്‍ക്കും.

ബദ്‌റില്‍ നേടിയ വിജയം ഈ ലക്ഷ്യങ്ങളെല്ലാം നേടുന്നതായിരുന്നു എന്നതാണ് ബദ്‌റിന്റെ രാഷ്ട്രീയ വിജയം. മുസ്‌ലിങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നിരിക്കുന്നു എന്ന സത്യം എല്ലാവരെയും ബദ്ര്‍ ബോധ്യപ്പെടുത്തി. അതിലൊരു വിഭാഗം മദീനയിലെ ജൂതന്‍മാരായിരുന്നു. അവര്‍ മദീനയില്‍ ഒരു വേറിട്ട വിശ്വാസികള്‍ എന്നതിലപ്പുറം മദീനയിലെ സാമ്പത്തിക ലോകത്തിന്റെ മൊത്തക്കുത്തകയുള്ള വിഭാഗമായിരുന്നു. അവരായിരുന്നു മദീനയുടെ സാമ്പത്തിക അച്ചുതണ്ട്.
പലിശയടക്കം പലതരം ചൂഷണങ്ങളും നടത്തിയായിരുന്നു അവരുടെ മേല്‍ക്കോയ്മ നിലനിറുത്തിയിരുന്നത്. അതിനെതിരേ ഒരെതിര്‍പ്പും ഒരു ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. അതിന് ആര്‍ക്കും കഴിയുമായിരുന്നുമില്ല. അവരെ ബദ്ര്‍ വിജയം വിളിച്ചുണര്‍ത്തി പറഞ്ഞത് നിങ്ങളുടെ മേല്‍ക്കോയ്മയുടെ കാലമിതാ കഴിയാന്‍ പോകുന്നു എന്നായിരുന്നു. അവര്‍ ആ ഞെട്ടലോടെ തന്നെയായിരുന്നു ബദ്ര്‍ വിജയത്തെ കണ്ടതും. അതോടൊപ്പം അവര്‍ക്ക് മതപരമായ മേല്‍ക്കോയ്മയുമുണ്ടായിരുന്നു. അവര്‍ അറിവുള്ളവരാണെന്നും ആത്മീയമായി ഉന്നതി പ്രാപിച്ചവരാണെന്നുമൊക്കെ പൊതുവെ മദീനയിലെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. അതും ഇളക്കി ബദര്‍ വിജയം.
മക്കയിലെ മുശ്‌രിക്കുകള്‍ക്കായിരുന്നു ബദര്‍ വലിയ താക്കീതു നല്‍കിയത്. അവരെ ബദര്‍ വിജയം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്തു. വെറും രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് മുഹമ്മദും അനുയായികളും തിരിച്ചടിച്ചു എന്നു വന്നപ്പോള്‍ അവര്‍ എത്ര വലിയ ശക്തിയാണ് എന്നവര്‍ തിരിച്ചറിഞ്ഞു. മാത്രമല്ല, തങ്ങളുടെ ജീവിതത്തിന്റെ പ്രധാന സന്ധാരണ മാര്‍ഗമായ ശാം നാടുകളിലേക്കുള്ള കച്ചവട റൂട്ടിലാണ് മദീന സ്ഥിതി ചെയ്യുന്നത്. അവിടെ തങ്ങള്‍ക്ക് ഒരു ശത്രു വളര്‍ന്നു വലുതായത് അവരുടെ ഉറക്കം കെടുത്തുവാന്‍ മാത്രം പോന്നതായിരുന്നു.

മറ്റൊന്ന് അവരുടെ മതവിശ്വാസമായിരുന്നു. തങ്ങളുടെ ദൈവങ്ങളൊന്നും തങ്ങളെ തുണച്ചില്ല എന്ന് അവര്‍ക്കും ആ വിശ്വാസം പുലര്‍ത്തുന്ന എല്ലാവര്‍ക്കും തോന്നി. മാത്രമല്ല, ആളും അര്‍ഥവും കുറവായിട്ടും മുഹമ്മദും അനുയായികളും യുദ്ധം ജയിച്ചത് അവരുടെ വിശ്വാസത്തിന്റെ ശരിയും ശക്തിയും കാരണമാണ് എന്നുവരെ അവര്‍ക്കു കരുതേണ്ടിവന്നു. ഹിജാസിന്റെ കേന്ദ്രഭൂമിയായ മക്കയുടെ അധിപര്‍ എന്ന നിലയ്ക്ക് അറേബ്യയില്‍ മുഴുവനും അവര്‍ക്കൊരുതരം മേല്‍ക്കോയ്മയുണ്ടായിരുന്നു. അതും ഈ നാണംകെട്ട തോല്‍വി നഷ്ടപ്പെടുത്തി. അറേബ്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത തോല്‍വിയായിരുന്നു അവരുടേത്. 70 പ്രധാനികള്‍ ദയനീയമായി കൊല്ലപ്പെട്ടു. അവശേഷിച്ച 70 പേര്‍ തടവിലുമായി. അവസാനം ഓടി രക്ഷപ്പെടേണ്ടിയും വന്നു.
ജൂതരെപ്പോലെ, മക്കയിലെ മുശ്‌രിക്കുകളെ പോലെ ബദ്ര്‍ വിജയം സ്വാധീനിച്ച മറ്റൊരു വിഭാഗം മദീനയിലെ സാധാരണ ജനങ്ങള്‍ തന്നെയാണ്. അവര്‍ക്ക് ഈ വിജയം ഇസ്‌ലാമിലേക്ക് കടക്കുവാനും അതിനെ പിന്തുടരുവാനും വലിയ പ്രചോദനമേകി. മറ്റൊരു വിഭാഗം മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസിച്ചിരുന്ന പരമ്പരാഗത അറബ് കുടുംബങ്ങളായിരുന്നു. വഴിക്കവര്‍ച്ചയും കൂലിത്തല്ലു മൊക്കെയായി ജീവിച്ചു വരികയായിരുന്നു അവര്‍. തങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്ന ഒരു ഭരണകൂടത്തിന്റെ അഭാവമായിരുന്നു അവരെ വളര്‍ത്തിയിരുന്നത്. അത്തരക്കാരെ ബദ്ര്‍ വിജയം ആശങ്കപ്പെടുത്തുക തന്നെ ചെയ്തു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter