അസർബൈജാനും അർമീനിയയും തമ്മിൽ സമാധാന ചർച്ച ആരംഭിച്ചു
മോസ്കോ: സംഘർഷം നിലനിൽക്കുന്ന നഗാർണോ കരാബക്പ്രദേശത്ത് വെടിനിർത്തൽ നടപ്പാക്കാൻ അസർബൈജാനും അർമീനിയയും തമ്മിലുള്ള സമാധാന ചർച്ച മോസ്കോയിൽ തുടങ്ങി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മധ്യസ്തതയിലുള്ള സമാധാനചർച്ച ആരംഭിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അസർബൈജാൻ വിദേശകാര്യമന്ത്രി ജെയ്ൻ ബെയ്റമോവും അർമീനിയൻ പ്രതിനിധി സൊഹ്റബ് നത്സകാന്യനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

മേഖലയിലെ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ അർമീനിയക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാൻ അലിയേവ് വ്യക്തമാക്കി. സമാധാന ചർച്ചക്ക് തയ്യാറാണെങ്കിലും തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ നിന്ന് അർമീനിയൻ സേന പിൻവാങ്ങാതെ സമാധാനം പുലരില്ലെന്ന് തുർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു

അതേസമയം ഇന്നലെയും സംഘർഷം രൂക്ഷമായി തുടരുകയാണ്. മേഖലയിൽ തങ്ങളുടെ 26 പേർ കൊല്ലപ്പെട്ടതായി അർമീനിയൻ ഗോത്രവർഗ്ഗമായ നഗാർണോ കരാബക് അധികൃതർ അറിയിച്ചു. അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ-കരാബാഗ്​ പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്​​ മുൻ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘര്‍ഷത്തിന്​ കാരണം. ഔദ്യോഗികമായി ഈ പ്രദേശത്തിന്റെ അധികാരം അസര്‍ബൈജാനാണുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter