സിഎഎ സമരക്കാരെ വേട്ടയാടുന്നതിനെതിരെ രാഷ്ട്രപതിക്ക് എട്ട് പ്രതിപക്ഷ പാര്‍ട്ടികൾ കത്തയച്ചു
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികളെയും മനുഷ്യാവകാശ പ്രവർത്തകരെയും കൊറോണ ഡൗൺലോഡ് മറവിൽ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിൽ അടക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. ഇതിനെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ പാർട്ടികൾ കത്തയച്ചു. ജമ്മുകാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയതടവുകാരെയും അറസ്റ്റിലായ വിദ്യാര്‍ത്ഥികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍സെക്രട്ടറി ഡി.രാജ, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, സി.പി.ഐ എം.എല്‍- ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, ദേബബ്രത ബിശ്വാസ്(എ.ഐ.എഫ്.ബി), മനോജ് ഭട്ടാചാര്യ(ആര്‍.എ‌സ്.പി), തിരുമാവളന്‍(വി.സി.കെ) എന്നിവരാണ് കത്തയച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയകലാപത്തിന്റെ ഉത്തരവാദിത്തം ചുമത്തിയാണ് പൊലീസ് ഏകപക്ഷീയമായി നടപടിയെടുക്കുന്നതെന്നും നേതാക്കള്‍ കത്തില്‍ ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter