ഖാസി കേസ്: സി.ബി.ഐ പറയുന്നത് പച്ചക്കള്ളം; കാരണം ഇവയാണ്

പല കാരണങ്ങളാല്‍ ചെമ്പിരിക്ക ഖാസി കേസ് ശക്തമായ പുറം ഇടപെടലുകള്‍ക്ക് പാത്രമായിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. സി.ബി.ഐ യുടെ നാടകങ്ങളും റിപ്പോര്‍ട്ടിലെ ദുരൂഹതകളും ഇതിന്റെ വലിയ തെളിവാണ്.

ഇവിടെ ഒരു നിഷ്പക്ഷവാദിയെ സ്വാഭാവികമായും സംശയിപ്പിക്കുന്ന കാര്യങ്ങളില്‍ ചിലത് ഇവയാണ്:

1. കൊലപാതകമാകാനുള്ള പല തെളിവുകളെയും സിബിഐ അവഗണിച്ചു. 

2. സി എം ഉസ്താദിനെ  പോലെ ഉന്നത നിലവാരത്തിലുള്ള ഒരാള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കണമെന്ന് ഒന്നാമത്തെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സി ജെ എം കോടതി ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് വന്ന സംഘം അത് പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കാന്‍ തയ്യാറായില്ല.

3. ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ സിബിഐ മുന്നോട്ടുവച്ചത്  യുക്തിക്കോ വസ്തുതകള്‍ക്കോ നിരക്കാത്ത രണ്ട് കാരണങ്ങള്‍.  

4. ഫെബ്രു. 15 ന് മരിച്ച ഖാസി 5 ന് ബേങ്കില്‍ കാറിന്റെ ലോണ്‍ അടച്ചു ക്ലിയര്‍ ചെയ്തത് ആത്മഹത്യയുടെ മുന്നൊരുക്കമായി വിലയിരുത്തിയ സി.ബി.ഐ  അതിന് ശേഷമുള്ള 10 ദിവസത്തെ ജീവിതത്തിലുടനീളം സ്വാഭാവിക ജീവിതമാണദ്ദേഹം നയിച്ചിരുന്നതെന്ന കാര്യം അവഗണിച്ചു. ഇത് മന:ശാസ്ത്ര വീക്ഷണത്തിന് വിരുദ്ധവും കൂടിയാണ്. 

5. നുണ പരിശോധനയില്‍ ചിലര്‍ നുണ പറഞ്ഞതായി വ്യക്തമായിട്ടും ആ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും അതൊന്നും ചെയ്യാതെ അവിടന്ന് രണ്ട് മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ അന്വേഷണം അവസാനിപ്പിച്ചു. ഫയല്‍ ക്ലോസ് ചെയ്തു.

6. കൊല ചെയ്യപ്പെട്ട രാത്രി ഒരു വെളുത്ത കാറ് വന്നതായി സി.ബി.ഐക്ക് ബോധ്യപ്പെട്ടിട്ടും ( സി.ബി.ഐ റിപ്പോര്‍ട്ട്) അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ സി.ബി ഐ തയ്യാറായില്ല.

7. കൊല്ലപ്പെട്ട രാത്രി തന്നെ വലിയൊരു അലര്‍ച്ച കേട്ടതായുള്ള ഒരു അയല്‍വാസിയുടെ മൊഴി രേഖപ്പെടുത്തിയിട്ടും   അത് മനപ്പൂര്‍വ്വം അവഗണിച്ചുകളഞ്ഞു.

8. കഴിഞ്ഞ വര്‍ഷം സി.ബി.ഐ  രണ്ടാം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ്, ഖാസി കുടുംബത്തിലെ രണ്ട് മൂന്ന് പേര്‍ കൊറ്റിയിലെ അവരുടെ ഓഫീസില്‍ ചെന്നു കേസ് കാര്യം സംസാരിച്ചിരുന്നു. അന്ന്  കുടുംബത്തിന്റെ ഓരോ വാദങ്ങളും ഖണ്ഡിക്കാന്‍ അവര്‍ മറുപടിക്കായി ലാപ് ടോപ്പില്‍ നിന്ന് ഓരോ തെളിവുകള്‍ എടുത്ത് കാണിക്കുകയായിരുന്നു. കൂട്ടത്തില്‍ ശരീരത്തിലെ മുറിവുകളെപ്പറ്റി കുടുംബം ഉണര്‍ത്തിയപ്പോള്‍ അങ്ങനെ കാര്യമായി ക്ഷതങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സമര്‍ത്ഥിക്കാന്‍ അവര്‍ ലാപ് ടോപ്പിലെ ദൃശ്യങ്ങളെ ആശ്രയിച്ചു. കൂട്ടത്തില്‍ മുഖത്തെ ഇരു കണ്ണകളുടേയും കീഴ്ഭാഗത്തായി ശക്തിയായി അമര്‍ത്തിയതെന്ന് തോന്നുന്ന പാടുകള്‍ ഉള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ ഇടത് കണ്ണിന്റെ താഴ് ഭാഗത്ത് മുമ്പ് ഫോട്ടോകളില്‍ കണ്ട/ നേരില്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയ പാട് മായ്ച്ചു കളഞ്ഞ അവസ്ഥയിലാണ് ദൃശ്യം കുടുംബത്തിന് കാട്ടി കൊടുത്തത്.  പക്ഷെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍  നാല് ക്ഷതങ്ങള്‍ ഉള്ള കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അപ്പോള്‍ പ്രസ്തുത ചിത്രത്തില്‍ ആരോ കൈ കടത്തിയുട്ടുണ്ട്.

9. വെളിപ്പെടുത്തലുമായി രംഗത്ത് വന്ന അശ്‌റഫ് എന്ന റിക്ഷാ ഡ്രൈവര്‍ തട്ടിപ്പുകാരനും നുണയനുമാണെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐ  ഉദ്യോഗസ്ഥര്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നടത്തിയ തട്ടിപ്പിന്റെ കഥകള്‍ അവര്‍ ഖാസി കുടുംബാംഗങ്ങളോട്  പറഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ അവിടെ ചെന്ന് ഇയാളുടെ ഫോട്ടോ സഹിതം അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് നടത്തിയ ആള്‍ ഇയാളല്ലെന്ന് കമ്മിറ്റിക്കാര്‍ സ്ഥിരീകരിച്ചു. അപ്പോള്‍ അശ്‌റഫിന്റെ പശ്ചാത്തലം മോശമാണെന്ന് കാണിക്കാന്‍ വ്യാജ തെളിവാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് വ്യക്തം.

10. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥിനോട് സി.ബി ഐ ഉദ്യോഗസ്ഥന്‍ ഡാര്‍വിന്‍ നേരിട്ട് സംസാരിച്ചു ഇത് ആത്മഹത്യയാണെന്നും ഇതിന്റെ പേരില്‍ സമരം നടത്തിയിട്ട് കാര്യമില്ലെന്നും പറഞ്ഞു അദ്ദേഹത്തെ സമരത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതും  ഔദ്യോഗികമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ്. 

11. പി ഡി പി യുടെ ചില പ്രതിനിധികള്‍ ഡാര്‍വിനെയും സംഘത്തേയും കണ്ടപ്പോള്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് ഡോ.സുരേന്ദ്രനാഥിന് ബോധ്യപ്പെട്ടു എന്ന് വ്യാജ പ്രസ്താവന നടത്തി. 

12. ഒരു അസ്വാഭാവിക മരണം സംഭവിച്ചാല്‍ ആദ്യം കൊലപാതകമാണെന്ന നിഗമനത്തില്‍ അന്വേഷണം തുടങ്ങി തെളിവുകളും സാധ്യത കളും പരിശോധിച്ചു മുന്നോട്ടു പോവുകയാണ് പതിവ്. എന്നാല്‍ ഖാസീ കേസില്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് അന്വേഷണം നീങ്ങിയതെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യമേ ഒരു ധാരണ ഉറപ്പിച്ചു അതിനൊപ്പിച്ചു അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണുണ്ടായതെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

13. ഡ്രൈവര്‍ അശ്‌റഫിനെ ബലപ്രയോഗത്തിലൂടെ മൊഴി മാറ്റിപ്പറയിച്ച സിബിഐ ഉദ്യോഗസ്ഥര്‍, ഈ വിഷയവുമായി ബന്ധപ്പെട്ടു സജീവമായി പ്രവര്‍ത്തിച്ചിരുന്ന യുവ അഭിഭാഷകനെ ഖാസീ കുടുംബവുമായി അകറ്റാനും തെറ്റി ധരിപ്പിച്ചു മാറ്റി നിര്‍ത്താനും ആസൂത്രിതമായ നീക്കങ്ങള്‍ നടത്തി.

സമസ്തയെ പ്പോലുള്ള ഉന്നതമായ ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനെ കൊലപ്പെടുത്തിയ കേസിലാണ് ഒരന്വേഷണ ഏജന്‍സി ഇത്രയധികം നാടകങ്ങളും ആസൂത്രിത നീക്കങ്ങളും നടത്തിയത് എന്നത് പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. ഇനിയും വേണോ ഈ മൗനം ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter