സാക്കിര്‍ നായികിന്റെ ഐ.ആര്‍.എഫിനുമേല്‍ യു.എ.പി.എ ചുമത്തുമ്പോള്‍
zakirഒടുവില്‍ ഇന്ത്യയില്‍ സാക്കിര്‍ നായിക്കിന്റെ സ്ഥാപനത്തിന് നിരോധനം വന്നിരിക്കുന്നു. രാജ്യ വിരുദ്ധ കുറ്റം ആരോപിച്ചാണ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) കേന്ദ്ര സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി നിരോധിച്ചിരിക്കുന്നത്. കാലങ്ങളായി സംഘി ഭരണകൂടം വ്രതമെടുത്തു കാത്തിരുന്ന ഒരു തീരുമാനമാണ് ഇതുവഴി പുറത്തുവന്നിരിക്കുന്നത്. സാക്കിര്‍ നായിക് ഇന്ത്യയിലെ ചിലരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചൊന്നുമല്ല കാലമായത്. തന്റെ അസാധാരണമായ വാക്ചാതുരിയും അതിശയിപ്പിക്കുന്ന ബുദ്ധിശക്തിയും ഉപയോഗിച്ച് ഇതര സമൂഹങ്ങളുമായി മത സംവാദരംഗത്ത് സജീവമായതുമുതല്‍തന്നെ അദ്ദേഹം പലരുടെയും കണ്ണിലെ കരടും നോട്ടപ്പുള്ളിയുമായിട്ടുണ്ട്. പക്ഷെ, ഇന്ത്യയിലെ മത പ്രചാരണത്തിന്റെ സര്‍വ്വ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ വല്ല പഴുതും ബാക്കിയുണ്ടോ എന്ന് കാത്തിരിക്കുകയായിരുന്നു എന്നും ഇതിന്റെ എതിരാളികള്‍. ശ്രീശ്രീ രവശങ്കര്‍ ഉള്‍പ്പടെ രാജ്യത്തെയും പുറത്തെയും പല മതാചാര്യന്മാരുമായും സഹിഷ്ണുതയോടെ സ്‌നേഹസംവാദങ്ങള്‍ നടത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ എതിര്‍ക്കപ്പെടാന്‍ മാത്രം യാതൊന്നും ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പ്രബോധന വഴി എതിര്‍ക്കപ്പെടാതെ മുന്നേറുകയായിരുന്നുവെന്നുവേണം വിശ്വസിക്കാന്‍. എല്ലാ മതങ്ങളെയും മതാനുയായികളെയും ബഹുമാനിച്ചുകൊണ്ട് അവരുടെ വേദഗ്രന്ഥങ്ങളുടെ ഉള്ളറ രഹസ്യങ്ങള്‍ അവര്‍ക്കുമുമ്പില്‍ തുറന്നുകാട്ടിയുള്ള അദ്ദേഹത്തിന്റെ വിവരണ രീതികള്‍ പലപ്പോഴും അവരെപ്പോലും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. കഴിഞ്ഞ ജൂണ്‍ 24 ന് ധാക്കയില്‍ 20 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ രണ്ടു പേര്‍ ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാല്‍ പ്രചോതിതരായിരുന്നുവെന്ന ചില പത്രങ്ങളുടെ വാര്‍ത്ത ഒരു തെളിവായി എടുത്താണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഭീകരത ആരോപിച്ച് പലരും രംഗത്തിറങ്ങിയിരിക്കുന്നത്. സാക്കിര്‍ നായിക്കിനെതിരെ വാളെടുക്കാന്‍ ഇന്ത്യയില്‍ സംഘികള്‍ക്ക് ഇതൊരു പിടിവള്ളിയാവുകയായിരുന്നു. അവിടന്നിങ്ങോട്ട് അദ്ദേഹത്തെയും തന്റെ പ്രവര്‍ത്തന സംരംഭങ്ങളെയും അവസാനിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നുവരുന്നത്. അദ്ദേഹത്തിന്റെ പഴയകാല പ്രസംഗങ്ങളുടെ കോപ്പികള്‍ പരിശോധിച്ച് അതില്‍ ദേശവിരുദ്ധ സൂചനകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു അവര്‍. മോദി ഭരണകൂടത്തിന്റെയും ഫാസിസ്റ്റുകളുടെയും ഇസ്‌ലാം ഭീതിയാണ് അടിസ്ഥാനപരമായും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുത്. സാക്കിര്‍ നായിക്കിനെയും തന്റെ സ്ഥാപനങ്ങളെയും കരിനിയമത്തിനു കീഴില്‍ കൊണ്ടുവന്നാലേ അവര്‍ക്ക് സമാധാനമാവുകയുള്ളൂ. ഭരണകൂടത്തിന്റെ സഹായത്തോടെ അതിനുള്ള ശ്രമങ്ങളാണ് കുറച്ചുകാലമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍, തന്റെ സ്ഥാപനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ തീരുമാനവും ഇതിന്റെ ഭാഗം തന്നെയായിവേണം മനസ്സിലാക്കാന്‍. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണിത്. ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ച് എതിരാളികളിലെല്ലാം ഭീകരവാദം കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നത്. സാക്കിര്‍ നായിക് സംഘികളുടെ ഇസ്‌ലാം ഭീതിയുടെ ഒരു ഇര മാത്രം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter