എണ്ണത്തിലല്ല, വണ്ണത്തിലാണ് കാര്യം

കൊട്ടാരം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വലിയ വലിയ സ്ഥാനികളായ ആള്‍ക്കാര്‍. സമ്പന്നരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം സമാഗതരായിരിക്കുന്നു. കൊട്ടാരത്തില്‍ ഒരു ആഘോഷത്തിന്റെ പ്രതീതി എങ്ങും കാണാം. പുഞ്ചിരിയാണ് എല്ലാവര്‍ക്കും കൈമാറുവാനുള്ളത്. ഇഷ്ടത്തിന്റെ ലാജ്ഞനയില്ലാത്ത ഒരു ബിന്ദുവുമില്ല. തങ്ങളേറെ ഇഷ്ടപ്പെടുന്ന ഒരാളുടെ സ്ഥാനാരോഹണമാണല്ലോ. വരുന്നവരെല്ലാം നേരെ ഖലീഫയുടെ അടുത്തേക്കു പോകുന്നു. ഖലീഫയെ ആശംസിക്കുന്നു. ഖലീഫാ അബൂ ജഅ്ഫറുല്‍ മന്‍സ്വൂറിന്റെ സ്ഥാനാരോഹണമാണ് നടക്കുന്നത്. ഇസ്‌ലാമിക രാജ്യത്തിന്റെ ഇരുപതാം ഭരണാധികാരിയായി അദ്ദേഹം സ്ഥാനം ഏററിരിക്കുകയാണ്. അബ്ബാസീ ഖിലാഫത്തിന്റെ രണ്ടാം ഖലീഫയുമാണദ്ദേഹം. എല്ലാവരും അത്രമേല്‍ ഇഷ്ടം പുലര്‍ത്തുന്ന ഒരാളായതുകൊണ്ടാണ് ഈ തിരക്ക്. ഉന്നതമായ ജീവിത മൂല്യങ്ങള്‍ കൊണ്ട് ജനമനസ്സുകളില്‍ ഇതിനകം തന്നെ ഇരിപ്പിടം സ്വന്തമാക്കിയ ആളായിരുന്നുവല്ലോ അദ്ദേഹം. സഹോദരനും അബ്ബാസികളിലെ ഒന്നാം ഖലീഫയുമായിരുന്ന അബുല്‍ അബ്ബാസ് അബ്ബുല്ലാഹ് എന്ന സഫ്ഫാഹിന്റെ മരണത്തോടെയാണ് കിരീടം അബൂ ജഅ്ഫറുല്‍ മന്‍സ്വൂറിന്റെ തലയിലെത്തിയത്. ഹിജ്‌റ 136 ദുല്‍ ഹിജ്ജ മാസത്തിലായിരുന്നു ഈ സ്ഥാനാരോഹണം. 

ശരിക്കും അബൂ മന്‍സ്വൂറായിരുന്നു ആദ്യം ഖലീഫയാവേണ്ടിയിരുന്നത്. അദ്ദേഹമാണ് ജേഷ്ടന്‍. പക്ഷെ, അദ്ദേഹത്തിന് ഒരു ന്യൂനതയുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഉമ്മ ബര്‍ബര്‍ വംശജയായിരുന്നു എന്നതാണ് ആ ന്യൂനത. സുലാല എന്നായിരുന്നു അവരുടെ പേര്‍. എന്നാല്‍ സഫ്ഫാഹിന്റെ ഉമ്മ അറബീവംശജ തന്നെയായിരുന്നു. അതിലൊക്കെ വല്ലാത്ത ഒരു വിഭാഗീയത പുലര്‍ത്തുന്ന കാലമായിരുന്നു അത്. അതിനാല്‍ അറബിയുടെ മകന്‍ എന്ന ആനുകൂല്യം സഫ്ഫാഹിനായിരുന്നു ലഭിച്ചത്. അങ്ങനെ അദ്ദേഹം ഖലീഫയാവുകയും ചെയ്തു. ബുദ്ധി സാമര്‍ഥ്യം, തഖ്‌വാ, അറിവ്, ഭരണ നൈപുണ്യം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധേയനായിരുന്നു അബൂ ജഅ്ഫറുല്‍ മന്‍സ്വൂര്‍. അബ്ബാസീ ഖിലാഫത്തിനെ മണ്ണിലുറപ്പിച്ചത് അദ്ദേഹമായിരുന്നു എന്നാണ് ചരിത്രവായന. അദ്ദേഹമാണ് ബഗ്ദാദ് നഗരം സ്ഥാപിച്ചത്. ബഗ്ദാദിനും മുസ്‌ലിം ലോകത്തിനും അദ്ദേഹം നല്‍കിയ ഏററവും വലിയ സേവനവും ദാനവും ബൈത്തുല്‍ ഹിക്മ എന്ന ഭാഷാന്തരസ്ഥാപനമായിരുന്നു. അക്കാലം കണ്ട ഏററവും വലിയ വൈജ്ഞാനിക സ്ഥാപനമായിരുന്നു ബൈത്തുല്‍ ഹിക്മ. രാവും പകലുമില്ലാതെ പരിഭാഷകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അറിവുകളുടെ സമാഹാരങ്ങള്‍ തര്‍ജ്ജമ ചെയ്തു. ലോകവും ഇസ്‌ലാമും തമ്മിലുള്ള പൊക്കിള്‍ക്കൊടിയായിരുന്നു ബൈത്തുല്‍ ഹിക്മ. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഗ്രന്ഥങ്ങള്‍ പൊന്നുംവിലക്കു വാങ്ങി നല്‍കുവാന്‍ ഒരുതരം ആവേശം തന്നെ അദ്ദേഹം കാണിച്ചു. പിന്നീട് ഖലീഫാ മഅ്മൂനിന്റെ കാലത്തായിരുന്നു ബൈത്തുല്‍ ഹിക്മ അതിന്റെ വളര്‍ച്ചയിലെത്തിയത് എങ്കിലും അസ്ഥിവാരം അബൂ ജഅ്ഫറുല്‍ മന്‍സ്വൂറിന്റെതായിരുന്നു.
അബ്ബാസീ രാഷ്ട്രീയത്തില്‍ അബൂ ജഅ്ഫര്‍ വേറിട്ടടയാളപ്പെടുത്തിയത് രണ്ടു കാരണങ്ങളായിരുന്നു എന്നാണ് നിരൂപക ഭാഷ്യം. ഒന്ന് പാട്ടും കൂത്തുമൊന്നും കൊട്ടാരത്തിലേക്കു കടത്തിയില്ല. കൈ നിറയെ സമ്മാനപ്പൊന്ന് കിട്ടിയിരുന്ന കവികളെ കൊട്ടാരത്തിലേക്കു കയററിയതു തന്നെയില്ല. മാത്രമല്ല, കൊട്ടാരത്തിനകത്ത് പാട്ടും കൂത്തും വിലക്കുകയും ചെയ്തു. അക്കാലത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ധൈര്യം തന്നെയായിരുന്നു. ഒരിക്കല്‍ കൊട്ടാരത്തിന്റെ ഒരു മൂലയില്‍ നിന്ന് ഒരു താളം കേട്ടു അദ്ദേഹം. ഭൃത്യനെ അയച്ച് അതെന്താണ് എന്നറിയുവാന്‍ ശ്രമിച്ചപ്പോള്‍ ഭൃത്യന്‍ വന്നു പറഞ്ഞത് അവിടെ ഒരു പരിചാരകന്‍ സ്ത്രീകളുടെ വട്ടത്തിലിരുന്ന് മദ്ദളം മുട്ടുന്നതാണ് എന്നായിരുന്നു. അതറിഞ്ഞ അദ്ദേഹം അതുമായി പരിചാരകനോട് വരാന്‍ ആജ്ഞാപിച്ചു. മുമ്പില്‍ വന്ന പരിചാരകന്റെ കയ്യില്‍ നിന്നും മദ്ദളം വാങ്ങി അദ്ദേഹം തല്ലിത്തകര്‍ത്തു. പരിചാരകനെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. രണ്ടാമത്തെ കാര്യം സാമ്പത്തിക അച്ചടക്കമായിരുന്നു. ചിലവുകളും സമ്മാനങ്ങളുമെല്ലാം അദ്ദേഹം കര്‍ശനമായി നിയന്ത്രിച്ചു. അക്കാലത്തെ ഖിലാഫത്തിന്റെ ഖജനാവുകള്‍ ചോര്‍ത്തിയിരുന്നത് ഖലീഫമാരുടെ സുഖലോലുപതയും അതിനുവേണ്ടി ചിലവാക്കുന്ന ഭീമമായ സംഖ്യകളുമായിരുന്നു. ഭരണം തുടങ്ങി ഏതാനും വര്‍ഷമായപ്പോഴേക്കും ഖജനാവ് നിറഞ്ഞു എന്ന അനുഭവം ഒന്നിലധികം ആധികാരിക ചരിത്രരേഖകളില്‍ കാണാം. ഖലീഫയും മന്ത്രിമാരും ഇരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ അപ്പോള്‍ കടന്നുവന്നു. ശ്രദ്ധിച്ചുനോക്കുമ്പോള്‍ മുഖാത്തില്‍ ബിന്‍ സുലൈമാന്‍ ആണ്. ആ കാലഘട്ടത്തിന്റെ ഏററവും മികച്ച പ്രഭാഷകന്‍.   
'ഓ, സുലൈമാന്‍, ഞങ്ങളുടെ ആഘോഷത്തെ കലക്കുവാന്‍ വന്നിരിക്കുകയാണോ?..'; മുഖാത്തിലിനെ കണ്ടതും ഖലീഫ ചോദിച്ചു. മതോപദേശങ്ങള്‍ അബൂ ജഅ്ഫറിന് വലിയ താല്‍പര്യമുള്ള വിഷയം തന്നെയാണ്. പക്ഷെ, ആഘോഷം നിറഞ്ഞുനില്‍ക്കുന്ന ഈ വേളയില്‍ അത് അദ്ദേഹം അത്ര തന്നെ അനുയോജ്യമായി കരുതുന്നില്ല എന്നു മാത്രം. പുഞ്ചിരിച്ചുകൊണ്ട് കടന്നുവന്ന മുഖാത്തില്‍ തന്റെ ആശംസകള്‍ ആദ്യം സമര്‍പ്പിച്ചു. പിന്നെ ഖലീഫയുടെ സമ്മതത്തിനായി കാത്തുനിന്നു. അക്കാലത്തെ പതിവ് അതാണ്. പ്രഭാഷകന്‍ ഇത്തരമൊരു സദസ്സില്‍ വരുന്നത് പ്രഭാഷണം നടത്തുവാനാണ്. ഒടുവില്‍ ഖലീഫ പറഞ്ഞു: 'ശരി മുഖാത്തില്‍ പറയൂ, നിങ്ങള്‍ക്കു പറയുവാനുള്ളതു കേള്‍ക്കട്ടെ..'.
'കണ്ട കാര്യം വെച്ചാണോ കേട്ട കാര്യം വെച്ചാണോ ഞാന്‍ പറയേണ്ടത്?'; മുഖാത്തില്‍ ചോദിച്ചു. ഒന്നാലോചിച്ച് ഖലീഫ പറഞ്ഞു: 'കണ്ടതു പറഞ്ഞാല്‍ മതി'. കണ്ടതാവുമ്പോള്‍ ഉറപ്പു കൂടുതലുണ്ടാകും. കേട്ടതാണെങ്കില്‍ ഉറപ്പുകുറവായിരിക്കും. നാവുകള്‍ കൈമാറിക്കൈമാറി വിഷയത്തിന്റെ തെല്ലിനും മുനക്കുമെല്ലാം ചില ക്ഷതങ്ങള്‍ പററിയിട്ടുണ്ടാകും. മാത്രമല്ല കൂടുതല്‍ കേള്‍ക്കുവാനുള്ള ഒരു മാനസികനിലയുള്ള സന്ദര്‍ഭവുമല്ലല്ലോ. അതുകൊണ്ടാണ് ഖലീഫ അങ്ങനെ പറഞ്ഞത്. അതോടെ മുഖാത്തില്‍ സംസാരിക്കുവാന്‍ തുടങ്ങി. ഖലീഫയുടെ മുമ്പില്‍ ഒരു ആശയം താരതമ്മ്യത്തോടെ സമര്‍ഥിക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനായി അദ്ദേഹം താന്‍ കണ്ടതും അനുഭവിച്ചതുമായ രണ്ടു രംഗങ്ങള്‍ പറയുകയാണ്.
'ഖലീഫാ, ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് പതിനൊന്നു മക്കളുണ്ടായിരുന്നു. ആകെ അദ്ദേഹത്തിന്റെ സ്വത്ത് പതിനെട്ടു ദീനാറായിരുന്നു. അതില്‍ നിന്നും അഞ്ചു ദീനാര്‍ കഫന്‍ പുടവ വാങ്ങുവാന്‍ എടുക്കേണ്ടിവന്നു. ഖബറിനു സ്ഥലം വാങ്ങുവാന്‍ നാലു ദീനാറും. ബാക്കിയുള്ള ഒമ്പതു ദീനാര്‍ അനന്തരാവകാശികള്‍ വീതിച്ചെടുത്തു. ഇത് ഒരു രംഗം. അമവീ ഖിലാഫത്തിലെ നീതിനിഷ്ഠനായ ഭരണാധികാരി ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനെ കുറിച്ചായിരുന്നു ആദ്യ രംഗം. രണ്ടാമത്തെ രംഗം മുഖാത്തില്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി: 'ഹിശാം ബിന്‍ അബ്ദില്‍ മലിക് മരണപ്പെട്ടു. മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് നാലു ഭാര്യമാരാണുണ്ടായിരുന്നത്. അതില്‍ ഒരു ഭാര്യക്ക് കിട്ടിയ അനന്തരാവകാശം എണ്‍പതിനായിരം ദീനാറായിരുന്നു. ആ ഭാര്യ നിലവില്‍ ഉപയോഗിച്ചിരുന്ന കൊട്ടാരവും പരിസരവും അതിനു പുറത്തും. ഭാര്യയുടെ അവകാശം വെറും എട്ടിലൊന്നണ്. എട്ടിലൊന്നു തന്നെ ഇത്രയും വലിയ തുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മകന് എത്ര കിട്ടിക്കാണും എന്ന് ഊഹിക്കാവുന്നതാണല്ലോ'. 
രണ്ടു രംഗങ്ങളും പറഞ്ഞതോടെ സദസ്സ് നിശബ്ദമായി. എന്താണ് മുഖാത്തില്‍ പറയുവാന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള ആകാംക്ഷ അവിടെ തളംകെട്ടിനിന്നു. ഇത്രയും പറഞ്ഞത് തികച്ചും സ്വാഭാവികമായിരുന്നു. സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ പോലും പൊതു ഖജനാവിലേക്കു തിരിച്ചടച്ച ഭരണാധികാരിയായിരുന്നു ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്. മക്കള്‍ക്ക് പെരുന്നാളിനു പോലും നല്ല വസ്ത്രം വാങ്ങിക്കൊടുക്കുവാന്‍ അദ്ദേഹത്തിനു വകയില്ലായിരുന്നു. അമവികളുടെ ഖജനാവുകള്‍ പണ്ടെങ്ങുമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞ കാലമായിരുന്നു അത്. സക്കാത്തു വാങ്ങുവാന്‍ പോലും അര്‍ഹരെ തെരയേണ്ടിവന്ന കാലം. അദ്ദേഹത്തിന്റെ അനന്തര സ്വത്ത് വെറും പതിനെട്ടു ദീനാര്‍ മാത്രമായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയമൊന്നുമില്ല. രണ്ടാമതു പറഞ്ഞതിലും കാര്യമായ അതിശയമൊന്നുമില്ല. അമവികളുടെ എട്ടാം ഖലീഫയായ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനു ശേഷം പത്താം ഖലീഫയായി ഹിശാം സിംഹാസനത്തിലെത്തിയപ്പോഴേക്കും ഭരണകൂടം സുഖങ്ങളില്‍ മുങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ രാജ്യം വീണ്ടും വീണ്ടും വിസ്തൃതമായതോടെ ഖജനാവുകള്‍ നിറയുകയും ചെയ്തു. സ്വന്തം സുഖത്തിനും ക്ഷേമത്തിനും മറെറന്തിനേക്കാളും പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അനന്തരാവകാശം വലിയ തുക തന്നെയായിരിക്കും.
ആ ജിജ്ഞാസയില്‍ വിറങ്ങലിച്ചു നില്‍ക്കവെ സംഭവത്തിന്റെ ഫലം പറഞ്ഞു മുഖാത്തില്‍ ബിന്‍ സുലൈമാന്‍. അതിങ്ങനെയായിരുന്നു: 'ഖലീഫാ, ഈ ഉമറു ബിന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ നൂറു ഭടന്‍മാരെ ഇസ്‌ലാമിനുവേണ്ടി ഒരുക്കിദാനം ചെയ്യുവാന്‍ മാത്രം വലിയ സമ്പന്നനും ഉദാരമതിയുമായതു ഞാന്‍ നേരിട്ടു കണ്ടു. അതേ സമയം ലക്ഷങ്ങള്‍ അനന്തരമായി ലഭിച്ച ഹിശാമിന്റെ മകന്‍ പൊതുവഴിയിലിരുന്ന് അന്നത്തിനുവേണ്ടി യാചിക്കുന്നതും.
അപ്പോള്‍ അവിടെയുണ്ടായിരുന്ന ഖലീഫ അടക്കമുള്ളവര്‍ ഒരു തിരിച്ചറിവ് നേടുകയായിരുന്നു, എണ്ണത്തിലല്ല വണ്ണത്തിലാണ് കാര്യം എന്ന.

(മുതവല്ലി ശഅ്‌റാവിയുടെ പ്രഭാഷണങ്ങള്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter