ദിര്‍ഹമിനു പകരം ദീനാര്‍..
മടുത്തു. ജീവിതം എന്ന വാക്കിന്റെ എല്ലാ അര്‍ഥങ്ങളും മാഞ്ഞു. ഒരു സ്വസ്ഥതയുമില്ലാതെ, കേള്‍ക്കുവാനും കാണുവാനും കഴിയാത്തവ മാത്രം കേട്ടും കണ്ടും ഇങ്ങനെയെത്രയാണ് ഇനിയും ജീവിതമെന്ന ഉന്തുവണ്ടിയും തള്ളി വേച്ചുനടക്കുക?. എടുത്തു തലയില്‍ വെക്കുവാന്‍ കഴിയാത്ത, കുടഞ്ഞാലും കൊഴിഞ്ഞുചാടാത്ത ചിന്തകളുമായി ചെറിയ മുറിയുടെ ഉള്ളിലൂടെ നടന്നിട്ടും നടന്നിട്ടും തീരാതെ അവര്‍ ചുററിക്കറങ്ങി. ചുററും അടിച്ചമര്‍ത്തപ്പെടുന്നവരുടെ ആര്‍ത്തനാദങ്ങളാണ്. അവശരുടെ അട്ടഹാസങ്ങളാണ്. ആര്‍ക്കും രക്ഷയില്ല. ഒരു മഹാത്മ്യത്തിനും വിലയില്ല. അവരില്‍ സഈദ് ബിന്‍ ജുബൈര്‍(റ) വരേയുള്ള വലിയ പണ്‍ഡിതന്‍മാര്‍ വരെയുണ്ട്. അവരില്‍ തന്റെ സ്വന്തം സഹോദരന്‍ യസീദ് ബിന്‍ മുഹല്ലബ് വരേയുള്ള പ്രധാനികളുണ്ട്. തന്റെ കാടത്തങ്ങള്‍ക്ക് റാന്‍ മൂളാത്ത എല്ലാവരേയും ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ കല്‍തുറുങ്കിലിട്ട് കൊല്ലാക്കൊല ചെയ്യുക, ഇതായിരിക്കുന്നു ഇറാഖിലെ അമവീഗവര്‍ണര്‍ ഹജ്ജാജ് ബിന്‍ യൂസുഫിന്റെ രീതി. അയാളുടെ ഭാര്യയാണ് എന്നു പറയാന്‍ തന്നെ ലജ്ജ തോന്നുന്നു. ഹിന്ദ് ബിന്‍തു മുഹല്ലബ് ചിതറിയ ചിന്തകളുമായി മുറിയിലൂടെ നടന്നുനടന്ന് വീണ്ടും കണ്ണാടിയുടെ മുമ്പിലെത്തി.
കണ്ണാടിയില്‍ ഒരു നിമിഷം തന്നെത്തന്നെ നോക്കി നിന്നപ്പോള്‍ ആ ചുണ്ടില്‍ ഒരു കവിത ഇതള്‍ വിടര്‍ത്തി. അവള്‍ പാടി: 'ഹിന്ദ് കരുത്തരുടെ ശ്രേണിയിലെ കണ്ണിയായ ഒരറേബ്യന്‍ കുതിരക്കിടാവല്ലയോ.., അവള്‍ക്കു ജനിക്കുന്നത് ഒരു കുതിരക്കിടാവ് തന്നെയെങ്കില്‍ അവന്റെ പിതാക്കളും മഹോന്നതരും തലയെടുപ്പുള്ളവരുമാണ്..., അല്ല, ഒരു കോവര്‍കഴുതയാണെങ്കിലോ അവന്റെ പിതാവും ഒരു കോവര്‍കഴുതയാണല്ലോ..'
ഉദരത്തിലുള്ള കുഞ്ഞി നെ സങ്കല്‍പ്പിച്ച് പിതാവിനെ കോവര്‍കഴുത എന്നു വിളിച്ചപ്പോള്‍ ഹിന്ദിന്റെ ഉള്ളില്‍ ഒരു ആത്മാനന്ദം. ഭാരം ഒരിത്തിരി കുറഞ്ഞതുപോലെ. ആ സുഖവുമായി കണ്ണാടിയിലേക്കു കണ്ണുയര്‍ത്തവെ പിന്നിലെ രൂപം കണ്ടു. ഗാംഭീര്യമുള്ള കടന്നുവരവ് കണ്ടു. പിന്നില്‍ ആളനക്കം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ അയാളാണ്, തന്റെ ഭര്‍ത്താവ്. ഭര്‍ത്താവിനെ കോവര്‍കഴുത എന്നു വിളിച്ചത് അയാള്‍ കേട്ടിരിക്കും എന്നതുറപ്പാണ്. ഹിന്ദ് ആ മുഖത്ത് അതു കണ്ടു. അയാളുടെ മുഖം കോപത്താല്‍ ചുവന്നുതുടുത്തിരിക്കുന്നു. ഹജ്ജാജ് പൊട്ടിത്തെറിച്ചു. ഹിന്ദും വിട്ടുകൊടുത്തില്ല. ഭാര്യയും ഭര്‍ത്താവും പറയേണ്ടതെല്ലാം പറഞ്ഞുതീര്‍ത്തു. അധികാരത്തിന്റെ ഹുങ്കില്‍ കാട്ടിക്കൂട്ടുന്ന എല്ലാ അനീതികള്‍ക്കുമെതിരെയുള്ള ഒരു പൊട്ടിത്തെറി തന്നെയായിരുന്നു അത്. കോപത്താല്‍ വിറക്കുകയായിരുന്ന ഹജ്ജാജ് ഇടിമിന്നെറിയും വേഗത്തില്‍ തന്റെ ദര്‍ബാറിലേക്ക് നടന്നു.
കാററിന്റെ വേഗതയിലുള്ള ആ പോക്കു കണ്ടാല്‍ എന്താണുണ്ടാവുക എന്നത് ഹിന്ദിനറിയാം. ഹിന്ദിനു മാത്രമല്ല, ഇറാഖിലെ ഓരോ മണല്‍തരിക്കും അതറിയാം. ഹജ്ജാജ് ബിന്‍ യൂസുഫ് എന്ന ഈ ബനൂ തഖീഫ് വംശജന്‍ എങ്ങനെയാണ് ഇങ്ങനെയൊക്കെ ആകുവാന്‍ കഴിഞ്ഞത് എന്നത് എല്ലാവരുടെയും അത്ഭുതമാണ്. താഇഫില്‍ കുഞ്ഞുങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഒരാളായിരുന്നു മുഹമ്മദ് എന്ന ഹജ
ജാജ് ബിന്‍ യൂസുഫ്. മക്കയില്‍ സ്വയം ഖിലാഫത്തു പ്രഖ്യാപിച്ച അബ്ദുല്ലാഹി ബിന്‍ സുബൈര്‍(റ)വിന്റെ പട്ടാളക്കാര്‍ ഒരു അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ ത്വാഇഫിലെ ഹജ്ജാജിന്റെ വീട്ടില്‍ കയറി. അവരുടെ ചെയ്തികള്‍ ഹജ്ജാജിനെ കോപാന്ധനാക്കി. അതിനു പ്രതികാരം ചെയ്യുവാന്‍ അയാളുടെ മനസ്സ് വെമ്പി. അയാള്‍ മുമ്പിലെ മുസ്ഹഫ് പൂട്ടിവെച്ച് നേരെ ഡമാസ്‌കസിലേക്കു നടന്നു. അവിടെ ഭരണം അബ്ദുല്‍ മലിക് ബിന്‍ മര്‍വ്വാന്റെ കൈകളിലായിരുന്നു. അമവികളുടെ പ്രതാപത്തിന്റെ ചിഹ്‌നമാണ് ഖലീഫാ അബ്ദുല്‍മലിക് ബിന്‍ മര്‍വ്വാന്‍. ഹജ്ജാജ് തന്ത്രത്തില്‍ ഖലീഫയുടെ സൈന്യത്തില്‍ എത്തിച്ചേര്‍ന്നു. പിന്നെ പടിപടിയായി വളര്‍ന്നു. ഖലീഫയുടെ സ്വന്തക്കാരനായി മാറി. ഇറാഖ് പിടിച്ചുകൊടുത്തതോടെ ആ ബന്ധം വളര്‍ന്നു. പിന്നെ ഹിജാസും ഹജ്ജാജിന്റെ കയ്യില്‍ ഖലീഫ ഏല്‍പ്പിച്ചു. ഇത്രയും സഞ്ചരിച്ചപ്പോഴേക്കും കടുത്ത പ്രതികാര മനസ്സ് അയാളൂടെ ഉള്ളില്‍ കൂടുകെട്ടിക്കഴിഞ്ഞിരുന്നു. കണ്ടതൊക്കെ ചെയ്യുക. എതിര്‍ക്കുന്നവരെ കൊന്നുകളയുക. ഇതായിരുന്നു ഹജ്ജാജിന്റെ രീതി. അങ്ങനെയൊന്നും തന്നോടു ചെയ്യുവാന്‍ ഭര്‍ത്താവിനു കഴിയില്ല എന്ന് ഹിന്ദിനറിയാം. കാരണം അവര്‍ മുഹല്ലബിന്റെ മകളാണല്ലോ. അറേബ്യയിലെ ഏററവും ശക്തമായ പടയാളിയും പടനായകനുമാണ് മുഹല്ലബ് ബിന്‍ അബീ സുഫ്‌റ.
അധികം വൈകിയില്ല. പ്രതീക്ഷിച്ചതുപോലെ ദര്‍ബാറിലെ ദൂതന്‍ അബ്ദുല്ലാ ബിന്‍ ത്വാഹിര്‍ ഹിന്ദിന്റെ അടുത്തേക്ക് വന്നു. അയാള്‍ പറഞ്ഞു:
'ഹിന്ദ് നിങ്ങള്‍ക്ക് വിവാഹാനന്തര പാരിതോഷിക(മതാഅ്)മായി അമീര്‍ എന്റെ കയ്യില്‍ പണം തന്നയച്ചിരിക്കുന്നു. അതോടൊപ്പം നിങ്ങള്‍ തമ്മിലുള്ള വിവാഹം വേര്‍പെടുത്തുവാനുള്ള ത്വലാഖും'. ഹിന്ദ് തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു എന്നറിഞ്ഞപ്പോഴും പക്ഷെ വേദനിച്ചില്ല. അവര്‍ അത് ആഗ്രഹിക്കുന്നതായിരുന്നുവല്ലോ. ഒട്ടും ഇഷ്ടമില്ലാതെയായിരുന്നു ഹജ്ജാജ് ഹിന്ദിനെ വിവാഹം ചെയ്തത്. ഹജ്ജാജ് വിവാഹമാലോചിച്ച് ചെന്നപ്പോള്‍ അവളും കുടുംബവും ഒന്നടങ്കം എതിര്‍ത്തു. വിശുദ്ധരുടെ ചോരപ്പാടുകള്‍ വററിയിട്ടില്ലാത്ത ആ കൈകളില്‍ ഹിന്ദിനെ വെച്ചുകൊടുക്കുന്നത് ആര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ ഹജ്ജാജ് ഖലീഫയെ സ്വാധീനിച്ചു. അങ്ങനെയായിരുന്നു ആ വിവാഹം നടന്നത്.
ഹിന്ദ് ദൂതനോട് തുറന്നുപറഞ്ഞു:
'ഈ വിവാഹ ജീവിതത്തില്‍ ഞാന്‍ ഒരിക്കല്‍പോലും സന്തോഷിച്ചിട്ടില്ല. അതിനാല്‍ വേര്‍പിരിയുന്നതില്‍ ഒട്ടും ദുഖിക്കുന്നുമില്ല'.
കൊണ്ടുവന്ന പാരിതോഷികം ദൂതന് പാരിതോഷികമായി കൊടുക്കുകയും ചെയ്തു.
വിവരം അങ്ങകലെ ഡമാസ്‌കസില്‍ ഖലീഫയുടെ ചെവിയിലെത്തി. അപ്പോള്‍ അബ്ദുല്‍ മലികിന്റെ കസേരയില്‍ മകന്‍ സുലൈമാന്‍ ആയിരുന്നു ഭരണാധികാരി. സുന്ദരിയും ബുദ്ധിമതിയുമായ ഹിന്ദിനെ സ്വന്തമാക്കുവാന്‍ ഖലീഫ വിവാഹാലോചനയുമായി ഒരു ദൂതനെ ഖലീഫ പറഞ്ഞയച്ചു. ഖലീഫാ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ വിവാഹാലോചന തള്ളാതെ, കൊള്ളാതെ ഹിന്ദ് മറുപടി അയച്ചു.
അവള്‍ പറഞ്ഞു: 'ഖലീഫാ, ഈ പാത്രം നായ തലയിട്ടതാണ്..'.
ഖലീഫ അതിനു മറുപടി നല്‍കി: 'നായ തലയിട്ടാല്‍ ഏഴുവട്ടം കഴുകിയാല്‍ മതിയല്ലോ..'.
ഖലീഫ തന്നില്‍ അനുരക്തനാണ് എന്നു കണ്ട ഹിന്ദ് ഖലീഫയുടെ വിവാഹാഭ്യര്‍ഥന സ്വീകരിക്കുവാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ, ഇത് ഹജ്ജാജിനൊരു മറുപടികൂടി ആയിരിക്കണം എന്ന് ഹിന്ദിനുണ്ടായിരുന്നു. അതിനാല്‍ ഹിന്ദ് മറുപടിയില്‍ ഇതുംകൂടി അറിയിച്ചു: 'എന്റെ പുതുക്കയാത്രയില്‍ ഡമാസ്‌കസ് വരെ എന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിക്കുന്നത് ഹജ്ജാജ് ബിന്‍ യൂസുഫായിരിക്കണം, അതും സാധാരണ ഒട്ടകക്കാരന്റെ വേഷത്തില്‍..', ഇതിനു സമ്മതമാണ് എങ്കില്‍ വിവാഹത്തിന് തനിക്ക് സമ്മതമാണ് എന്ന്. ഹജ്ജാജിനോടുള്ള പ്രതികാരത്തിന്റെ പക ഹിന്ദിന്റെ മനസ്സില്‍ നീറുന്നുണ്ടായിരുന്നു. ഹിന്ദിനുവേണ്ടി എന്തുചെയ്യാനും തയ്യാറായിരുന്ന ഖലീഫ അതിനും സമ്മതിച്ചു. പുതുമണവാട്ടിയുടെ ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ച് വെറും ഒരു ഒട്ടകക്കാരനായി ഡമാസ്‌കസ് വരെ നടക്കുവാന്‍ ഖലീഫ ഹജ്ജാജിനോട് ആജ്ഞാപിച്ചു. ചെരുപ്പും അലങ്കാരച്ചമയങ്ങളുമില്ലാതെ ഹജ്ജാജിനത് സ്വീകരിക്കേണ്ടിവന്നു.
നടന്നുനടന്ന് മണവാട്ടിയും സംഘവും ഡമാസ്‌കസിലെത്തി. കൊട്ടാരത്തിലേക്ക് കടക്കുന്ന പ്രധാന കവാടത്തിങ്കലെത്തിയപ്പോള്‍ ഹിന്ദ് ഒരു ദീനാറെ(സ്വര്‍ണ്ണനാണയം)ടുത്ത് നിലത്തേക്കിട്ടു. എന്നിട്ടു പറഞ്ഞു: 'ഏയ്, ഒട്ടകക്കാരാ, ആ ദിര്‍ഹം(വെള്ളിനാണയം) ഇങ്ങെടുക്കൂ..'. അനുസരണയുള്ള ഒരു ഭൃത്യനെ പോലെ ഹജ്ജാജ് നാണയം തപ്പിയെടുത്തു. കയ്യില്‍ കിട്ടിയത് ദീനാറായിരുന്നു. ദിര്‍ഹം എന്നു പറഞ്ഞത് ദീനാറായപ്പോള്‍ ഹജ്ജാജ് പറഞ്ഞു:
'ദിര്‍ഹമല്ല ഇതു ദീനാറാണ്..'.
അപ്പോള്‍ ചരിത്ത്രിലാദ്യമായി ഒരാളുടെ മുമ്പില്‍ തോല്‍വിയേററുവാങ്ങി വിഷണ്ണനായി നില്‍ക്കുന്ന ഹജ്ജാജിനോട് ഹിന്ദ് പറഞ്ഞു: 'ദിര്‍ഹമിനു പകരം ദീനാറ് തന്ന അല്ലാഹുവിന് സ്തുതി..'.
വെള്ളിനാണയമായ താങ്കള്‍ക്കു പകരം സ്വര്‍ണ്ണനാണയമായ ഖലീഫയെ എനിക്കു ഭര്‍ത്താവായി തന്ന അല്ലാഹുവിന് സ്തുതി എന്ന ആ വാചകത്തിന്റെ ധ്വനിയില്‍ ഹിന്ദിന്റെ എല്ലാ പ്രതികാരവുമുണ്ടായിരുന്നു.
Leave A Comment