ശാം വിജയം: അബൂബക്ര്‍(റ) ന്റെ ഭരണനേട്ടം
റസൂലുല്ലാഹി(സ)യുടെ നേതൃത്വത്തില്‍ നടന്ന എല്ലാ സമരങ്ങളുടെയും ചരിത്രം അറേബ്യയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ പരിമിതങ്ങളായിരുന്നു. അതിന്നപ്പുറത്തേക്ക് കടക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. അകത്തെ കാര്യങ്ങള്‍ തന്നെ വേണ്ടുവോളമുണ്ടയിരുന്നതാണ് അതിന്ന് കാരണം. എങ്കിലും അറേബ്യയുടെ അയല്‍ നാടുകളില്‍ ഭരണം നടത്തിക്കൊണ്ടിരുന്ന ശക്തികള്‍ മുസ്ലിംകള്‍ക്കെതിരില്‍ ഗൂഢാലോചനകള്‍ നടത്തി അറേബ്യക്കകത്ത് തന്നെ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നതിനാല്‍ ആ പ്രദേശങ്ങളിലേക്ക് കൂടി തിരിയേണ്ടത് അത്യാവശ്യമാണെന്ന് റസൂല്‍(സ്വ) ആഗ്രഹിച്ചിരിക്കുന്നു.
ആറേബ്യയുടെ വടക്ക് സ്ഥിതിചെയ്യുന്ന ശാമിനെ കീഴടക്കിയില്ലെങ്കില്‍ ഹിറഖലിന്റെ നേതൃത്വത്തിലുള്ള റോമക്കാരുടെ വഞ്ചനാപരമായ ദ്രോഹങ്ങളില്‍ നിന്നും മോചനം കിട്ടുകയില്ലെന്ന് കണ്ടതിനാല്‍ തന്റെ രോഗശയ്യയില്‍വെച്ച് തന്നെ ശാം അക്രമിക്കുവാന്‍ നബി(സ)തീരുമാനിക്കുകയും ഇസാമത്തുബ്‌നു സൈദ്(റ) വിനെ നായകനാക്കിയും കൊണ്ട് ഒരു ഉഗ്രന്‍ സേനയെ അങ്ങോട്ടയക്കുകയും ചെയ്തിരുന്നു. ഈ സേന പുറപ്പെട്ടയുടനെ നബി(സ)യുടെ രോഗം മൂര്‍ഛിച്ചതിനാല്‍ മദീനക്ക് സമീപം ഒരിടത്ത് അവര്‍ തമ്പടിച്ചു നില്‍ക്കുകയാണ് ചെയ്തത്. നബി(സ)യുടെ രോഗം കൂടുതല്‍ കഠിനതരമാവുകയും നബി(സ)യുടെ നിര്യാണത്തില്‍ അത് ചെന്നുതേരുകയും ചെയ്തതിനെ തുടര്‍ന്ന് ഈ യുദ്ധയാത്ര നിലച്ചുപോയി.
അബൂബക്കര്‍ സിദ്ധീഖ്(റ) ഖിലാഫത്ത് ഏറ്റെടുത്തയുടനെ ഈ സൈന്യത്തെ വീണ്ടും സംഘടിപ്പിക്കുവാന്‍ തുടങ്ങി. രാജ്യത്തിനകത്ത് തന്നെ മുര്‍തദ്ദുകളുടെയും മറ്റു കലാപകാരികളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി പലജാതി കുഴപ്പങ്ങള്‍ തലപൊക്കി കഴിഞ്ഞിരിക്കയാല്‍ ഈ സമയത്ത് ശാമിലേക്ക് യുദ്ധത്തിന് പോകുന്നത് ഉചിതമാവുകയില്ലെന്ന് പറഞ്ഞുകൊണ്ട് പല പ്രമുഖ സ്വഹാബികളും അബൂബക്കര്‍(റ) വിനെ ഈ ഉദ്യമത്തില്‍ നിന്നും വിലങ്ങുവാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അദ്ദേഹം അതിന്ന് വഴങ്ങിയില്ല. നബി(സ) തുടങ്ങിവെച്ച ഈ കാര്യം പൂര്‍ത്തിയാക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അനന്തരഫലം എന്തുതന്നെയായാലും ഈ സൈന്യത്തെ താന്‍ ശാമിലേക്ക് അയക്കാതിരിക്കുകയില്ലെന്ന് അദ്ദേഹം ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ചു.
ഉസാമത്തുബനു സൈദ്(റ) വിന്റെ കൊടിക്കൂറയിന്‍ കീഴില്‍ ഒരു മഹാ സേന സജ്ജീകൃതമായി. ഈ സമയത്ത് ഉസാമ: (റ)വിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. ഒരു വിമുക്ത അടിമയായിരുന്ന സൈദ് (റ)ന്റെ പുത്രനായ ഈ ചെറുപ്പക്കാരന്‍ ഉന്നതകുലജാതരും പ്രായംചെന്നവരുമായ നിരവധി പ്രമുഖന്മാരടങ്ങിയ ഒരു സൈന്യത്തിന്റെ തലവനാക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ അബൂബക്കര്‍(റ)വിനോട് ആവലാതി പറയുകയും ചെയ്തു. എന്നാല്‍ സമത്വസുന്ദരമായ ഇസ്ലാമിന്റെ പാവന ദര്‍ശനങ്ങള്‍ നടപ്പിലാക്കുവാന്‍ വേണ്ടി നബി(സ) കാണിച്ചുതന്ന മാതൃകയെ പരിപൂര്‍ണമായി പിന്തുടരുന്ന അബൂബക്കര്‍(റ)വുണ്ടോ ഇതിന്ന് വഴങ്ങുന്നു? ഉസാമ:(റ) കയറിയ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് കാല്‍നടയായി കുറേ ദൂരം വരെ അദ്ദേഹത്തെ അനുഗമിക്കുകയും അങ്ങിനെ മുസ്ലിംകള്‍ക്ക് മാതൃക കാണിക്കുകയാണ് സിദ്ദീഖ്(റ) ചെയ്തത്.
സേനാധിപധിയോട് ഖലീഫയുടെ ഉപദേശം
മുസ്ലിം സേനാധിപതിയായ ഉസാമ: തന്റെ സൈന്യത്തോട് കൂടി ശാമിലേക്ക് പുറപ്പെട്ടപ്പോള്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) ചരിത്രപ്രസിദ്ധമായ കുറേ ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. ഈ ഉപദേശങ്ങള്‍ പിന്നീട് ഇസ്ലാമിലെ യുദ്ധ നിയമങ്ങളുടെ രൂപം പ്രാപിക്കുകയും ചെയ്തു. മുസ്ലിംകളുടെ യുദ്ധമുറകള്‍ എത്ര ന്യായ യുക്തവും നീതിനിഷ്ഠങ്ങളുമാണെന്ന് ഈ ഉപദേശങ്ങള്‍ വ്യക്തമാക്കുന്നു. താഴെപറയുംപ്രകാരം അവയെ സംഗ്രഹിക്കാം.
1. ആരോടും ഒരിക്കലും കരാര്‍ ലംഘനം ചെയ്തുപോകരുത്.
2. കളവ്, വഞ്ചന എന്നിവയില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണം.
3. യുദ്ധവേളയില്‍ കുട്ടികള്‍, വൃദ്ധന്മാര്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവരെ കൊല്ലരുത്.
4. ഫലദായക വൃക്ഷങ്ങള്‍ നശിപ്പിക്കരുത്, ധാന്യപ്പുരകളും വീടുകളും അഗ്നിക്കിരയാക്കരുത്.
5. ഭക്ഷ്യാവശ്യത്തിന് വേണ്ടിയല്ലാതെ നാല്‍ക്കാലികളെ വധിക്കരുത്.
6. വല്ലജനതയും കീഴടങ്ങിക്കഴിഞ്ഞാല്‍ സൗമ്യതയോടുകൂടി അവരെ സത്യദീനിലേക്ക് ക്ഷണിക്കണം. ഇതില്‍ യാതൊരുവിധ ക്രൂരതയും പാടില്ല.
7. കീഴടങ്ങിയ സമുദായാംഗങ്ങളുടെ സ്ഥാനമാനങ്ങള്‍ ശ്രദ്ധിക്കണം, മാന്യന്മാരെ മാനിക്കണം.
8. ഇഹലോക പരിത്യാഗികളായ ജൂത-ക്രൈസ്തവ സന്യാസിമാരെ ദ്രോഹിക്കുകയോ അവരുടെ മഠങ്ങള്‍ നശിപ്പിക്കുകയോ ചെയ്യരുത്.
9. സ്വന്തം സൈനികരോട് എപ്പോഴും ദയ കാണിക്കണം. അവരുടെ സകല ഇടപാടുകളിലും നീതി പാലിക്കണം.
10. ഈ കാര്യങ്ങളിലൊന്നും തന്നെ ഏറ്റക്കുറവുകള്‍ വരുത്തരുത്. ആത്മാര്‍ത്ഥതയോടുകൂടി അല്ലാഹുവിന്ന് വേണ്ടി മാത്രം സമരം ചെയ്യണം. യാതൊരുവിധ സ്വാര്‍ത്ഥ താത്പര്യവും അതില്‍ കൂട്ടിക്കലര്‍ത്തുവാന്‍ പാടില്ല. ഇവയാണ് ചരിത്രപ്രസിദ്ധമായ ആ ഉപദേശങ്ങള്‍.
മദീനയില്‍ തനിക്ക് കൂടിയാലോചന നടത്തുവാന്‍ യോഗ്യരായ മറ്റാരും ഇല്ലാതിരുന്നതിനാല്‍ സേനാധിപതിയുടെ സമ്മതപ്രകാരം ഉസാമ തന്റെ സേനാധിപത്യത്തില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിരുന്ന ഉമര്‍(റ) വിനെ അബൂബക്കര്‍(റ)ന്റെ കൂടെ മദീനയിലേക്കയച്ചു. ഉമര്‍(റ)വിനെ തിരിച്ചുവിളിക്കുന്നതില്‍ സ്വീകരിച്ച ഈ രീതി അന്നത്തെ ഇസ്ലാമിക ഭരണ വ്യവസ്ഥിതിയുടെ കാര്യക്ഷമതയെയും തികഞ്ഞ അച്ചടക്കത്തെയും വിളിച്ചോതുന്ന സംഭവമാണ്.
മുസ്ലിം പടനായകന്റെ പ്രശസ്ത വിജയം
അക്കാലത്ത് റോം ലോകത്തിലെ ഒരു വന്‍ശക്തിയായിരുന്നു. കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറെ അറ്റംവരെ അവരുടെ സാമ്രാജ്യം വ്യാപിച്ചുകിടന്നിരുന്നു. പക്ഷേ, മുസ്ലിംകളുടെ ഊഹാതീതമായ ധീരത ഈ ശക്തിയെപ്പോലും തകിടം മറിക്കുവാന്‍ പോരുന്നതായിരുന്നു. അവര്‍ നിര്‍ഭയരായിക്കൊണ്ട് ശാമിന്റെ അതിര്‍ത്ഥിയില്‍ ചെന്ന് ഹി: 11 ന് (ക്രി.പി.632) റോമാരാജ്യത്തെ അക്രമിക്കുവാന്‍ തുടങ്ങി.
റോമക്കാര്‍ക്ക് ഈ അക്രമത്തെ സംബന്ധിച്ച് മുന്‍കൂട്ടി വിവരമുണ്ടായിരുന്നതിനാല്‍ വേണ്ട ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തിരുന്നുവെങ്കിലും അംഗുലീപരിമിതമായിരുന്ന മുസ്ലിംസമര സാഹസികന്മാരുടെ മുമ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഉസാമ:(റ) അളവറ്റ യുദ്ധമുതലുകളെയും തടവുകാരെയും സംഭരിച്ചുകൊണ്ട് നാല്‍പ്പത് ദിവസങ്ങള്‍ക്കുശേഷം മദീനയിലേക്കു മടങ്ങി.
അറബ് ഉപഭൂഖണ്ഡത്തിനകത്ത് അന്ത:ഛിദ്രതകളും അഭ്യന്തരകുഴപ്പങ്ങളും നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മുസ്ലിംകള്‍ക്ക് കൈവന്ന ഈ വിജയം ശത്രുകള്‍ക്ക് അവരുടെ നേരെയുണ്ടായിരുന്ന പേടിയെ ഉറപ്പിച്ചു നിറുത്തി. ഇസ്ലാമിക ശക്തി ഒട്ടും ക്ഷയിച്ചിട്ടില്ലെന്ന് അവര്‍ക്ക് മനസ്സിലായി.
ഈ സംഭവത്തെ തുടര്‍ന്ന് മുസ്ലിംകളുടെ ഭാഗ്യനക്ഷത്രം ഉദയം ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തിന്റെ പകുതിഭാഗം അവര്‍ അധീനമാക്കി.
ഉസാമ:(റ) വിന്ന് ശാമില്‍ ലഭിച്ച അതുല്യമായ വിജയം റോമക്കാരെ മാത്രമല്ല ലോകത്തിലെ മറ്റൊരു വന്‍ ശക്തിയായ പേര്‍ഷ്യക്കാരെയും അമ്പരിപ്പിച്ചു. തങ്ങളുടെ അയല്‍പക്കത്ത് സുശക്തമായ ഒരു രാഷ്ട്രം വികസിച്ചു വരുന്നത് കണ്ടുസഹിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ പുതിയ ശക്തി തങ്ങളുടെ നിലനില്‍പ്പിന്ന് തന്നെ ഭീഷണിയാണെന്നു ആ രണ്ടു സാമ്രാജ്യങ്ങളും കരുതി. അക്കാരണത്താല്‍ ഈ മുസ്ലിം രാഷ്ട്രം തകര്‍ന്നുകിട്ടല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിച്ചിരുന്ന ആ രണ്ടുശക്തികളുടെ പൊതുലക്ഷ്യമായി.
അക്കാലത്ത് ലോകത്തിലെ രണ്ടു മഹാശക്തികളായിരുന്നു റോമും പേര്‍ഷ്യയും. ലോകത്തിന്റെ പകുതി ഭാഗം റോമയുടേയും പകുതി പേര്‍ഷ്യയുടേയും കീഴില്‍ അമര്‍ന്നിരിക്കുകയായിരുന്നു. ഈ രണ്ടുമഹാ ശക്തികള്‍ പരസ്പരം പടപൊരുതിക്കൊണ്ടിരുന്നു. ചിലപ്പോള്‍ റോമക്കാര്‍ പേര്‍ഷ്യക്കാരുടെ രാജ്യത്തിന്റെ ചിലഭാഗങ്ങള്‍ പിടിച്ചെടുക്കും. ചിലപ്പോള്‍ പേര്‍ഷ്യക്കാര്‍ റോമക്കാരുടെയും.
ഇസ്ലാമിന്റെ ഉദയത്തോട്കൂടി അറബ് ഉപഭൂഖണ്ഡത്തില്‍ മൂന്നാമതൊരു ശക്തി തലപൊക്കിയപ്പോള്‍ ഈ രണ്ട് ശക്തികള്‍ക്കും സ്വാഭാവികമായും വെപ്രാളമായി. നബി(ശ)യുടെ നിര്യാണത്തെ തുടര്‍ന്ന് അറേബ്യയില്‍ അഭ്യന്തരകുഴപ്പമുണ്ടായപ്പോള്‍ ഈ രണ്ട് കൂട്ടരും കഴിയുന്നത്ര അതിനെ ഊതിവീര്‍പ്പിക്കുവാന്‍ ശ്രമിച്ചു. മാത്രമല്ല തഞ്ചംനോക്കി ആക്രമിക്കുവാനായി ശാമിന്റെ അതിര്‍ത്തികളില്‍ റോമന്‍ കൃസ്ത്യാനികള്‍ അവരുടെ സൈന്യത്തെയും ഇറാഖില്‍ ഇറാനികള്‍ (പേര്‍ഷ്യക്കാര്‍) തങ്ങളുടെ സൈന്യത്തെയും സജ്ജമാക്കി നിര്‍ത്തുകയും ചെയ്തു.
മുസ്ലിംകള്‍ ദുര്‍ബലരായിക്കഴിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കികൊണ്ട് അറേബ്യയെ ആക്രമിക്കുവാന്‍ റോമയും ഇറാനും തയ്യാറായിരിക്കുകയാണെന്ന് ഖലീഫ: അബൂബക്കര്‍(റ) അറിഞ്ഞപ്പോള്‍ റോമക്കാരെ നേരിടുവാന്‍ ഉസാമത്തുബ്‌നു സാദ്(റ)നെ ശാമിലേക്കയച്ചു (അതിനെപറ്റി അല്‍പംമുമ്പ് വിവരിച്ചു). ഇതേ കാലത്ത് ഇറാനികളുടെ മുന്നേറ്റത്തെ ചെറുക്കുവാന്‍വേണ്ടി മശിയ്യു ബ്‌നു ഹാരിസ്(റ)വിനെ ഒരു ചെറുസൈന്യത്തോടുകൂടി അദ്ദേഹം ഇറാഖിലേക്കും അയച്ചു. എന്നാല്‍ അറേബ്യയിലെ അഭ്യന്തര സ്ഥിതി ശാന്തമാകുന്നത് വരെ ഇറാനികളുമായി നേരിട്ടുള്ള ഒരു വന്‍ യുദ്ധം ചെയ്യരുതെന്നും ചെറുസംഘങ്ങളായി പിരിഞ്ഞു അവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വേണ്ടതെന്നും ഖലീഫ(റ) മുസന്നയോട് നിര്‍ദ്ദേശിക്കുകയുണ്ടായി. അങ്ങിനെ അല്‍പകാലത്തിനകം അഭ്യന്തര സ്ഥിതി ശരിപ്പെടുകയും യാതൊരുവിധ ചിന്താകുഴപ്പവുമില്ലാതെ ബാഹ്യ രാഷ്ട്രങ്ങളെ നേരിടുവാന്‍ സാധിക്കുന്ന അവസ്ഥ കൈവരികയും ചെയ്തു.
അവസരം ഒട്ടും പാഴാക്കാതെ, റോമക്കാരെയും ഇറാനികളെയും നേരിടുവാന്‍ വേണ്ടി മദീനയ്ക്ക് പുറത്ത് വന്നു സമ്മേളിക്കുവാന്‍ അറബ് നേതാക്കള്‍ക്കും യോദ്ധാക്കള്‍ക്കും ഖലീഫ: അബൂബക്കര്‍(റ) അഹ്വാനം നല്‍കി. തല്‍ക്ഷണം മദീനയുടെ പരിസരം തമ്പുകള്‍കൊണ്ട് നിറഞ്ഞു. ഹി.പന്ത്രണ്ടാമാണ്ടില്‍ യസീദുബനു സുഫയാത്ത്(റ)ന്റെ നേതൃത്വത്തില്‍ ഒരു സേനയെ വീണ്ടും ശാമിലേക്കയച്ചു. കൈസറിന്റെ സുശക്ത സേനയുമായി ഏറ്റുട്ടി. അവരുടെ സൈനിക നായകനും ഒട്ടേറെ ഭടന്മാരും കൊല്ലപ്പെടുകയും അവര്‍ പരാജിതരാവുകയും ചെയ്തു. മുസ്ലിംകള്‍ക്ക് വളരെയധികം യുദ്ധമുതലുകള്‍ ലഭിച്ചു. ഇത് ശാമില്‍ മുസ്ലിംകളുടെ രണ്ടാമത്തെ പ്രശസ്ത വിജയമായിരുന്നു.
പിന്നീട് തുടര്‍ച്ചയായി പല മുസ്ലിം സൈനങ്ങളെയും ശാമിലേക്കയച്ചു. വിവിധ നേതാക്കന്മാരുടെ കീഴിലായിരുന്നു ഇങ്ങനെ അയച്ചത്. ഓരോരുത്തര്‍ക്കും ഓരോപ്രദേശം നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്തു. എല്ലാവരുടെയും സര്‍വ്വ സൈന്യാധിപനായി അബൂഉബാദ(റ)വിനെയും നിയോഗിച്ചു.
Leave A Comment